ഇത് നാരായണിയുടെ വാക്കുകളാണ്. ദൈവത്തിന്റെ പ്രതിപുരുഷനായ വെളിച്ചപ്പാടിന്റെ  ഭാര്യ നാരായണി, സ്വന്തം  ഭർത്താവിനോട് തന്നെയാണ് ഇത്തരത്തിൽ പ്രതിഷേധിക്കുന്നത്. ക്ഷയിച്ചുകൊണ്ടിക്കുന്ന ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും ഉത്‌സവം നടത്തിപ്പിനുമായി അഹോരാത്രം അദ്ധ്വാനിച്ചു തളർന്നു വന്ന ഭർത്താവിനോടാണ് നാരായണി ഇത്തരത്തിൽ പ്രതികരിക്കുന്നത്. സന്ദർഭവും വിചിത്രം. ഭാര്യയുടെ അനാശാസ്യം നേരിൽ കാണാനിടയായിട്ടും തന്റെ ഭാര്യ അത് ചെയ്യുമോ എന്ന് വിശ്വസിക്കാനാവാതെ, ‘എന്റെ നാലു മക്കളെ പെറ്റ നീയോ നാരായണീ’ എന്നു നെഞ്ചു തകർന്ന് വിലപിച്ച വെളിച്ചപ്പാടിനോടാണ് നാരായണി ഇത്തരത്തിൽ മറുപടി പറയുന്നത്.

ആശാസ്യം, അനാശാസ്യം എന്നീ വാക്കുകൾ നമ്മുടെ ബോധമണ്ഡലത്തിൽ സൃഷ്‌ടിക്കുന്ന ഭാവുകത്വത്തിന്റെ ഒരു പൊളിച്ചെഴുത്തെന്ന് വ്യാഖ്യാനിക്കാവുന്ന സന്ദർഭമാണിത്.  നൂറു ശതമാനവും പുരുഷന്റേതായ   ഒരു കഥാപരിസരത്തിൽ നാരായണിയെ കുറ്റക്കാരിയാക്കി ചിത്രീകരിച്ച്, കഥാനായകനെ ഔന്നത്യത്തിൽ പ്രതിഷ്‌ഠിക്കാൻ സംവിധായകൻ ബോധപൂർവ്വം നടത്തിയ ശ്രമമാണോ എന്ന് പ്രഥമകാഴ്‌ച്ചയിൽ സംശയം ജനിക്കാമെങ്കിലും, ഉത്തരവാദിത്തങ്ങൾ കൊണ്ടും പ്രാരാബ്‌ധങ്ങൾ കൊണ്ടും ബന്ധനസ്ഥരാക്കിയ സാധാരണ സ്‌ത്രീ ജീവിതങ്ങളുടെ പ്രതിഷേധമായേ ഈ സന്ദർഭത്തെ വിലയിരുത്താനാവൂ. നാരായണിയുടെതന്നെ വാക്കുകളിലൂടെ പറഞ്ഞാൽ ‘അന്യന്റെ മുഖത്ത് നോക്കാതെ വളർന്നവളാണ് ഞാൻ. ഈ നാൽപ്പത്തി രണ്ടാം വയസ്സിൽ എന്നെ ഇങ്ങനെയാക്കിയത് നിങ്ങളാണ്’.

ആരാണ് കുറ്റക്കാരനെന്ന് തിരിച്ചറിയാതെ കുറ്റം മുഴുവൻ ഭഗവതിയുടെ കൽപ്രതിമയിലേക്ക് തുപ്പിത്തെറിപ്പിച്ചുകൊണ്ട്  വെളിച്ചപ്പാട് ആസുരമായ ഒരാത്‌മഹത്യയിലൂടെ ചുവന്നു മറയുന്നു. തൊഴിൽരഹിതനായ മകന്റെ നിരാശയോ, അമ്മിണി എന്ന മകളുടെ അവിഹിത ഗർഭമോ ഒന്നും ഇനിയും വെളിച്ചപ്പാട് അറിഞ്ഞിട്ടില്ല. കടം നൽകിയ പൈസ തിരിച്ചു ചോദിച്ച് മയ്‌മുണ്ണി വീട്ടിൽ കയറിയിറങ്ങുന്നത് വെളിച്ചപ്പാട് അറിയാതിരുന്നിട്ടില്ല. ഒക്കേത്തിനും ഭഗവതി സമാധാനമുണ്ടാക്കിത്തരും എന്ന മട്ടിൽ ആശ്വസിച്ചു സമയം കളയുകയല്ലാതെ പ്രവർത്തിച്ചു നിവൃത്തി വരുത്താൻ വെളിച്ചപ്പാട് ശ്രമിച്ചില്ല.

ഒരർത്ഥത്തിൽ ഈ ചിത്രത്തിന്റെ സ്ഥായീഭാവം തന്നെ ദൈന്യതയാണ്. ഇൻറർവ്യൂവിന് പോകാൻ കാശില്ലാത്ത അപ്പുവിന്റെ ദൈന്യത, ഒരക്ഷരംപോലും മിണ്ടാനാവാതെ കിടന്നിടത്തുനിന്ന്  അനങ്ങാനാവാതെ ജീവച്ഛവമായി കിടക്കുന്ന അച്ഛൻ വെളിച്ചപ്പാടിന്റെ ദൈന്യത, കാമുകനാൽ ഉപേക്ഷിക്കപ്പെട്ട ഗർഭിണിയായ അമ്മിണിയുടെ ദൈന്യത, പാഠപുസ്തകത്തിലെ സമ്പന്നമായ കുടുംബ ജീവിതത്തെക്കുറിച്ചു വായിക്കുന്നതിനിടയിൽ കഞ്ഞികിട്ടാനെങ്കിലും വഴിയുണ്ടോ എന്നന്വേഷിക്കുന്ന ഇളയമക്കളുടെ ദൈന്യത, വെളിച്ചപ്പാടിന്റെ  മരണത്തിലെ ദൈന്യത. ഒടുവിൽ ചലച്ചിത്രത്തിനു തിരശ്ശീല വീഴ്ന്നിട്ടും ഇനി എല്ലാ കുടുംബഭാരവും ഭർത്താവിന്റെ മരണത്തിലെ പാപഭാരവും കൂടി പേറേണ്ടി  വരുന്ന നാരായണി എന്ന സ്ത്രീയുടെ ദൈന്യത  വലിയൊരു ചോദ്യചിഹ്നമായി നില നിൽക്കുകയും ചെയ്യുന്നു.

മലയാളസിനിമാചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണ് നിർമ്മാല്യം. എം.ടി എന്ന  സർഗപ്രതിഭയുടെ ആദ്യ സംവിധാനസംരംഭം. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം, മികച്ച നടനുള്ള ഭരത് അവാർഡ്, കേരള ഗവൺമെന്റിന്റെ ആറു പുരസ്കാരങ്ങൾ, ജക്കാർത്ത ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും മികച്ച സിനിമക്കുള്ള സിട്ര അവാർഡ്. പുരസ്കാരങ്ങളുടെ പെരുമഴ കൊണ്ട് കുളിർന്നൊരു ചിത്രം.

നിർമ്മാല്യത്തിലെ ഓരോ കഥാപാത്രങ്ങളും മിഴിവാർന്നതാണ്. എല്ലാ അഭിനേതാക്കളും കഥയോട് നൂറുശതമാനം കൂറ് പുലർത്തിയിട്ടുമുണ്ട്.

നാരായണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് കവിയൂർ പൊന്നമ്മയാണ്. 1959ൽ തന്റെ പത്തൊൻപതാം വയസ്സിൽ ഷീലയുടെ അമ്മയായാണ് ആദ്യം തിരശ്ശീലയിലെത്തുന്നത്. തുടർന്നുള്ള 60 വർഷങ്ങളിലായി മലയാളത്തിലെ പ്രമുഖ നടീനടന്മാരുടെയെല്ലാം അമ്മവേഷത്തിൽ  ചിരിച്ചും കരഞ്ഞും വാത്‌സല്യത്തിന്റെ മാതൃഭാവമായി പ്രതിഷ്ഠിക്കപ്പെട്ടു. അഞ്ഞൂറിലധികം സിനിമകൾ, നിരവധി സീരിയലുകൾ, ഒട്ടനവധി പരസ്യങ്ങൾ  എഴുപത്തിരണ്ടാം വയസ്സിലും അഭിനയത്തിൽ സജീവം. പതിനാലാം വയസ്സിൽ നാടകരംഗത്ത് സജീവമായ പൊന്നമ്മ നിരവധി നാടകങ്ങളിലും സിനിമകളിലും പിന്നണി പാടിയിട്ടുമുണ്ട്. നാലുതവണ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം കവിയൂർ പൊന്നമ്മയെ തേടിയെത്തിയിട്ടുണ്ട്.

സ്വപ്‌ന സി കോമ്പാത്ത്

2 Comments
  1. Prasad 3 years ago

    Good article.

    • സ്വപ്ന 3 years ago

      Thank You So much

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account