ഗദ്ഗദം കൊണ്ടു പൂർത്തിയാക്കാനാവാത്ത ഈ സംഭാഷണത്തിന്റെ ഉടമ കെ.പി.എ.സി. ലളിതയാണ്. കണ്ണിമകൾ കൊണ്ടുപോലും അഭിനയിക്കുന്ന, അസാധ്യ അഭിനയശേഷിയുള്ള മലയാളത്തിന്റെ അഭിമാനതാരം. ശാന്തത്തിലെ നാരായണി എന്ന അമ്മ കഥാപാത്രത്തിനെ മറ്റൊരാൾക്കും ചെയ്യാനാവില്ലെന്ന് പ്രേക്ഷകർ തീരുമാനിച്ചപ്പോൾ, മഹേശ്വരി അമ്മ എന്ന കെ.പി.എസി ലളിതയെത്തേടി ദേശീയഅവാർഡ് രണ്ടാം തവണയെത്തി. ജയരാജ് സംവിധാനം ചെയ്ത ‘ശാന്തം’ എന്ന ഈ സിനിമ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം സ്വന്തമാക്കിട്ടുണ്ട്.
അന്ധമായ രാഷ്ട്രീയ വൈരാഗ്യവും കൊലപാതകവുമൊക്കെ തുടർക്കഥകളാകുന്ന നമ്മുടെ നാടിന്റെ തനിപകർപ്പെന്നോണം ചിത്രീകരിച്ചിരിക്കുന്ന സിനിമ, മാതൃത്വത്തിന്റെ മഹിമയെ ചേർത്തു നിർത്തുന്നു. സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും മേലെ കത്തിവീശുന്ന രാഷ്ട്രീയത്തിമിരത്തെ നിർമാർജ്ജനം ചെയ്യാൻ മാതൃവാത്സല്യത്തിന്, അമ്മയുടെ കരുത്തിന്, സാധിക്കുമെന്ന മഹത്തായ സന്ദേശമാണ് സിനിമയുടെ കാതൽ.
സ്നേഹവതിയായ ഒരമ്മയാണ് നാരായണി. നല്ല വിശപ്പുള്ള മകന് ഇല നിറയെ വിളമ്പി ഊട്ടുന്നതിനിടയിലാണ് അമ്മയുടെ കൺമുന്നിൽ വെച്ച് മകന്റെ കഴുത്തറക്കപ്പെടുന്നത്. മകന്റെ ആത്മശാന്തിക്കുവേണ്ടി ഏറ്റവും പ്രഗത്ഭനായ ഇളയത് തന്നെ കർമ്മങ്ങൾ ചെയ്യണമെന്നാണ് പിന്നീട് അമ്മ ആഗ്രഹിക്കുന്നത്. എന്നാൽ അപമൃത്യുവിനിരയായവർക്കുവേണ്ടി താൻ കർമ്മങ്ങൾ ചെയ്യില്ലെന്ന് മൂത്ത ഇളയത് അറിയിക്കുന്നുണ്ടെങ്കിലും ദു:ഖത്തിന്റെ ആൾരൂപമായ ആ അമ്മ പ്രത്യാശ കൈവിടുന്നില്ല. പിന്നീടൊരു സന്ദർഭത്തിൽ മകന്റെ മരണത്തെക്കുറിച്ച് ആ കാർമ്മികൻ ചോദിക്കുമ്പോഴാണ് അമ്മയ്ക്കീ മറുപടി പറയേണ്ടി വരുന്നത്.
“വിശന്നവായില് അന്നം ഇറങ്ങും മുമ്പേ……” എന്നു പറഞ്ഞ് കരയുന്ന അമ്മ “ഉണ്ണാനിരിക്കുമ്പോഴാ വെട്ടിക്കൊന്നേ” എന്നും കൂട്ടിച്ചേർക്കുന്നു.
മരണാനന്തരവും മകന്റെ വിശപ്പിനെക്കുറിച്ച് ചിന്തിക്കുന്ന അമ്മമനസ്സിൽ, പ്രതികാരബുദ്ധിയോ വിദ്വേഷമോ ഇല്ല. മകന്റെ കൊലയാളിയെ, എതിർ പാർട്ടിയുടെ പ്രതികാരത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന ഒരമ്മയായി, മാതൃത്വം എന്ന ആഗോളപ്രതിഭാസത്തിന്റെ മഹനീയതയെ അനുഭവിപ്പിക്കാൻ ശാന്തത്തിലെ നാരായണിയിലൂടെ KPAC ലളിതക്ക് സാധിച്ചു .
കൺമുന്നിൽ വെച്ച് മക്കളുടെ ദാരുണാന്ത്യം കാണേണ്ടി വരുന്ന എത്രയോ അമ്മമാർ ഇന്നും നമ്മുടെ നാട്ടിലുണ്ട്. വിവിധ സേവനങ്ങളിലൂടെ വീടിനും നാടിനും കരുത്തായി മാറേണ്ട എത്രയെത്ര യുവപ്രതിഭകളാണ് ദാരുണമായി വധിക്കപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ പകപ്പോക്കലുകളിൽ ചട്ടുകങ്ങളായി മാറി ജീവൽ നഷ്ടപ്പെട്ട നിരവധി യുവാക്കളുടെ അമ്മമാരുടെ പ്രതിനിധിയാണ് നാരായണി. “പല്ലിനു പകരം പല്ല്” എന്ന തത്വമല്ല തെറ്റുകൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള തിരിച്ചറിവാണുണ്ടാവേണ്ടത് എന്ന് ഈ കഥാപാത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. കൊല്ലപ്പെട്ടവന്റേയും കൊന്നവന്റേയും അമ്മമാരുടെ ആത്മസംഘർഷം ആദ്യമായനുഭവിപ്പിച്ച ചിത്രമാണ് ശാന്തം. ചിത്രത്തിലുൾപ്പെടുത്തിയിട്ടുള്ള ഗാനത്തിലെ വരികൾ സൂചിപ്പിക്കുന്നതു പോലെ “ആറ്റു നോറ്റും”, “കാത്തും കാത്തും” ഉണ്ടായ ഉണ്ണികളെ മരണത്തിന്റെ തണുപ്പിലേക്കും തടവറയുടെ ഇരുട്ടിലേക്കും തളളിയിടുന്ന പ്രവണതകൾക്കെതിരെ പൊരുതാനുള്ള അമ്മമാരുടെ പ്രയത്നങ്ങൾ സാക്ഷാത്ക്കരിക്കപ്പെടട്ടെ! രാഷ്ടീയവൈരത്തിൽ മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ കണ്ണീരിന് മുന്നിൽ ഇന്നത്തെ പെൺചൊല്ല് സമർപ്പിക്കുന്നു.
രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്ക്കാരവും നാലു തവണ സംസ്ഥാന പുരസ്ക്കാരവും സ്വന്തമാക്കിയിട്ടുളള കെ.പി.എ.സി ലളിത പത്തുവയസ്സു മുതൽ നാടകാഭിനയം ആരംഭിച്ചു. 1969 ൽ പുറത്തിറങ്ങിയ കൂട്ടുകുടുംബമായിരുന്നു ആദ്യ സിനിമ. വിവാഹത്തെത്തുടർന്ന് 78 മുതൽ 83 വരെയുണ്ടായ ഇടവേളയ്ക്ക് ശേഷം കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചെത്തി. ഭർത്താവും പ്രശസ്ത സംവിധായകനുമായ ഭരതന്റെ മരണത്തെത്തുടർന്നുണ്ടായ ഇടവേളയ്ക്ക് വിരാമമായത് സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയാണ്. സ്വയംവരം, മതിലുകൾ (ശബ്ദ സാന്നിധ്യം), പെരുവഴിയമ്പലം, തുടങ്ങി മലയാളത്തിന് ആഗോളപ്രശസ്തി ലഭിച്ച ഭൂരിഭാഗം സിനിമകളിലും KPAC ലളിതയുടെ സാന്നിധ്യമുണ്ടായിരുന്നു. സമാനതകളില്ലാത്ത ഒരഭിനേത്രിയാണ് KPAC ലളിത.
A good movie on a very important and critical subject…
Well written, Swapna Kombath.
Thank you
A dialogue which reflects the sad state of kerala’s dirty politics
A true story of the blind political hate in our society… really sad.
Its an eye opener dialogue and movie….