ഈ ഡയലോഗ് പറഞ്ഞ് മുഴുവനാക്കാൻ എല്ല് പൊട്ടിയ മൂക്ക് സമ്മതിക്കാതെ അറ്റൻഡർ വിഷമിക്കുമ്പോൾ നമ്മൾ ചിരിച്ചു പോകും, ഉള്ളടക്കം എന്ന സിനിമയിൽ ഫിലോമിന അവതരിപ്പിച്ച അറ്റൻഡർ കഥാപാത്രത്തിന്റെ ഡയലോഗാണിത്. തമാശകളിലൂടെ നമ്മെ രസിപ്പിക്കുമ്പോഴും  മനോരോഗാശുപത്രിയിലെ അറ്റൻഡർമാരുടെ ജീവിതം എത്രമാത്രം  റിസ്‌കുള്ളതാണെന്ന് ഈ കഥാപാത്രം ഓർമ്മിപ്പിക്കുന്നു.

ചിത്രത്തിലെ നായികയായ രേഷ്‌മ മനോരോഗാശുപത്രിയിൽ ചികിത്സക്കായി എത്തുമ്പോഴാണ് ഫിലോമിന ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്‌. രേഷ്‌മയുടെ രോഗാവസ്ഥയുടെ കാഠിന്യം പ്രേക്ഷകരെ മനസ്സിലാക്കിക്കുവാൻ വേണ്ടിയാണ് ഫിലോമിനയുടെ കഥാപാത്രത്തെ ചിത്രത്തിലവതരിപ്പിക്കുന്നത്. രേഷ്‌മയുടെ ആക്രമണത്തിൽ പരിക്കേറ്റ അവർ  ധാരാളം വെച്ചു കെട്ടലുകളുമായാണ് പിറ്റേ ദിവസം എത്തുന്നത്. സുഖമില്ലാത്ത അവസ്ഥയും ജോലിക്ക് എത്തിച്ചേരേണ്ട അവർ ഭയപ്പാടോടെയാണ് രേഷ്‌മയുടെ മുന്നിലെത്തുന്നത്.

എന്റെ ഔസേപ്പു പുണ്യാളാ ഞാൻ ജീവനോടെ തിരിച്ചു വന്നാൽ മെഴുകുതിരി കത്തിച്ചോളാമേ എന്നു നേർന്നുകൊണ്ടാണ് ഇവർ രോഗിയുടെ മുറിയിലേക്ക് കയറുന്നത് തന്നെ. ആ നിസ്സഹായാവസ്ഥ പോലും പ്രേക്ഷകരെ  പൊട്ടിച്ചിരിപ്പിക്കുകയാണ്. രണ്ട് എരട്ടകളടക്കം എട്ടു മക്കളാണെനിക്ക്. കെട്ട്യോൻ തളർവാതം പിടിച്ച് കിടക്കാണ്. അങ്ങേരെ വിധവയാക്കല്ലേ രേഷ്‌മകൊച്ചേ എന്ന് പറഞ്ഞ്, ഭയത്തോടെ തന്റെ ജോലി നിർവഹിക്കുകയും ചെയ്യുന്നതിനിടയിൽ ആത്മപ്രശംസ  നടത്തുന്ന സന്ദർഭത്തിലാണ് ‘മർമ്മം നോക്കി ഞാൻ പിടിച്ചാ പിന്നെ മദമിളകിയ ആന വരെ മൂക്കോണ്ട് റ വരയ്ക്കും’ എന്നവർ പറയുന്നത്.

പിന്നീടൊരു സമയത്ത് രേഷ്‌മയെ സ്വന്തം ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള പരിശ്രമത്തിനിടയിൽ ആനി രേഷ്‌മയോട് ചില കള്ളങ്ങൾ പറയുന്നുണ്ട് .ഇത് മനസ്സിലാകാതെ  വരുന്ന ഫിലോമിനയുടെ കഥാപാത്രം ഒരിത്തിരി ദേഷ്യത്തോടെയും ഒപ്പം നിസ്സഹായതയോടെയും പ്രതികരിക്കുന്നത്, ‘ആനയ്ക്കു ഭ്രാന്ത് പിടിച്ചാൽ ചങ്ങലക്കിടാം. ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാൽ യൂണിഫോമിലിടാം’ എന്ന സംഭാഷണത്തിലൂടെയാണ്.

ദൈന്യതയെപ്പോലും ഹാസ്യമാക്കി മാറ്റുന്ന  അതുല്യയായ അഭിനേത്രിയായിരുന്നു ഫിലോമിന. എത്രകേട്ടാലും ചിരിച്ചു മതിയാവാത്ത എത്രയെത്ര സംഭാഷണങ്ങൾ. ട്രോളുകളിൽ ഇടം പിടിച്ച ഒരു പാട് സംഭാഷണങ്ങളിലൂടെ ഇന്നും  ഫിലോമിന നമ്മുടെയുള്ളിൽ ജീവനോടെ നിലനിൽക്കുന്നു. സ്വന്തം വേദന പോലും മറ്റുള്ളവരെ  രസിപ്പിക്കുന്നതിനായി പ്രയോഗിക്കുന്ന ഹാസ്യതാരങ്ങളെക്കുറിച്ച്  അധികമാരും  പറഞ്ഞു കേൾക്കാനില്ല.

അടൂർ ഭവാനിയും അടൂർ പങ്കജവും ശ്രീലതയും മീനയും കെ.പി.എ.സി ലളിതയും ലളിതശ്രീയുമൊക്കെ അരങ്ങു വാണിരുന്ന കാലത്താണ് സ്വതസിദ്ധമായ തൃശ്ശൂർ ശൈലിയിൽ  സരസമായി സംസാരിച്ചുകൊണ്ട് ഫിലോമിന വെളളിത്തിരയിലെത്തിയത്. നാടകരംഗത്ത് നിന്നാണ് ഫിലോമിന സിനിമയിലെത്തിയത്‌.

കുട്ടിക്കുപ്പായം എന്ന ചിത്രത്തിൽ പ്രേംനസീറിന്റെ അമ്മയായിട്ടാണ് അവർ ആദ്യം അഭിനയിക്കുന്നത്. മുഴുനീള കഥാപാത്രങ്ങളുടെ എണ്ണം കുറവാണെങ്കിലും നിരവധി ഹാസ്യമുഹൂർത്തങ്ങളിലൂടെ മലയാളസിനിമയുടെ അവിഭാജ്യഘടകമായി മാറിയ അഭിനേത്രിയാണ് അവർ. സ്ഥിരം അമ്മവേഷങ്ങളിൽ നിന്ന് മോചിതയാക്കി ഫിലോമിനക്ക് ഹാസ്യ കഥാപാത്രത്തെ ആദ്യമായി നൽകിയത് സത്യൻ അന്തിക്കാടായിരുന്നു. മണ്ടൻമാർ ലണ്ടനിൽ എന്ന ചിത്രത്തെത്തുടർന്ന് പിന്നീട് നിരവധി ഹാസ്യ കഥാപാത്രങ്ങൾ അവരെത്തേടിയെത്തി.

ഗോഡ് ഫാദറിലെ ആനപ്പാറഅച്ചാമ്മയും സസ്‌നേഹത്തിലെ അമ്മായിയമ്മയും വിയറ്റ്നാം കോളനിയിലെ ഉമ്മയുമെല്ലാം കൃത്രിമത്വമില്ലാത്ത ആ അഭിനയശേഷിയുടെ ഉദാഹരണങ്ങളാണ്. രണ്ടു തവണ മികച്ച സഹനടിക്കുള്ള അവാർഡ് സ്വന്തമാക്കിയ ഫിലോമിന എൺപതാം വയസ്സിൽ ഈ ലോകത്തു നിന്ന് വിടപറയുന്നതു വരെ അഭിനയരംഗത്ത് സജീവമായിരുന്നു.

എഴുന്നൂറ്റമ്പതോളം ചിത്രങ്ങളിലെ ഭാവവൈവിധ്യത്തെ കേവലം ഒരു സംഭാഷണത്തിലൂടെ മാത്രം  വിലയിരുത്തുന്നതിനേക്കാൾ ബുദ്ധിശൂന്യമായ കാര്യമില്ലെന്നറിയാം. എങ്കിലും ഗോഡ് ഫാദറിലെ പനിനീരു തളിയാനേ എന്ന ഒറ്റ ഡയലോഗിലൂടെ ഇന്നും നമ്മുടെയുളളിൽ ചിരി പടർത്താൻ ആ വാചകത്തിനു കഴിയുന്നു.

അഭിനയിച്ച നൂറുക്കണക്കിന് സിനിമകളിലെ നൂറുക്കണക്കിന് സംഭാഷണങ്ങളിലൂടെ നമ്മുടെ ഹാസ്യബോധം നിലനിൽക്കുന്നിടത്തോളം കാലം ഫിലോമിന എന്ന അഭിനയപ്രതിഭയും നിലനിൽക്കും. ഇന്നത്തെ പെൺചൊല്ല് ആദരപൂർവ്വം ഫിലോമിനയുടെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നു.

-സ്വപ്‌ന സി കോമ്പാത്ത്

1 Comment
  1. Vipin 2 years ago

    A great actress!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account