ഒരു പ്രാർത്ഥനാമന്ത്രം പോലെ നമ്മളുരുവിടേണ്ട സംഭാഷണം. ഈ ഒരു ചിന്ത മനസ്സിലുണ്ടെങ്കിൽ ഭക്ഷണത്തിന് വേണ്ടി മോഷണം നടത്തുന്നവരോ നിർദാക്ഷിണ്യം മർദ്ദിച്ചു കൊല്ലുന്നവരോ മാനം നഷ്‌ടപ്പെട്ട പെൺകുട്ടികളോ ആത്‌മഹത്യചെയ്യേണ്ടി വരുന്ന അധ്യാപകരോ ഇല്ലാത്ത ശാന്ത സുന്ദരമായ ഒരു ലോകത്തിൽ നമുക്കു ജീവിക്കാമായിരുന്നു. പക്ഷേ താനെന്ത് പ്രാർത്ഥിക്കണമെന്നത് അവനവന്റെ ആത്‌മാവിഷ്‌കാര സ്വാതന്ത്ര്യമായി പ്രഖ്യാപിക്കപ്പെടുന്ന ഇക്കാലത്ത്  ഇത്തരത്തിൽ ആശിക്കാൻ മാത്രമല്ലേ നമുക്കു സാധിക്കൂ.

ഇടനാഴിയിൽ ഒരു കാലൊച്ച എന്ന ചിത്രത്തിലെ ആമി എന്ന അഭിരാമി തന്റെ സുഹൃത്തായ ആനന്ദിന്റെ ജീവനുവേണ്ടി ദൈവത്തിനു മുമ്പിൽ കേഴുകയാണ്. അവൾ പരിചയിച്ചു വന്ന ആരാധനാരീതികളിൽ നിന്നും വ്യത്യസ്‌തമായി ഏറ്റവും അടുത്തുള്ള ക്രൈസ്‌തവ ദേവാലയത്തിൽ വന്നാണ് ആമി പ്രാർത്ഥിക്കുന്നത്.  ‘നിന്നെ എന്തു വിളിക്കണമെന്നറിയില്ല. ദൈവമേ.. ഞാൻ കാരണം ആരും ദുഃഖിക്കരുത്’ എന്നവൾ മനസ്സുരുകി പ്രാർത്ഥിക്കുന്നു.  ആനന്ദ് എന്ന കൂട്ടുകാരന് അവളോട് പ്രണയം തോന്നുന്നത്, അച്ഛനുമമ്മയില്ലാത്ത ആമിയെ ഏറ്റവും സ്‌നേഹത്തോടെ വളർത്തുന്ന അവളുടെ സഹോദരനെ രോഷാകുലനാക്കുന്നു.  ആമിയെക്കാൾ പ്രായം കുറഞ്ഞ ആനന്ദിനെ ആമിയുടെ സഹോദരൻ  കാറിടിച്ച് പരിക്കേൽപ്പിച്ചു. അവന്റെ നില ഗുരുതരമാണ്. തന്റെ വരുതിക്ക് നിൽക്കാത്തവരെ കൊന്നു കളയാൻ അധികാരമുണ്ടെന്നുള്ള  മനുഷ്യന്റെ ധാർഷ്‌ട്യം, അതിന് അന്നും ഇന്നും മാറ്റമൊന്നുമില്ല.

ഭദ്രൻ സംവിധാനം ചെയ്‌ത്‌ 1987 ൽ പ്രദർശനത്തിനെത്തിയ ചിത്രത്തിൽ കാർത്തികയാണ് ആമിയെ അവതരിപ്പിച്ചത്. ബാലചന്ദ്രൻ ചുള്ളിക്കാട് രചന നിർവഹിച്ച തിരക്കഥയിലെ പല സംഭാഷണങ്ങളും കാവ്യാത്‌മകങ്ങളാണ്. കൗമാരപ്രണയത്തേക്കാളുപരി  വളർച്ചയുടെ കാലഘട്ടത്തിൽ പ്രത്യേകിച്ച് കൗമാരത്തിൽ അച്ഛനുമമ്മയും ഒരു കുട്ടിയുടെ ജീവിതത്തിൽ / സ്വഭാവരൂപീകരണത്തിൽ നിർണായകസ്വാധീനം ചെലുത്തുന്നവെന്ന വലിയ ഓർമ്മപ്പെടുത്തലാണ് ചിത്രത്തിന്റെ കാതൽ.

പലതരത്തിലുള്ള ഈഗോകൾ കൊണ്ട് നഷ്‌ടമാകുന്ന ബന്ധങ്ങളുടെ  മഹത്വം പിന്നീട് മനസ്സിലാകുമ്പോഴേക്കും ജീവിതം തന്നെ  നഷ്‌ടമാകുന്നുവെന്ന്  തിരിച്ചറിയാൻ ചിത്രം പ്രേരിപ്പിക്കുന്നുണ്ട്. അടൂർഭാസി, സോമൻ, ജയഭാരതി, വിനീത് തുടങ്ങിയവരഭിനയിച്ച ചിത്രം  നൃത്തത്തിനും സംഗീതത്തിനും ഒരു പാട് പ്രാധാന്യം നൽകുന്നു.

കാർത്തിക എന്ന ശാലീന സുന്ദരി മലയാളിയുടെ മനം കവർന്ന താരമാണ്. ബാലചന്ദ്രമേനോന്റെ ഒരു പൈങ്കിളിക്കഥ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ കാർത്തിക തമിഴിലും മലയാളത്തിലുമായി ഇരുപതോളം ചിത്രങ്ങളിലഭിനയിച്ചു. താളവട്ടത്തിലെ ഡോക്റ്റർ സാവിത്രി, ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലെ നിർമ്മല, ഗാന്ധിനഗർ സെക്കന്റ് സ്‌ട്രീറ്റിലെ മായ തുടങ്ങി എന്നും ഗൃഹാതുരതയോടെ മലയാളി ഓർത്തു വെക്കുന്ന സ്‌നേഹവും സഹാനുഭൂതിയുമുള്ള നിരവധി കഥാപാത്രങ്ങളെ അനശ്വരയാക്കിയായ അഭിനേത്രിയാണ് കാർത്തിക. മലയാളിയുടെ കേൾവിയെ ധന്യമാക്കുന്ന ഏറ്റവും മനോഹരമായ ഗാനങ്ങളുടെ സാന്നിധ്യമെന്ന നിലയിലും കാർത്തിക എന്നും നമുക്കൊപ്പമുണ്ട്.  പ്രിയദർശൻ, സത്യൻ അന്തിക്കാട്, ജോഷി, കമൽ, ബാലചന്ദ്രമേനോൻ തുടങ്ങിയ സംവിധായകരുടെയെല്ലാം ഫിലിംകരിയറിലെ ബ്രേക്കായി മാറിയ ചിത്രങ്ങളിലെ നായികയായിരുന്നു കാർത്തിക. പുരസ്‌ക്കാരങ്ങളല്ല മികവിന്റെ സാക്ഷ്യപത്രമെന്ന ഓർമ്മപ്പെടുത്തലുമായി വലിയൊരു പൊട്ടും നീളൻ മുടിയും വിടർന്ന കണ്ണുകളുമുള്ള മികച്ച നത്തകി കൂടിയായ അഭിനേത്രി കാർത്തിക നമ്മോടൊപ്പമുണ്ട്.  ഒരു പ്രാർത്ഥനാമന്ത്രംപോലെ വിശുദ്ധമായ ഈ  ദുഃഖമനുഭവിക്കുന്ന ഈ പെൺചൊല്ല് എല്ലാവർക്കുമായി സമർപ്പിക്കുന്നു.

-സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account