ആഞ്ഞു പതിക്കുന്ന ചാട്ടവാറിന്റെ വേദനയിൽ മനംനൊന്ത് കരയുന്ന അശ്വതിയുടെ വാക്കുകളാണിത്. അശ്വതിയെ ഓർമ്മയില്ലേ? കെ.ഗിരീഷ് കുമാറും കമലും ചേർന്ന് സൃഷ്‌ടിച്ചെടുത്ത അശ്വതി എന്ന കഥാപാത്രം, തരണം ചെയ്‌ത ജീവിതസാഹചര്യങ്ങളുടെ ഭീകരാവസ്ഥ കണ്ണുനനയിക്കുന്നതായിരുന്നു. 2010 ൽ പ്രദർശനത്തിനെത്തിയ ഗദ്ദാമയിൽ കാവ്യാമാധവനാണ് അശ്വതിയെ അവതരിപ്പിച്ചത്. ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കാൻ അന്യ നാട്ടിൽ പോയി കഷ്‌ടപ്പെടുന്ന ഗദ്ദാമയായാണ് നമ്മൾ അശ്വതിയെ പരിചയപ്പെടുന്നത്. ഗദ്ദാമ എന്നാൽ അറബിഭാഷയിൽ വീട്ടുജോലിക്കാരി .

2O15ലെ കണക്കു പ്രകാരം GCC രാജ്യങ്ങളിലായി 50 ലക്ഷത്തോളം പ്രവാസി ഇന്ത്യക്കാരാണ് ഗദ്ദാമകളായി ജോലിയെടുത്ത് തേഞ്ഞു തീരുന്നത്. എല്ലുമുറിയെ പണിയെടുത്താലും വീട്ടുജോലിക്കാരെ അടിമകളായി കരുതുന്ന മുതലാളിത്ത പാരമ്പര്യം പലപ്പോഴും ഇവർക്ക് ദുരിതം മാത്രം സമ്മാനിക്കുന്നു. ഒരിക്കലും ഭേദിക്കാനാവാത്ത നിയമക്കുരുക്കിൽ അകപ്പെട്ട് ജീവിതത്തിന്റെ സിംഹഭാഗവും അവർക്ക് തടവറയിൽ കഴിയേണ്ടി വരുന്നു.

അശ്വതി ഒരിക്കലും പ്രതീക്ഷിക്കാത്ത വഴിയിലൂടെയാണ് അവൾക്ക് സഞ്ചരിക്കേണ്ടി വരുന്നത്. ഒരു സാധാരണ പെൺകുട്ടിയെപ്പോലെ ഇഷ്‌ടപ്പെട്ട പുരുഷനെ വിവാഹം ചെയ്‌ത്‌, സമ്പന്നമല്ലെങ്കിലും സംതൃപ്‌തമായ ജീവിതം നയിച്ചുവന്ന അശ്വതിയുടെ ജീവിതത്തിലേക്ക് വൈധവ്യമാണ് ആദ്യം ദു:ഖമായി കടന്നു വരുന്നത്. തുടർന്ന് രണ്ടു കുടുംബങ്ങളുടെ ബാധ്യതകളവസാനിപ്പിക്കാൻ വേണ്ടിയുള്ള യാത്രയാണവളെ മണലാരണ്യത്തിലെ സമ്പന്നഗൃഹത്തിലെ വീട്ടുവേലക്കാരിയാക്കുന്നത്.

നിസ്സാരകാര്യങ്ങൾക്ക് പോലും വലിയ ശിക്ഷയേറ്റു വാങ്ങേണ്ടി വരുന്ന, ആ ഗൃഹത്തിലെ ചെറിയ കുട്ടികളുടെ ക്രൂരതകൾക്കു വരെ പാത്രമാകേണ്ടി വരുന്ന, എല്ലുമുറിയെ പണിയെടുക്കേണ്ടി വരുന്ന അശ്വതി. മറ്റൊരു വേലക്കാരി ആ കുടുംബത്തിൽ നിന്ന് രക്ഷപ്പെട്ടു പോയതിൽ അശ്വതിക്കു പങ്കുണ്ടെന്നാരോപിച്ച് ആ വീട്ടിലെ ഗൃഹനാഥൻ അവളെ ക്രൂരമായി മർദ്ദിക്കുമ്പോഴാണ് മാ അദ്രി.. മാ അദ്രി.. എന്നീ കരച്ചിൽ ആദ്യമായി നമ്മൾ കേൾക്കുന്നത്.

അറബി ഭാഷയിലെ മാ അദ്രി എന്നതിന് എന്താണർത്ഥമെന്ന് എനിക്കറിയില്ല. ആ വീടു മുഴുവൻ അശ്വതിയുടെ ഈ കരച്ചിൽ മുഴങ്ങുമ്പോഴും വീട്ടിലുള്ളവരൊന്നും തന്നെ അത് ശ്രദ്ധിക്കാതെ വിവിധ ഹോബികളിൽ മുഴുകിയിരിക്കുന്നു. ക്രൂരമായ പീഡനങ്ങളെത്തുടർന്ന് വീടുവിട്ടോടേണ്ടിവന്ന അവളെ കാത്തിരുന്നത് അന്യദേശത്തെ ചതിക്കുഴികളും നിയമക്കുരുകളുമാണ്. മണലാരണ്യത്തിൽ നിന്നും അശ്വതിയെ രക്ഷിച്ച ഭരതനും അശ്വതിയോടൊപ്പം കഠിനശിക്ഷ ലഭിക്കുന്നു. ഒടുവിൽ റസാഖ് എന്ന മഹാനായൊരു മലയാളിയുടെ ഇടപെടൽ മൂലം നാട്ടിലേക്ക് അശ്വതിക്ക് തിരിച്ചു വരാനാകുന്നു.

ഗദ്ദാമയിലെ അശ്വതി നമ്മുടെ കാവ്യാ മാധവനാണ്. ബാലതാരമായി മലയാളത്തിൽ തുടക്കം കുറിച്ച കാവ്യ, കാമ്പുള്ള നിരവധി കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. അശ്വതി എന്ന കഥാപാത്രത്തിന് 2011 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും, തിക്കുറിശ്ശി ഫൗണ്ടഷൻ അവാർഡും, ദേശീയ തലത്തിൽ മികച്ച നടിക്കുള്ള നോമിനേഷനും ലഭിച്ച കാവ്യയുടെ അഭിനയശേഷി പ്രശംസനീയമാണ്. അശ്വതിയുടെ കഥയിലൂടെ ഗദ്ദാമകളെ മാത്രമല്ല, പുറംലോകവുമായി ബന്ധമില്ലാത്ത ആട്ടിടയൻമാരെയും. പാസ്‌പോർട്ടും വിസയും ബലമായി പിടിച്ചു വെക്കുന്ന, സ്‌പോൺസർമാരുടെ ക്രൂരതയിൽ എന്നും ഭയന്നു കഴിയേണ്ടവരേയും, ജയിലറകളിൽ ജീവിതം ഹോമിക്കേണ്ടി വരുന്നവരേയും തിരശ്ശീലയിൽ തെളിഞ്ഞു കാണാം. എന്തുമാർഗം ചെയ്‌തും പത്രത്തിന്റെ വായനക്കാരുടെ എണ്ണം കൂട്ടാൻ പരിശ്രമിക്കുന്ന ബിസിനസ് താൽപ്പര്യം മാത്രമുള്ള പത്രക്കാരും, സ്വന്തം ജീവിതത്തേക്കാളുപരി പാവങ്ങളായ നാട്ടുകാരെ സേവിക്കാൻ ഓടി നടക്കുന്ന റസാഖും അടങ്ങുന്ന, മലയാളിയുടെ രണ്ടു വ്യത്യസ്‌ത മുഖങ്ങളടങ്ങുന്ന പ്രവാസജീവിതത്തിന്റെ വലിയൊരു ക്യാൻവാസാണ് ഗദ്ദാമ .

ഒരു സിനിമ സമൂഹത്തോട് എത്ര മാത്രം പ്രതിബദ്ധമാവണം എന്നതിന് ഉദാഹരണമാണ് ഗദ്ദാമ. ഗദ്ദാമയുടെ വിജയം അതിലെ ജീവിതം തുളുമ്പുന്ന സംഭാഷണങ്ങളും ജീവൻ നിറയുന്ന ഷോട്ടുകളുമാണ്. സൗമ്യവും ശക്‌തവുമായ വാക്കുകളിലൂടെ മലയാളിയെ പ്രവാസ ജീവിതത്തിന്റെ സംഘർഷവുമായി സമരസപ്പെടുത്തിയ കെ.ഗിരീഷ് കുമാറും തുല്യ ശ്രദ്ധയർഹിക്കുന്നുണ്ട്. കരളലിയിക്കുന്ന കരച്ചിലുകളായി അറബി മന്ദിരങ്ങളിലെ ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട നൊമ്പരങ്ങളായ ഗദ്ദാമകൾക്കായി ഇന്നത്തെ പെൺചൊല്ല് സമർപ്പിക്കുന്നു.

-സ്വപ്‌ന സി കോമ്പാത്ത്

8 Comments
 1. Jayachandran 2 years ago

  എത്രയോ ഗദ്ദാമമാർ ഇപ്പോഴും കഷ്‌ടപ്പാടുകൾക്കുനടുവിൽ അന്യരാജ്യങ്ങളിൽ ജീവിതത്തിനു വേണ്ടി പൊരുതുന്നു….
  നന്നായി എഴുതി..

 2. Baburaj 2 years ago

  Good note…

 3. Tintu 2 years ago

  ആദ്യത്തെ എഴുത്തിലെല്ലാം ഒരു തീവ്രത കിട്ടിയിരുന്നു. ഇന്ന് എന്തോ… അത്ര ഇല്ല എന്റെ അപിപ്രായം മാത്രം.

  • സ്വപ്ന 2 years ago

   അഭിപ്രായത്തിന് നന്ദി.

 4. Anupama 2 years ago

  അറബി മന്ദിരങ്ങളിലെ ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട നൊമ്പരങ്ങളായ ഗദ്ദാമകൾക്കായി ഇന്നത്തെ പെൺചൊല്ല് സമർപ്പിക്കുന്നു…. Good thoughts and writing..

 5. Kannan 2 years ago

  Good

 6. Kannan 2 years ago

  Nalla ezhuthu

 7. Mohan 2 years ago

  It would be good if the article emphasizes on the dialogue and its impacts in the society…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account