പ്രതിഭാ സംഗമം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു ചലച്ചിത്രമാണ് 1989 മെയ് 4ന് പ്രദർശനത്തിനെത്തിയ ഉത്തരം. എം ടി യുടെ തിരക്കഥ, പവിത്രന്റെ  സംവിധാന, ഓ.എൻ.വി യുടെ ഗാനരചന, വിദ്യാധരൻ മാഷ്‌ടെ  സംഗീതം, മമ്മൂട്ടി, സുകുമാരൻ, സുപർണ, പാർവതി, കരമന ജനാർദ്ദൻ നായർ  മുതലായവരുടെ മികച്ച അഭിനയം, തുടങ്ങി ചലച്ചിത്രത്തിന്റെ സമസ്‌ത  മേഖലകളിലും പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ടനുഗ്രഹീതമായ  സിനിമയായിരുന്നു ഉത്തരം.

ദാഫ്ൻ ദു മോറിയയുടെ നോ മോട്ടീവ് എന്ന കഥയുടെ ആശയം ഉൾക്കൊണ്ട് എം .ടി . രചിച്ച ‘യാതൊരു കാരണവുമില്ലാതെ’ എന്ന കഥയാണ്  ചിത്രത്തിനാധാരം. സെലീനാമ്മ എന്ന സുഹൃത്തിന്റെ ആത്‌മഹത്യയുടെ  കാരണമന്വേഷിക്കുന്ന ബാലചന്ദ്രന് ഒരുപാട് വർഷം പിന്നിലേക്ക് സഞ്ചരിക്കേണ്ടി വരുന്നു. സ്‌കൂൾകാലഘട്ടത്തിൽ ഏറ്റവുമടുത്ത സുഹൃത്തുക്കളായിരുന്നു സെലീനയും ശ്യാമളയും എന്നദ്ദേഹം മനസ്സിലാക്കുന്നു. പിന്നെ ശ്യാമളയുടെ, സെലീനയുടെ, പൂർവ്വകാലത്തേക്കെത്താൻ ശ്രമിക്കുന്നു. നന്നായി കവിതയെഴുതിയിരുന്ന, എന്തിനും ഏതിനും സ്വന്തമായ അഭിപ്രായമുണ്ടായിരുന്ന  സെലീനയെക്കുറിച്ചുള്ള  ഓർമ്മകൾക്ക്  പോലും കവിതയുടെ താളമുണ്ടായിരുന്നു.  ഒരു പാട്  ദൂരം നടക്കാനിഷ്‌ടപ്പെടുന്ന, വഴിവാണിഭക്കാരുടെ കൂട്ടത്തിലിരുന്ന് അവർക്ക് വേണ്ടി കച്ചവടം നടത്തിയിരുന്ന സെലിന് അധ്യാപികയാവാനായായിരുന്നത്രേ താത്‌പര്യം. സ്വന്തം ഇഷ്‌ടം കൂട്ടുകാരിയായിരുന്ന  ശ്യാമളയോട്  തുറന്നു പറയുമ്പോൾ, പത്താം ക്ലാസിൽ പഠിക്കുന്ന മകളെ ഡോക്റ്ററാക്കാനും അവൾക്കു  വേണ്ടി ആശുപത്രിയുടെ പണി ആരംഭിച്ച അച്ഛനെ ശ്യാമള ഓർമ്മിപ്പിക്കുന്നു.

“വേദന കൊണ്ട് വ്യാപാരം നടത്താനെനിക്കാവില്ല” എന്നു പരിതപിക്കുന്ന  സെലീന ചില ചോദ്യശരങ്ങളാണ്  നമ്മുടെ മന:സാക്ഷിക്ക് നേരെ തൊടുത്തു വിടുന്നത്. ഒന്ന്, സ്വന്തം പ്രൊഫഷൻ പോലും തീരുമാനിക്കാൻ സ്വാതന്ത്ര്യമില്ലാത്ത കുട്ടികളുടെ ദൈന്യത. രണ്ട്, വേദനയെ വിറ്റു കാശാക്കുന്ന  പുത്തൻ ആശുപത്രി വാണിജ്യ തന്ത്രങ്ങളുടെ ക്രൂരത. വിനോദസഞ്ചാരകേന്ദ്രത്തിൽ വെച്ച്  ബോട്ടിങ്ങ് അനുവദിച്ചിട്ടുള്ള ഒരു തടാകത്തിലേക്ക്  നോക്കി “മേഘങ്ങൾ  സൗകര്യമായി  ഇടയ്ക്ക് മുഖം  നോക്കേണ്ട  ഇതില് ബോട്ടിങ്ങനുവദിക്കരുത്” എന്ന് കാൽപ്പനികമായി പറയുന്ന ആ പെൺകുട്ടിയുടെ ജീവിതം ഏറ്റവും സുഖകരവും സന്തോഷകരവുമായ ഒരു ദാമ്പത്യജീവിതത്തിന്റെ പരമകാഷ്‌ഠയിൽ ആത്‌മഹത്യയിലേക്കു കൂപ്പുകുത്തുന്നു.

കൗമാരക്കാലത്തെ കൗതുകങ്ങളിലൊന്നിന്റെ  ശിക്ഷയാണ്  അവളെ ശൂന്യയാക്കുന്നത്. ഒരു സായാഹ്നത്തിൽ, അതെന്താണെന്നു പോലും തിരിച്ചറിയാതെ, വെറുതെ  ഒരു രസത്തിനായി വലിച്ചു തീർത്ത, കഞ്ചാവുബീഡിയാണവളുടെ  ജീവിതം തകർത്തത്. ലഹരിയിൽ മയങ്ങിക്കിടന്ന ആ രണ്ടു സുഹൃത്തുക്കളെ  ആരൊക്കെയോ ചേർന്ന് ലൈംഗികമായി  ഉപയോഗിക്കുന്നു. എന്നാൽ അങ്ങിനെ എന്തെങ്കിലും സംഭവിച്ചതായി പോലും അവർക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. പിന്നീട്, ആ പെൺകുട്ടി  ഗർഭിണിയാണെന്ന്  ഡോക്റ്റർ അറിയിക്കുമ്പോൾ “യു ആർ ലയർ, യു ആർ എ ബ്ലഡി ലയർ. എന്നെ ഒരാളും തൊട്ടിട്ടില്ല” എന്നാർത്തലച്ചു  വിളിച്ചു കരഞ്ഞവർ  ഓടുന്നുണ്ട്.

അവൾ പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് വിട്ട് അവളെ മറ്റൊരു ജീവിതത്തിലേക്ക് നിർബന്ധപൂർവ്വം അച്ഛൻ പറഞ്ഞയക്കുന്നു.  ഒരു കുറ്റവും പറയാനില്ലാത്ത ആ പുതിയ ജീവിതത്തിൽ  ഒരു ദിവസം പാട്ടപെറുക്കാനായി വന്ന നേപ്പാളി ഛായയുള്ള ഇമ്മാനുവൽ ആൻറണി എന്നു പേരുള്ള ചെറിയ കുട്ടിയെ കണ്ടതോടെയാണ് “യാതൊരു കാരണവുമില്ലാതെ” എന്നു മറ്റുള്ളവർ വിലയിരുത്തിയ അവളുടെ ആത്‌മഹത്യ നടക്കുന്നത്.

ഈ സിനിമ ഒരു പാഠമാണ്. സ്വന്തം മക്കളെ ചേർത്തു നിർത്താതെ, അവരുടെ താത്‌പര്യങ്ങളെ മനസ്സിലാക്കാതെ, താന്താങ്ങളുടെ ഇഷ്‌ടത്തിന് വളർത്തുന്ന അച്ഛനമമ്മാർക്ക്, ലഭിച്ച സ്വാതന്ത്യത്തെ ദുരുപേയാഗം ചെയ്യുന്ന കുട്ടികൾക്ക്, മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും പിടിയിലകപ്പെട്ട് (ഒരു തവണയാണെങ്കിൽ പോലും) ചൂഷണം ചെയ്യപ്പെടുന്ന പെൺകുട്ടികൾക്ക്, … അങ്ങനെയങ്ങനെ  നിരവധി നഷ്‌ടജന്മങ്ങളിലൂടെയുളള പാഠങ്ങൾ

ഒരു തെറ്റ്, അത് ആത്‌മഹത്യയിലഭയം പ്രാപിക്കുന്നതുവരെ തങ്ങളെ നീറ്റുന്ന ഒരു വേദനയായി പടർന്നു നീറുമെന്ന് മനസ്സിലാകാത്ത നിഷ്‌കളങ്കയായ കൗമാരക്കാരിയായും പത്തുവയസ്സ്  കൂടുതലുള്ള, പക്വതയുള്ള വീട്ടമ്മയായും ഭാഷ അറിയാത്ത സുപർണ്ണ എന്ന പെൺകുട്ടി തന്മയത്വത്തോടെ അഭിനയിക്കുന്നു. ഭാഷാതീതമായി അഭിനയത്തിനൊരു മുതൽക്കൂട്ട്. വൈശാലി, ഞാൻ ഗന്ധർവ്വൻ എന്നീ സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ച്ചവെച്ച സുപർണ്ണയെ മനസാ ആദരിക്കുന്നു. ഉയർന്നു പറക്കണമെന്നാഗ്രഹിച്ചിരുന്നിട്ടും ചിറകു നഷ്‌ടപ്പെട്ട എത്രയോ ശലഭക്കുഞ്ഞുങ്ങൾ  നമുക്കിടയിലുണ്ട്. അവർക്ക് മുന്നിൽ ഈ പെൺചൊല്ല് സമർപ്പിക്കുന്നു.

സ്വപ്‌ന സി കോമ്പാത്ത്

4 Comments
 1. ഉമേഷ് വള്ളിക്കുന്ന് 2 years ago

  ഉത്തരം ചെറുപ്പത്തിലാണ് കണ്ടത്. ഒന്നൂടെ കാണാൻ തോന്നുന്നു.

  • സ്വപ്ന 2 years ago

   നല്ല സിനിമാലേ

 2. Pramod 2 years ago

  Good one.

  • സ്വപ്ന 2 years ago

   Thank You

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account