സ്‌ത്രീകളുടെ സഹനമന്ത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഡയലോഗ്. ഏതു തരത്തിലുള്ള അപമാനവും പീഢനവും സഹിക്കാൻ സ്‌ത്രീകളെ പ്രേരിപ്പിക്കുന്ന ഒരു വാചകം. എങ്ങനെയൊക്കെ അപമാനിച്ചാലും താലി ഉപേക്ഷിച്ച് പെണ്ണ് പുറത്തേക്കിറങ്ങാതിരിക്കാൻ മലയാളി പരമ്പരാഗതമായി കാത്തു സൂക്ഷിച്ചിരിക്കുന്ന ഒരു പ്രസ്‌താവന. ഇനിയും വിശേഷണങ്ങൾ ആവശ്യമില്ലാത്ത രീതിയിൽ സ്‌ത്രീക്ക് – ഭാര്യയോ അമ്മയോ ആയി സ്ഥാനക്കയറ്റം കിട്ടിയാൽ അവൾ  സഹിക്കാനൊരുപാടുണ്ട്  എന്ന പരമാർത്ഥത്തെ ആലേഖനം ചെയ്‌ത, തലമുറകളായി സ്‌ത്രീകളുടെ  ഇടപെടലുകളെ നിയന്ത്രിക്കുന്ന ആദർശവത്ക്കരിക്കപ്പെട്ട ഉത്തമഭാര്യാസങ്കൽപ്പത്തെ പർവതീകരിച്ചു കാണിക്കുന്ന പൊള്ളയായ ഒരു വാചകം.

1989 ൽ പുറത്തിറങ്ങിയ ‘ജാതകം’ എന്ന സുരേഷ് ഉണ്ണിത്താൻ ചിത്രത്തിലേതാണ്  ഈ വാചകം. വളരെ പ്രശസ്‌തമായൊരു തറവാട്ടിലെ, അന്ധവിശ്വാസികളായ ദമ്പതികളാണ് അപ്പുക്കുട്ടൻ നായരും (തിലകൻ), ജാനകിയും (കവിയൂർ പൊന്നമ്മ). ജീവിതത്തിലെ എല്ലാ അനുഭവങ്ങളേയും  ജാതകത്തിന്റെ താളുകളിലെ എഴുത്തുകളുമായി  മാത്രം ബന്ധിപ്പിച്ചു വായിച്ചെടുക്കുന്നവർ. നിരവധി ദേഹവിയോഗങ്ങൾ കൊണ്ടും ദുരിതങ്ങൾ കൊണ്ടും മനസ്സു മടുത്തവർ. ജീവിച്ചിരിക്കുന്ന ഏകമകനായ ഉണ്ണിയിൽ തങ്ങളുടെ ആശ്വാസവും പ്രതീക്ഷകളും കുടുംബമഹിമയും  പൈതൃകവുമെല്ലാം അർപ്പിച്ച് ജാതകത്തെ മുറുകെപ്പിടിച്ചിരിക്കുന്നവർ. ഉണ്ണിയുടെ ആയുസ്സിനും സൗഭാഗ്യത്തിനും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവർ.

ശ്യാമള എന്ന യുവതിയെയാണ് ഉണ്ണി ആദ്യം വിവാഹം ചെയ്‌തത്. അവളുടെ ജാതകദോഷം തന്റെ മകനെ ദോഷകരമായി ബാധിക്കാതിരിക്കാൻ  വേണ്ടി ശ്യാമളയെ കിണറ്റിലേക്കു തള്ളിയിട്ട് കൊല്ലാൻ അപ്പുക്കുട്ടൻ നായർ മടിച്ചില്ല. ആ കൊലപാതക രഹസ്യം ആരും അറിയാതെ അയാൾ സൂക്ഷിച്ചിട്ടുമുണ്ട്. പിന്നീടവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന പെൺകുട്ടിയാണ് മാലിനി എന്ന മാലു. ജീവിതത്തെ പ്രസന്നമായി നോക്കിക്കാണുന്നവൾ. വിഹാനന്തരമാണ് മാലിനിയുടെ ജാതകം കൃത്യമല്ല എന്ന തിരിച്ചറിവ് അപ്പുക്കുട്ടൻ  നായർക്കും ഭാര്യയ്ക്കു അവർ കണ്ണുകെട്ടി വളർത്തിയ മകൻ ഉണ്ണിക്കും വ്യക്‌തമാകുന്നത്. അതോടെ  മാലിനിയുടെ ജീവിതം ദുരിതമയമായി തീരുന്നു. ഗർഭിണിയായ അവൾ സ്വന്തം  ഭർത്താവിന്റെ പോലും അവഗണനയ്ക്ക് പാത്രമാകുന്നു. അവിടെ നിന്നും അവളെ രക്ഷിക്കാൻ  അച്ഛനെത്തുമ്പോഴാണ് മാലിനി അച്ഛനോട് ഈ വാചകം പറയുന്നത്. അത്രയുംനേരം നമുക്കഭിമാനം തോന്നുന്ന രീതിയിൽ തിരശ്ശീലയിൽ ജീവിച്ച കഥാപാത്രം സാമ്പ്രദായികമായ കെട്ടുപാടുകളിലേക്ക്  തിരികെ  നടക്കുന്ന കാഴ്ച്ച.

മാലിനി ഗർഭിണിയാണെന്ന് അറിയുമ്പോൾ തന്നെ ഗർഭസ്ഥശിശുവിനെക്കുറിച്ചറിയാൻ  ജ്യോത്സ്യനെ വിളിക്കുകയും പ്രശ്‌നം  വെക്കുകയും ചെയ്യുന്നതിന് കാണിക്കുന്ന വ്യഗ്രതയെ  അപഹസിച്ചു കൊണ്ട് ‘ജനിക്കണേന് മുമ്പ് കുട്ടിയുടെ ഭാവി നിശ്ചയിക്കാൻ ഈശ്വരന് പോലും പറ്റില്യ’ എന്ന് പറഞ്ഞ, ഭർതൃവീട്ടുകാരുടെ അന്ധവിശ്വാസത്തെ ‘ഈ ലോകത്തുള്ളവരെല്ലാം ജാതകോം ജ്യോതിഷോം നോക്ക്യാണോ ജീവിക്കണേ’ എന്നു വെല്ലുവിളിച്ച മാലിനിയാണ് ഭർതൃവീട്ടുകാർ അപമാനിച്ചിട്ടും അവഗണിച്ചിട്ടും ഉത്തരവാദിത്തമേറ്റെടുക്കാൻ അച്ഛനുണ്ടായിട്ടും  എന്റെ കഴുത്തിൽ ഈ താലി വീണുപോയി എന്ന് പറഞ്ഞു വിലപിക്കുന്നത്.

വിരോധാഭാസമെന്നു ചൂണ്ടിക്കാണിക്കുമ്പോഴും, അഭ്യസ്‌തവിദ്യയായ, പുരോഗമനവാദിയായ മാലിനി പോലും പരമ്പരാഗതമായ ചില വിശ്വാസങ്ങളിൽ ചിന്തകളെ ബന്ധിപ്പിച്ചിരിക്കുന്നതായി കാണാം. എത്ര അപമാനിച്ചാലും താലി മുറുകെ പിടിച്ച് ജനിക്കാൻ പോകുന്ന കുഞ്ഞിന് അച്ഛനെന്ന് ചൂണ്ടിക്കാണിക്കാനൊരാളു വേണം എന്ന വാദത്തിൽ അവൾ  ഉറച്ചു നിൽക്കുന്നു. അച്ഛനെന്നത് ഒരു സ്ഥാനപ്പേർ മാത്രമല്ലെന്നും ഭാര്യയെന്നത് അപമാനമേറ്റുവാങ്ങുന്നവരുടെ പര്യായപദമെല്ലന്നും  ഉറക്കെ ചിന്തിക്കാൻ/ചിന്തിപ്പിക്കാൻ ഈ ഡയലോഗിനു സാധിക്കണം

ചൊവ്വാദോഷം, വൈധവ്യദോഷം തുടങ്ങി വിവിധ ദോഷങ്ങളിൽ ജീവിതത്തെ കൊരുത്തെടുത്ത്, ശ്വാസമെടുക്കാൻ സാധിക്കുന്ന .  മൃതദേഹങ്ങളെപ്പോലെ ജീവിക്കുന്ന എത്രയോ ആളുകൾ നമുക്കിടയിലുണ്ട്. കാലമെത്ര പുരോഗമിച്ചാലും തിരുത്തലുകൾക്കിടം കൊടുക്കാതെ ഇന്നും  നമ്മുടെ ചിന്തകളിൽ ഇരുട്ട് വ്യാപിപ്പിക്കുന്ന അന്ധവിശ്വാസങ്ങളുടെ വിരൽപിടിച്ച് മുന്നോട്ട് നടക്കുന്നവർ.

ധൈര്യശാലിയും മിടുക്കിയും ഇടയ്ക്ക് ചിലപ്പോൾ പരമ്പരാഗത സ്‌ത്രീ സങ്കൽപ്പങ്ങളിൽ നിന്നും മുക്‌തയാകാൻ സാധിക്കാത്തവളുമായ മാലിനിയെ അവതരിപ്പിച്ചിരിക്കുന്നത് സിതാരയാണ്.1986 ൽ പുറത്തിറങ്ങിയ കാവേരി എന്ന ചിത്രത്തിലെ കാവേരി എന്ന കഥാപാത്രത്തെയാണ് സിതാര ആദ്യം അവതരിപ്പിച്ചത്. തുടർന്ന് 1999 വരെ ശക്‌തമായ നിരവധി കഥാപാത്രങ്ങൾ.1989 ൽ കെ. ബാലചന്ദർ സംവിധാനം ചെയ്‌ത പുതു പുതു അർത്ഥങ്ങൾ എന്ന സിനിമയിലൂടെ  തമിഴിൽ അരങ്ങേറ്റം. തെലുങ്ക്, കന്നട ഭാഷകളിലും സജീവമായിരുന്ന ഈ ശാലീനസുന്ദരി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരിടവേളക്കു ശേഷം അഭിനയത്തിൽ വീണ്ടും സജീവമായ സിതാരക്ക്  അഭിനന്ദനങ്ങൾ. ഒരിടത്തിലെ രമ, പാദമുദ്രയിലെ ശാരദ, മഴവിൽക്കാവടിയിലെ അമ്മുക്കുട്ടി, ചാണക്യനിലെ ഗീതു, ജാതകത്തിലെ മാലിനി, വചനത്തിലെ മായ, ജേണലിസ്റ്റിലെ രഞ്‌ജിനി മേനോൻ, ചമയത്തിലെ ലിസ, തുടങ്ങി ഒരുപാടൊരുപാട്  കഥാപാത്രങ്ങളിലൂടെ  നമ്മെ രസിപ്പിച്ച സിതാരയ്ക്കും വിവിധ വിശ്വാസങ്ങളുടെ പേരിൽ ജീവിതം ഹോമിക്കേണ്ടി വന്ന നമ്മുടെ  സഹോദരിമാർക്കും മുന്നിൽ സമർപ്പിക്കുന്നു ഈ പെൺ ചൊല്ല്.

സ്വപ്‌ന സി കോമ്പാത്ത്

2 Comments
  1. V Thomas 3 years ago

    Good one…

  2. Chandran 3 years ago

    നല്ല ആർട്ടിക്കിൾ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account