ഒരു സിനിമയിലെ കഥാപാത്രത്തെ ഉൾക്കൊള്ളാൻ കാലവും പ്രായവും കൂടി സഹായിക്കുന്നു എന്ന തിരിച്ചറിവുണ്ടാക്കിത്തന്ന കഥാപാത്രമാണ് ദൈവത്തിന്റെ വികൃതികളിലെ  മാഗി. 1992 ൽ സിനിമ റിലീസായപ്പോൾ കണ്ട കാഴ്ച്ചയിൽ ശ്രീവിദ്യയുടെ അഭിനയമികവുമാത്രമായിരുന്നു ശ്രദ്ധയിൽപ്പെട്ടത്.  എന്നാൽ പഴയകാഴ്ച്ചകളുടെ പുതിയ നോട്ടത്തിലാണ് മാഗി എന്ന മധ്യവയസ്ക്കയുടെ അതിസങ്കീർണ്ണമായ എത്രയെത്ര ഭാവഭേദങ്ങളെയാണ്, അതിവിദഗ്‌ധമായി അഭിനയിച്ചു ഫലിപ്പിക്കാൻ ശ്രീവിദ്യയ്ക്കു കഴിഞ്ഞത് എന്ന് മനസ്സിലാകുന്നത്.

അൽഫോൺസ്  എന്ന മജീഷ്യന്റെ ദയനീയമായ ജീവിതത്തിലേക്കു ഫോക്കസ് ചെയ്യുന്ന ദൈവത്തിന്റെ വികൃതികൾ എന്ന സിനിമയിലെ ക്യാമറക്കണ്ണുകൾ  അതിസൂക്ഷ്‌മമായി ഒപ്പിയെടുത്ത മാഗി എന്ന നായിക നേരിടുന്ന അസ്‌തിത്വദുഃഖം  അപൂർവ്വമായ അനുഭവമാണ്. നായകന്റെ  ചിന്തകൾക്കും അവന്റെ നിസ്സഹായതകൾക്കും  അവന്റെ ദുരന്തത്തിനൊപ്പവും ചുറ്റിക്കറങ്ങുന്ന പ്രമേയവും ആ ദുരന്തത്തിന്റെ തീവ്രത കൂട്ടുന്ന അനുഭവമായി മാത്രം ആത്‌മബന്ധങ്ങളെ ചിത്രീകരിക്കുകയും ചെയ്യുന്ന ആവിഷ്‌കാരതന്ത്രമാണ് ദൈവത്തിന്റെ വികൃതികൾക്കുള്ളത്.

മാഗി ഏറ്റവും നിസ്സഹായയാണ്.  ബന്ധുക്കൾ മുഴുവൻ ജന്മനാട്ടിലേക്ക് ചേക്കേറിയിട്ടും അവൾക്ക് പോകാനാവുന്നില്ല. ‘എന്റെ തീരുമാനങ്ങൾ ഞാൻ മാറ്റാറില്ല’ എന്നു പറയുന്ന ഭർത്താവിന് മാഹിയുടെ മണ്ണു വിട്ടൊരു ജീവിതമില്ലെന്ന് അവൾക്കറിയാം. മാഹിയുടെ മണ്ണിൽ അവർ പറിച്ചുനടപ്പെട്ട ചെടികകളാണ്. പൂർണ്ണമായും ഈ മണ്ണിലേക്ക് വേരുകളാഴ്ത്താനാവാത്തവർ. അൽഫോൺസിനാണെങ്കിൽ മാഹിയോടാണ് പ്രിയം. ഈ മണ്ണുവിട്ട് മറ്റൊരിടം അയാൾക്ക് സങ്കൽപ്പിക്കാനേ സാധ്യമല്ല. അവരുടെ മകൻ മൈക്കിളിന്റെ ആഗ്രഹം ഫ്രാൻസിൽ പോകണമെന്നാണ്.

എല്ലാ സന്തോഷങ്ങളും മാറ്റിവെച്ച്  മാഗി ഭർത്താവിനൊപ്പം നിൽക്കുമ്പോൾ അവൾക്ക് സ്വന്തം  മകനെ നഷ്‌ടമാകുന്നു. തുടർന്ന് എല്ലാവർക്കും വേണ്ടി സന്തോഷമഭിനയിച്ചു ജീവിക്കുമ്പോഴും അവരുടെ മനസ്സ് എന്റെ മകൻ കണ്ണെത്താദൂരത്താണെങ്കിലും നന്നായി കഴിയുന്നു എന്ന് കേട്ടാൽ മതി എന്നു കേഴുകയാണ്. ലീവിനായി നാട്ടിൽ വന്ന ധർമ്മപാലനിൽ നിന്നാണ് തന്റെ മകൻ ഫ്രാൻസിലുണ്ടെന്ന് അവരറിയുന്നത്. ഒരിക്കൽ കണ്ടിരുന്നുവെന്നും പിന്നീട് കടലിലേക്കിറങ്ങിപ്പോയെന്നും ധർമ്മപാലൻ പറയുമ്പോൾ മാഗി അസ്വസ്ഥയാകുകയാണ്.  മകനെക്കുറിച്ചുള്ള ഓർമ്മയിൽ അതിഥിയുണ്ടെന്ന് പോലും ഓർക്കാതെ അവർ കരഞ്ഞു പോകുന്നു. ‘ഒന്നേ എനിക്കറിയണ്ടൂ.. എന്റെ മകൻ ജീവിച്ചിരിപ്പുണ്ടോ എന്ന്’ എന്ന്  പറഞ്ഞവർ വിങ്ങിപ്പൊട്ടുന്നു.

കടവും പ്രാരാബ്‌ധങ്ങളും ജീവിതത്തെ നീറ്റിപ്പുകയ്ക്കുന്ന സന്ദർഭത്തിൽ  സ്വന്തം ശരീരം വിറ്റുപോലും അവർ കുടുംബം പുലർത്തുകയാണ്.

പലകാര്യങ്ങളും അറിയാതെ അല്ലെങ്കിൽ അറിഞ്ഞില്ലെന്നു നടിക്കുന്ന അൽഫോൺസ്, മകളുടെ വിവാഹക്കാര്യത്തിൽ മാഗിയോടേറ്റു മുട്ടുന്നു. നിങ്ങളെ അനുസരിച്ചിടത്തോളം എനിക്ക് മതിയായി എന്നു പറഞ്ഞ്  അവർ പൊട്ടിത്തെറിക്കുന്നു. നേരമ്പോക്കുകൾക്കും മായാജാലങ്ങൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അൽഫോൺസും കുടുംബത്തിനു വേണ്ടി  ജീവിച്ച മാഗിയും ഒപ്പത്തിനൊപ്പം നിൽക്കുന്ന  കഥാപാത്രങ്ങളാണ്.  മൈക്കിളെന്ന മകനെ മനസ്സിലാക്കാത്ത അപ്പനും അപ്പനെ മനസ്സിലാക്കാത്ത മകനുമായി രണ്ടു പേരും തങ്ങളുടേതായ സ്വർഗത്തിൽ അഭിരമിക്കുമ്പോൾ വീട് സംരക്ഷിക്കാനും, കുടുംബത്തെ കുടുംബമാക്കിത്തന്നെ നിലനിർത്താനും, മകളുടെ ഭാവി സുരക്ഷിതമാക്കാനും വേണ്ടി സ്വന്തം ഇഷ്‌ടങ്ങളെ മുഴുവൻ ഹോമിക്കുന്ന ഭാര്യയായി, മകനെ നഷ്‌ടപ്പെടുന്ന അമ്മയായി മാഗി നിശ്ശബ്‌ദം   പ്രവർത്തിക്കുന്നു.

അൽഫോൺസ് പലകാര്യങ്ങളിലും  പരാജയപ്പെട്ട് ഏറ്റവും താഴ്ച്ചയിലേക്ക് വീഴുമ്പോൾ ഒരിക്കലും ഉയർന്നു വരാനാവാത്തൊരു ചതുപ്പിൽ പെട്ടുപോയവളാണ് മാഗി. ഇന്നും നഷ്‌ടപ്പെട്ടു പോയ മക്കൾക്കുവേണ്ടി വിലപിക്കുന്ന എത്രയോ അമ്മമാർ നമുക്കുണ്ട്. പല കാരണങ്ങൾ കൊണ്ടാണ് മക്കളെ അമ്മമാർക്ക് നഷ്‌ടപ്പെടുന്നത്. കുടുംബത്തിലെ പ്രശ്‌നങ്ങൾ മാത്രമല്ല, രാഷ്‌ട്രീയവും, സാമ്പത്തികബാധ്യതകളും, ലഹരി ഉപയോഗവും, തീവ്രവാദവും എല്ലാം അമ്മമാർക്ക് മക്കളെ നഷ്‌ടപ്പെടുത്തുന്നതാണ്. സോഷ്യൽ മീഡിയയിലെ ഹാഷ്‌ടാഗുകളായി കുറച്ചുദിവസം ആ വേദന മറ്റുള്ളവർ ആഘോഷിക്കുമെങ്കിലും പുതിയ പുതിയ വിവാദങ്ങൾക്കു പിന്നിൽ അവ മറവിയിലേക്ക്  കൂപ്പുകുത്തും. പക്ഷേ അമ്മ മനസ്സുകൾ  എരിയുന്ന നെരിപ്പോടുകളായി അമ്മ മനസ്സുകൾ നീറിക്കൊണ്ടേയിരിക്കും. ആ അമ്മമാർക്ക് മുന്നിൽ  ഇന്നത്തെ പെൺചൊല്ല് സമർപ്പിക്കുന്നു.

മാഗിയെ അവതരിപ്പിച്ചത് ശ്രീവിദ്യയാണ്. ജ്വലിക്കുന്ന സൗന്ദര്യവും അഭിനയമികവുമായി നാൽപ്പതു വർഷത്തോളം തിരശ്ശീലയെ ധന്യമാക്കിയ അഭിനേത്രി. സിനിമാതാരമായ വികടം ആർ കൃഷ്‌ണമൂർത്തിയുടേയും സംഗീതജ്ഞയായ ML കൃഷ്‌ണമൂർത്തിയുടേയും മകളായ ശ്രീവിദ്യ പതിമൂന്നാം വയസിലാണ് സിനിമാഭിനയം ആരംഭിക്കുന്നത്.1969 ൽ കുമാരസംഭവം എന്ന ചിത്രത്തിലെ നൃത്തരംഗത്തിലൂടെയാണ് ശ്രീവിദ്യ മലയാളത്തിലെത്തുന്നത്. ചട്ടമ്പിക്കവല എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാവുന്നത്. തുടർന്ന് മലയാളത്തിലും മറ്റു ഭാഷകളിലുമായി ഏകദേശം അഞ്ഞൂറോളം ചിത്രങ്ങൾ. നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. മാഗി എന്ന കഥാപാത്രം മികച്ച നടിക്കുള്ള സംസ്ഥാനപുരസ്‌കാരം നേടിക്കൊടുത്തു. അയലത്തെ സുന്ദരി, അമരൻ, ഒരു പൈങ്കിളിക്കഥ, നക്ഷത്രത്താരാട്ട് തുടങ്ങിയ നിരവധി സിനിമകളിൽ ഗായികയായും ശ്രീവിദ്യ പ്രവർത്തിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയൽ രംഗത്തും സജീവമായിരുന്നു.

-സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account