മൈ സാസി ഗേൾ എന്ന കൊറിയൻ ചലച്ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സത്യൻ അന്തിക്കാട് സൃഷ്‌ടിച്ച വിനോദയാത്ര എന്ന സിനിമയിലെ നായികയായ അനുപമയാണ് ഈ സംഭാഷണത്തിന്റെ ഉടമസ്ഥാവകാശി. അനുപമ ഒരു സാധാരണ പെൺകുട്ടിയല്ല. പ്രതികൂലങ്ങളായ നിരവധി സാഹചര്യങ്ങളെ അതിജീവിക്കാൻ കഠിന പ്രയത്‌നം നടത്തുന്ന അവളുടെ ജീവിതത്തിലേക്ക് വിനോദ് എന്നൊരു സഹയാത്രികൻ എത്തുന്നു. തന്റെ മാല മോഷ്‌ടിച്ച വ്യക്‌തിയാണ് വിനോദ് എന്ന് അനുപമ തെറ്റിദ്ധരിക്കുന്നുണ്ടെങ്കിലും ഒടുവിൽ പരസ്‌പരം മനസ്സിലാക്കാൻ അവർക്ക് സാധിക്കുന്നു.

ഒട്ടും പക്വതയില്ലാത്ത, ജീവിതത്തെ ഗൗരവമായി ഒരിക്കലും സമീപിച്ചിട്ടില്ലാത്ത വിനോദിന്റെ നേരെ വിപരീത സ്വഭാവമാണ് അനുപമയുടേത്. ജീവിതത്തിന്റെ കറുത്ത വശങ്ങളെ ധാരാളമായി അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളതിന്റെ അനുഭവ പശ്ചാത്തലത്തിലായിരിക്കും പല കാര്യങ്ങളിലും സ്വന്തമായ നിലപാടുകൾ പുലർത്താൻ അവൾക്ക് കഴിയുന്നു. പലപ്പോഴും അനുപമയുടെ വാക്കുകളെ ഗുരുവചനങ്ങളെ പോലെ വിനോദ് ഓർത്തു വെക്കുന്നു. അനുപമയേക്കാൾ ലോക പരിചയം തനിക്കാണെന്ന് വിനോദ് അവകാശപ്പെടുന്ന ഒരു സന്ദർഭത്തിൽ “കുടുംബം നടത്തിക്കൊണ്ടു പോകുന്നതെങ്ങിനെ എന്നതിനെക്കുറിച്ച് ചോദിച്ചാൽ വിനോദ് കുഴയും” എന്ന് സ്ഥാപിക്കാൻ അനുപമ ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. ഒരു കിലോ അരിയുടെ വിലയെന്ത്? ഒരു യൂണിറ്റ് കറന്റ്? 100 ഗ്രാം വെളിച്ചെണ്ണയുടെ വില തുടങ്ങി ബേസിക്കായ കാര്യങ്ങളിൽ നിന്നു വേണം അനുഭവങ്ങൾ തുടങ്ങാനെന്ന് അനുപമ വിനോദിനെ ഉപദേശിക്കുന്നു.

തന്റെ അച്ഛന്റെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ അറിയിക്കാൻ ശ്രമിക്കുന്ന വിനോദിനോട് ശക്‌തമായി പ്രതിഷേധിക്കുന്ന അനുപമ തന്റെ നിലപാട് വ്യക്തമാക്കുന്നത് “സന്തോഷമായാലും സങ്കടമായാലും അതിലൊരു സ്വകാര്യത വേണം” എന്ന വാചകത്തിലൂടെയാണ്.

അനുപമയുമായുള്ള സൗഹൃദം ജീവിതത്തിലെ പുതിയ സാധ്യതകളെയാണ് വിനോദിനു മുന്നിൽ തുറന്നിട്ടത്. തന്റെ ശമ്പളം അനുപമയുടെ അച്ഛന്റെ ഓപ്പറേഷന് വേണ്ടി ഹൃദയപൂർവ്വം സമ്മാനിക്കുന്ന വിനോദിനെ അനുപമ സ്‌നേഹപൂർവ്വം നിരസിക്കുന്നു. തന്നെ ജീവിതം പഠിപ്പിച്ച ഗുരുവിനുള്ള ഗുരുദക്ഷിണയായിട്ടെങ്കിലും ഇത് സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന വിനോദിനോട് അനുപമ പറയുന്നു “ജീവിതത്തിൽ ഒരു പാഠം കൂടി വിനോദ് പഠിക്കാനുണ്ട്. സ്‌നേഹത്തിനെ പണവുമായി കൂട്ടിയിണക്കരുത്. രണ്ടും നഷ്ട്ടപ്പെടും” എന്ന വാചകക്കൂട്ടമാണ് ഇന്നത്തെ പെൺ ചൊല്ലിനാധാരം.

മനസ്സിൽ നന്മയുള്ള ഒരുപാട് കഥാപാത്രങ്ങളുടെ ജീവിതസ്‌പർശിയായ കഥകളിലൂടെ മലയാളിയുടെ കാഴ്ച്ചാനുഭവങ്ങളെ സമ്പന്നമാക്കിയ സത്യൻ അന്തിക്കാടിന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് വിനോദയാത്ര. നമ്മുടെ നാടിന്റെ നന്മയും കാറ്റിന്റെ തണുപ്പും മണ്ണിന്റെ ഗന്ധവുമെല്ലാം ഇത്തരം സിനിമകളിലൂടെയാണ് നിലനിൽക്കുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. ജാസ്‌മിൻ മേരി ജോയ് എന്ന തിരുവല്ലാക്കാരി പെൺകുട്ടി മീരാ ജാസ്‌മിൻ എന്ന മികച്ച അഭിനേത്രിയായി മലയാളത്തിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.

സൂത്രധാരനിലെ ശിവാനി, പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ ഷാഹിന, കസ്‌തൂരിമാനിലെ പ്രിയംവദ, ഗ്രാമഫോണിലെ ജെന്നിഫർ, ഒരേ കടലിലെ ദീപ്‌തി, പെരുമഴക്കാലത്തിലെ റസിയ, കൽക്കട്ടാ ന്യൂസിലെ കൃഷ്‌ണപ്രിയ തുടങ്ങിയ നിരവധി കഥാപാത്രങ്ങളിലേതു പോലെ മീരയുടെ അഭിനയ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് അനുപമ എന്ന് നമുക്ക് ഉറപ്പിച്ച് പറയാം.

-സ്വപ്‌ന സി കോമ്പാത്ത്

1 Comment
  1. സുരേഷ് വാസുദേവ് 4 years ago

    നല്ല സൂക്ഷ്മമായ നിരീക്ഷണം … പക്വതയാർന്ന വിശകലനം ..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account