“നീതിലഭിക്കേണ്ടുന്നിടം  തന്നെ അനീതിയുടെ നടത്തിപ്പുകാരാകുന്ന കാഴ്ച്ച  ഇന്നും നമുക്കു കാണാം. അതിന്റെ ഭീകരമുഖം കെവിന്റെ മരണവും  നീതുവിന്റെ കണ്ണീരുമായി നാം കണ്ടു കഴിഞ്ഞതാണ്.”

ഭരണഘടന അനുശാസിക്കുന്ന വിവിധ സ്വാതന്ത്ര്യങ്ങൾ പോലും  മക്കൾക്കു നൽകാതെ സ്വന്തം വിവാഹക്കാര്യത്തിൽ വരെ തീരുമാനങ്ങളെടുക്കാനോ  അഭിപ്രായം പറയാനോ പോലും അവസരങ്ങൾ നിഷേധിക്കുന്ന രക്ഷിതാക്കളാണ് നമുക്കു ചുറ്റുമുള്ളത്. അഭിപ്രായം പറയുന്നത് പെൺകുട്ടിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. നിഷേധമെന്നതിനു പുറമെ മർദ്ദിച്ചവശയാക്കുന്നതിനും ആർക്കുമൊരു മടിയുമുണ്ടാവില്ല. കുടുംബങ്ങളിൽ നിലനിൽക്കുന്ന പാട്രിയാർക്കിയുടെ വേരുകൾ സമൂഹത്തിലാകുമ്പോൾ ഒന്നുകൂടെ ശക്‌തമാകുന്നത് കാണാം.

അബല, ചപല എന്നൊക്കെയുള്ള പര്യായ പദങ്ങളാണ് ശബ്‌ദതാരാവലി ഇന്നും സ്‌ത്രീക്കു വേണ്ടി നിരത്തി വെച്ചിരിക്കുന്നതെന്നിരിക്കെ വലിയ മാറ്റങ്ങളൊന്നും അടുത്തകാലത്ത്  പ്രതീക്ഷിക്കേണ്ടതുമില്ല. പ്രത്യേകിച്ച് മതാചാരങ്ങളും ജാതി ചിന്തകളും വൈധവ്യമാചരിക്കലും  മുമ്പെങ്ങുമില്ലാത്ത വിധത്തിൽ നമ്മുടെയിടയിൽ വലിയ ഫാഷനായി പടർന്നു പിടിക്കുന്ന ഇക്കാലത്ത് ഈയവസ്ഥയിൽ നിന്ന് മോചനമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതും ശരിയല്ല.  സമൂഹത്തിന്റെ ഇത്തരം ചിന്തകൾ തന്നെയാണ്  സ്വാഭാവികമായും സിനിമയിലും  പ്രതിഫലിക്കുന്നത്.

1988ലാണ് വിറ്റ്നസ് എന്ന ചിത്രം പ്രദർശനത്തിനെത്തിയത്. വിജി തമ്പി സംവിധാനം ചെയ്‌ത ഈ ചിത്രത്തിലെ നായികാകഥാപാത്രമായ ഇന്ദു ആർ നായരെ അവതരിപ്പിച്ചിക്കുന്നത് പാർവതിയാണ്. അറുപതിലധികം ചിത്രങ്ങളിൽ നായികയായും ഉപനായികയായും അഭിനയിച്ചിട്ടുള്ള പാർവതിക്ക് അവരുടെ അഭിനയ മികവിന്റെ സാധ്യതകൾ പരീക്ഷിക്കാനുള്ള വേഷങ്ങൾ ലഭിച്ചിട്ടില്ലെന്നു തന്നെ പറയാം. വിറ്റ്നസിലെ ഇന്ദു കുറച്ചു കൂടി വ്യത്യസ്‌തയാണ്.

അച്ഛനുമമ്മയും ഒരു അപകടമരണത്തിൽ കൊല്ലപ്പെട്ടതോടെ  ബോർഡിങ്ങിലും ഹോസ്റ്റലിലുമായി പഠനകാലം തള്ളിനീക്കേണ്ടിവന്ന  ഹതഭാഗ്യ. കോളേജിൽ അവൾ തന്റേടിയായിരുന്നു. അക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ തയ്യാറുള്ളവൾ. മാനേജരാണ്  തന്റെ മാതാപിതാക്കളുടെ മരണത്തിന് കാരണമെന്ന് മനസ്സിലാക്കുമ്പോൾ, അവൾ പ്രതികരിക്കുന്നു. ഇനി മുതൽ തന്റെ സ്വത്തുക്കൾ നോക്കി നടത്താൻ മാനേജരുടെ ആവശ്യമില്ലെന്ന് തുറന്നു പറയുന്ന സന്ദർഭത്തിലാണ് ഇന്നത്തെ പെൺചൊല്ല് ഉടലെടുത്തത്.

ഇന്ദു സമർത്ഥയായിരുന്നു. എന്നാൽ ഉള്ളിന്റെ ഉള്ളിൽ അവൾ ദുഃഖിതയുമായിരുന്നു. ‘മനസ്സു നിറഞ്ഞ് വിങ്ങുന്ന ദു:ഖങ്ങൾ പങ്കുവെക്കുവാനൊരാളെ കിട്ടുക .അതൊരു ഭാഗ്യമാണ്’ എന്ന നെടുവീർപ്പുകൾക്കൊടുവിൽ അവൾക്ക് നല്ല സൗഹൃദങ്ങൾ ലഭിക്കുന്നു. പക്ഷേ പെട്ടെന്നൊരു ദിവസം അവൾ കൊല്ലപ്പെടുകയാണ്. അന്വേഷണം പുരോഗമിക്കുന്ന സന്ദർഭത്തിൽ അവളുമായി അടുപ്പമുള്ളവരെല്ലാം പ്രതിക്കൂട്ടിലാകുന്നു.

ഒടുവിൽ സത്യം മനസ്സിലാകുമ്പോഴാണ് നമ്മൾ തരിച്ചിരുന്നു പോവുന്നത്.  അവൾ ഒരു കൊലപാതകത്തിന്റെ ദൃക്‌സാക്ഷിയായിരുന്നു. അത് പോലീസിനെ അവൾ അറിയിച്ചു. ഇതായിരുന്നു കൊലപാതകത്തിന്റെ കാരണം. കാരണം, കുറ്റം ചെയ്‌തത് പോലീസ് തന്നെയാണ്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥനുവേണ്ടി കുപ്രസിദ്ധ കുറ്റവാളികൾ ഏറ്റെടുത്ത ഒരു ദൗത്യത്തിന് അവൾ ദൃക്‌സാക്ഷിയാകുന്നു. കുറ്റവാളികളിൽ നിന്ന് അവൾ വിദഗ്‌ധമായി രക്ഷപ്പെട്ടു. പോരാത്തതിന് ഒരു പെണ്ണല്ലേ അവൾ വിചാരിച്ചാലെന്തു ചെയ്യാൻ പറ്റും എന്ന അവരുടെ അലംഭാവവും അവളെ രക്ഷപ്പെടാൻ സഹായിച്ചു.

ഒടുവിൽ പെണ്ണിനെക്കുറിച്ചുള്ള മുൻധാരണകളെ തകർത്തെറിഞ്ഞ് കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് ഒരു  കോളെത്തുന്നു.  അത് ഇന്ദുവായിരുന്നു.

നീതിയും നിയമവും നടപ്പാക്കപ്പെടേണ്ടയിടം എന്ന് നമ്മൾ വിശ്വസിക്കുന്ന ആ പോലീസ് സ്റ്റേഷനിൽ ഫോൺ അറ്റൻഡ് ചെയ്‌തത് കുറ്റവാളിയായ പോലീസുകാരൻ തന്നെ. അയാൾ അവളെ വക വരുത്തുന്നു. ആ കേസ് അയാൾ തന്നെ അന്വേഷിച്ച് നിരപരാധികളെ കുറ്റവാളികളാക്കുകയും ചെയ്യുന്നു. മാധവൻ തമ്പി എന്ന ബുദ്ധിമാനായ വക്കീലിനു മുന്നിൽ തോമസ് മാത്യു എന്ന പോലീസുകാരൻ പരാജിതനാകുന്നു.

നീതിലഭിക്കേണ്ടുന്നിടം  തന്നെ അനീതിയുടെ നടത്തിപ്പുകാരാകുന്ന കാഴ്ച്ച  ഇന്നും നമുക്കു കാണാം. അതിന്റെ ഭീകരമുഖം കെവിന്റെ മരണവും  നീതുവിന്റെ കണ്ണീരുമായി നാം കണ്ടു കഴിഞ്ഞതാണ്. തെളിയിക്കപ്പെടാത്ത  എത്രയോ കൊലപാതകങ്ങളുടെ ലേബലിൽ ജീവിക്കാനുള്ള അവകാശം നഷ്‌ടപ്പെട്ട പെൺആത്‌മാക്കൾക്കു മുന്നിൽ ഇന്നത്തെ പെൺചൊല്ല് സമർപ്പിക്കുന്നു.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പാർവതിക്ക് പ്രധാനപ്പെട്ട അവാർഡുകളൊന്നും തന്നെ ലഭിച്ചിട്ടില്ല – പ്രേക്ഷകരുടെ ഗൃഹാതുരമായ ഓർമ്മകൾ തന്നെയാണ് അവർക്ക് ലഭിക്കുന്ന ഏറ്റവും ഹൃദ്യമായ പുരസ്‌കാരം. സിനിമയിലേക്ക് മടങ്ങി വരവില്ല എന്നു പറയുമ്പോഴും നൃത്തരംഗത്ത് സജീവമാണവർ. പാർവതിയുടെ ഇന്ദു എന്ന കഥാപാത്രം പറയുന്ന നമ്മുടെ ഇന്നത്തെ പെൺ ചൊല്ല്  പെൺകുട്ടികളുടെ സ്വത്വബോധത്തിലും അവരുടെ സാമൂഹികനിർമ്മിതികളിലും എന്നും മാറ്റൊലി കൊള്ളട്ടെ.

-സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account