ഇത് ഒരു അമ്മയുടെ ദീനരോദനമാണ്. വൈരം എന്ന സിനിമയിലെ വൈരമണി എന്ന പെൺകുട്ടിയുടെ അമ്മയുടെ രോദനം. യഥാർത്ഥത്തിൽ ഇതൊരു അമ്മയുടെ മാത്രം രോദനമല്ല. സ്വപ്‌നങ്ങളുടെ ചിറകരിയപ്പെട്ട ഒട്ടനവധി മാതാപിതാക്കളുടെ നിലയ്ക്കാത്ത രോദനമാണെന്ന് പറയേണ്ടിയിരിക്കുന്നു.

വൈരം എന്ന സിനിമയുടെ കഥാപരിസരം നമുക്കെല്ലാവർക്കും അറിയാവുന്നതാണ്.  നമ്മുടെ ഓർമ്മയിലുള്ള കൃഷ്‌ണപ്രിയ എന്ന പെൺകുട്ടിയുടെ കൊലപാതകവും അവളുടെ അച്ഛന്റെ പ്രതികാരവുമായി ബന്ധമുള്ള ഒരു സിനിമ. ചിത്രത്തിൽ ശിവരാജൻ എന്ന അച്ഛന്റെ വേഷം അഭിനയിച്ചത് തമിഴിലെ പ്രശസ്‌തനായ താരം പശുപതിയാണ്. മകളായി  അഭിനയിച്ചത് മലയാളിയായ ധന്യയും. അമ്മയുടെ വേഷം ഭംഗിയായി അഭിനയിച്ചത് മീരാ വാസുദേവാണ്. സിനിമ ഒരു വിജയമായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ.

ജനിച്ചനാൾ മുതൽ വളരെയധികം സ്‌നേഹത്തോടുകൂടി ഓമനിച്ചുവളർത്തിയ തങ്ങളുടെ മകൾക്കുണ്ടായ ദുര്യോഗം ആ അച്ഛനമ്മമാരെ ചെറുതായൊന്നുമല്ല ബാധിച്ചത്. എല്ലാ അച്ഛനമ്മമാരും അങ്ങനെ തന്നെയാണ്. താഴെ വച്ചാൽ ഉറുമ്പരിക്കും തലയിൽ വച്ചാൽ പേനരിക്കും എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന രീതിയിൽ അവർ കുഞ്ഞുങ്ങളെ സ്‌നേഹപൂർവ്വം ലാളിച്ചു വളർത്തുന്നു. ഭാവിയെക്കുറിച്ചുള്ള ഒരുപാട് പ്രതീക്ഷകളും അവരോടൊപ്പം തന്നെ അച്ഛനമ്മമാർ  വളർത്തി വലുതാക്കുന്നു.

തങ്ങൾക്ക് ലഭിക്കാതെ ‘പോയ സൗഭാഗ്യങ്ങൾ തേടിയെടുത്ത് കുഞ്ഞുങ്ങൾക്ക് നൽകുന്നത് മാത്രമല്ല, അവരുടെ മുഴുവൻ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്നതിനു വേണ്ടി  എന്തു കഠിനാധ്വാനം ചെയ്യാനും അവർ മടിക്കില്ല. പൂവുകൾ തോറും തുള്ളിക്കളിച്ച് പറന്നുനടക്കുന്ന ശലഭങ്ങളെപ്പോലെ സൗന്ദര്യമുള്ള തങ്ങളുടെ മക്കളെ കണ്ട് ആനന്ദനിർവൃതി അടയുന്ന, അവരുടെ വിജയങ്ങളിൽ ആഹ്ലാദിക്കുന്ന, ജീവിതം തന്നെ അവരാണ് എന്ന് വിശ്വസിക്കുന്ന, ഈ ലോകം ചലിക്കുന്നത് തന്നെ തങ്ങളുടെ മക്കൾക്ക് വേണ്ടിയാണ് എന്നു കരുതുന്ന അച്ഛനമ്മമാരുടെ സ്വപ്‌നങ്ങളെ  കശക്കിയെറിഞ്ഞ്, അവരുടെ പൂമ്പാറ്റ കുഞ്ഞുങ്ങളുടെ ചിറക് കശക്കി രസിക്കുന്ന കശ്‌മലന്മാരുടെ ലോകമാണിത്.

വൈരമണിയുടെ ദാരുണാന്ത്യത്തിനുശേഷം ദേവി എന്ന അമ്മയ്ക്ക് ഈ ലോകം തന്നെ അന്യമായ പോലെ തോന്നുന്നു. അവളുടെ ഘാതകനെ കുറിച്ച് സൂചന ലഭിച്ചതിന്റെ ആഘാതത്തിൽ വീടിന് വെളിയിലേക്ക് നോക്കി, ഉറക്കം പോലും നഷ്‌ടപ്പെട്ടു നിൽക്കുന്ന ഭർത്താവിന്റെ ഉത്ക്കണ്ഠകൾ ചോദിച്ചറിയുകയാണ് ദേവി. തന്റെ മാനസികസംഘർഷം ഭാര്യയെക്കൂടി വിഷമിപ്പിക്കുമെന്ന് കരുതുന്ന ശിവരാജൻ നേരം ഒരുപാട് ആയല്ലോ ഉറങ്ങിക്കൊള്ളൂ എന്ന് അവളോട് പറയുന്നു.

“ഉറക്കം വരേണ്ടേ ചേട്ടാ, നമ്മൾ ഇനി എന്തിനാണ് ജീവിച്ചിരിക്കുന്നത്? ആഗ്രഹിക്കാനും സ്വപ്‌നം കാണാനും ഒന്നുമില്ലല്ലോ നമുക്കുമുന്നിൽ”  എന്ന്  ദേവി ഒരു കരച്ചിലായി ഒഴുകുന്നു .

മക്കൾ ഉള്ളവർക്ക്, അവരെ സ്‌നേഹിക്കുന്നവർക്ക്, അതുമല്ലെങ്കിൽ സഹജീവികളോട് കരുണയുള്ളവർക്ക് കണ്ണീരോടെയല്ലാതെ ഈ രംഗം കണ്ടു തീർക്കാനാവില്ല

സത്യത്തിൽ  വൈരമണി ഒരു പ്രതീകമാണ്. സൗമ്യയെന്നും  ജ്യോതിയെന്നും നിർഭയയെന്നും ജിഷയെന്നും ഏറ്റവുമൊടുവിൽ ആസിഫ എന്നും നമ്മൾ വിലപിച്ചുകൊണ്ടിരിക്കുന്ന പേരുകളുടെ പ്രതീകം.

ഇത്തരത്തിൽ ക്രൂരമായി ചതച്ചരക്കപ്പെട്ട  കുഞ്ഞുങ്ങളുള്ള  ഒരച്ഛനും അമ്മയ്ക്കും ഒരുകാലത്തും കണ്ണീർ തോരില്ല.  ഒരു ഉത്‌സവത്തിനും ഒരു ആഘോഷത്തിനും അവരെ സന്തോഷിപ്പിക്കാൻ  കഴിയുകയില്ല .

ഇത് എഴുതുന്നതിനു മുൻപ് ചില കണക്കുകളിലൂടെ കടന്നു പോകേണ്ടിവന്നു. 2017 ഫെബ്രുവരി 27 പുറത്തിറങ്ങിയ ഇന്ത്യൻ എക്‌സ്സ്‌പ്രെസ്സിലെ ഒരു വാർത്ത പ്രകാരം, 2016 വർഷത്തിൽ 16 ,960 കേസുകളാണ് കേരളത്തിൽ സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെ നടന്ന കുറ്റകൃത്യങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ തന്നെ  2568 എണ്ണം ബലാൽസംഗ കേസുകളാണ്. 2015 ലാകട്ടെ 1983 കേസുകളാണ് രജിസ്റ്റർ ചെയ്‌തിരുന്നത്. കാലം പോകുന്തോറും കേസുകളുടെ എണ്ണം കൂടിക്കൂടി വരുന്നു. ലോക്കൽ ലെവൽ ഡെവലപ്പ്മെന്റ് സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം പ്രസിദ്ധീകരിച്ച ഒരു ഒരു പഠനത്തിൽ ഏതൊരു 54 മിനിറ്റിലും ഒരു റേപ്പ് കേസ് ഇന്ത്യയിൽ രേഖപ്പെടുത്തപ്പെടുന്നു എന്നാണ് പറയുന്നത്. ഇത് 1999ലെ സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്ന് പഠനം നടത്തിയ ഉഷാ വെങ്കിട്ട കൃഷ്‌ണനും സുനിൽ ജോർജ് കുര്യനും സാക്ഷ്യപ്പെടുത്തുന്നു (www.cds.ac.in publications). കാലംചെല്ലുന്തോറും സൗകര്യങ്ങൾ കൂടുംതോറും അറിവു വർദ്ധിക്കുംതോറും മനുഷ്യൻ മനുഷ്യനല്ലാതായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്.

പ്രായഭേദമില്ലാതെ, സ്‌ത്രീശരീരത്തെ മാത്രമാണ് ഈ ക്രൂരമൃഗങ്ങൾ പിച്ചിചീന്തുന്നത് എന്ന് കരുതേണ്ടതില്ല. ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി മറ്റൊരു പഠനവും രംഗത്തെത്തിയിട്ടുണ്ട്. ലൈംഗികമായി പീഡി പ്പിക്കപ്പെടുന്ന  കുട്ടികളുമായി ബന്ധപ്പെട്ട കേസുകളിൽ പെൺകുട്ടികളേക്കാൾ കൂടുതൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് ആൺകുട്ടികളെ പീഡി പ്പിക്കുന്ന കേസുകളാണത്രേ.

ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ, കാലമോ പ്രായമോ ഭേദമില്ലാതെ, നരാധമന്മാർ എന്നു വിശേഷിപ്പിച്ചാൽ നരന്മാർക്കും ക്രൂരമൃഗങ്ങൾ എന്നു വിശേഷിപ്പിച്ചാൽ മൃഗങ്ങൾക്കും അപമാനമാകുന്ന അസുര ജന്മങ്ങൾ നമ്മുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു. അതിനേക്കാൾ ഭയാനകമായ മറ്റൊരു സത്യമുണ്ട്. കോളിളക്കം സൃഷ്‌ടിച്ച എല്ലാ കേസുകളിലും പ്രായപൂർത്തിയാകാത്ത കുറ്റവാളികളുടെ എണ്ണം കൂടിവരുന്നു.

എവിടേക്കാണ് നമ്മുടെ പോക്ക് ? കണ്ണുതുറന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. സിനിമ ഒരു ദൃശ്യകല മാത്രമല്ല, പലപ്പോഴും വെളിപാടായും മാറുന്ന കാഴ്ച്ചയിൽ വൈരവും വ്യത്യസ്‌തമല്ല. നീതിയും നിയമവും കൈമലർത്തുന്നിടത്ത് അച്ഛനമ്മമാർ തന്നെ നിയമപാലകരും നീതി നിർവാഹകരുമായി മാറുന്ന കാഴ്ച്ചയിലേക്കാണ് വൈരം തിരശ്ശീല നീക്കുന്നത്‌

മുംബൈയിൽ ജനിച്ചുവളർന്ന മീര വാസുദേവ് രണ്ടായിരത്തി മൂന്നിൽ ഒരു ഹിന്ദി സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ഇക്കാലയളവിൽ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി 26ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള മീരയുടെ മലയാള സിനിമകളിലെ കഥാപാത്രങ്ങളെല്ലാംതന്നെ വളരെ വ്യത്യസ്‌തമായിരുന്നു. ഇമേജിനെ ഭയപ്പെടാതെ കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്കു വേണ്ടി പരിശ്രമിക്കുന്ന മികച്ച അഭിനേത്രി. തന്മാത്രയിലെ ലേഖയും, ഏകാന്തത്തിലെ ഡോക്റ്റർ  സോണിയും, വൈരത്തിലെ ദേവിയും മീരയുടെ വളരെ വ്യത്യസ്‌തമായ കഥാപാത്രങ്ങളാണ്.  മലയാളികളുടെ മനം കവർന്ന ഈ അഭിനേത്രിക്ക് ഏഷ്യാനെറ്റ് അവാർഡ്, തമിഴ്‌നാട് ഗവൺമെൻറ് പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.

വിടരും മുൻപേ കൊഴിഞ്ഞുപോയ കുഞ്ഞുങ്ങളേ… ഒരിക്കലും സന്തോഷിക്കാനാവാത്ത വിധത്തിൽ തകർന്നുപോയ അച്ഛനമ്മമാരേ…  നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു ഇന്നത്തെ പെൺചൊല്ല്.

– സ്വപ്‌ന സി കോമ്പാത്ത്

4 Comments
 1. Priya 2 years ago

  നന്നായി എഴുതി…

 2. Sunil 2 years ago

  Good.

 3. Rajeev 2 years ago

  Good article.

 4. Vishnu 2 years ago

  Good note…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account