എല്ലുമുറിയെ പണിയെടുത്താലും പെണ്ണിന്  കേൾക്കേണ്ടി വരുന്ന ഏറ്റവും പ്രധാനപ്പെട്ട പഴികളിലൊന്നാണ്  മൂന്നു നേരം തിന്നുന്നതിന്റെ കണക്ക്. സദയം  എന്ന സിനിമയിൽ എം.ടി.വാസുദേവൻ നായർ നായികക്കുവേണ്ടി ഈ ഡയലോഗ്  എഴുതിച്ചേർത്തിട്ടുണ്ട്.

മികച്ച തിരക്കഥക്കുള്ള  ദേശീയ പുരസ്‌കാരം എം.ടിക്ക് നേടിക്കൊടുത്ത ചിത്രമാണ് സദയം.

സത്യനാഥൻ എന്ന അനാഥനായ യുവാവിന്റെ ജീവിതമാണ് സദയം എന്ന സിനിമയുടെ കാതൽ. എങ്കിലും നമ്മുടെ സമൂഹത്തിൽ സ്‌ത്രീയുടെ നിലവാരം സദാചാര സങ്കൽപ്പത്തിലധിഷ്ഠിതമാണെന്നും ഒരേ ചെയ്‌തിക്ക് സ്‌ത്രീ മാത്രം പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നതിന്റെ  സാംഗത്യമെന്തെന്നുമുള്ള ചോദ്യം സിനിമ മുന്നോട്ടു വെക്കുന്നുണ്ട്.

അച്ഛനാരാണെന്നറിയാത്ത സത്യനാഥൻ എന്നും അപമാനങ്ങൾക്ക്  വിധേയനായാണ് വളർന്നത്. ബാല്യകാലത്തൊരിക്കൽ കടൽത്തീരത്ത് മനോഹരമായ ഒരു കൊട്ടാരം ഉണ്ടാക്കിക്കൊണ്ടിരുന്ന സത്യനാഥന്റെ  നിർമ്മിതിയെ നിഷ്‌കരുണം നശിപ്പിച്ച ഒരു കുട്ടിയുമായി സത്യനാഥൻ വഴക്കിടുന്നു. ആ കുട്ടിയുടെ രക്ഷിതാവ് സത്യനാഥനെ മർദ്ദിക്കുന്നു. ഈ വഴക്കിൽ ഇടപെട്ട് സത്യനാഥനെ രക്ഷിക്കാനൊരുങ്ങുന്ന പളളീലച്ചനോട് അയാൾ പറയുന്നു, ‘അതിന് അച്ഛനാരാന്ന് അറിയണ്ടേ? ഓന്റെ തള്ളയ്ക്കും വിവരണ്ടാവില്ല. ഇമ്മിണ്യാള് കേർണ സർവീസാവുമ്പോൾ ഓളാരെ പറയും?’.

ഈ ചോദ്യമാണ് സത്യനാഥന്റെ ജീവിതത്തെ മുഴുവൻ  പിന്തുടരുന്ന അപമാനമായി മാറുന്നത്. സ്‌ത്രീ മാത്രം കളങ്കിതയും അവളെ സമീപിക്കുന്ന പുരുഷൻ മാന്യനുമാണെന്ന അലിഖിത നിയമത്തിന്റെ രക്‌തസാക്ഷിയായി അപമാനങ്ങൾക്കൊപ്പം സത്യനാഥനും വളർന്നു വലുതാവുന്നു.

യുവാവായ സത്യനാഥന്റെ വാടകവീടിനു സമീപത്തു താമസിച്ചിരുന്ന ലൈംഗികത്തൊഴിലാളികളുടെ  വീട്ടിൽ താമസിക്കുന്ന പെൺകുട്ടിയാണ് ജയ. അമ്മയുടെ മരണശേഷം അവളേയും അനിയത്തിമാരേയും ഈ വീട്ടിൽ ഉപേക്ഷിച്ചിട്ട് പോയ അച്ഛൻ പഴനിയിൽ പുതിയൊരു ഭാര്യയുമായി സസുഖം ജീവിച്ചു വരുന്നു. ജയയെ കാണുന്നതേ ചതുർത്ഥിയായിരുന്ന സത്യനാഥന് മുമ്പിൽ ജയ ഒരിക്കൽ മനസ്സു തുറക്കുകയാണ്.

‘തിന്നാൻ തരുന്നേന്റെ കണക്ക്  പറഞ്ഞ് ചീത്തയാണ് മൂന്ന് നേരൂം.  സന്ധ്യയ്ക്ക് ആ അശ്രീകരം വരുമ്പോൾ മാത്രം വല്യ ലോഗ്യം കൂടല്’ എന്നാണവൾ സത്യനാഥനോട് പറയുന്നത്. ആ അശ്രീകരം എന്നു പറയുന്നത് ഒരു പിമ്പിനേയാണ്. ജയയെ കമ്പോളത്തിലിറക്കിയാൽ ലഭിക്കുന്ന കച്ചവട സാധ്യത അയാൾ അവളുടെ ബന്ധുക്കളെ പറഞ്ഞു മനസ്സിലാക്കുന്നു.

സത്യനാഥൻ ജയയുടേയും അനിയത്തിമാരുടേയും സംരക്ഷണം ഏറ്റെടുക്കുകയാണ്. ജയക്ക് ഒരു പരസ്യസ്ഥാപനത്തിൽ മോഡലായി ജോലി ലഭിക്കുന്നു. ഇതിനിടെ ജയയുമൊത്തുള്ള ഒരു ജീവിതം സത്യനാഥൻ സ്വപ്‌നം കണ്ടു തുടങ്ങിയിരുന്നു.

പരസ്യസ്ഥാപനത്തിന്റെ ഉടമസ്ഥൻ വിജയനുമായി ജയ പ്രണയത്തിലാകുന്നു. വിജയനെ സംബന്ധിച്ചിടത്തോളം സ്‌ത്രീ എന്നത് ശരീരം മാത്രമാണെന്ന് ജയ തിരിച്ചറിയുന്നു. പിന്നീടവൾ വലിയമ്മമാരുടെ തൊഴിലിലേക്കിറങ്ങുന്നു. ജയ എന്ന പെൺകുട്ടി അവളറിയാതെ തന്നെ സമൂഹത്തിന് മുന്നിൽ പുഴുക്കുത്തേറ്റവളാകുന്നു. സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടിയ അച്ഛൻ മുതൽ കാമുകൻ വരെയുള്ള പുരുഷൻമാരാണവളെ നാശത്തിലേക്ക് തള്ളിവിടുന്നത്.

ഒടുവിൽ വിജയന്റെ കൈകൾ അവളുടെ അനിയത്തിമാരിലേക്കും നീളുമെന്ന ഘട്ടത്തിൽ  സത്യനാഥൻ വിജയനേയും ആ പെൺകുട്ടികളേയും കൊല്ലുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട സത്യനാഥനെ കാണാൻ വരുന്ന ജയ പറയുന്ന ഒരു വാചകമുണ്ട്. ‘കുട്ട്യോളെ രക്ഷപ്പെടുത്തിയതിന് സത്യേട്ടന് പുണ്യം കിട്ടും’.

പെണ്ണ് – സ്‌ത്രീ കുട്ടിയായാലും മുതിർന്നവളായാലും ശരീരം മാത്രമായി കണക്കാക്കപ്പെടുന്ന ഈ കാലത്തിന്റെ നേർ പ്രതീകമാണ്  സദയം. സിബി മലയിൽ എന്ന സംവിധായകന്റെ ഏറ്റവും മികച്ച ചിത്രം. മാതുവാണ് ജയയെ അവതരിപ്പിച്ചത്. ബാലതാരമായി അഭിനയം ആരംഭിച്ച് തൊണ്ണൂറുകളിൽ മലയാളം, തമിഴ്, കന്നട, തെലുങ്ക് ചിത്രങ്ങളിലെ അവിഭാജ്യസാന്നിധ്യമായിരുന്നു മാതു. മികച്ച നടിയും നർത്തകിയുമായിരുന്നു മാതു.

പകൽ മുഴുവൻ വീടിനും മക്കൾക്കും ഭർത്താവിനും വേണ്ടി പണിയെടുക്കുകയും ഒടുവിൽ കണക്കുപറച്ചിലുകൾക്ക് മുന്നിൽ തലകുനിക്കേണ്ടി വരുന്ന എല്ലാ സ്‌ത്രീകൾക്കുമായി  ഇന്നത്തെ പെൺചൊല്ല്  സമർപ്പിക്കുന്നു.

-സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account