“ഈ കാലഘട്ടത്തിലും കുടുംബഭാരം ചുമലിലേൽപ്പിച്ച് സ്‌ത്രീയുടെ തൊഴിൽ സാധ്യതകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ കുതന്ത്രങ്ങളെ പുച്ഛത്തോടെ അവഗണിക്കാം. പോരാടി വിജയിച്ചവരേ നിങ്ങൾക്കാണിന്നത്തെ പെൺചൊല്ല്…”

കരയുന്ന പെണ്ണുങ്ങളെ ആർക്കും ഇഷ്‌ടമില്ല. പക്ഷേ ആരൊക്കെയോ എഴുതിവെച്ച തിരക്കഥയിലൂടെ എന്നും കരയാൻ മാത്രമായി വിധിക്കപ്പെട്ട എത്രയെത്ര പെൺജീവിതങ്ങളാണ്  നമ്മുടെ മുന്നിൽ ദിനംപ്രതി കൊഴിഞ്ഞു വീഴുന്നത്. കരച്ചിൽ ഒരു ആഭരണമായും പടച്ചട്ടയായും പെണ്ണിനോടൊപ്പം പിറന്നു വീഴുന്നു.

വീട്ടുകാർ നിശ്ചയിച്ച ഒരു വിവാഹത്തിലൂടെ ഭർത്തൃഗൃഹത്തിലേക്ക്  വലതുകാലെടുത്തു വെക്കുമ്പോൾ, തന്റെ ജീവിതമൊരു കണ്ണീർക്കടലാവുമെന്ന് ശ്യാമള സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല.  ഭർത്താവിന്റെ ഉത്തരവാദിത്തമില്ലായ്‌മ  എന്ന മാരകമായ ആയുധമുപയോഗിച്ചാണ് വിധി അവളെ നിഷ്‌കരുണം പ്രഹരിച്ചത്. ഒരു സ്‌ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ചിന്തകളെ, സന്തോഷങ്ങളെ, വ്യക്‌തിത്വത്തെ ഒക്കെ  മാരകമായി ബാധിക്കുന്ന അണുവായുധത്തേക്കാൾ ഭീകരമായ അനന്തരഫലം ഉണ്ടാക്കുന്ന ഒരനുഭവമാണ് ഭർത്താവിന്റെ ഉത്തരവാദിത്തമില്ലായ്‌മ.

വിജയൻമാഷ് സ്വന്തമായുണ്ടാക്കിയ ഒരു സൗഹൃദവലയത്തിനകത്ത് രസിച്ചു ജീവിക്കുകയാണ്. മദ്യവും സുഹൃത്തുക്കളും അലസതയും അദ്ദേഹത്തെ ഭരിക്കുന്നു. തനിക്കു ചുറ്റുമുള്ള ബന്ധങ്ങളിൽ നിന്നും കെട്ടുപാടുകളിൽ നിന്നും മോചിതനാകാൻ സന്യാസ മാർഗം വരെ സ്വീകരിക്കുവാൻ വിജയൻ തയ്യാറാണ്. അതെല്ലാം ഒരുതരം രക്ഷപ്പെടൽ തന്ത്രം മാത്രം.

വളരെക്കാലം നീണ്ട ഒരു അജ്ഞാതവാസത്തിനാടുവിൽ വിജയൻ തിരിച്ചെത്തുമ്പോൾ കണ്ണീരൊഴുക്കലിൽ  നിന്നും മോചനം നേടിയ ശ്യാമള സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയിരുന്നു. കടക്കാരിൽ നിന്നും രക്ഷനേടാനും രണ്ടു പെൺമക്കളുടെ പഠനത്തിനുവേണ്ടി അഹോരാത്രം കഷ്‌ടപ്പെടുന്ന ശ്യാമള മറ്റു ചില സ്‌ത്രീകളെക്കൂടി ഉൾപ്പെടുത്തി ഒരു തയ്യൽ യൂണിറ്റ്  ആരംഭിച്ചു.

മാനസാന്തരപ്പെട്ടു മടങ്ങി വന്ന വിജയനെ ശ്യാമള തീർത്തും അവഗണിക്കുകയാണ്. ആ അവഗണന സഹിക്കാനാവാതെ വിജയൻ പൊട്ടിക്കരയുമ്പോഴാണ് ശ്യാമള ഇങ്ങനെ പറയുന്നത്. പരസ്യ സംവിധാനവും, ശബരിമലപ്പോക്കും, സന്യാസവും, അജ്ഞാതവാസവുമായിക്കഴിഞ്ഞ് സ്വന്തം ജോലി പോലും നഷ്‌ടപ്പെടുത്തിയൊരാളുടെ മുന്നിൽ  നിവർന്നു നിന്നുകൊണ്ട് ആത്‌മവിശ്വാസത്തോടെ, ഇതുപോലെ  പറയാൻ ശ്യാമളയെ പ്രാപ്‌തയാക്കിയത് കഠിനാദ്ധ്വാനം കൊണ്ട് അവളുണ്ടാക്കിയ വരുമാനമാണ്.

വളരെ നല്ല ഒരു സന്ദേശമുള്ള ഈ ചിത്രത്തിന്റെ നമ്മുടെ എക്കാലത്തേയും ബ്രില്യന്റ് തിരക്കഥാകൃത്ത് ശ്രീനിവാസനാണ്. സിനിമയിലെ നായിക ശ്യാമളയെ അവതരിപ്പിച്ചത് സംഗീതയാണ്. മലയാളിയായ സംഗീത ജനിച്ചതും വളർന്നതും തമിഴ്‌നാട്ടിലാണ്. ബാലതാരമായി ചലച്ചിത്ര രംഗത്തെത്തിയ സംഗീത  നായികയായെത്തിയ ആദ്യമലയാളചിത്രമാണ് ചിന്താവിഷ്‌ടയായ ശ്യാമള. മികച്ചനടിക്കുള്ള സംസ്ഥാനപുരസ്‌കാരം ശ്യാമളയിലൂടെ സംഗീത നേടുകയും ചെയ്‌തു.

നമ്മുടെയിടയിലെ പല സ്‌ത്രീകളും കരഞ്ഞു തീർത്ത സങ്കടക്കടലുകളെ, ഇനിയും പെയ്‌തു തീരാത്ത കണ്ണീർമഴകളെ ഒക്കെ നമുക്കോർക്കാം. കഠിനമായ സാഹചര്യങ്ങളോട്  പൊരുതി മുന്നേറിയ മിടുക്കികളെ അഭിനന്ദിക്കാം. ഈ കാലഘട്ടത്തിലും കുടുംബഭാരം ചുമലിലേൽപ്പിച്ച് സ്‌ത്രീയുടെ തൊഴിൽ സാധ്യതകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ കുതന്ത്രങ്ങളെ പുച്ഛത്തോടെ അവഗണിക്കാം. പോരാടി വിജയിച്ചവരേ നിങ്ങൾക്കാണിന്നത്തെ പെൺചൊല്ല്…

-സ്വപ്‌ന സി കോമ്പാത്ത്

1 Comment
  1. ഉമേഷ് വള്ളിക്കുന്ന് 4 years ago

    ശ്യാമള ഒന്നാംതരം മാതൃകയാണ്. എല്ലാ ശ്യാമളമാർക്കും അഭിവാദ്യങ്ങൾ..❤

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account