ഇത് പറയുന്നത് അനിയത്തിപ്രാവ് എന്ന സിനിമയിലെ മിനി എന്ന കഥാപാത്രമാണ്. ഡയലോഗിലേക്ക് കടക്കുന്നതിനേക്കാൾ മുമ്പ് അഭിനേതാവിനെക്കുറിച്ച് പറയണമെന്നു തോന്നുന്നു. പ്രേക്ഷകരിലെ വാത്സല്യഭാവത്തെ ഏറ്റവുമധികം ചൂഷണം ചെയ്‌ത ബാലതാരങ്ങളിലൊരാളാണ് ബേബിശാലിനി. മുതിർന്നിട്ടും നായികയായിട്ടും ആ കുട്ടി നമുക്ക് ബേബി ശാലിനി തന്നെയായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി മുപ്പതോളം സിനിമകളിൽ ബാലതാരമായഭിനയിച്ച ശാലിനിയെ കേന്ദ്രകഥാപാത്രമായി ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത് ഫാസിലാണ്. തിരിച്ചുവരവിൽ നായികയായി ശാലിനിയെ സിനിമയിലവതരിപ്പിച്ചതും ഫാസിൽ തന്നെ.

21വർഷങ്ങൾക്കു മുമ്പ് 12 കോടിയോളം രൂപയുടെ ലാഭം നേടിയ പുതുമുഖ ചിത്രമായിരുന്നു അനിയത്തിപ്രാവ്. കുഞ്ചാക്കോബോബന്റെ ആദ്യചിത്രം. ശ്രദ്ധിക്കപ്പെട്ട നിരവധി പാട്ടുകൾ. നിരവധി ഭാഷകളിലേക്ക് ചിത്രം പുനർനിർമ്മിക്കപ്പെട്ടു. ചിത്രത്തിന്റെ പ്രമേയം പ്രണയമായിരുന്നു.

പ്രണയത്തെ അംഗീകരിക്കാൻ ഇന്നും  പലർക്കും  മടിയാണ്.പ്രത്യേകിച്ചും  നൂറുശതമാനം സാക്ഷരരുള്ള നമ്മുടെ കേരളത്തിൽപ്പോലും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ദുരഭിമാനക്കൊലപാതകങ്ങൾ വർധിച്ച് വരുന്നത് പ്രണയത്തിന്റെ കാര്യത്തിൽ കാലം മാറിയിട്ടില്ല എന്നതിന്റെ തെളിവാണ്.

അനിയത്തിപ്രാവിലെ നായികാനായകൻമാർ വ്യത്യസ്‌തമതങ്ങളിൽ പെട്ടവരാണ്. അവരുടെ ബന്ധത്തെ വീട്ടുകാർ അംഗീകരിക്കാതിരിക്കുന്ന സാഹചര്യത്തിൽ സുഹൃത്തുക്കളുടെ സഹായത്തോടെ അവർ ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്നു.  പക്ഷേ കുടുംബാംഗങ്ങളുടെ നിരാശയും അന്ധമായ സ്‌നേഹവും അവരെ പുനർവിചിന്തനത്തിന്  പ്രേരിപ്പിക്കുകയാണ്. മനസ്സില്ലാ മനസ്സോടെയാണെങ്കിലും തിരിച്ചു പോകാൻ തയ്യാറെടുക്കുന്ന സന്ദർഭത്തിൽ മിനി പറയുന്ന വാക്കുകളാണ് ഇന്നത്തെ പെൺചൊല്ല്.

തിരിച്ചു ചെല്ലുന്ന മക്കളുടെ ഹൃദയത്തിനേറ്റ മുറിവ് ഉണങ്ങാൻ പോലും സമയം കൊടുക്കാതെ അവരുടെ വിവാഹം പെട്ടെന്ന് തീരുമാനിക്കുന്ന ഹിമാലയൻ അബദ്ധം മിനിയുടെയും സുധിയുടേയും രക്ഷിതാക്കളും പിന്തുടരുന്നു. ഇതാണ് ഒട്ടുമിക്ക സ്ഥലങ്ങളിലും കണ്ടു വരുന്നത്.  ഒടുവിൽ മാതാപിതാക്കൾ മക്കൾക്കു മുന്നിൽ മുട്ടുകുത്തി  തങ്ങളുടെ തീരുമാനം മാറ്റുന്നു. സ്‌നേഹം കൊണ്ടുള്ള തോൽവികൾ

ശുഭപര്യവസായിയായ സിനിമ കണ്ട്  കണ്ണുനീർ തുടച്ചിറങ്ങിയ പ്രേക്ഷകർ പോലും തങ്ങളുടെ ജീവിതത്തിൽ ഇത്തരം അവസ്ഥകളുണ്ടായപ്പോൾ വീണ്ടും പ്രണയത്തെ തള്ളിപ്പറഞ്ഞിട്ടുണ്ടാവും. അതാണല്ലോ എന്നും സംഭവിക്കാറുള്ളത്.

തിരിച്ചുവരവിൽ ഏഴ് സിനിമകളിലാണ് അഭിനയിച്ച്. അനിയത്തി പ്രാവ്, കൈക്കുടന്ന നിലാവ്, കളിയൂഞ്ഞാൽ, പ്രേം പൂജാരി, നക്ഷത്രത്താരാട്ട്, സുന്ദരകില്ലാഡി, നിറം എന്നിവയാണവ.

അനിയത്തിപ്രാവ് എന്ന സിനിമയിൽ ശാലിനിക്ക് ശബ്‌ദം നൽകിയത് അനുഗ്രഹീത കലാകാരിയായ ശ്രീജയാണ്. ഇന്നത്തെ  പെൺചൊല്ല് ശാലിനിക്കുവേണ്ടി മാത്രമല്ല, കുട്ടിക്കാലത്ത് ശാലിനി അഭിനയിച്ച പല ചിത്രങ്ങൾക്കും വാത്സല്യം തുളുമ്പുന്ന കിളിക്കൊഞ്ചൽ സമ്മാനിച്ച അമ്പിളി എന്ന ശബ്‌ദകലാകാരിക്കു വേണ്ടി കൂടിയാണ്. ഒരുപാടൊരുപാട് സിനിമകളിൽ നമ്മെ സന്തോഷിപ്പിച്ച കഥാപാത്രങ്ങളുടെ ശബ്‌ദമായി മാറിയ ആ ശബ്‌ദകലാകാരിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

-സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account