ഏതൊരമ്മയും ആഗ്രഹിക്കുന്ന ഒരു കാര്യം. വെള്ളിത്തിരയിൽ ഇത്തരത്തിൽ ആഗ്രഹിക്കുകയും പറയുകയും ചെയ്‌ത്‌ ആസ്വാദകരെ കണ്ണീർക്കടലിലാഴ്ത്തിയത് ആനിയാണ്. ഓർമ്മയില്ലേ ആനിയെ? ഡെന്നീസ് ജോസഫ്-സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ആകാശദൂത് എന്ന വിഷാദകാവ്യത്തിലെ നായിക ആനി.

“നമുക്കു കിട്ടാതെ പോയതെല്ലാം നമ്മുടെ കുഞ്ഞുങ്ങൾക്ക് കിട്ടണം. ബാല്യത്തിന്റെ ഓർമ്മകൾ ഒരു മണിച്ചെപ്പ് പോലെ സൂക്ഷിച്ചു വെക്കാൻ അവർക്കു സാധിക്കണം”. ആനി ജോണിയോടപേക്ഷിക്കുകയാണ്. ഓരോ കുഞ്ഞിനും സമ്പന്നമായ ഓർമ്മകൾ സമ്മാനിക്കാനായി പാടുപെടുന്ന അച്ഛനമ്മമാർക്ക് കണ്ണീരോടെയല്ലാതെ ഈ വാക്കുകൾ കേട്ടിരിക്കാനാവില്ല.

മരണം രംഗബോധമില്ലാത്ത കോമാളിയായി കളം നിറഞ്ഞാടുമ്പോൾ തണൽ നഷ്‌ടപ്പെട്ട കിളിക്കുഞ്ഞുങ്ങൾക്കു വേണ്ടി, തളർന്നു തൂങ്ങുന്ന ചിറകുകളുടെ കനം പിന്നോട്ടുവലിക്കുമ്പോഴും അവസാനശ്വാസം വരെയും  ആ അമ്മക്കിളി പറന്നു തീർത്ത ദൂരം അളക്കാനാവാത്തതാണ്.

“എനിക്കെന്റ കുഞ്ഞുങ്ങളെ കണ്ടു മതിയായില്ല, എനിക്കവരെ സ്‌നേഹിച്ചു കൊതി തീർന്നില്ല. ഇനി ഒരു വർഷത്തെ ജീവിതം കൊണ്ട് ഒരു പാട് ഒരുപാട് വർഷത്തെ ജീവിതം ജീവിച്ചുതീർക്കണ”മെന്ന് ആശിച്ച  ആനിയേയും അവളെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന്  ഉറപ്പുപറഞ്ഞ ജോണിയേയും കബളിപ്പിച്ചു കൊണ്ട് മരണം ആദ്യം ജോണിയുടെ ജീവനു മുകളിൽ ആനന്ദനൃത്തമാടി. എന്നിട്ടും ആനി പതറുന്നില്ല. ആസന്നമായ മരണത്തെ, വാത്‌സല്യത്തിന്റെയും കരുതലിന്റെയും നനുത്ത പടച്ചട്ട കൊണ്ട്  തടഞ്ഞു നിറുത്താനുള്ള പാഴ് ശ്രമത്തിനിടയിലും തന്റെ കുഞ്ഞുങ്ങളിൽ മൂന്നുപേരെ സുരക്ഷിതമായ ഇടങ്ങളിലെത്തിക്കാൻ ആനിക്ക് സാധിച്ചു. തിരുവതാരത്തിന്റെ ധന്യതയാൽ പ്രശോഭിക്കുന്ന ക്രിസ്‌തുമസിന് മക്കളെയെല്ലാവരെയും തന്റെ ചിറകിനടിയിൽ ചേർത്തു നിർത്തണമെന്ന് ആനി ആശിക്കുന്നു. പക്ഷേ ആഗ്രഹം സാധിക്കാതെ, രക്‌തമൊലിക്കുന്ന ക്രൂശിതരൂപത്തിന് മുന്നിൽ വെച്ചു തന്നെ ആനി ജീവിതത്തിൽനിന്നു കൊഴിഞ്ഞു വീഴുന്നു.

Who will love my children എന്ന അമേരിക്കൻ ടെലിവിഷൻ ചിത്രത്തിന്റെ  ആശയമാണ് ആകാശദൂതിന് ജീവൻ പകർന്നത്. ആനിയും ജോണിയും അനാഥാലയത്തിൽ വളർന്നവരാണ്. അനാഥാലയങ്ങളുടെ നാലുചുമരുകൾക്കുള്ളിലെ ഏകതാനതയിൽ നിന്ന് ജീവിതത്തിന്റെ ബഹുസ്വരതകളിലേക്ക്  തന്റെ മക്കളെ കൈവിടർത്തി സ്വീകരിക്കരിക്കുന്നവരെ തേടിയുള്ള ആനിയുടെ യാത്ര മാധവി ഉജ്ജ്വലമാക്കിയെന്നു പറയാതെ വയ്യ.

മക്കൾക്കു വേണ്ടി ഊണും ഉറക്കവും കളയുന്ന അച്ഛനമ്മമാരെ  ,മരണത്തിനു പോലും തല കുനിക്കേണ്ടി വരുന്ന കരുതലിനെ, സ്‌നേഹത്തിന്റെ ഭിന്നഭാവങ്ങളെ ചിത്രം വ്യക്‌തമായി അടയാളപ്പെടുത്തുന്നു. അമ്മയുടെ അവസ്ഥ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന മീനുമോളും കാലിന് സുഖമില്ലാത്തതു നന്നായി അതുകൊണ്ട്  അമ്മയുടെ കൂടെ  കൂടുതൽ നാൾ നിൽക്കാനായെന്നു പറയുന്ന റോണിയും നമ്മെ കരയിപ്പിക്കും.

ഓരോ വാചകവും അതു കേൾക്കുന്ന സന്ദർഭത്തിനും സാഹചര്യത്തിനുമനുസൃതമായാണല്ലോ കൂടുതൽ കൂടുതൽ ഹൃദ്യമാവുന്നത്. “ഒരു ദിവസം കൂടി എനിക്കു ജീവിക്കണം മറ്റൊന്നും എനിക്കു ചോദിക്കാനില്ല” എന്നു ആനി കരഞ്ഞു പ്രാർത്ഥിച്ചിട്ടും മരണം അവളെ നിരാശപ്പെടുത്തുന്നു.  ഇതൊരു പാഠമാണ്. അടുത്തനിമിഷം പോലും സ്വന്തമല്ലാത്ത നമ്മൾ ഈ നിമിഷം പാഴാക്കിക്കൂടാ എന്ന പാഠം. സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്. ഉള്ളിലടച്ചുവെച്ച് തുരുമ്പെടുപ്പിക്കാതെ നമുക്കത് മഴയായ് പെയ്‌തൊഴിക്കാം. കനിവിന്റെ ആർദ്രതയാൽ നമ്മുടെ മക്കളെ നനച്ചു വളർത്താം. വലിയ വൃക്ഷങ്ങളായ് തണൽക്കൂടൊരുക്കാൻ അവർക്കു കഴിയട്ടെ. അവസാന നിമിഷം വരെ മക്കളെ സ്‌നേഹിച്ചും പ്രാപ്‌തരാക്കിയും സമാധാനത്തോടെ വേർപിരിയാം.

Who will love my children ഒരനുഭവകഥയാണത്രേ. ജീവിതത്തിൽ നിന്നും തന്റെ മക്കളിൽ നിന്നും അടർന്നു പോകാൻ മനസ്സുവരാത്ത ഒരമ്മയുടെ കഥ. ജീവിതത്തിൽ എത്രയെത്രതരം ആളുകൾ. പ്രാണൻ കളഞ്ഞും മക്കളെ സ്‌നേഹിക്കുന്നവർ, സ്വതന്ത്രമായ ജീവിതത്തിനു വേണ്ടി മക്കളെ ഇല്ലാതാക്കുന്നവർ, പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിക്കുന്നവർ… നമ്മുടെ കൊച്ചുകേരളത്തിൽ മാത്രം 1184 ഓർഫനേജുകളും 40000 ത്തോളം അനാഥക്കുട്ടികളുമുണ്ട്. രജിസ്റ്റർ ചെയ്യാത്ത 504 ഓളം അനാഥാലയങ്ങളിലായി 20,000 ത്തോളം കുട്ടികളുമുണ്ടത്രേ. ബാല്യം മുതൽ അനാഥത്വത്തിന്റെ കയ്പ്പുനീർ പേറേണ്ടി വന്നവർ. പതിനെട്ട് വയസ്സിനു ശേഷം കൂടുതൽ സങ്കീർണ്ണമായ അനാഥത്വത്തിലേക്കു പതിക്കേണ്ടി വരുന്ന ഹതഭാഗ്യർ. എന്തായാലും ഇത്തരം ടെൻഷനുകളിൽ നിന്നാണ് ആനി തന്റെ മക്കളെ സ്വതന്ത്രമാക്കുന്നത്.

പതിനാറാം വയസ്സിൽ നായികയായി സിനിമയിലെത്തിയ ഹൈദരാബാദുകാരി പെൺകുട്ടി അല്ലാദുർഗം വിജയലക്ഷ്‌മി എന്ന മാധവി പതിനേഴ് വർഷങ്ങൾകൊണ്ട് മൂന്നുറിലധികം സിനിമകളിൽ അഭിനയിച്ചു.  തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ഒറിയ ഭാഷകളിലെല്ലാം സൂപ്പർ ഹീറോകളുടെ നായികയായി. മികച്ച ഭരതനാട്യം നർത്തകിയായ മാധവി ആയിരത്തിലധികം സ്റ്റേജുകളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രഗത്‌ഭരായ സംവിധായകരുടെ സിനിമകളിലെല്ലാം അഭിനയിച്ചിട്ടുള്ള  മാധവിക്ക് 3 തവണ സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ആനിക്കു പുറമേ നിരവധി കഥാപാത്രങ്ങളിലൂടെ  മാധവി ഇന്നും നമ്മുടെ മനസ്സിലിടം നിലനിർത്തുന്നു. വളർത്തുമൃഗങ്ങളിലെ ജാനു, ഓർമ്മയ്ക്കായിലെ സൂസന്ന, നവംബറിന്റെ നഷ്‌ടത്തിലെ മീര, നൊമ്പരത്തിപ്പൂവിലെ പത്മിനി, ഒരു വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ച, അക്ഷരത്തിലെ ഗായത്രീ ദേവി  എന്നിവ അവയിൽ ചിലതു മാത്രം. വിവാഹാനന്തരം ഭർത്താവ് റാൽഫ് ശർമ്മയും മൂന്നു പെൺമക്കളുമൊത്ത്  അമേരിക്കയിൽ സ്ഥിരതാമസമാണിപ്പോൾ മാധവി.

തങ്ങളുടെ മക്കൾക്കു വേണ്ടി പ്രാണൻ പോലും ത്യജിക്കാൻ തയ്യാറായ അമ്മമാർക്കു മുന്നിൽ ഇന്നത്തെ പെൺചൊല്ല് സമർപ്പിക്കുന്നു.

– സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account