‘മിണ്ടല്ലടീ’ എന്നാക്രോശിക്കുന്ന ഒരുവനോട് “പേടിപ്പിക്കല്ലേ” എന്ന് തിരിച്ചു പറഞ്ഞ്, “പറയാനുള്ളത് പറയാനാണ് നാക്ക്” എന്ന് ആത്‌മവിശ്വാസത്തോടെ പറയുന്നത് ഭാവനയാണ്. ഓർമ്മയില്ലേ ഭാവനയെ? എങ്ങനെയെങ്കിലും സിനിമയിൽ കയറിപ്പറ്റണമെന്നാഗ്രഹിക്കുന്ന റോയ് എന്ന ചെറുപ്പക്കാരൻ , തിരക്കഥയെഴുത്തിൽ മുഴുകിയിരിക്കുന്ന സമയത്ത് സീക്രട്ട് കിച്ചൻ പ്രോഡക്‌ട്സിന്റെ വിൽപ്പനക്കാരിയായെത്തുന്ന ഭാവന. ഭാവനയുണർത്തുന്ന ബ്രെയിൻ മസാജറാണെന്ന് പറഞ്ഞ് ഫേസ് മസാജർ ഇരട്ടിവിലയ്ക്കു വിറ്റ ആ മിടുക്കി പെൺകുട്ടി തന്നെ. സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലെ ഭാവനയ്ക്ക് ജീവൻ നൽകിയത് സംയുക്‌താ വർമ്മയാണ്.

ഭാവനയുടെ ജീവിതം തീക്ഷ്‌ണമായ അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്. നിരവധി ഉത്തരവാദിത്തങ്ങളുള്ള പ്രത്യേകിച്ചും മാനസികരോഗിയായ അമ്മയുടെയും സ്‌കൂൾ വിദ്യാർത്ഥിയായ അനിയന്റേയും സംരക്ഷണച്ചുമതല അവളിൽ മാത്രം നിക്ഷിപ്‌തമാണ്. അവളെ സംബന്ധിച്ചിടത്തോളം അഭിനയമെന്നത് ഒരു ആവേശമോ ഒരു ലക്ഷ്യമോ ആയിരുന്നില്ല. അഭിനയിച്ചാൽ കിട്ടുന്ന പ്രതിഫലമാണവളെ റോയിയുടെ നാടക ട്രൂപ്പിലേക്കെത്തിക്കുന്നത്.

തിരുമുറ്റത്തു കൊച്ചുതോമ, മേരി എന്നീ ദമ്പതികളുടെ ഇളയ മകനായ റോയി ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാതെ നാടകാഭിനയവും ചലച്ചിത്ര മോഹവുമായി കറങ്ങി നടക്കുകയാണ്. ജീവിതത്തിൽ വലിയ ദു:ഖങ്ങളോ പ്രതിസന്ധികളോ നേരിടേണ്ടി വന്നിട്ടില്ലാത്ത റോയ്, ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാൻ കഷ്‌ടപ്പെടുന്ന ഭാവനയുടെ വ്യക്‌തിത്വത്തിൽ ആകൃഷ്‌ടനാകുന്നു. അവളോടുള്ള പ്രണയം തുറന്നു പറഞ്ഞ് ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോൾ, ജീവിതത്തിൽ എന്തിനും ഏതിനും ഒപ്പം നിൽക്കുന്ന അപ്പന്റെ പിന്തുണയുണ്ടാകുമെന്നായിരുന്നു റോയി പ്രതീക്ഷിച്ചിരുന്നത്. പക്ഷേ റോയിയെ വീട്ടിൽ നിന്നും പുറത്താക്കുകയാണ് അപ്പൻ ചെയ്‌തത്.

റോയ് ഭാവനയെ രജിസ്റ്റർ വിവാഹം ചെയ്‌ത്‌ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരുമ്പോൾ റോയിയുടെ സഹോദരൻ അവളെ അപമാനിക്കുന്നു. ആ സന്ദർഭത്തിലാണ് ഈ പെൺ ചൊല്ലുണ്ടാകുന്നത്. പറയേണ്ടത് പറയേണ്ട സന്ദർഭത്തിൽ പറയുവാൻ ജാതിമതഭേദമോ, ലിംഗ വ്യത്യാസമോ നോക്കേണ്ടതില്ല എന്ന തുറന്നു പറച്ചിലാണിത്.

റോയിയുടെ ജീവിതത്തിൽ നിന്നൊഴിഞ്ഞു പോകുന്നതിനായി സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്യുന്ന റോയിയുടെ സഹോദരന്റെ മുഖത്തേക്ക് വിരൽചൂണ്ടി “എന്റെ മാനത്തിന് വില പറയരുത്” എന്ന് ഉറപ്പിച്ചു പറയുന്ന ഭാവനക്ക് തിയറ്ററിൽ വൻ കരഘോഷമായിരുന്നു ലഭിച്ചത്. നായക കഥാപാത്രത്തെ തന്റെ അലസതകളിൽ നിന്നും മോഹവലയങ്ങളിൽ നിന്നും മോചിപ്പിച്ച് ജീവിത ലക്ഷ്യമുള്ള ഒരുവനാക്കിയെടുക്കാൻ തക്ക മിടുക്കുള്ള കഥാപാത്രമെന്ന നിലയിൽ, സംഭാഷണങ്ങൾക്കും വലിയ പ്രാധാന്യമുള്ള സിനിമയായിരുന്നു ലോഹിതദാസ് തിരക്കഥ രചിച്ച വീണ്ടും ചില വീട്ടുകാര്യങ്ങൾ. നിരവധി അഭിനയ മുഹൂർത്തങ്ങളുള്ള കരുത്തുറ്റ ഒരു കഥാപാത്രത്തെ, അരങ്ങറ്റേക്കാരിയുടെ പരിഭ്രമമൊന്നുമില്ലാതെ ഭംഗിയായി അവതരിപ്പിക്കാൻ സംയുക്‌തയ്ക്ക് സാധിച്ചു.

1999 മുതലുള്ള മൂന്ന് വർഷങ്ങളിലായി പതിനെട്ട് സിനിമകളിലഭിനയിച്ച്, ഇപ്പോൾ അഭിനയരംഗത്തു നിന്ന് പിൻമാറിയ സംയുക്‌ത ഇന്നും മലയാളികളുടെ പ്രിയ നായിക തന്നെയാണ്. ഭാവനയ്ക്കു പുറമേ നാടൻ പെണ്ണും നാട്ടുപ്രമാണിയും എന്ന ചിത്രത്തിലെ ഗായത്രി, മഴയിലെ ഭദ്ര, മധുരനൊമ്പരക്കാറ്റിലെ പ്രിയംവദ, തെങ്കാശിപ്പട്ടണത്തിലെ മീനാക്ഷി, നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലെ വിനോദിനി തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയ മികവ് തെളിയിച്ച സംയുക്‌ത തെങ്കാശിപ്പട്ടണത്തിന്റെ തമിഴ് പതിപ്പിലും അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് 2 തവണ ലഭിച്ചിട്ടുള്ള സംയുക്‌തക്ക് 3 തവണ മികച്ച നടിക്കുള്ള ഏഷ്യാനെറ്റ് അവാർഡും ലഭിച്ചിട്ടുണ്ട്. 2 ഫിലിം ഫെയർ അവാർഡുകളുൾപ്പെടെ അഭിനയമികവിന് പതിനാലോളം അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള സംയുക്‌ത ഇന്ന് മോഡലിങ്ങ് രംഗത്ത് സജീവമാണ്.

-സ്വപ്‌ന സി കോമ്പാത്ത്

4 Comments
 1. Sreenath 6 months ago

  പറയാനുള്ളതു പറയാനാണ് നാക്ക് … സംശയമില്ല. ‘മിണ്ടല്ലടീ’ എന്നാക്രോശിക്കുന്ന ഒരുവനോട് “പേടിപ്പിക്കല്ലേ” എന്ന് തിരിച്ചു പറയാനുള്ള ശക്തി ആ നാവിനു ഉണ്ടാകണം.

  സിനിമയെയും കഥാപാത്രത്തെയും കലാകാരിയെയും കുറിച്ച് പറയുന്നതിനൊപ്പം പെൺചൊല്ലിനെ (dialogue) കുറിച്ച് അൽപ്പം കൂടി പ്രദിപാദിച്ചാൽ നല്ലതാകും.

  • സ്വപ്ന 6 months ago

   പറയേണ്ടത് പറയേണ്ട സന്ദർഭത്തിൽ പറയുവാൻ ജാതിമതഭേദമോ, ലിംഗ വ്യത്യാസമോ നോക്കേണ്ടതില്ല എന്ന തുറന്നു പറച്ചിലാണിത്.

   എന്ന് അതിൽ പറഞ്ഞിട്ടുണ്ടല്ലോ… പെൺ ചൊല്ല് ഒരു ഡയലോഗിൽ മാത്രം ഒതുക്കേണ്ടതല്ലെന്ന് തോന്നുന്നു. നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോയ ചില ഡയലോഗുകൾ, അതുണ്ടായ സാഹചര്യം ,അത് സൃഷ്ടിച്ചവർ എല്ലാവരും പരാമർശിക്കപ്പെടണമെന്നുള്ള ആഗ്രഹത്തിലാണിത് ആരംഭിച്ചത്. ഈ സിനിമകൾ കണ്ടിട്ടുള്ള ഒരു വിഭാഗത്തിന് വേണ്ടി മാത്രമല്ലല്ലോ നമ്മളെഴുതേണ്ടത്.
   പിന്നെ അന്ധമായ പുരുഷവിദ്വേഷം പുലർത്തുന്നുമില്ല.

   സത്യസന്ധമായ അഭിപ്രായങ്ങൾക്ക് നന്ദി. കൂടുതൽ ശ്രദ്ധിക്കുന്നതായിരിക്കും സ്വ:

 2. Prakash 6 months ago

  Good one..

  • സ്വപ്ന 6 months ago

   Thank you

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account