ഇത് ഗേളിയുടെ വാക്കുകളാണ്. മരണത്തിന്റെ നിഴൽ ജീവിതത്തിനുമേൽ പതിക്കാൻ തുടങ്ങിയപ്പോൾ,  തന്റെ ജീവിതത്തിന്‌റെ പ്രകാശം മറ്റുള്ളവരിലേക്ക് കൂടി പകരണമെന്നാഗ്രഹിച്ച പെൺകുട്ടിയാണ് ഗേളി.

കുഞ്ഞൂഞ്ഞാമ്മയുടെ ഏകാന്തതയിലേക്ക് കളിചിരികളുമായി കടന്നുവന്ന പേരക്കുട്ടിയെ അംഗീകരിക്കാൻ അവർ ആദ്യം മടി കാണിക്കുന്നു. പിന്നീടവൾ അവരുടെ ജീവിതത്തിന്റെ തന്നെ സൗരഭ്യമായി മാറുകയാണ്. ഉല്ലാസത്തിന്റേയും ആഹ്ലാദത്തിന്റേയും ആ നല്ല നിമിഷങ്ങളിലേക്ക്  വേദനിപ്പിക്കുന്ന സത്യവുമായി, അവളുടെ രോഗവിവരവുമായി  ഡാഡിയെത്തുമ്പോൾ  ഗേളിയും അവളിൽ നിന്നുള്ള  ഊർജ്ജപ്രസരണത്താൽ ഭ്രമണം  ചെയ്‌തുതുടങ്ങിയ, ജീവിതത്തെ സ്‌നേഹിക്കാൻ തുടങ്ങിയ ഉപഗ്രഹങ്ങളായ ചില ഹതഭാഗ്യരും നിരാശയുടെ പടുകുഴിയിലേക്ക് തളളിയിടപ്പെടുന്നു.

പെൺകുട്ടികൾ (നായികമാർ) കണ്ണിറുക്കുന്നതും നായകനെ വെള്ളം കുടിപ്പിക്കുന്നതും നമ്മുടെ തിരശ്ശീലയിൽ വളരെ അപൂർവ്വമായ കാഴ്ച്ചകളാണ്. അലക്‌സാണ്ടറുടെ മക്കളെ അലക്‌സാഡേർസ് എന്നു വിളിച്ചും ലാത്തിരി പൂത്തിരി കമ്പിത്തിരി പാടി എല്ലാവരുടെ മനസ്സിലും വർണ്ണം വിരിയിച്ചും മാത്രമല്ല കരുത്തുള്ള ചില ഡയലോഗുകൾ പറഞ്ഞും ഗേളി നമുക്കു മുന്നിൽ വിസ്‌മയമാകുന്നുണ്ട്.

തന്നെ പറ്റിച്ച ഗേളിയെ ഒരു പാഠം പഠിപ്പിക്കുന്നതിനായാണ് ശ്രീകുമാർ അവളെ അപകടത്തിൽപ്പെടുത്തുന്നത്. താൻ നൽകിയ പടക്കങ്ങളാൽ ഗേളിയുടെ കൈപൊള്ളിയതു കണ്ട്  ആഹ്ലാദനൃത്തം ചെയ്യുന്ന ശ്രീകുമാറിന്റെ മുന്നിലേക്ക് ഗേളിയെത്തുന്നു. ‘ഈ ദേഹം മുഴുവൻ പൊള്ളിപ്പോയാലും എനിക്കൊന്നുമില്ല. അതാണ് ഞാൻ’ എന്ന് ഗേളി ദൃഢതയോടെ പറയുമ്പോൾ ശ്രീകുമാർ പതറുന്നു. തുടർന്നാണ് ഉള്ളിടത്തോളം കാലം എല്ലാവരും  സന്തോഷമായിരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് ഗേളി കൂട്ടിച്ചേർക്കുന്നത്.

ഗേളിയുടെ വ്യക്തിത്വത്തിനു മുന്നിൽ താൻ ചെറുതായിപ്പോയെന്നു തോന്നിയിട്ടാണ് തൊട്ടടുത്ത ദിവസം അവളെ കാണാൻ ശ്രീകുമാറെത്തുന്നത്. ശ്രീകുമാറിന് അവളോട് തുറന്നിടപഴകാൻ ബുദ്ധിമുട്ടുണ്ടെന്ന് തോന്നുമ്പോൾ ഗേളിയുടെ കുസൃതി വാക്കുകളായെത്തുന്നു.  ‘ഈ ബാൻഡേജ് കണ്ടിട്ടുള്ള പ്രേമമാണോ? ഈ മുറിവ് പെട്ടെന്ന് കരിഞ്ഞു പോകും’. നിശ്ശബ്‌ദമായൊരു പ്രണയത്തിന്റെ വിത്തുകൾ മുളപൊട്ടുന്ന കാഴ്ച്ച ശ്രീയുടെ മുഖത്ത് നമുക്ക് കാണാനാവുന്നു.

പിന്നീട് തന്റെ രോഗവിവരം ശ്രീ മനസ്സിലാക്കിയെന്നറിയുമ്പോൾ, ഗേളി  പരിഭ്രമിക്കുകയോ പരിഭവിക്കുകയോ ചെയ്യുന്നില്ല.  കിട്ടിയ ഒരു സായാഹ്നം  ശ്രീയോടൊത്ത്  സുന്ദരമാക്കാനവൾ  ശ്രമിക്കുന്നു.  ഇടയ്ക്ക്  രോഗം മൂലം അസ്വസ്ഥയാകുമ്പോൾ ‘എന്റെ ശത്രു മെല്ലെ തലപൊക്കാൻ തുടങ്ങി. അവൻ പിണങ്ങുന്നതിനു മുമ്പ് പോവാം’ എന്നാണ് ഗേളി പറയുന്നത്.

‘എന്തിനുവേണ്ടിയായാലും ഒരു ദിവസം പോയാൽ അത് പോയതല്ലേ’ എന്ന് ഗേളി പറയുമ്പോൾ നഷ്‌ടമാക്കിയ ഒരു പാട് ദിവസങ്ങൾ നമ്മുടെ മുന്നിൽ ഓടിയെത്തില്ലേ? ചികിത്‌സക്കായി ഗേളിയെ ഡൽഹിയിലേക്കു പറഞ്ഞയക്കുമ്പോൾ ആയിരം കണ്ണുമായ് നമ്മളും കാത്തിരുന്നു പോകും. മലയാളസിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ മഹാരഥൻ ഫാസിലിന്റെ തിരക്കഥകളെ ബലവത്താക്കുന്ന ഏറ്റവും സവിശേഷമായ ഘടകം സംഭാഷണങ്ങളാണെന്ന് പറയാതെ വയ്യ.

അന്നും ഇന്നും കാഴ്ച്ചയിൽ ഒരുപോലിരിക്കുന്ന സുന്ദരിയായ അഭിനേത്രിയാണ്  നാദിയ മൊയ്‌തു. 1984 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ദീർഘങ്ങളായ ഇടവേളകൾ ആ കരിയറിൽ കാണാം. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി അൻപതോളം ചിത്രങ്ങളിലഭിനയിച്ച നാദിയ ഇപ്പോൾ അഭിനയ രംഗത്ത് വീണ്ടും സജീവമാണ്.

ഗേളിയുടെ കളിചിരികളേക്കാൾ, ശ്രീയുമായുള്ള പറയാതെ പറയുന്ന പ്രണയത്തേക്കാൾ, അവളുടെ ദുഃഖ സാന്ദ്രമായ വിടവാങ്ങലിനേക്കാൾ ഉളളുലച്ചത് കുഞ്ഞൂഞ്ഞാമ്മയുടെ കാത്തിരിപ്പാണ്. മനുഷ്യസഹജമായ ഏതൊക്കെയോ കാരണങ്ങൾകൊണ്ട് ജീവിതത്തിൽ ഒറ്റപ്പെട്ട അവർ പരുക്കൻ മുഖംമൂടി കൊണ്ട് ഒളിപ്പിച്ചുവെച്ച ഏകാന്തതയുടെ  ആഴം, ആ വേദനയുടെ കാഠിന്യം നമുക്ക് സങ്കൽപ്പിക്കാൻപോലും സാധിക്കില്ല. ഗേളിയുടെ  വരവിനുശേഷം അഴിച്ചുവെച്ച കോളിങ്ങ് ബെൽ, അവൾ പോകുമ്പോൾ അവർ  വീണ്ടും ഘടിപ്പിക്കുന്നത് കലങ്ങിയ കണ്ണുകളോടെയല്ലാതെ  കണ്ടിരിക്കാനാവില്ല. പല കാരണങ്ങൾ കൊണ്ട് ജീവിത സായാഹ്നങ്ങളിൽ  ഒറ്റയ്ക്കായിപ്പോയവർക്കു മുന്നിൽ ഈ പെൺ ചൊല്ല് സമർപ്പിക്കട്ടെ! ഗേളിയെപ്പോലെ ഉന്മേഷേത്തിന്റെ ഒരു കൂട്ട് നിങ്ങൾക്കായെത്തും

– സ്വപ്‌ന സി കോമ്പാത്ത്

1 Comment
  1. Priya 2 years ago

    Very good article. Liked it.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account