സ്‌ത്രീജീവിതത്തിന്റെ സ്വസ്ഥതയ്ക്കുമേലെ നീളുന്ന സദാചാരത്തിന്റെ അളവുകോലുകളാൽ മുറിവേറ്റപ്പെട്ടവർ ആത്‌മരോഷത്തോടെ  ഈ ഒരു ചോദ്യം ജീവിതത്തിൽ എത്ര തവണ  ആവർത്തിച്ചിട്ടുണ്ടാകും? ഉത്തരം ലഭിക്കാനേ സാധ്യതയില്ലാത്ത ഇത്തരം ചോദ്യങ്ങൾ പരദൂഷണങ്ങളാൽ കീറി മുറിക്കപ്പെട്ട ആത്‌മാഭിമാനത്തിൽ നിന്നും ഉരുവപ്പെടുന്നവയാണ്. ആത്‌മാർത്ഥത ചോദ്യം ചെയ്യപ്പെടുമ്പോൾ, അപമാനത്തിന്റെ മുള്ളുകൾ നീറ്റാൻ തുടങ്ങുമ്പോൾ, രൂപപ്പെടുന്ന ഒരു ചോദ്യം…

പ്രണയം എന്ന ബ്ലെസി ചിത്രത്തിലാണ് ഈ ചോദ്യമുള്ളത്. പ്രണയം പല പല കാരണങ്ങളാൽ മലയാളിക്ക് അഭിമാനമായി മാറിയ  സിനിമയാണ്. അപൂർവ്വമായ പ്രമേയം, ശക്‌തമായ തിരക്കഥ, മികച്ച സംവിധാനം, മോഹൻലാൽ, ജയപ്രദ, അനുപംഖേർ എന്നിവരുടെ  അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങൾ, വിവിധ മേഖലകളിലായി  നാൽപ്പതോളം പുരസ്‌കാരങ്ങൾ  നേടിയ  സിനിമ  തുടങ്ങി ഒട്ടനവധി കാരണങ്ങൾ .

മതസംബന്ധമായ ഈഗോയുടെ പേരിൽ വേണ്ടെന്നു വെച്ച വിവാഹ ജീവിതത്തിൽ ഗ്രേസിനും അച്ചുതമേനോനും  ബാക്കിയുണ്ടായിരുന്നത് സുരേഷ് എന്ന മകൻ മാത്രമാണ്‌. ഒടുവിൽ മകനെ ഭാര്യക്ക് വിട്ടുകൊടുക്കേണ്ടി വരുമോ എന്ന ഭയത്താൽ മേനോൻ നാടുവിട്ടു പോകുന്നു. വർഷങ്ങൾക്കൊടുവിൽ ഗ്രേസ് മാത്യൂസിനെ വിവാഹം കഴിക്കുകയും  പുതിയജീവിതം ആരംഭിക്കുകയും ചെയ്യുന്നു.

നാൽപ്പതോളം വർഷങ്ങൾക്കു ശേഷം അവർ കണ്ടുമുട്ടുന്നു. വാർദ്ധക്യത്തേയും  അവശതകളേയും അവയുടെ വഴിക്ക് വിട്ട്  ആരോഗ്യകരമായ ഒരു സൗഹൃദകാലം തുടങ്ങുന്നു.

ഗ്രേസിന്റെ മകൾക്ക് ഈ ബന്ധം ഇഷ്‌ടമാകുന്നില്ല. ഭർത്താവിന്റെ  പ്രേരണയാൽ  അവൾ അമ്മയോട് കലഹിക്കുകയാണ്. പാഞ്ചാലിയെപ്പോലെയാണ് അമ്മ എന്നാണ്  അയൽക്കാർ പറയുന്നത് എന്നവൾ ഗ്രേസിനോട്  പറഞ്ഞുപോകുന്നു.

ഇതു കേട്ട് ഗ്രേസ് പൊട്ടിത്തെറിക്കുകയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതു വിശ്വസിക്കാൻ മാത്രമേ ഉള്ളോ നിനക്കമ്മ എന്നു പറഞ്ഞവർ കരയുന്നു. തുടർന്നാണ് “പുരുഷനും സ്‌ത്രീയും തമ്മിലുള്ള ബന്ധത്തിന് സെക്‌സ് അല്ലാതെ വേറൊന്നും നിങ്ങക്കു കാണാൻ കഴിയില്ലേ?” എന്നവർ ചോദിക്കുന്നത്. ആകെ തകർന്നു പോയ ഗ്രേസിയെ മാത്യൂസ് ആശ്വസിപ്പിക്കുന്നു. ‘ആരോഗ്യോം യൗവ്വനവുമുള്ളിടത്തോളം ഇങ്ങനെയൊക്കെ ചിന്തിക്കാനേ അവർക്കു കഴിയൂ…. നമ്മളു കരുതുന്നപോലൊരു ബന്ധത്തിനെക്കുറിച്ചു മനസ്സിലാക്കണമെങ്കിൽ…. മനസ്സു തനിച്ചാവണം. ഒരു തുരുത്തിൽ ഒറ്റപ്പെടുന്നതു പോലെ’ എന്നയാൾ പറഞ്ഞു നിർത്തുന്നു.

തലമുറഭേദമില്ലാതെ ആൺപെൺ സൗഹൃദത്തെ ലൈംഗികമായി മാത്രം കാണുന്നു എന്ന തിരിച്ചറിവാണ് ഏറ്റവും ഭയാനകം. ഇവിടെ മകൾ ആഷ പുതിയ കാലത്തിന്റെ  പ്രതിനിധിയാണ്. ഉദ്യോഗസ്ഥയാണ്. അമ്മ പ്രായമായ സ്‌ത്രീയാണ്. മാത്രമല്ല, തളർവാതം ബാധിച്ച ഭർത്താവിന്റെ പരിചരണത്തിനായി ജീവിതം സമർപ്പിച്ചവളുമാണ്. ഇതെല്ലാം ഏറ്റവും നന്നായി മനസ്സിലാക്കിയിട്ടുള്ള മകൾ തന്നെയാണ് അമ്മയെ പ്രതിക്കൂട്ടിൽ കയറ്റി നിർത്തി വിസ്‌തരിക്കുന്നത്. കാലമെത്ര മാറിയാലും നമ്മെ അനുയാത്ര ചെയ്യുന്ന ഈ ചോദ്യം അതായിരിക്കും ഓരോ സ്‌ത്രീയുടേയും നിസ്സഹായതയുടെ പ്രകടനപത്രിക. ഇത്തരം വേദനകളിൽ നീറിയുലഞ്ഞ എല്ലാ സ്‌ത്രീകൾക്കുമായി ഇന്നത്തെ പെൺചൊല്ല് സമർപ്പിക്കുന്നു.

സിനിമയിൽ ഗ്രേസിയെ അവതരിപ്പിച്ചത്  ജയപ്രദയാണ്. എൺപതുകളിൽ ഇന്ത്യൻ സിനിമകളിലെ സൗന്ദര്യസാന്നിധ്യമായിരുന്ന നായിക. ആന്ധ്രാപ്രദേശുകാരിയായ ലളിതാറാണിയാണ് പതിനാലാം വയസ്സിൽ ജയപ്രദയായി തിരശ്ശീലയിൽ അരങ്ങേറ്റം കുറിച്ചത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട, ബംഗാളി, മലയാളം, മറാത്തി എന്നീ ഭാഷകളിലായി ഇരുന്നൂറിലധികം സിനിമകളിൽ  അഭിനയിച്ചിട്ടുണ്ട്. ഇനിയും കഥ തുടരും (1985), ദേവദൂതൻ (2000), ഈ സ്‌നേഹത്തീരത്ത് (2004), പ്രണയം (2011), കിണർ (2018) എന്നിവയാണ് മലയാളത്തിൽ അവരഭിനയിച്ച ചിത്രങ്ങൾ.

-സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account