മുല്ലപ്പൂ വിപ്ലവത്തെ ആരും മറന്നിരിക്കാനിടയില്ല. നിർഭയ എന്ന പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് റെയ്‌സിന കുന്നിലേക്ക് വിപ്ലവ ജാഥ നയിച്ച ആയിരക്കണക്കിന് യുവജനങ്ങളേയും അത്ര പെട്ടെന്ന് നമുക്കു മറക്കാനാവില്ലല്ലോ… സാമൂഹ്യ മാധ്യമങ്ങളുടെ അനന്തമായ സമരസാധ്യതകളെക്കുറിച്ചുള്ള സ്‌തുതിഗീതങ്ങൾ അന്ന് വേണ്ടുവോളം പാടിയവർ തന്നെയാണ് ഇന്നിപ്പോൾ കേരളത്തിൽ ജനകീയ ഹർത്താൽ എന്ന പേരിൽ ഒരു കലാപ ശ്രമം നടന്നപ്പോൾ അതിനെ എതിർക്കുന്നത് എന്നതാണ് വിചിത്രവും രസകരവുമായ സംഗതി. ഒരു പ്രത്യയശാസ്‌ത്രത്തിന്റേയും പിന്തുണയില്ലാതെ, ഉത്തരവാദപ്പെട്ട നേതൃത്വമില്ലാതെ സംഘടിപ്പിക്കപ്പെടുന്ന ആൾക്കൂട്ട ബഹളങ്ങളെ സമരങ്ങൾ എന്നു വിളിക്കാനാവുമോ എന്ന് അന്നേ സംശയം പ്രകടിപ്പിച്ച ചുരുക്കം ചിലരെ നമ്മൾ കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്‌തത്.

അറബ് വസന്തം എന്ന മുല്ലപ്പൂ വിപ്ലവം അറബ് ലോകത്ത് എന്തു മാറ്റമാണ് വരുത്തിയത് എന്ന് സൂക്ഷ്‌മമായി പരിശോധിക്കുക. സ്വതവേ സങ്കുചിതവും യാഥാസ്ഥിതികവുമായിരുന്ന ഈജിപ്‌റ്റ് ഭരണകൂടം കൂടുതൽ മതാധിഷ്ഠിതവും ജനാധിപത്യവിരുദ്ധവുമായിത്തീരുകയാണുണ്ടായത്. രാജ്യത്ത് നിലവിലുണ്ടായിരുന്ന സമാധാനാന്തരീക്ഷം കലുഷിതമാവുകയും സാധാരണ മനുഷ്യരുടെ ജീവിതം കൂടുതൽ സങ്കീർണമാവുകയും ചെയ്‌തു. വിപ്ലവകാരികളുടെ (!) ലക്ഷ്യം എന്തായിരുന്നാലും ഭരണ നേതൃത്വത്തിലേക്ക് കൂടുതൽ തീവ്രചിന്താഗതിക്കാരായ ഇസ്ലാമിസ്റ്റുകളെ എത്തിക്കാനാണ് അറബ് വസന്തം സഹായകമായത് എന്നതാണ് യാഥാർഥ്യം.

നിയമ വ്യവസ്ഥ നമ്മെ സഹായിക്കില്ലെന്നും പ്രതിഷ്‌ഠാപിത സംവിധാനങ്ങളിലൂടെ നീതിനിർവഹണം സാധ്യമല്ലെന്നും അതിനാൽ നിയമം ഓരോ പൗരനും സ്വയം നടപ്പാക്കണമെന്നുമുള്ള പ്രചരണം നിരന്തരമായി നടക്കുന്നുണ്ട് ഇന്ത്യയിൽ. പ്രത്യേകിച്ച് പോസ്റ്റ് ബാബറി മസ്‌ജിദ് കാലഘട്ടത്തിൽ മുസ്ലീങ്ങൾ സുരക്ഷിതരല്ലെന്ന പ്രചരണത്തിന് വലിയ അർഥതലങ്ങളുണ്ട്. അത് മിക്കപ്പോഴും തീവ്ര ഇസ്ലാമിക് വാദികളുടെ ഒരു സ്ഥിരം ഉപകരണവുമാണ്. ഭീതിയിൽ നിന്ന് ഉരുവം കൊള്ളുന്ന പ്രതിരോധ ചിന്തകളാണ് യഥാർഥത്തിൽ അപരനെ അവിശ്വസിക്കാനും എതിർക്കാനുമുള്ള പ്രേരകമാവുന്നത്. ഇത് തിരിച്ചറിഞ്ഞവരാണ് ഇവിടുത്തെ എല്ലാ മത തീവ്രവാദ പ്രസ്ഥാനങ്ങളുടേയും നയരൂപീകർത്താക്കൾ . ഒരർഥത്തിൽ സാമൂഹ്യമായ നിർമിത പ്രതിരോധശേഷിയാണ് (induced immunity) ഇവിടുത്തെ അസഹിഷ്‌ണുതയുടെ മൂല കാരണം. അതുകൊണ്ടു തന്നെയാണ് ഏപ്രിൽ 16 ന് നടന്ന അതിക്രമത്തെ മുല്ലപ്പൂ വിപ്ലവത്തോട് ഉപമിക്കേണ്ടി വരുന്നത്. യഥാർഥത്തിൽ അത് ഒരു ഡ്രസ് റിഹേഴ്‌സലായിരുന്നു എന്നു വേണം കരുതാൻ. പക്ഷേ വിചാരിച്ചതു പോലെ പ്രാവർത്തികമാക്കാൻ കഴിയാതെ പാളിപ്പോയി എന്നു മാത്രം. അക്രമത്തെ ന്യായീകരിക്കാൻ ശ്രമിച്ചവരൊക്കേയും യുവാക്കളുടെ പ്രതിഷേധം എന്ന പദമാണ് ഉപയോഗിച്ചത്. ആ യുവാക്കളൊക്കേയും നിർഭാഗ്യവശാൽ തീവ്ര സ്വഭാവമുള്ള മുസ്ലീം സംഘടനകളിലെ അംഗങ്ങളായിരുന്നു താനും. യുവാക്കളുടെ പ്രതിഷേധം എന്നു തന്നെയായിരുന്നു ഈജിപ്റ്റ് കലാപവും വിളിക്കപ്പെട്ടത്.

സമരത്തെ നേരിടുന്നതിൽ സംസ്ഥാന പോലീസിന് തെറ്റു പറ്റിയോ, രഹസ്യാന്വേഷണ സംവിധാനത്തിന് വീഴ്ച്ച പറ്റിയോ, സംസ്ഥാന ഗവൺമെന്റ് അക്രമത്തിനു നേരെ കണ്ണടക്കുകയും മൃദുസമീപനം സ്വീകരിക്കുകയും ചെയ്‌തോ തുടങ്ങി ഒട്ടനവധി ചോദ്യങ്ങളുണ്ട്. പക്ഷേ അതിനേക്കാളൊക്കെ നമ്മെ പേടിപ്പിക്കേണ്ട ഒരു വസ്‌തുതയുണ്ട്. നമുക്കു ചുറ്റുമുള്ള കുറേയേറെപ്പേർ, അവർ കുട്ടികളോ മുതിർന്നവരോ ആവട്ടെ, നമ്മോട് ശത്രുത പുലർത്തുന്നു എന്നതാണത്. അവസരം കിട്ടിയാൽ അവർ കല്ലും കുറുവടിയുമായി നമ്മെ നേരിടുമെന്നതാണത്. നമുക്കിടയിൽ ഭീതിദമായ വിധത്തിൽ വെറുപ്പ് വ്യാപിച്ചിരിക്കുന്നു എന്നതാണത്. വിദ്വേഷം പ്രചരിപ്പിക്കുന്ന അരാജകത്വവും ഫണ്ടമെന്റലിസവും ലക്ഷ്യം വക്കുന്ന ഒരു വലിയ കൂട്ടം സംഘടിത രൂപത്തിൽ നമുക്കിടയിലുണ്ടെന്നതാണത്.

-മനോജ് വീട്ടിക്കാട്

 

1 Comment
  1. James 2 years ago

    വിദ്വേഷം പ്രചരിപ്പിക്കുന്ന അരാജകത്വവും ഫണ്ടമെന്റലിസവും ലക്ഷ്യം വക്കുന്ന ഒരു വലിയ കൂട്ടം സംഘടിത രൂപത്തിൽ നമുക്കിടയിലുണ്ടെന്നതാണത്. Very true. Government should have the political guts to stop such groups activities right away…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account