സി.വി.രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന നോവലിലെ സുഭദ്ര എന്ന കഥാപാത്രത്തെ നായികാ സ്ഥാനത്ത് പ്രതിഷ്‌ഠിച്ച് ലെനിൻ രാജേന്ദ്രൻ സൃഷ്‌ടിച്ച സിനിമയാണ് കുലം. ആധുനിക തിരുവിതാംകൂറിന്റെ ശിൽപ്പിയായ മാർത്താണ്ഡവർമ്മയെ എട്ടുവീട്ടിൽ പിളളമാരെന്ന ഉപജാപക സംഘത്തിന്റെ  വാൾമുനത്തുമ്പിൽ നിന്ന് രക്ഷപ്പെടുത്തിയതിന് മരണം വരിക്കേണ്ടി വന്ന സുഭദ്ര  മലയാള സിനിമയിലെ കരുത്തുറ്റ  കഥാപാത്രങ്ങളിലൊന്നാണ്.

“അമ്മ പിഴച്ചു പെറ്റവൾ  സുഭദ്ര” എന്ന പഴി ജനനം  മുതൽ അവൾക്ക് പേറേണ്ടി വരുന്നു. കുടുംബത്തിന്റെ മാനം കളഞ്ഞുവെന്നാരോപിച്ച് കുടമൺപിളള  സുഭദ്രയുടെ അമ്മയെ  തന്റെ വാളിനിരയാക്കുന്നു.എന്നാൽ  പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന സുഭദ്രയുടെ നിഷ്‌കളങ്കതയ്ക്കു മുന്നിൽ അമ്മാവന്റെ വാൾ കൈപ്പിടിയിൽ നിന്ന്  ഊർന്നു വീഴുന്നു.

യക്ഷിയുടെ സൗന്ദര്യമുള്ളവളാണ് സുഭദ്ര. ആ അഴക് മോഹിക്കാത്തവരായി ആരുമുണ്ടായിരുന്നില്ല. വേണാട്  രാജ്യാവകാശിയായി സ്വയം പ്രഖ്യാപിച്ചു നടക്കുന്ന പത്‌മനാഭൻ തമ്പിക്ക് സുഭദ്രയിൽ താത്‌പര്യമുണ്ട്. എന്നാൽ നീചനായ തമ്പിയുമായുള്ള വിവാഹത്തിൽ സുഭദ്രയക്ക് താത്‌പര്യമില്ല. ഒടുവിൽ അവളുടെ മനം കവർന്ന ഒരു പോരാളിയെക്കൊണ്ടു തന്നെ അമ്മാവൻ അവളെ വിവാഹം കഴിപ്പിക്കുകയും പത്‌മനാഭൻ തമ്പിയുടെ കുതന്ത്രങ്ങളിൽ വിശ്വസിച്ച ഭർത്താവ് അവളെ ഉപേക്ഷിച്ച് നാടുവിട്ടു പോവുകയും ചെയ്യുന്നു.

സുഭദ്ര ആർജ്ജവമുള്ള പെണ്ണാണ്.  കരുത്തുള്ള  വാക്കുകൾ കൊണ്ട് അവളുടെ   ഉൾക്കരുത്ത് നമ്മെ ബോധ്യപ്പെടുത്താൻ സംഭാഷണമെഴുതുമ്പോൾ ലെനിൻ രാജേന്ദ്രൻ ശ്രദ്ധിച്ചിട്ടുമുണ്ട്. കളരിയിൽ വിളക്കു കൊളുത്തുന്ന സുഭദ്രയെക്കണ്ട്  ശ്രദ്ധ പതറിയ പപ്പുത്തമ്പിയ്ക്ക് മുറിവേൽക്കുന്നു. അതിന് അമ്മായി അവളെ ശകാരിക്കുമ്പോഴാണ്, സിനിമയിൽ ആദ്യമായി നമ്മൾ സുഭദ്രയെ അറിയുന്നത്‌. “ഒരു പെണ്ണിനെക്കണ്ടാൽ വാളു മറക്കുന്ന വീരനെക്കുറിച്ച് അമ്മായിക്കൊന്നും പറയാനില്ലേ” എന്ന മറു ചോദ്യത്തോടെ അവൾ അവരെ നിശ്ശബ്‌ദയാക്കുന്നു.

പിന്നീടൊരിക്കൽ പപ്പുത്തമ്പിയെ തന്റെ അറയിലേക്ക് കടത്തിവിട്ട അമ്മായിയോട്  “ആണു ചേരാത്ത പെണ്ണും ചേറുചേരാത്ത വയലും ഒന്നിനും കൊള്ളില്ലെന്ന വൈശികതന്ത്രം അമ്മായിയ്ക്ക് ചേരും, ഞാനത്തരക്കാരിയല്ല” എന്ന് സുഭദ്ര മുഖത്തടിച്ചതു പോലെ പറയുന്നു.

ഭർത്താവ് തിരികെവരും എന്ന ശുഭപ്രതീക്ഷയിലാണവൾ കഴിഞ്ഞിരുന്നത്.  “പേറ്റുനോവറിയാൻ, പിറക്കുന്നതു പെൺകുഞ്ഞാവാൻ” കൊതിച്ച സുഭദ്ര തന്റെ ഭർത്താവാണ് ബീറാം ഖാൻ എന്ന പേരിലെത്തിയിരിക്കുന്ന നാടോടി എന്ന് തിരിച്ചറിഞ്ഞ് അവരുടെ താവളത്തിലെത്തുമ്പോൾ ഇപ്പോൾ ബീറാം ഖാന്റെ വധുവായ ഫാത്തിമ തന്റെ ഭർത്താവിനെ സുഭദ്രയ്ക്ക്  വിട്ടുകൊടുക്കാൻ തീരുമാനിക്കുന്നു. അതു നിരസിച്ചുകൊണ്ട് “ഒരാളെച്ചൊല്ലി രണ്ടുപേർ കരയണ്ട. എന്റെ കണ്ണുനീർ എനിക്കു ശീലമായി” എന്ന് പറഞ്ഞ് സുഭദ്ര തിരികെ നടക്കുന്നത് അഭിമാനത്തോടെയാണ്. തന്നെ തിരിച്ചറിയാതെ പോയ ഒരാളെ ഇനി കാത്തിരിക്കേണ്ടതില്ലല്ലോ എന്ന ആശ്വാസത്തോടെയും.

രാമനാമഠംപിള്ളയെ മയക്കിയെടുത്ത് രഹസ്യവിവരം ചോർത്തി മാർത്താണ്ഡവർമ്മയെ രക്ഷിച്ച സുഭദ്ര എന്ന ഒറ്റുകാരിയെ സ്‌നേഹിച്ചു വരുത്തിയ അമ്മാവൻ തന്നെ തന്റെ വാളിനിരയാക്കുന്നു. മരണത്തിൽ പോലും പതറാത്ത സുഭദ്ര താൻ എന്തിനാണത്  ചെയ്‌തതെന്ന്  അമ്മാവന് മുന്നിൽ തുറക്കുന്നു. “ഒരു swapnam   പോലും ബാക്കിവെക്കാതെ എന്റെ ജീവിതം തകർത്തവരോട് എനിക്ക് കണക്കു തീർക്കണമായിരുന്നു”. സുഭദ്ര നിസ്സാരയല്ലെന്നും ആത്മാഭിമാനത്തിന്റെ കരുത്തുള്ള, പ്രതികരിക്കാൻ ധൈര്യമുള്ള പെൺപോരാളിയാണെന്നും നമ്മൾ മനസ്സിലാക്കുന്ന സന്ദർഭമാണിത്‌.

സ്വന്തം മരണത്തിനു നിമിഷങ്ങൾക്കു മുമ്പാണ് അമ്മാവനോട് “എല്ലാ യുദ്ധങ്ങളും സ്‌ത്രീകളെ വേട്ടയാടുന്ന വിനോദം കൂടിയാണ്” എന്ന് സുഭദ്ര  പറയുന്നത്. സുഭദ്രയുടെ അമ്മയും ഒരു ഇരയായിരുന്നു. പരസ്‌പരവൈരത്തിൽ, രാജപക്ഷത്തുനിന്ന തിരുമുഖത്തുപിള്ളയെ പ്രണയിച്ചതായിരുന്നു സുഭദ്രയുടെ അമ്മ ചെയ്‌ത അപരാധം. സുഭദ്രയും അമ്മയെപ്പോലെ മരണത്തിലും പഴി കേട്ടവളാകുന്നു.

യുദ്ധം തന്റെ  കരാള നൃത്തമാടുന്നത് സ്‌ത്രീജീവിതങ്ങൾക്ക് മുകളിലാണെന്നും, യുദ്ധങ്ങളിൽ വേട്ടയാടപ്പെടുന്നത് സ്‌ത്രീകളാണെന്നും എത്ര വിദഗ്‌ധമായാണ് സുഭദ്ര പറഞ്ഞു വെക്കുന്നത്. സ്‌ത്രീകളെ മാനസികമായും ശാരീരികമായും തകർക്കുന്ന യുദ്ധനീതി തന്നെയാണ് ഇന്നും  പുലരുന്നത്. സുഭദ്രയെപ്പോലെ തന്റേടത്തോടെ ജീവിക്കുന്നവരെല്ലാം ഇന്നും പുരുഷാധിപത്യത്തിന്റെ ഇത്തരം യുദ്ധനീതികൾക്കിരയായിക്കൊണ്ടിരിക്കുന്നു. പക്ഷേ ജീവിക്കുമ്പോൾ സുഭദ്രയുടെ കരുത്തോടെ ജീവിക്കണമെന്ന് പെണ്ണിനെ ബോധ്യപ്പെടുത്താൻ   കുലത്തിന് കഴിയുന്നു. മികച്ച കലാമൂല്യമുള്ള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം  സ്വന്തമാക്കിയ ചിത്രമാണ് കുലം.

മൺചെരാതിലെ നാളങ്ങളെ വെല്ലുന്ന ദീപശോഭയുള്ള സുഭദ്രയെ വെള്ളിത്തിരയിലവതരിപ്പിച്ചത് ഭാനുപ്രിയയാണ്. മങ്കഭാമ  എന്ന കുച്ചിപ്പുടി നർത്തകിയാണ് പതിനാറാം വയസ്സിൽ ഭാനുപ്രിയയായി വെള്ളിത്തിരയിൽ അരങ്ങേറ്റം നടത്തിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായി 152 ചിത്രങ്ങളിലഭിനയിച്ചിട്ടുള്ള ഭാനുപ്രിയയുടെ ആദ്യ മലയാളചിത്രം രാജശിൽപ്പിയാണ്. പത്തോളം മലയാള സിനിമകളിലവർ അഭിനയിച്ചിട്ടുണ്ട്. 2 തവണ നന്ദി പുരസ്‌കാരവും 2 തവണ തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുള്ള ഭാനുപ്രിയ ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്.

വിവാഹക്രമങ്ങളിലും പങ്കാളിയുടെ തെരഞ്ഞെടുപ്പിലും വലിയ മൂല്യങ്ങളൊന്നും  കൽപ്പിക്കാതിരുന്ന ഒരു  കാലഘട്ടത്തിലും തന്റെ ശരീരം തന്റെ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ചവളാണ് സുഭദ്ര. പണത്തിനേക്കാളും പട്ടത്തിനേക്കാളും പ്രണയത്തിന് പ്രാധാന്യം നൽകിയവൾ. രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി ജീവൻ പോലും ബലി കഴിച്ചവൾ. കൃത്യനിർവഹണത്തിനായി ഏതു സാഹസത്തിനും തയ്യാറായവൾ. സുഭദ്രയുടെ തിരിച്ചറിവുകൾ നമുക്കും പാഠമാകുന്നു.  ഏതു കാലത്തും പ്രസക്‌തമായ പെണ്ണറിവുകളുടെ പാഠമാണ്  സുഭദ്ര.

-സ്വപ്‌ന സി കോമ്പാത്ത്

10 Comments
 1. Shaajimon 1 year ago

  മികച്ച രചന …ഗംഭീരം ആയി

 2. Sapna Anu B George 1 year ago

  നന്നായിട്ടുണ്ട് സ്വപ്ന

 3. P K N Nair 1 year ago

  വളരെ നന്നായി എഴുതി

 4. John 1 year ago

  ഗംഭീരം!

 5. Anil 1 year ago

  Nicely written

 6. Prema 1 year ago

  Excellent!

  • Swapna 1 year ago

   നന്ദി

 7. Sunil 1 year ago

  Good and true review.

  • Swapna 1 year ago

   നന്ദി

 8. Venu 1 year ago

  Excellent!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account