ഇത് സോഫിയയുടെ വാക്കുകളാണ്. വിവാഹത്തിനുള്ള മതപരമായ ചടങ്ങുകളുടെ മുന്നോടിയായി കുടുംബാംഗങ്ങൾ പള്ളിയിൽ പോയ സമയത്ത് രണ്ടാനച്ഛൻ ബലാത്‌സംഗം ചെയ്‌ത  സോഫിയയുടെ ഉളളിന്റെ ഉള്ളിൽ നിന്നും പൊഴിഞ്ഞു വീണ വാക്കുകൾ.

സോഫിയ നമ്മുടെയിടയിൽ അന്യയല്ല. നിരവധി സോഫിയമാർ ഓരോ ദിവസവും വാർത്തകളിലിടം പിടിക്കുന്നുണ്ട്.  പക്ഷേ സോഫിയ എന്ന കഥാപാത്രം മലയാള സിനിമയിലെ നായികാസങ്കൽപ്പത്തിലും അവളുടെ പ്രണയിതാവ് സോളമൻ നമ്മുടെ നായകസങ്കൽപ്പത്തിലും പുതിയ സമവാക്യങ്ങൾ സൃഷ്‌ടിച്ചു.

പത്താം ക്ലാസിനു ശേഷം സോഫിയയെ തുടർപഠനത്തിന് അനുവദിക്കാതിരുന്ന രണ്ടാനച്ഛൻ, അവളെ  വീട്ടുവേലക്കാരിയെ  പോലെയാണ് പരിഗണിക്കുന്നത്. രക്ഷപ്പെടാനുള്ള  എല്ലാ അവസരങ്ങൾക്കുമുന്നിലും പ്രതിബന്ധമായി നിൽക്കുന്ന ആൻറണി പൈലോക്കാരനെന്ന രണ്ടാനച്ഛന് പിന്നീടവൾ ഒരു ശരീരം മാത്രമായി മാറുന്നു.

ജനനം മുതലേ പരിഹാസങ്ങളാണ് സോഫിയക്ക് കൂട്ട്. ഒരു ജൂനിയർ ഡോക്റ്ററുടെ ബാച്ച്ലർ ജീവിതത്തിലെ കയ്യബദ്ധം എന്നു വിശേഷിപ്പിക്കപ്പെടുന്ന ജന്മം. തുടർന്ന് അമ്മയേയും അവളേയും ഏറ്റെടുത്ത രണ്ടാനച്ഛന്റെ അവഹേളനം. പഠിക്കാനാവാത്തതിന്റെ നിരാശ, ജോലി ലഭിക്കാത്തതിലെ അമർഷം.. ഇങ്ങനെ വെന്തുരുകുന്ന അവസ്ഥയിലാണ് പ്രണയത്തിന്റെ മധുചഷകവുമായി സോളമൻ അവളുടെ ജീവിതത്തിലേക്കെത്തുന്നത്. ‘നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം, അതികാലത്ത് എഴുന്നേറ്റു മുന്തിരിതോട്ടങ്ങളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തു പൂവിടുകയും, മാതളനാരകം പൂക്കുകയും ചെയ്‌തോ എന്ന് നോക്കാം, അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രേമം നല്‍കാം’ എന്ന ഉത്തമഗീതത്തിൽ നിന്നുള്ള വരികളിലൂടെ പ്രണയമറിക്കുന്ന സോളമൻ. സന്തോഷ സുരഭിലമായ, പ്രത്യാശാഭരിതമായ ഒരുപാട് നിമിഷങ്ങൾ അവൾക്കു സമ്മാനിക്കുന്നു.

നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ച്, സോളമൻ സോഫിയയുമായുള്ള വിവാഹത്തിന് തന്റെ അമ്മയെക്കൊണ്ട് സമ്മതിപ്പിക്കുകയാണ്. ആന്റണി പൈലോക്കാരനറിയാതെ സോഫിയയുടെ അമ്മയും സോളമന്റെ അമ്മയും വിവാഹം നിശ്ചയിക്കുന്നു.

സോഫിയക്ക്  ഒരാൺതുണയുണ്ട് എന്നും അവരുടെ വിവാഹം നടക്കാൻ പോകുകയുമാണെന്ന അറിവ് ആന്റണി പൈലോക്കാരന്റെ ഉള്ളിലെ മൃഗത്തെ ഉണർത്തുന്നു. സോഫിയയെ അയാൾ ബലാത്ക്കാരം ചെയ്യുന്നു. അയാൾക്ക് സോഫിയ മകളായിരുന്നില്ല. ലൈംഗിക പൂരണത്തിനുള്ള ഒരു ഉപകരണം മാത്രം.

‘അയാളെന്റെ മോളെ നശിപ്പിച്ചു. അയാളെന്റ കുഞ്ഞിനെ ഇല്ലാതാക്കി’ എന്നൊക്ക വിലപിച്ചെങ്കിലും  ആകെ തകർന്നു പോയ സോഫിയയെ അവളുടെ അമ്മ ഉപദേശിക്കുന്ന ഭാഗം ഹൃദയസ്‌പർശിയാണ്. ‘ഭ്രാന്തിളകിയ മൃഗം മോളെ ശല്യപ്പെടുത്താൻ വന്നെന്നു മാത്രം വിചാരിച്ചാൽ മതി. അല്ലാതെ ഒന്നുമുണ്ടായിട്ടില്ല.’ അതിന് സോഫിയയുടെ മറുപടി ഇപ്രകാരമാണ്. ‘ഒന്നും നഷ്‌ടമായീന്ന് വിചാരിക്കാൻ എനിക്ക് മനസ്സു വരുന്നില്ല.’

ഈ സന്ദർഭത്തിൽ മാധവിക്കുട്ടിയുടെ വാക്കുകളാണോർമ്മ വരുന്നത്. ‘ബലാത്‌സംഗത്തിന് ഇരയാകേണ്ടിവരുന്ന പെണ്‍കുട്ടികള്‍ ഒരു മുറിവു പറ്റിയാലെന്ന പോലെ നന്നായി ഡെറ്റോള്‍ ഇട്ടു മേലാസകലം കഴുകണം.  ബലാത്‌സംഗത്തില്‍ പെണ്‍കുട്ടിക്ക് ഉണ്ടാകുന്നത് ഒരു ശാരീരിക മുറിവു മാത്രമാകുന്നതിനാല്‍ മുറിവ് ചികിത്‌സിക്കുക. അത് സെപ്റ്റിക്കാവാതെ നോക്കുക’ എന്ന്  മാധവിക്കുട്ടി പറഞ്ഞത് ഓർമ്മയില്ലേ..

എന്തൊക്കെ പറഞ്ഞാലും കന്യാകത്വം എന്നു ലേബലിട്ട  സാമ്പ്രദായിക മൂല്യനിർണ്ണയോപാധി കൊണ്ട് പെണ്ണിനെ അളന്നു നോക്കുന്ന പുരുഷാധിപത്യസമൂഹത്തിൽ സോഫിയ രണ്ടാംതരക്കാരിയായി മാറും എന്ന വിഷയം തർക്കമറ്റതാണ്. അവിടെയാണ് പത്‌മരാജൻ എന്ന സംവിധായകൻ കാലത്തിനൊപ്പം നടന്ന സംവിധായകനാകുന്നത്. ആണത്തപ്രഘോഷണമെന്നാൽ പെണ്ണിനെ നിസ്സാരവത്‌കരിക്കുകയല്ലെന്ന് നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ സാക്ഷ്യപ്പെടുത്തുന്നു.

എന്റെ ആവശ്യം കഴിഞ്ഞു. ഇനി നീ വേണേൽ കൊണ്ടു പൊയ്ക്കോ എന്ന് സോളമനെ പരിഹസിക്കുന്ന ആൻറണി പൈലോക്കാരനെ തൃണവത്‌ഗണിച്ചുകൊണ്ട് സോഫിയയുമായി പുതിയ ജീവിതത്തിലേക്ക്, അവരുടെ മുന്തിരിത്തോട്ടത്തിലേക്ക് സോളമൻ പോകുമ്പോൾ പുതിയൊരു ചിന്ത കാണികളിൽ ഉടലെടുക്കുന്നു. സിനിമ വിനോദാപാധി എന്ന ചെറിയ തലത്തിൽ നിന്നും സംസ്‌കാരനിർമ്മിതിയെ സ്വാധീനിക്കുന്ന ഘടകം എന്ന വലിയ തലത്തിലേക്കുയരുന്ന കാഴ്ച്ച.

സാധന എന്ന ആന്ധ്രാക്കാരി  പെൺകുട്ടി പത്തൊൻപതാം വയസ്സിലാണ് സിനിമയിലെത്തുന്നത്. പത്‌മ സുബ്രഹ്മണ്യത്തിന്റെ കീഴിൽ ഭരതനാട്യവും വെമ്പട്ടി ചിന്നസത്യത്തിന്റെ കീഴിൽ കുച്ചിപ്പുഡിയും അഭ്യസിച്ച ശാരി മികച്ച നർത്തകിയാണ്. നൂറ്റി ഇരുപതോളം ചിത്രങ്ങളിലഭിനയിച്ചിട്ടുള്ള ശാരി 78 മലയാള സിനിമകളിൽ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോഫി എന്ന കഥാപാത്രത്തിന്റെ അഭിനയമികവിന് ആ വർഷത്തെ മികച്ച അഭിനേത്രിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിം ക്രിട്ടിക്‌സ് അവാർഡും ഫിലിം ഫെയർ. അവാർഡും ശാരിക്ക് ലഭിച്ചിട്ടുണ്ട്.

– സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account