ഇടുക്കി ചെറുതോണി ഡാം തുറന്നപ്പോൾ ഉണ്ടായ മലവെളളപ്പാച്ചിലിൽ പുഴ അത് പണ്ടൊഴുകിയ വഴികളെല്ലാം തിരിച്ചുപിടിച്ചെന്നാണ് പലരും പറയുന്നത്. പുഴയൊഴുകിയ വഴികൾ എവിടെപ്പോയി എന്ന് തലപുകഞ്ഞാലോചിക്കാനൊന്നുമില്ല. ചെറുതും വലുതുമായ പലതരം കയ്യേറ്റങ്ങൾ തന്നെയാണ് പുഴയെ ഒഴിവാക്കിയത്. കാലാകാലങ്ങളായി അധികാരം ദുർവിനിയോഗം ചെയ്‌ത പലരുടേയും ഒത്താശയോടെയാണ് പല പ്രമുഖരും വനഭൂമിയും പുഴയുമെല്ലാം കയ്യേറിയതെന്ന് കൊച്ചു കുട്ടികൾക്കു പോലും അറിയാം.

പക്ഷേ, തിരുവായ്ക്കെതിർ വായില്ലാത്തതുപോലെ എല്ലാവരും മൗനം പാലിക്കുന്നു.  ജനപ്രതിനിധികൾ എങ്ങനെയാവണമെന്ന് സത്യൻഅന്തിക്കാട് നമുക്കൊരു  സിനിമയിൽ കാണിച്ചു തരുന്നുണ്ട്. 1993 ൽ പുറത്തിറങ്ങിയ സമൂഹം എന്ന ചിത്രത്തിൽ രാജലക്ഷ്‌മി എന്ന  MLA യാണ് നായിക.  അധികാരവും പ്രശസ്‌തിയൊന്നും ആഗ്രഹിക്കാത്ത ഒരു സാധാരണ ഉദ്യോഗസ്ഥയിൽ നിന്ന് അപ്രതീക്ഷിതമായി MLA സ്ഥാനത്തേക്കെത്തിയപ്പോൾ അവർക്ക് നേരിടേണ്ടി വന്ന സമ്മർദ്ദങ്ങൾ, അവർ താണ്ടേണ്ടി വന്ന പരീക്ഷണക്കടലുകൾ തുടങ്ങിയവയെല്ലാം ഏറ്റവും സ്വാഭാവികമായ രീതിയിൽ ദൃശ്യവത്ക്കരിച്ചിട്ടുള്ള സിനിമയാണ് സമൂഹം.

ഒരു സഹകരണ സംഘത്തിന്  വേണ്ടി  ജനങ്ങൾ പിരിച്ചെടുത്ത പണത്തിനും തരിമ്പും വില കൽപ്പിക്കാതെ ആ സ്ഥലം മാഫിയക്കു കൈമാറുന്ന മന്ത്രിയെ ചോദ്യം ചെയ്യുന്ന രാജലക്ഷ്‌മിയെ മന്ത്രി ചില രാഷ്‌ട്രീയ തത്ത്വങ്ങൾ പഠിപ്പിക്കുന്നു. ‘ചോദിച്ച ഉടനെ എല്ലാം കൊടുത്താൽ പിന്നെ ജനങ്ങളെക്കൊണ്ട് നമുക്കെന്ത് കാര്യം? ഇന്നു കിട്ടും നാളെ കിട്ടും എന്ന് പ്രതീക്ഷ നീട്ടിനീട്ടിക്കൊണ്ടു പോവാം’. ഈ പ്രതീക്ഷയാണ് ജനാധിപത്യത്തിന്റെ അടിത്തറ എന്നാണ്  മന്ത്രിഭാഷ്യം. രാഷ്‌ട്രീയം അന്തമില്ലാത്ത കടലാണെന്ന് പറയുന്ന മന്ത്രിയെ   ചോദ്യം ചെയ്യുന്ന രാജലക്ഷ്‌മിയെ വേരോടെ പിഴുതുകളയുമെന്ന് മന്ത്രി ഭീഷണിപ്പെടുത്തുന്നു.

തുടർന്ന് മന്ത്രിയെ വഴിയിൽ തടയുന്ന രാജലക്ഷ്‌മി ചുറ്റുമുള്ള അനുയായികളെ ചൂണ്ടിക്കാണിച്ച് ‘നിങ്ങളെപ്പോലെയുള്ളവരെ വോട്ടുചെയ്‌ത്‌   വിജയിപ്പിച്ച  കഴുതകളാണല്ലോ ഇവർ’ എന്ന് താനടങ്ങുന്ന  സമൂഹത്തെ വിമർശിക്കുന്നു. എന്നാൽ, ‘തന്നെ വിശ്വസിച്ച് ഈ ജോലി ഏൽപ്പിച്ചത് ഈ നാട്ടുകാരാണ് അവരെ വഞ്ചിക്കുന്ന ഒരു കാര്യത്തിനും ഞാൻ കൂട്ട്നിൽക്കില്ല’ എന്നവർക്ക് ഉറപ്പിച്ച് പറയാൻ സാധിക്കുന്നു.

ഒരു ജനപ്രതിനിധിയിൽ നിന്ന് നമ്മൾ കേൾക്കാൻ കൊതിക്കുന്ന ഏറ്റവും  ആത്‌മാർത്ഥമായ ഈ വാക്കുകൾ  നമുക്കൊരുക്കിയത് ജെ. പള്ളാശ്ശേരിയാണ്‌. ജനപ്രതിനിധികളായ സ്‌ത്രീകളെ നായികാ സ്ഥാനത്ത് അപൂർവ്വമായിട്ടെങ്കിലും നമ്മൾ  കണ്ടിട്ടുണ്ടെങ്കിലും അവളുടെ അധികാരത്തെ അംഗീകരിക്കാൻ മടികാണിക്കുന്ന ഉദ്യോഗസ്ഥവൃന്ദവും, അവളെ തങ്ങളുടെ നേട്ടങ്ങൾക്കുള്ള കരുവാക്കുന്ന ബന്ധുക്കളും, ഏത് അധികാരം കൈയാളുന്ന വ്യക്‌തിയായാലും പെണ്ണ് എന്നും തന്റെ ഇഷ്‌ടത്തിനനുസരിച്ച് മാത്രം പെരുമാറണമെന്നാഗ്രഹിക്കുന്ന പുരുഷമനോഭാവവും എല്ലാം ചേർന്ന് രാജലക്ഷ്‌മിയേയും ഭരിക്കാൻ  ശ്രമിക്കുന്നുണ്ട്. അത്തരം നിസ്സഹായതകളെ എതിരാളികൾ മുതൽക്കൂട്ടാക്കുമ്പോൾ രാജലക്ഷ്‌മി കൂടുതൽ കരുത്താർജ്ജിക്കുന്നു. ഒറ്റപ്പെടലുകൾ പോരാട്ടത്തെ കൂടുതൽ വീര്യമുള്ളതാക്കി മാറ്റുന്നു.

രാജലക്ഷ്‌മിയെ സിനിമയിൽ ഭദ്രമാക്കിയത്   സുഹാസിനിയാണ്. കൂടെവിടെയിലെ ആലീസായും പ്രണാമത്തിലെ ഉഷയായും, രാക്കുയിലിൻ രാഗസദസ്സിലെ ജനനിയായും, മണിവത്തൂരിലെ ആയിരം ശിവരാത്രികളിലെ നീനയായും, ഒരു സായാഹ്നത്തിന്റെ സ്വപ്‌നത്തിലെ ക്യാപ്റ്റൻ ആലീസ് ചെറിയാനായും, വാനപ്രസ്ഥത്തിലെ സുഭദ്രയായും, തീർത്ഥാടനത്തിലെ വിനോദിനിയായും, നമ്മളിലെ സ്‌നേഹലതയായും നമ്മെ അതിശയിപ്പിച്ച  സുഹാസിനി. പിന്നെയും എത്രയെത്ര കഥാപാത്രങ്ങൾ…

ചലച്ചിത്രത്തിന്റെ അരങ്ങിലെന്നപോലെ പിന്നണിയിലും പെൺകരുത്ത് തെളിയിച്ച സുഹാസിനിക്ക് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സിനിമ സുഹാസിനിക്ക് കുടുംബ കാര്യമാണ്. ചാരുഹാസന്റെ മകൾ, കമൽഹാസന്റെ അനന്തിരവൾ, ശ്രുതിഹാസൻ, അക്ഷരഹാസൻ, അനുഹാസൻ എന്നിവരുടെ സഹോദരീസ്ഥാനം, മണിരത്തിനത്തിന്റെ ഭാര്യ. കൂട്ടത്തിൽ മികച്ച അഭിനയപാടവവും സംവിധാനമികവും. തെന്നിന്ത്യയിലെ വിരലിലെണ്ണാവുന്ന വനിതാസംവിധായികമാരിലൊരാളായ സുഹാസിനിക്കാണ് ഇന്നത്തെ പെൺചൊല്ല് സമർപ്പിക്കുന്നത്.

-സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account