ഇതൊരു വിധിപ്രസ്‌താവനയാണ്. സാധാരണഗതിയിൽ സമൂഹത്തിന്റെ വിധി നിർണ്ണയങ്ങളെ നിശ്ശബ്‌ദരായി അനുസരിക്കേണ്ടി വരുന്ന സ്‌ത്രീകളിൽ നിന്നു വ്യത്യസ്‌തമായി, തന്നെ അപമാനിച്ചവർക്കെതിരെ വിധി പ്രസ്‌താവിക്കുന്ന കരുത്തുറ്റ പെൺശബ്‌ദമാണിത്. തന്നെ ശാരീരികമായി ഉപയോഗിച്ചവർക്ക് ജീവിക്കാനർഹതയില്ലെന്നും ആത്മഹത്യയല്ലാതെ അവർക്കു ജീവിതത്തിൽ വേറൊരു മാർഗവുമില്ലെന്നും നിശ്ചയിക്കുന്ന വാസുകിയുടെ വിധിപ്രസ്‌താവന .

ത്രില്ലർ മൂവി എന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ട സിനിമയാണ് പുതിയ നിയമം. ഏറെക്കാലത്തെ ഇടവേളക്കുശേഷം എ.കെ.സാജൻ സംവിധായകമേലങ്കിയണിഞ്ഞ ചിത്രം. മമ്മൂട്ടിയും (ലൂയിസ് പോത്തൻ) നയൻതാരയും (വാസുകി) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പുതിയ നിയമം പേരു സൂചിപ്പിക്കുന്നത് പോലെ പുതിയ ചില നിയമസാധ്യതകളെ മുന്നോട്ടു വെക്കുന്നു.  വാസുകി എന്ന സ്‌ത്രീയുടെ ജീവിതം  മുഖ്യപ്രമേയമാകുന്നതിലൂടെ സ്‌ത്രീകേന്ദ്രിതമായ ഒരു ചലച്ചിത്രം എന്നു പുതിയനിയമത്തെ വിലയിരുത്താം. കൂടാതെ മറ്റു ചില പുതുമകളും ഈ സിനിമയ്ക്കുണ്ട്. സ്‌ത്രീയോട് പ്രവർത്തിച്ച അനീതിക്കെതിരെ പോരാടി, പെണ്ണിനെ അപമാനിക്കുന്നവൻ ഭൂമിയിൽ ജീവിക്കാൻ  അനുയോജ്യരെല്ലന്ന് വിധിയെഴുതിയ ചിത്രം കൂടിയാണിത്.

കഥകളി ആർട്ടിസ്റ്റായ ആദ്യ മലയാളചലച്ചിത്ര നായികയാണ് വാസുകി. വാസുകിയുടെ ശരീരത്തെ ബലാത്ക്കാരേണ പ്രാപിച്ചു വിജയികളായി നടക്കുന്ന ചില യുവാക്കളോട്  വാസുകി പ്രതികാരം ചെയ്യുന്ന പ്രമേയത്തിലൂടെ നമ്മുടെ തലമുറയുടേയും ഭാവിതലമുറയുടേയും  മാനസികാരോഗ്യത്തെ അർബുദം പോലെ കാർന്നുതിന്നുന്ന മയക്കുമരുന്നിനെക്കുറിച്ചുള്ള ബോധവത്‌കരണവും സിനിമ നൽകുന്നുണ്ട്. വാസുകി അവരുടെ ആദ്യ ഇരയല്ല. തനിക്കേറ്റ അപമാനത്തെ ഭർത്താവിനോട് പോലും തുറന്നുപറയാൻ വാസുകിക്ക് സാധിക്കുന്നില്ല.

സ്‌ത്രീയുടെ ശരീരത്തിനും മനസ്സിനുമേൽക്കുന്ന അപമാനത്തെ തുറന്നു പറയുന്നതിൽ നിന്ന് അവളെ വിലക്കുന്ന അബദ്ധജടിലമായ  ഒരു പൊതുബോധമാണ് ഇന്ന് നിലവിലുള്ളത്.  ബലാത്ക്കാരേണയോ സ്വമേധയോ ലൈംഗികമായി ഉപയോഗിക്കപ്പെട്ടാൽ പിന്നെ രണ്ടാം തരക്കാരിയായി മാറ്റി നിർത്തപ്പെടുന്നിടത്ത്, പാതിവ്രത്യം എന്ന ഊതിവീർപ്പിച്ച ബലൂണിനു മുന്നിൽ ഭയന്നുനിൽക്കേണ്ടി വരുന്ന അവസ്ഥയിൽ സ്‌ത്രീയുടെ തുറന്നു പറച്ചിലുകൾക്കെന്തു പ്രസക്‌തി!.

വാസുകി ഒരു പ്രതീകമാണ്. അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നിരവധി സ്‌ത്രീകളുടെ പ്രതീകം. വാസുകി മറച്ചുവെച്ചുവെങ്കിലും വിവരമറിഞ്ഞ് ഭർത്താവ്  അവളെ സഹായിക്കാനൊരുങ്ങുന്നു. അറിഞ്ഞു എന്ന വാസ്‌തവത്തെ  അവളിൽ നിന്നു മറച്ചുവെക്കാനുള്ള സന്നദ്ധതയും അയാൾ പ്രകടിപ്പിക്കുന്നു.

തന്നെ അപമാനിച്ചവർക്ക് മരണമല്ലാതെ മറ്റൊരു ശിക്ഷയില്ലെന്ന് വിചാരിക്കുന്ന വാസുകിയെ DCP ജീനയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ലൂയിസ് പോത്തൻ സഹായിക്കുന്നത്. ആധുനിക സാങ്കേതികവിദ്യ അതിന് സഹായകമാവുകയും ചെയ്യുന്നു. വാസുകിയോട് മോശമായി പെരുമാറുന്ന സന്ദർഭത്തിൽ  ആര്യനെ വാസുകി വിലക്കുന്നുണ്ട്. മാത്രമല്ല ‘നിന്റമ്മയോട് ചോദിക്കണം, നിന്നെ ഇങ്ങനെയാണോ പഠിപ്പിച്ചു വെച്ചിരിക്കുന്നതെന്ന്’ എന്ന് ദേഷ്യത്തിൽ ചോദിക്കുന്നുണ്ട്.

സാധാരണഗതിയിൽ മക്കളെ സംബന്ധിച്ചിടത്തോളം അവരുടെ എല്ലാ തിന്മകളുടേയും ഉത്തരവാദിത്തം, മോശം മാർക്ക്, പാചകത്തിലെ രുചിക്കുറിവ്, എന്തിന് പ്രണയത്തിന് പോലും അമ്മയെ കുറ്റം പറയുന്ന രീതിയിലാണ് നമ്മുടെ പൊതുബോധം ഇന്ന് സമൂഹത്തിൽ വ്യാപിച്ചിരിക്കുന്നത്. എങ്കിൽ പോലും സ്‌ത്രീകളുടെ ശരീരം അവളുടെ സ്വാതന്ത്ര്യമാണെന്ന് തങ്ങളുടെ ആൺമക്കളെ  ബോധ്യപ്പെടുത്തേണ്ടത് അമ്മമാരുടെ ധാർമ്മിക ഉത്തരവാദിത്തമാണെന്ന് സിനിമ  ഓർമ്മിപ്പിക്കുന്നു. സ്‌ത്രീയെ ഒരു ശരീരം മാത്രമായി കാണാതെ, അവളെ വ്യക്‌തിയായി അംഗീകരിക്കുന്ന രീതിയിൽ തങ്ങളുടെ ആൺമക്കളെ വളർത്തിയെടുത്ത എല്ലാ അമ്മമാർക്കുമായി ഇന്നത്തെ പെൺ ചൊല്ല് സമർപ്പിക്കുന്നു.

-സ്വപ്‌ന സി കോമ്പാത്ത്

4 Comments
 1. Sunil 2 years ago

  Good one. Very pertinent dialogue, explained perfectly!

 2. Jayakumar 2 years ago

  Good read. Equal credit to be given to the dialogue writer as well…

 3. Priya 2 years ago

  Good..

 4. James 2 years ago

  Great note.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account