“മാതൃദിനത്തിന് അമ്മമാരുടെ ഫോട്ടോയെടുത്ത് പ്രദർശിപ്പിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്ന ഇക്കാലത്ത് അമ്മമാരോട് സ്‌നേഹപൂർവ്വം പെരുമാറാനോ ദയാപൂർവ്വം സംസാരിക്കാനോ തയ്യാറുള്ളവരുടെ എണ്ണം വിരളം.”

2003 ൽ പ്രദർശനത്തിനത്തിയ എം. പത്‌മകുമാർ ചിത്രമാണ് അമ്മക്കിളിക്കൂട്. സിനിമയുടെ ആരംഭത്തിൽ ഒരു വോയിസ് ഓവറുണ്ട്… ‘ഈ കഥ അവരുടേത് കൂടിയാണ്. വിവേകിന്റെ, അഖിലയുടെ, കുറേ അമ്മക്കിളികളുടെ’. വാർദ്ധക്യത്തിൽ അനാഥരാകപ്പെടുന്നവരെക്കുറിച്ചുള്ള ചില പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പൂർണ്ണമായും  ഇത്തരം  അനാഥത്വത്തോട് ബന്ധപ്പെട്ട് ആവിഷ്‌കരിച്ച പ്രമേയം എന്ന നിലയിലാണ് അമ്മക്കിളിക്കൂട് ശ്രദ്ധേയമാവുന്നത്.

ജീവിതത്തിന്റെ വിവിധ വെല്ലുവിളികൾ നേരടേണ്ടി വന്നവർ. നിരവധിധിതരത്തിലുള്ള വേദനകളാൽ ആക്രമിക്കപ്പെട്ടവർ. കരുണാലയം എന്ന സ്ഥാപനത്തിൽ അവർ ഒന്നിച്ചു കൂടുന്നു. കാശ് കൊടുത്താണ് കഴിയുന്നതെങ്കിൽപോലും, സ്ഥാപനത്തിലെ ജീവനക്കാരുടെവരെ അവഗണനക്ക് പാത്രമാകേണ്ടി വരുന്നവർ. മേരിക്കുട്ടി ടീച്ചർ, സരസ്വതി അമ്മ, പാർവ്വതി അമ്മാൾ, സാറാമ്മ തുടങ്ങി ഒട്ടനവധി അമ്മമാർ. നെഞ്ചിനുള്ളിലെ വലിയ നെരിപ്പോടുകളെ വാത്‌സല്യത്തിന്റെ മുഖം മൂടികൾ കൊണ്ട് മറച്ചുവെച്ചവർ.

കരുണാലയത്തിലെ സംഗീതസാന്ദ്രമായ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്ന പാർവ്വതി അമ്മാൾ വളരെ സാധുവായ സ്‌ത്രീയാണ്. അഗ്രഹാരത്തിലെ കുട്ടികൾക്ക് പാട്ടുട്യൂഷനെടുത്തും പലഹാരങ്ങൾ ഉണ്ടാക്കി വിറ്റും ഏകമകളെ കനപ്പെട്ട സ്‌ത്രീധനം നൽകി വിവാഹം കഴിപ്പിച്ചയച്ച അമ്മ. നൽകിയ സ്‌ത്രീധനം പോരായെന്നും പറഞ്ഞ് മകളെ ഭർത്തൃഗൃഹത്തിലുള്ളവർ പീഡിപ്പിക്കനുണ്ടെന്നറിഞ്ഞ്, അവളുടെ സുഖജീവിതത്തിനായ് തന്റെ വീടുവിറ്റ് പണവുമായി ചെന്ന ആ അമ്മ ഒരു കാഴ്ച്ച കാണുന്നു.

തല്ലിക്കൊന്നതിനു ശേഷം മകളെ ഭർത്താവ് ഫാനിൽ കെട്ടിത്തൂക്കുന്ന കാഴ്ച്ചയാണ് ആ അമ്മയുടെ മുന്നിൽ ഭീകരനൃത്തം ചവിട്ടിയത്. മറ്റൊന്നുമാലോചിക്കാതെ ആ ക്രൂരനെ വെട്ടിക്കൊന്ന് നിയമത്തിന് കീഴടങ്ങിയ അമ്മ ജയിൽമോചിതയായ ശേഷം കരുണാലയത്തിൽ താമസമാക്കുന്നു.

സാധുവായ ഒരമ്മ. പാർവതി അമ്മാളെ നമുക്കങ്ങനെയേ വിലയിരുത്താനാവൂ. കീർത്തനങ്ങൾ മൂളിക്കൊണ്ടു നടക്കുന്ന ആ അമ്മ ഒരിക്കൽ നിയന്ത്രണം വിട്ടു പൊട്ടിത്തെറിക്കുന്ന സന്ദർഭമാണ് ഇന്നത്തെ പെൺചൊല്ല്.

വൃദ്ധസദനത്തിലാക്കിയ മാതാവിനെ പിറന്നാളെന്നോ മറ്റെന്തെങ്കിലും പേരു പറഞ്ഞോ വർഷത്തിലൊരിക്കൽ സന്ദർശിക്കുകയും ഒപ്പം ഫോട്ടോകളെടുത്ത്  പ്രദർശിപ്പിക്കുകയും ചെയ്യുന്ന അൽപ്പന്മാരായ മക്കളെയാണ് ‘ചെരുപ്പാലേ അടിക്കണം… സ്വന്തം അമ്മാവെ ഏമ്മാത്ത് റ പശങ്കങ്ങളെ’ എന്ന് പാർവ്വതി അമ്മാൾ രോഷം കൊള്ളുന്നത്.

അമ്മ ഒരു യാഥാർത്ഥ്യമാണ്. നന്മയുടെ വിളക്ക്. അമ്മമാരെ പറ്റിക്കുന്നവരെ ചെരിപ്പുകൊണ്ടടിക്കണമെന്നാണ് പാർവ്വതി അമ്മാളുടെ പക്ഷം. കരുണാലയത്തിൽ മാത്രമല്ല, ഇന്ന്  ജീവിതത്തിലും ഇത്തരം അമ്മമാരും മക്കളും നിറഞ്ഞു നിൽക്കുന്നു. മാധവിക്കുട്ടിയുടെ അമ്മ, കോലാട് എന്നീ കഥകളൊക്കെ വായിക്കുമ്പോഴുണ്ടാകുന്ന അതേ  നൊമ്പരമാണ് ഈ സിനിമയും നൽകുന്നത്. പണ്ടെങ്ങുമില്ലാത്ത വിധത്തിൽ മാതൃദിനത്തിന് അമ്മമാരുടെ ഫോട്ടോയെടുത്ത് പ്രദർശിപ്പിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്ന ഇക്കാലത്ത് അമ്മമാരോട് സ്‌നേഹപൂർവ്വം പെരുമാറാനോ ദയാപൂർവ്വം സംസാരിക്കാനോ തയ്യാറുള്ളവരുടെ എണ്ണം വിരളം. ഈ കാലഘട്ടത്തിന്റെ മനുഷ്യത്വരാഹിത്യത്തിന് തെളിവാണ് ഇടക്കിടെ ഉയർന്നു പൊന്തുന്ന വൃദ്ധസദനങ്ങൾ. പോറ്റി വളർത്തിയവരെ ലാളിച്ചും സ്‌നേഹിച്ചും  സ്വതന്ത്രമായ ജീവിതത്തിലേക്കു പിച്ചവെപ്പിച്ചവരെ നിഷ്‌കരുണം തള്ളിപ്പറയുന്നവരായി പുതുതലമുറ വിശേഷിപ്പിക്കപ്പെട്ടാൽ പരിഭവിക്കാനാവില്ല.

സുകുമാരി എന്ന അത്‌ഭുത പ്രതിഭാസമാണ് അമ്മക്കിളിക്കൂടിലെ  പാർവ്വതി അമ്മാളെ അവതരിപ്പിച്ചത്. നവരസങ്ങളും പകർന്നാടുന്നതിൽ വിജയിച്ചവർ. തമാശക്കാരിയായും, കണിശക്കാരിയായും, മാനസികരോഗിയായും, കുശുമ്പിയായും നിരവധി വേഷങ്ങൾ വിജയിപ്പിച്ചവർ. അമ്മക്കഥാപാത്രങ്ങളിൽ ആ മികവ് ഉജ്ജ്വലമാകുന്നു. ട്രിവാൻഡ്രം ലോഡ്‌ജിലെ പെഗ്ഗി, ചട്ടക്കാരിയിലെ മാർഗ്രറ്റ്, മിഴികൾസാക്ഷിയിലെ നബീസു, ചാന്തുപൊട്ടിലെ മുത്തശ്ശി, അച്ചുവിന്റെ അമ്മയിലെ മൂത്തുമ്മ, രസികനിലെ ഭാർഗവിയമ്മ, മനസ്സിനക്കരെയിലെ ശാന്തമ്മ, നിഴൽക്കൂത്തിലെ മരകതം, നരേന്ദ്രൻ മകൻ ജയകാന്തൻ വകയിലെ ഐശുമ്മ, സമാന്തരങ്ങളിലെ ഐശു, കേളിയിലെ മുത്തശ്ശി, ദശരഥത്തിലെ മാഗി, തലയണമന്ത്രത്തിലെ സുലോചനാ തങ്കപ്പൻ തുടങ്ങി ഭാവപൂർണ്ണിമയുള്ള ഒട്ടേറെ കഥാപാത്രങ്ങൾ.

അറുപത്തിരണ്ടോളം വർഷം നമ്മുടെ ചലച്ചിത്ര ലോകത്ത് സജീവസാന്നിധ്യമായിരുന്ന, രണ്ടായിരത്തോളം സിനിമകളിലിഭിനയിച്ച മികച്ച നർത്തകി കൂടിയായ  സുകുമാരിയാണ് ഇന്നത്തെ പെൺ ചൊല്ലിലെ താരം. ആ അമ്മമനസ്സിന് മുന്നിൽ പ്രണാമം

-സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account