1988ൽ റിലീസായ കനകാംബരങ്ങൾ എന്ന ചിത്രത്തിൽ മോനിഷ അവതരിപ്പിച്ച ശ്രീദേവി എന്ന കഥാപാത്രത്തിന്റെ സംഭാഷണമാണിത്. ഗ്രാമത്തിന്റെ നൈർമ്മല്യം മുഴുവൻ ഉൾക്കൊളളുന്ന ശാലീനയായ പെൺകുട്ടിയാണവൾ. അച്ഛന്റെ മരണശേഷം കണ്ണിലെ കൃഷ്‌ണമണി പോലെ അമ്മ കാത്തു സൂക്ഷിച്ച പെൺകുട്ടി.

രാജൻ എന്ന യുവാവുമായി പ്രണയത്തിലാണ് ശ്രീദേവി. ഒരിക്കൽ, ഒരു ഇലക്ഷൻ കാലഘട്ടത്തിൽ രാഷ്‌ട്രീയ പ്രവർത്തകനായ രാജന്റെ പ്രേരണയാൽ അവൾ രാജനും കൂട്ടുകാരും ചെയ്‌ത നാടകം കാണാൻ പോകുന്നു. നിലവിലുണ്ടായിരുന്ന രാഷ്‌ട്രീയ സാഹചര്യങ്ങൾക്കെതിരായ നാടകമായതിനാൽ പോലീസ് സംഘാടകരെ അറസ്റ്റ് ചെയ്യുന്നു. വനിതാ പോലീസ് ഇല്ലാതിരുന്നിട്ടുപോലും ശ്രീദേവിയെ അവർ അറസ്റ്റു ചെയ്‌തു കൊണ്ടുപോകുന്നു. ശ്രീദേവിയുടെ ശരീരം മാത്രമായിരുന്നു ഇൻസ്‌പെക്‌ടറുടെ ലക്ഷ്യം.

സി.ഐ തോമസ് ജോർജ് ശ്രീദേവിയെ അവളുടെ വീട്ടിൽ കൊണ്ടുപോയി വിടാനൊരുങ്ങുന്നു. പക്ഷേ ഭയചകിതയായ ശ്രീദേവി ജീപ്പിൽ നിന്നെടുത്തു ചാടുന്നു. സി.ഐ തന്നെ അവളെ ആശുപത്രിയിലെത്തിക്കുന്നു. തുടർന്നാണ് ആ പെൺകുട്ടിയുടെ ജീവിതം മാറിമറിയുന്നത്. രാഷ്ട്രീയക്കാർ ഈ സംഭവം അവരുടെ വിജയത്തിനുള്ള പ്രധാന ആയുധമാക്കി മാറ്റുന്നു. ശ്രീദേവിയെ സി.ഐ ബലാത്‌സംഗം ചെയ്‌തുവെന്നു പറഞ്ഞുണ്ടാക്കി അയാൾക്കെതിരെ പ്രക്ഷോഭം നടത്തുന്നു. മതിലുകളിലും മറ്റും പരസ്യപ്രചാരണത്തിന് അവളുടെ പേര് ഉപയോഗിക്കുന്നു. വീടുകൾ തോറും കയറിയിറങ്ങി ശ്രീദേവിയുടെ കദനകഥ അവതരിപ്പിച്ച് വോട്ടു തേടുന്നു. ആശുപത്രിയിൽ നിന്നും മടങ്ങിയെത്തിയ അമ്മ ഇതെല്ലാം കണ്ട് ഒരു ആത്‌മഹത്യയിൽ തൂങ്ങിയാടി സമൂഹത്തോടുള്ള തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.

ഇതേസമയം ഹോസ്‌പിറ്റലിൽവെച്ച് രാജൻ ശ്രീദേവിയെ സ്വീകരിക്കാൻ സന്നദ്ധനാകുന്നു. രാജന്റെ ഉള്ളിന്റെയുള്ളിൽ ശ്രീദേവിയുടെ നാശത്തിന് കാരണം താനാണെന്ന കുറ്റബോധം ഉണ്ട്. അവളെ മറ്റൊരാൾ പ്രാപിച്ചതാണെങ്കിൽപോലും താനത് വില വെക്കുന്നില്ല എന്ന് രാജൻ പറയുമ്പോഴാണ് ശ്രീദേവി ‘എന്റെ ശുദ്ധി നഷ്‌ടപ്പെട്ടിട്ടില്ല’ എന്ന് വിലപിക്കുന്നത്.

പരിശുദ്ധി എന്ന സങ്കൽപ്പത്തെക്കുറിച്ചുള്ള സാമൂഹ്യാവബോധത്തിലെ സ്‌ത്രീവിരുദ്ധത ഇതിനുമുമ്പും ചർച്ച ചെയ്‌തിട്ടുള്ളതാണ്. ലൈംഗികതയുമായി ബന്ധപ്പെട്ട സ്‌ത്രീ അടിച്ചമർത്തലുകളിലെ ഇനിയും സ്വതന്ത്രമാക്കപ്പെട്ടിട്ടില്ലാത്ത ദുർഭൂതം. എങ്ങനെയാണ് പരിശുദ്ധി എന്ന ബാധ്യത സ്‌ത്രീയുടേത് മാത്രമാവുന്നത്? അറബി രാജ്യങ്ങളിലേത് പോലെ സ്‌ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്തുന്നവരെ അതിക്രൂരമായി ശിക്ഷിച്ചാൽ തീരാവുന്ന പരിശുദ്ധി പ്രശ്‌നങ്ങളേ ഇവിടെയുള്ളൂ.

മറ്റൊരുകാര്യം ആൾക്കൂട്ടത്തിന്റെ മന:ശാസ്‌ത്രമാണ്. ഹോസ്‌പിറ്റലിൽ നിന്നും ഡിസ്‌ചാർജായി വരുന്ന ശ്രീദേവി ചുമരെഴുത്തുകൾ കണ്ട് അസ്വസ്ഥയാകുന്നു. അപ്പോഴാണ് ‘കോളേജ് കുമാരി’യെ പരിഹസിച്ചു കൊണ്ട് ആൾക്കൂട്ടം അവൾക്കു ചുറ്റും കൂടുന്നത്. വീട്ടിലെത്തിയപ്പോൾ അമ്മയുടെ മരണം. ഇത്തരം ആഘാതങ്ങളൊന്നും താങ്ങാനുള്ള ശേഷിയില്ലാത്ത ആ പാവം പെൺകുട്ടിയും മരണത്തിന് കീഴടങ്ങുന്നു.

ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യമാണ് അവളുടെ ശരീരം. അതിൽ മേൽ കടന്നാക്രമിക്കുന്ന മൃഗങ്ങളെ നശിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യാതെ ഉപദ്രവിക്കപ്പെട്ട പെൺകുട്ടിയെ കളങ്കപ്പെട്ടവളെന്ന് ആരോപിക്കുന്നതിലെ സാമൂഹ്യനീതി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മാറാത്തതിന് ആരാണുത്തരവാദി?

നമുക്കിനിയും മാറ്റം വരുമെന്നു തോന്നുന്നില്ല. ഇത്തരം പ്രവണതകൾ ഇന്ന് കൂടിക്കൂടി വരുന്നു. പുതിയ സാഹചര്യത്തിൽ നവ മാധ്യമങ്ങളിൽ പോലും വ്യക്‌തിഹത്യയും പരിഹാസങ്ങളും കൂടിക്കൂടി വരുന്നതായി കാണാം. ഏതു സാഹചര്യത്തേയും തന്റെ സ്വാർത്ഥതയുമായി കൂട്ടിച്ചേർത്ത് പരിഹസിക്കുന്നവരായി നമ്മൾ മാറുമ്പോൾ പ്രതീക്ഷകളെല്ലാം അസ്‌തമിക്കുന്നു. സ്‌ത്രീയുടെ സ്വകാര്യതകളെ പ്രദർശന വസ്‌തുക്കളാക്കുന്ന അവരുൾപ്പെടെയുള്ള മാധ്യമങ്ങളും അത് അതിവേഗം പ്രചരിപ്പിക്കുന്നവരും ഇത്തരം ആൾക്കൂട്ട മനോഭാവത്തിന്റെ പ്രതീകമായി തന്നെ മാറുന്നു.

വളരെയധികം പ്രാധാന്യമുള്ള ഒരു സന്ദേശമാണ് എൻ. ശങ്കരൻനായർ എന്ന സംവിധായകൻ കനകാംബരങ്ങളിലൂടെ നൽകിയത്. പക്ഷേ പ്രേക്ഷകസമൂഹം അത് വേണ്ടത്ര പ്രാധാന്യത്തോടെ ഏറ്റെടുത്തില്ല.

നഖക്ഷതങ്ങൾ, കമലദളം, ആര്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെ നമ്മുടെ കണ്ണിന് വിസ്‌മയമായിത്തീർന്ന അഭിനേത്രിയാണ് മോനിഷ. അകാലത്തിൽ പൊലിഞ്ഞ ഒരു ദീപ്‌ത നക്ഷത്രം. മോനിഷയുടെ അഭിനയപാടവവും നൃത്ത ചാരുതയും വാക്കുകൾക്കതീതമാണ്. മലയാളിയുടെ ഗൃഹാതുരമായ ഓർമ്മകളിലെ ഏറ്റവും വശ്യമായ ഒന്ന് അതാണ് മോനിഷ. മോനിഷയുടെ സ്‌മരരണയ്ക്കു മുന്നിലുള്ള ബാഷ്‌പാഞ്‌ജലിയാണ് ഇന്നത്തെ പെൺചൊല്ല്

-സ്വപ്‌ന സി കോമ്പാത്ത്

1 Comment
  1. nice

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account