“നിരാശയുടെ മണലാരണ്യങ്ങളിൽ ചുട്ടുപഴുക്കുന്നവരിൽ വിപ്ലവവും പ്രണയവും വസന്തവും പൂത്തുലയിക്കാൻ തക്ക കരുത്തുപകരുന്ന  പ്രത്യാശയാണ് ‘ഞാനുണ്ട് കൂടെ’ എന്ന രണ്ടു വാക്കുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്നത്.”

പലപ്പോഴും നമ്മളെല്ലാം കേൾക്കാൻ കൊതിക്കാറുള്ള ഒരു വാചകം. സ്‌നേഹവും കരുതലും ആത്‌മസമർപ്പണവും കൊണ്ടലങ്കരിച്ച സുന്ദര വാഗ്‌ദാനം. നിരാശയുടെ മണലാരണ്യങ്ങളിൽ ചുട്ടുപഴുക്കുന്നവരിൽ വിപ്ലവവും പ്രണയവും വസന്തവും പൂത്തുലയിക്കാൻ തക്ക കരുത്തുപകരുന്ന  പ്രത്യാശയാണ് “ഞാനുണ്ട് കൂടെ” എന്ന രണ്ടു വാക്കുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്നത്.

വാക്കുകൾ കൊണ്ട് വിസ്‌മയങ്ങൾ തീർക്കുന്ന എം.ടി. വാസുദേവൻ നായരെന്ന മഹാപ്രതിഭയുടെ സർഗ ചാതുരിയുടെ മകുടോദാഹാരണമാണ് 1994 ൽ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സുകൃതം എന്ന ചിത്രം. ക്യാൻസർ രോഗത്തെ തോൽപ്പിക്കാനായെങ്കിലും ജീവിതയാഥാർത്ഥ്യങ്ങളുടെ മുമ്പിൽ അമ്പേ പരാജിതനായ രവിശങ്കർ എന്ന എഴുത്തുകാരന്റെ കഥ. രവിശങ്കറിന്റെ ഉദ്യോഗപർവ്വത്തിന് മുമ്പുള്ള ഗ്രാമീണജീവിതത്തിലാണ് ദുർഗ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാകുന്നത്. പിന്നീട് മരണത്തിന് മുമ്പുള്ള ഒരു ചെറിയ കാലയളവിലും. ഈ രണ്ട് ഘട്ടങ്ങളിലും അനിവാര്യമായ  ഒരു നിരാശയിലേക്ക് ദുർഗ കൂപ്പുകുത്തുന്ന രീതിയിലാണ് അവളുടെ കഥാപാത്രനിർമ്മിതി. ഒരു  നിശ്ശബ്‌ദപ്രണയത്തിലെ നായിക. രവിയായിരുന്നു അവളുടെ സങ്കൽപ്പങ്ങളിൽ വരന്റെ സ്ഥാനത്തുണ്ടായിരുന്നത്. അറിഞ്ഞോ അറിയാതെയോ രവിയുടെ ഭാഗത്തുനിന്ന് അവളെ ആശിപ്പിക്കുന്ന പെരുമാറ്റങ്ങളുമുണ്ടായിരുന്നു.

രവി തനിക്കു ബോധിച്ച മാലിനി എന്ന യുവതിയെ വിവാഹം കഴിച്ചതിന് ശേഷം ദുർഗ വിവാഹമേ വേണ്ടെന്ന വാശിയിലാണ് ജീവിക്കുന്നത് .ഒടുവിൽ വർഷങ്ങൾക്കുശേഷം രവി ക്യാൻസർ രോഗബാധിതനായി ജീവിതത്തിന്റെ ശിഷ്‌ടകാലം തറവാട്ടിൽ ചെലവഴിക്കാമെന്നുറപ്പിച്ചു വരുമ്പോൾ ദുർഗ ഒരു കൈത്താങ്ങാവുന്നു. താൻ ജോലിക്കു പോകുന്ന സമയത്ത്  രവിയോടൊപ്പം ദുർഗയുണ്ടാവണമെന്ന് മാലിനി നിഷ്‌കർഷിക്കുന്നത് ജന്മപുണ്യമായാണവൾ കരുതുന്നത്. ദുർഗ നിഗൂഢമായ ഒരാനന്ദത്തോടെയാണ് രവിയുടെ പരിചരണം ഏറ്റെടുക്കുന്നത്.

കണ്ണീരിനെ അതിജീവിക്കുന്ന ദയനീയമായ ഒരു പുഞ്ചിരിയായിരുന്നു ദുർഗ. തന്റെ സ്വപ്‌നങ്ങളിൽ അഭിരമിച്ചവൾ. രവിയെ അഗാധമായി സ്‌നേഹിക്കുകയും രവിയതു മനസ്സിലാക്കുന്നുണ്ടോ എന്ന് തിരിച്ചറിയാതിരിക്കുകയും ചെയ്‌തവൾ. രവിയുടെ വിവാഹശേഷം  മറ്റൊരു വിവാഹത്തിനു മുതിരാതെ സങ്കൽപ്പങ്ങളിലെ വൈധവ്യലോകത്ത് സ്വയം ഉരുകിയവൾ.

ഒടുവിൽ രവി രോഗിയായി എത്തുമ്പോൾ അപ്പോഴെങ്കിലും രവിയുടെ സാമീപ്യം തനിക്ക് സ്വന്തമായല്ലോ എന്ന് രഹസ്യമായി ആനന്ദിച്ചവൾ. ‘എനിക്കെത്ര സമയം ബാക്കിയുണ്ടെന്നറിയില്ല’ എന്ന രവിയുടെ പരിദേവനത്തിനാണ് ‘ഞാനുണ്ടാവും കൂടെ’ എന്ന് ദുർഗ സാന്ത്വനമാവുന്നത്. വീണ്ടും ദുർഗ ഒരു സങ്കൽപ്പ ലോകത്തിലെ നായികയായി സ്വയം പ്രതിഷ്ഠിക്കുന്നു.

ഇത്തവണ രോഗത്തിന്റെ നിസ്സഹായതയും, രവിയുടെ മനസ്സിൽ നീറിപ്പുകഞ്ഞിരുന്ന ദുർഗയുടെ ഏകാന്തതയിലുള്ള കുറ്റബോധവും, മരണമെന്ന യാഥാർത്ഥ്യവും ദുർഗയെ കൂടുതൽ മോഹിപ്പിച്ചിരുന്നു എന്നു കാണാം. പക്ഷേ വീണ്ടും അവൾ നിരാകരിക്കപ്പെടുന്നു. ‘ഒക്കെ ഓരോരുത്തരുടെ യോഗാന്ന് നിശ്ചയിച്ചാൽ മതായല്ലൊ’ എന്നാശ്വസിച്ച് ജീവിതത്തിന്റെ സുഗന്ധങ്ങളെ അകറ്റി നിർത്തി സങ്കൽപ്പങ്ങളിലെ തണുത്തുറഞ്ഞ ലോകത്ത് ഒറ്റപ്പെടുന്ന ദുർഗയെ വെള്ളിത്തിരയിൽ മനോഹരമാക്കിയത്  ശാന്തികൃഷ്‌ണയാണ്.

എൺപതുകളിൽ മലയാള സിനിമയിലെ ശക്തമായ സ്‌ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നവൾ. മികച്ച നർത്തകിയായ ശാന്തികൃഷ്‌ണ ഒരിടവേളക്കു ശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെ മലയാളത്തിലേക്ക്  തിരിച്ചു വന്നിരിക്കുന്നു. അഭിനയമികവിന് രണ്ടു തവണ സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുള്ള ശാന്തികൃഷ്‌ണയ്ക്ക് മടങ്ങി വരവിൽ ഒട്ടേറെ ചലച്ചിത്ര അവാർഡുകൾ ലഭിച്ചു.

നിദ്രയിലെ അശ്വതി, ചില്ലിലെ ആനി, വിഷ്‌ണുലോകത്തിലെ സാവിത്രി, നയം വ്യക്‌തമാക്കുന്നുവിലെ വാത്‌സല, സവിധത്തിലെ സൗമിനി, പക്ഷേയിലെ രാജേശ്വരി, അരവിന്ദന്റെ അതിഥികളിലെ ഗീതാമണി തുടങ്ങി കുസൃതിയായും ദു:ഖപുത്രിയായും സർവ്വംസഹയായും തന്റേടിയായും നമ്മെ രസിപ്പിച്ച എത്രയെത്ര കഥാപാത്രങ്ങൾ! ഉജ്ജ്വലമായ ഒരുപാട് കഥാപാത്രങ്ങളാവാനുള്ള ഊർജ്ജം കൈമുതലായുള്ള മികച്ച അഭിനേത്രി. ജീവിതത്തിൽ എന്നും മറ്റുള്ളവർക്ക് താങ്ങാനാവുന്ന എല്ലാ സ്‌ത്രീകൾക്കും ഇന്നത്തെ പെൺചൊല്ല് സമർപ്പിക്കുന്നു.

-സ്വപ്‌ന സി കോമ്പാത്ത്

1 Comment
  1. Shaajimon 2 years ago

    മികച്ചത്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account