ഇത് സരോജിനി എന്ന അമ്മയുടെ വാക്കുകളാണ്. തിയറ്റർ പ്രദർശനത്തിൽ വൻ വിജയമെന്ന് ഉദ്ഘോഷിക്കാനാവില്ലെങ്കിലും മൂന്നു തലമുറകളുടെ ജീവിതരീതിയെ ഭംഗിയായ വതരിപ്പിച്ച ഒരു സിനിമയായിരുന്നു “മധ്യവേനൽ”. മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്ക്കാരം സ്വന്തമാക്കിയ മധു കൈതപ്രത്തിന്റെ രണ്ടാമത്തെ സിനിമയാണ് മധ്യവേനൽ. 2009ൽ പ്രദർശനത്തിനെത്തിയ ചിത്രത്തിൽ സരോജിനിയെ അവതരിപ്പിച്ചത് ശ്വേതാ മേനോനാണ്.

ചർക്കയിൽ നൂൽനൂറ്റ് കുടുംബം പുലർത്തുന്ന സരോജിനി കുന്നിക്കൽ കുഞ്ഞിലക്ഷ്‌മിയമ്മയുടെ മകളാണ്. യഥാർത്ഥ ഗാന്ധിഭക്‌ത . ഹരിജനോദ്ധാരണം, വിദേശീ ബഹിഷ്‌കരണം, ഹിന്ദി പ്രചരണം എന്നിവയിലൂടെ നമ്മുടെ ദേശീയതയ്ക്ക് വേണ്ടി പ്രവർത്തിച്ച കുന്നിക്കൽ കുഞ്ഞിലക്ഷ്‌മിയമ്മയുടെ പാരമ്പര്യത്തിന്റെ ഇപ്പോഴത്തെ കണ്ണി. പക്ഷേ ആദർശങ്ങൾക്കോ നന്മയ്ക്കോ വലിയ പ്രസക്‌തി നൽകാത്തവർക്കിടയിൽ ഒറ്റപ്പെട്ടു പോകുന്ന അനേകരിലൊരാൾ

സരോജിനിയുടെ ഭർത്താവ് കുമാരൻ പാർട്ടി പ്രവർത്തകനായിരുന്നു.  പാർട്ടിക്ക് വേണ്ടി ജീവൻ കളയാൻ പോലും തയ്യാറായിരുന്ന കുമാരനെപ്പോലുള്ളവരെ പാർട്ടി ഉപേക്ഷിച്ച കാലത്താണ് സ്വന്തം ജീവിതത്തെക്കുറിച്ച്പോലും കുമാരൻ ചിന്തിയ്ക്കുന്നത്.  അമ്പറിൽ പോയി നൂൽ നൂറ്റ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന സരോജിനിയുടെ മഹിമയെ അദ്ദേഹം മനസ്സിലാക്കുന്നത്.

സരോജിനി നല്ല വ്യക്‌തിത്വമുള്ള കഥാപാത്രമാണ്.  നിരവധി വിഷയങ്ങളിൽ സ്വന്തമായി അഭിപ്രായമുള്ളവൾ. കുട്ടി മരിച്ചതിൽ വിഷമിച്ചിരിക്കുന്ന യശോദ എന്ന സഹപ്രവർത്തകയെ തുടർ ജീവിതത്തിനു പ്രേരിപ്പിക്കുന്ന സന്ദർഭത്തിൽ സരോജിനി ഒരു വാചകം പറയുന്നുണ്ട്. “ചില ഓർമ്മകൾ  ഉപേക്ഷിക്കേണ്ടി വരും ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ.  ചിലത് ഓർമ്മിക്കേം വേണം”.

കുമാരേട്ടന്റെയും സരോജിനിയുടേയും ഏകമകൾ മനുജ എന്ന മണിക്കുട്ടിയോട്  സരോജിനി പറയുന്ന വാക്കുകളാണ് ഇന്നത്തെ  പെൺചൊല്ല്. ഉറക്കത്തിലെപ്പോഴോ സ്ഥാനം മാറിക്കിടന്ന മകളുടെ വസ്‌ത്രങ്ങൾ കണ്ട് അമ്മ അവളെ ശാസിക്കുന്നതാണ് സന്ദർഭം. കാലിക പ്രസക്‌തിയുള്ള ഒരു വാചകം എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ? പ്രായഭേദമില്ലാതെ സ്‌ത്രീകളെ ലൈംഗിക പൂരണത്തിനുള്ള ഉപാധിയായി മാത്രം കാണുന്ന ഇപ്പോഴത്തെ പ്രവണതകൾ നമ്മൾ കണ്ടും കേട്ടും അറിയുന്നതല്ലേ?ഏതു സമയത്തും സ്വന്തം ശരീരത്തെക്കുറിച്ചും അതിലേക്കുള്ള കടന്നാക്രമണങ്ങളെക്കുറിച്ച്  ബോധവതിയാകണമെന്നാഗ്രഹിക്കുന്ന അമ്മമാർക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞ് ചതിക്കുഴികളിൽ വീഴുന്ന  മക്കൾക്കുള്ള ഒരു പാഠമാണീ സിനിമ.

ശക്‌തമായ സംഭാഷണങ്ങളും കെട്ടുറപ്പുള്ള തിരക്കഥയുമായി സിനിമയെ ദൃഢമാക്കിയ തിരക്കഥാകൃത്ത് അനിൽ മുഖത്തലയ്ക്ക്, ഈ തിരക്കഥയ്ക്ക്. പത്‌മരാജൻ പുരസ്‌ക്കാരം ലഭിക്കുകയുണ്ടായി.

മികച്ച നടിക്കുള്ള  കേരള സംസ്ഥാന പുരസ്‌ക്കാരത്തിന് അർഹയായിട്ടുള്ള  നടിയാണ്  ശ്വേതാ മേനോൻ. സൗന്ദര്യമത്‌സര വിജയി, മോഡൽ  എന്നീ നിലകളിൽ പ്രശസ്‌തയായ അവർ1991 ൽ പുറത്തിറങ്ങിയ  അനശ്വരം  എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായഭിനയിച്ചു കൊണ്ട്  വെള്ളിത്തിരയിലെത്തിയ  ശ്വേതമേനോൻ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, മലയാളം ഭാഷകളിൽ ഇപ്പോഴും സജീവ സാന്നിധ്യമാണ്. പാലേരി മാണിക്യത്തിലെ ചീരു, ഒഴിമുറിയിലെ കാളിയമ്മ, ടി.ഡി.ദാസനിലെ  ചന്ദ്രിക  തുടങ്ങി ശക്‌തമായ നിരവധി കഥാപാത്രങ്ങൾ  അവരുടെ  അഭിനയ ജീവിതത്തെ  ധന്യമാക്കിയിട്ടുണ്ട്.

എത്രയൊക്കെ കാത്തു സൂക്ഷിച്ച് വളർത്തിയിട്ടും, തന്റെ മാതാപിതാക്കളോടുള്ള കടമ നിർവഹിക്കാതെ,  പാരമ്പര്യത്തെ  പുച്ഛിക്കുകയും  ആഢംബരങ്ങെളെ  പ്രണയിക്കുകയും  ചെയ്യുന്ന  പെൺകുട്ടികൾക്ക്  മനുജയുടെ ഗതിയാണുണ്ടാകുന്നത്. പെൺകുട്ടികളെ ശരീരം മാത്രമായി കാണുന്നവരെ തിരിച്ചറിയാനും പ്രതിഷേധിക്കാനും പ്രതിരോധിക്കാനും അവർക്കു തന്നെ സാധിക്കാത്തിടത്തോളം അവർ  ഉറക്കത്തിലും ജാഗരൂകരായിരിക്കണമെന്ന  സരോജിനി  എന്ന അമ്മയുടെ നിർദ്ദേശം  മനസ്സിലേക്കെടുക്കണം.  സുഖ സൗകര്യങ്ങളുടെ തിളക്കത്തിൽ മറ്റെല്ലാ കാഴ്ച്ചകളും നഷ്‌ടപ്പെട്ട് അവയ്ക്ക്  പുറകെ പാഞ്ഞ്  ചിറകുകൾ നഷ്‌ടപ്പെട്ട നമ്മുടെ പെൺകുട്ടികൾക്ക് സമർപ്പിക്കുന്നു  ഇന്നത്തെ  പെൺ ചൊല്ല്.

-സ്വപ്‌ന സി കോമ്പാത്ത്

2 Comments
  1. Sunil 2 years ago

    Nice note..

  2. Vijay 2 years ago

    yes, ഇന്നത്തെ കാലത്ത് പെൺകുട്ട്യോൾ ഉറക്കത്തിലും ഉണർന്നിരിക്കണം

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account