വിവാഹമൊക്കെ വലിയ വലിയ മാമാങ്കങ്ങളായി കൊണ്ടാടുന്ന ഇക്കാലത്ത്, തന്റെ ഭാവി നിർണ്ണയത്തിൽ ഒരു തീരുമാനവുമെടുക്കാനാവാതെ നിസ്സഹായയായി നിന്നിട്ടുള്ള എത്രയോ സ്‌ത്രീകളുണ്ടാകും? ജാതിയുടേയോ, മതത്തിന്റേയോ, സാമ്പത്തികസ്ഥിതിയുടേയോ, മിഥ്യാഭിമാനങ്ങളുടേയോ പേരിൽ എല്ലാ ഇഷ്‌ടങ്ങളേയും ത്യജിക്കേണ്ടിവന്ന എത്രയെത്ര പെൺ മനസ്സുകളുണ്ടാകും?

പലപ്പോഴും അത്‌ഭുതപ്പെടുത്തിയിട്ടുള്ള ഒരു കാര്യമുണ്ട്. ഏതെങ്കിലും ഒരു പെൺകുട്ടിക്ക് പ്രണയബന്ധമുണ്ടെന്നറിഞ്ഞാൽ വീട്ടുകാർ ഉടനെത്തന്നെ അവൾക്കൊരു വിവാഹാലോചന കൊണ്ടുവരും. പ്രണയത്തിന് മറു മരുന്നെന്ന പോലെ .മുറിവുണങ്ങാനുള്ള സമയം പോലും കൊടുക്കാതെ പെൺകുട്ടികളെ  രക്ഷിതാക്കളുടെ ഇഷ്‌ടത്തിലേക്കു വലിച്ചിഴക്കുന്ന പോലെ….

ഇത് നിസ്സാരമായ ഒരു പ്രസ്‌താവനയല്ല. വിവിധ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾ മൂലം പ്രതിക്കൂട്ടിലകപ്പെട്ട്  കഠിനവിചാരണ നേരിടേണ്ടി വരുന്ന ഒരു പെൺകുട്ടി അവളുടെ സ്വപ്‌നങ്ങളെ, പ്രതീക്ഷകളെ, മോഹങ്ങളെ എല്ലാം തനിക്കു ചുറ്റുമുള്ളവരുടെ താൽപ്പര്യത്തിനു വേണ്ടി  നിമജ്ജനം ചെയ്‌തു എന്നതിന്റെ സാക്ഷ്യപത്രമാണ്.

ഒരു വിഷാദകാവ്യം പോലെ ശോകം നിറഞ്ഞ ഈ സംഭാഷണം തിരക്കഥയിലേക്കാവാഹിച്ചത് മലയാള തിരക്കഥയുടെ കാൽപ്പനിക വസന്തം എന്നു വിശേഷിപ്പിക്കേണ്ട പി. പത്മരാജനാണ്. പത്മരാജന്റെ ‘പാർവതിക്കുട്ടി’  എന്ന ചെറുകഥയാണ് ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയ്ക്കാധാരം. മോഹൻ സംവിധാനം ചെയ്‌ത ചിത്രത്തിലെ ശാലിനിയായി അഭിനയിച്ചത് ശോഭയാണ്. മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം നേടിയ, പതിനേഴ് വയസ്സിൽ ഒരാത്‌മഹത്യയിലൂടെ മിന്നി മറഞ്ഞ വെൺതാരകം ശോഭ. മഹാലക്ഷ്‌മി മേനോൻ എന്ന ബാലതാരത്തിൽ നിന്ന് ശോഭ എന്ന നായികയിലേക്കുള്ള പതിമൂന്ന് വർഷങ്ങളുടെ യാത്രക്കുള്ളിൽ 74 സിനിമകളിൽ അഭിനയിച്ച മികച്ച അഭിനേത്രി.

ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിൽ ദുർവാശിക്കാരനായ അച്ഛൻ മകളുടെ സമ്മതമാലോചിക്കാതെ അവളുടെ  വിവാഹമുറപ്പിക്കുമ്പോൾ ശാലിനിയുടെ  ജ്യേഷ്ഠൻ അത് ചോദ്യം ചെയ്യുന്നു. തനിക്കെതിരെ ശബ്‌ദമുയർത്തിയ മകനെ അച്ഛൻ മദ്ദിച്ചവശനാക്കുന്നു. തന്റെ സഹോദരനെ അച്ഛൻ ക്രൂരമായി ആക്രമിച്ചതിൽ മനംനൊന്ത് വിലപിക്കുന്നതിനിടയിലാണ്  നിസ്സഹായായ ശാലിനി ‘ഞാൻ ആരെ വേണമെങ്കിലും കെട്ടിക്കോളാം’ എന്നു പറഞ്ഞു പോകുന്നത്.

ഇത് ശാലിനിയുടെ മാത്രം ആത്‌മഗതമല്ല. ശാലിനി നിരവധി സ്‌ത്രീകളുടെ പ്രതീകമാണ്. ആത്‌മഹത്യയിലൂടെ ജീവിതത്തോടു വിട പറഞ്ഞ ശോഭ നാലാം വയസ്സിൽ തമിഴ് സിനിമയിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചു.1978ൽ നായികയായി. പശി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് ശോഭക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. 1966 ൽ മികച്ച ബാലതാരത്തിനുള്ള  കേരള സ്റ്റേറ്റ്  അവാർഡ് ശോഭയ്ക്കായിരുന്നു  1977 ൽ  ഓർമ്മകൾ മരിക്കുമോ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും,1978ൽ ബന്ധനം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

തെന്നിന്ത്യൻ ഭാഷകളിലെ അക്കാലത്തെ പ്രധാന നായകരുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുള്ള ശോഭയുടെ മരണം നമ്മുടെ ചലച്ചിത്ര മേഖലയുടെ തീരാ നഷ്‌ടമാണെന്നു പറയാതെ വയ്യ.

-സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account