ഇത് കെ.പി. വനജ എന്ന എൽ.ഐ.സി.  ഏജന്റ് മകൾ അശ്വതിയോടു പറയുന്ന വാക്കുകളാണ്.  ഇംഗ്ലീഷ്  അറിയാത്തതുകൊണ്ട് മാത്രം ഒരു പോളിസി നഷ്‌ടപ്പെട്ട ദു:ഖമാണ് ഇംഗ്ലീഷ് പഠനമെന്ന  ലക്ഷ്യത്തിലേക്ക്  വനജയെ നയിക്കുന്നത്. തുടർന്നങ്ങോട്ടുള്ള ഡയലോഗുകൾ മലയാളിക്ക് നിറഞ്ഞു ചിരിക്കാനുള്ള വലിയൊരവസരമായിരുന്നു. പൊട്ടിച്ചിരികളും സന്തോഷവുംകൊണ്ട് മറച്ച വലിയൊരു ജീവിത സത്യത്തെ മുറുകെ പുണർന്ന വനജയെ മലയാളികൾ നെഞ്ചോടു ചേർത്തു നിർത്തുന്നു

വനജയുടെ ഈ ഉദ്യമത്തെ അവരുടെ  മകൾ അച്ചു പരിഹസിക്കുന്നു. അച്ചു പരിഹസിക്കുന്നുവെന്ന് മനസ്സിലാവാത്ത മട്ടിൽ വനജ പ്രയത്നം  തുടരുമ്പോൾ നമ്മളിൽ ചിരി മുളയ്ക്കുകയും ചെയ്യുന്നു. പിന്നീട് ഈ അമ്മയും മകളും എങ്ങനെ അമ്മയും മകളുമായെന്നും, അവർ തമ്മിൽ ബന്ധിപ്പിക്കപ്പെട്ട വിധിനിയോഗത്തെക്കുറിച്ച്  അറിയുകയും ചെയ്യുമ്പോൾ  നമ്മുടെ കണ്ണ് നിറഞ്ഞൊഴുകും. അതിനു ശേഷമാണ് തിയറ്റർ മുഴുവൻ ഉറക്കെ ചിരിക്കാനിടയാക്കിയ ഇംഗ്ലീഷ് പഠനം മാതൃഭാഷയ്ക്ക് മുകളിലുള്ള ഇംഗ്ലീഷ് ആധിപത്യത്തിന്റെ കടന്നു കയറ്റമായും, മലയാളികളായ NRI കളിൽ നിന്നും ഭാഷ നഷ്‌ടപ്പെടുന്നതിന്റെ ചിത്രീകരണമായും നമുക്ക് മനസ്സിലാകുന്നത്. മാത്രമല്ല, സാധാരണക്കാർക്കിടയിൽ ഇംഗ്ലീഷ് ഭാഷ  സ്റ്റാറ്റസ് സിംബലായി പരിണമിക്കുന്നതെങ്ങിനെയെന്നും നമ്മൾ മനസ്സിലാക്കുന്നു.

വളരെ ഗുരുതരമായ മറ്റൊരു പ്രവണതയിലേക്കും ഈ രംഗം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. അമ്മയുടെ വികലമായ ഉച്ചാരണത്തെ, പ്രയോഗരീതികളെ  പരിഹസിച്ചുരസിക്കുകയല്ലാതെ, തെറ്റുകൾ തിരുത്തി, ഒപ്പം ചേർത്തു നിർത്താനോ പരിശ്രമത്തെ അഭിനന്ദിക്കാനോ തയ്യാറാകാത്ത യുവതലമുറയെ നമ്മൾ കാണുന്നു. ലക്ഷ്യം  നേടാൻ എത്ര കഠിമായി അധ്വാനിക്കുവാനും മടിയില്ലാത്ത വനജമാരുടെ ആത്‌മാർത്ഥതയും  പിന്നീടാണ് നമ്മൾ കണ്ടറിയുന്നത്.

വനജയെ വെള്ളിത്തിരയിൽ പകർന്നാടിയത് ഉർവ്വശിയാണ്. ദീർഘനാളത്തെ ഇടവേളക്കുശേഷം അഭിനയരംഗത്തേക്കു തിരിച്ചുവന്ന ഉർവ്വശിയുടെ രണ്ടാം അങ്കത്തിലെ ആദ്യ ചുവടുവെയ്പായിരുന്നു വനജ. എത്രയോ വർഷങ്ങൾക്കു മുമ്പ് നൽകേണ്ടിയിരുന്ന ദേശീയപുരസ്കാരം നൽകി പ്രായശ്ചിത്തം ചെയ്താണ് വനജയെ അവാർഡ് നിർണ്ണയ കമ്മിറ്റി രണ്ടാം വരവിൽ സ്വീകരിച്ചത്. ഹാസ്യം കൈകാര്യം ചെയ്യുന്നതിൽ നൂറു ശതമാനവും വിജയിച്ച നായികാനടിയെന്ന ഖ്യാതി ഉർവ്വശിക്ക് മാത്രം സ്വന്തം.

മലയാള ചലച്ചിത്ര സ്ത്രീചരിത്രത്തിലെ പ്രധാന അധ്യായങ്ങളിലൊന്നാണ്  ഉർവശി.  പതിമൂന്നാം വയസ്സിൽ നായികയായി അരങ്ങത്തെത്തിയ ഉർവശി മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച കഥാപാത്രങ്ങളുടെ എണ്ണത്താലും ഗരിമയാലും  മലയാളിക്ക് മറക്കാനാവാത്ത നടിയാണ് ഉർവ്വശി.

ലഭിച്ച ഏതു വേഷവും ഗംഭീരമാക്കിയിട്ടുള്ള ഉർവ്വശിക്ക് ദേശീയ അവാർഡിനു പുറമേ, മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം അഞ്ചു തവണ ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം രണ്ടു തവണ ലഭിച്ചിട്ടുള്ള ഉർവ്വശിക്ക് അൻപതോളം മറ്റു ചലച്ചിത്രപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1989, 1990, 1991 വർഷങ്ങളിൽ തുടർച്ചയായി സംസ്ഥാന അവാർഡു ലഭിച്ചു. 1989 ൽ മഴവിൽക്കാവടി, വർത്തമാനകാലം എന്നിവയിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. തലയണമന്ത്രത്തിലെ കാഞ്ചനമാലയുടെ  അഭിനയമികവിനാണ് 1990ൽ സംസ്ഥാന പുരസ്കാരം ഉർവ്വശിയെ തേടിയെത്തിയത്. ഭരതം, മുഖചിത്രം, കാക്കത്തൊള്ളായിരം, കടിഞ്ഞൂൽകല്യാണം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയമികവിനാണ് 1991 ൽ ഉർവ്വശിക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചത്.

1995 ൽ കഴകം എന്ന ചിത്രത്തിലെ രാധ എന്ന കഥാപാത്രവും, 2006 ൽ മധുചന്ദ്രലേഖ എന്ന ചിത്രത്തിലെ ചന്ദ്രമതി എന്ന കഥാപാത്രവും ഉർവ്വശിക്ക് സംസ്ഥാന പുരസ്കാരങ്ങൾ നേടിക്കൊടുത്തു. മമ്മി & മീ എന്ന ചിത്രത്തിലെ ക്ലാര എന്ന കഥാപാത്രത്തിന്റെ അഭിനയ മികവിന് ഫിലിം ഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്. രണ്ടു ചിത്രങ്ങളുടെ (ഉത്സവമേളം, പിടക്കോഴി  കൂവുന്ന നൂറ്റാണ്ട്) തിരക്കഥാകൃത്തായും, നിർമ്മാതാവായും, ഗായികയായും സിനിമയുടെ മറ്റു മേഖലകളിൽകൂടി സാന്നിധ്യമറിയിച്ചിട്ടുള്ള  ഉർവ്വശി മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്.  90 കളിലെ ഏറ്റവും തിരക്കുള്ള നായികയായി അരങ്ങു തകർക്കുമ്പോഴും  എം.പി.സുകുമാരൻ നായരുടെ  കഴകം പോലുള്ള ഒരു സംരംഭത്തിൽ പ്രതിഫലമില്ലാതെ അഭിനയിക്കാൻ തയ്യാറായ ഉർവ്വശിയെ, കോടികൾ പ്രതിഫലമായി വാങ്ങുന്ന പുതിയ തലമുറക്ക് സങ്കൽപ്പിക്കാനാവുമോ? 8 വയസ്സിൽ ബാലതാരമായി തുടങ്ങി ദുഃഖപുത്രിയായിയും, മനോരോഗിയായും, തമാശക്കാരിയായും നമ്മെ രസിപ്പിച്ച ഉർവ്വശി അഭിനയജീവിതത്തിന്റെ നാൽപ്പത്തിയൊന്നാം വർഷത്തിലും  മനോഹരമായി  അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഉർവ്വശിയുടെ എത്രയെത്ര ഡയലോഗുകളാണ് (ആദ്യമായി മാവിലെറിഞ്ഞ കല്ല് മുതലായവ) നമ്മുടെ സ്വകാര്യസംഭാഷണങ്ങളെ രസകരമാക്കുന്നതെന്നും പറയാതെ വയ്യ.

ഉർവ്വശിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ  ഭൂരിഭാഗത്തേയും സൃഷ്‌ടിചത് സത്യൻ അന്തിക്കാടാണ്. ഗ്രാമത്തിന്റെ നൈർമല്യവും സാധാരണക്കാരുടെ നിഷ്കളങ്കതയും പ്രതിഫലിപ്പിക്കുന്ന  കഥാപാത്രങ്ങളിലൂടെ നമ്മുടെ മനസ്സ് നിറച്ച ഉർവ്വശിയെ  ആദരിക്കുന്നു. ഒപ്പം സത്യൻ അന്തിക്കാടിനേയും. ഉർവ്വശിയുടെ കാര്യത്തിൽ മാത്രമല്ല, മലയാളത്തിന്റെ നായികമാരെ ജനഹൃദയങ്ങൾ ഏറ്റുവാങ്ങിയ നായികമാരാക്കി മാറ്റിയ സംഭാഷണങ്ങൾ നൽകിയ സംവിധായകൻ സത്യൻ അന്തിക്കാടാണെന്ന് പെൺചൊല്ലിന്റെ ആദ്യ ലക്കം മുതൽ പരിശോധിച്ചാലറിയാം . അഭിനയ പ്രതിഭയായ ഉർവ്വശിക്കും, സംവിധായക പ്രതിഭയായ സത്യൻ അന്തിക്കാടിനും ഇന്നത്തെ പെൺ ചൊല്ല് സമർപ്പിക്കുന്നു.

– സ്വപ്ന.സി.കോമ്പാത്ത്

4 Comments
 1. Anil 2 years ago

  Good note

 2. Xavier Joseph. 2 years ago

  ഉര്‍വശി സ്ഥിരമായ ഒരേ അച്ചുതണ്ടില്‍ വാര്‍ത്ത‍ നായിക സങ്കല്‍പത്തില്‍ നിന്നും വ്യധിച്ചലിചീട്ടില്ല എന്നാണ്‌ എന്റെ അഭിപ്രായം.

 3. James 2 years ago

  Nice…

 4. Babu Raj 2 years ago

  Good read…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account