അനാഥത്വമാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദന. അവഗണനയാണ് ജീവിതത്തിലെ ഏറ്റവും ക്രൂരമായ ശിക്ഷ. മനസ്സാവാചാകർമ്മണാ തെറ്റുകളൊന്നും ചെയ്യാത്തവർ പോലും അനാഥത്വത്തിന്റെ പടുകുഴിയിലേക്ക് തള്ളപ്പെടുന്നത്  ഒറ്റപ്പെട്ട  കാഴ്ച്ചകളല്ല. പ്രകൃതിദുരന്തങ്ങളും യുദ്ധങ്ങളും എത്രയോ അനവധി ആളുകളെ അനാഥരാക്കുന്നു. അതിനേക്കാൾ ക്രൂരമാണ് ജന്മം മുതൽ അനാഥാലയങ്ങളിൽ കഴിയേണ്ടി വരുന്നവരുടെ  അവസ്ഥ.

മിക്കപ്പോഴും തങ്ങളുടെ അഭിമാനസംരക്ഷണത്തിനായാണ് പലരും സ്വന്തം രക്‌തത്തിൽ പിറന്ന കുഞ്ഞുങ്ങളെ അനാഥാലയങ്ങളിൽ ഉപേക്ഷിക്കുന്നത്‌. അച്ഛനാരാണെന്നും അമ്മയാരാണെന്നും അറിയാനവകാശമില്ലാതെ വളരുന്ന അത്തരം കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ, ജീവിതത്തിൽ അവരെ വിടാതെ പിന്തുടരുന്ന അരക്ഷിതാവസ്ഥ, അവരെ മുറിവേൽപ്പിക്കുന്ന അപമാനങ്ങൾ, സന്തോഷങ്ങൾ പങ്കുവെക്കുവാനോ സമ്മാനങ്ങൾ കൊടുക്കാനോ വാങ്ങാനോ ഉള്ള അവസരങ്ങളുടെ നിഷേധം, എന്തിന് ഓർത്തെടുക്കാൻ ഒരു പിറന്നാള്  പോലും ഇല്ലാത്തവരായി ജാതിയോ മതമോ വിശ്വാസങ്ങളോ ആചാരങ്ങളോ ഒന്നും അറിയാതെ എല്ലാത്തിനെയും പരിഭ്രമത്തോടെ നോക്കുന്ന ഒരാളായി എത്രയോ പേർ ജീവിക്കുന്നു.

മായാവിനോദിനി കേന്ദ്രകഥാപാത്രമായി 1991 ഏപ്രിൽ 10 ന് റിലീസായ ഫാസിൽ ചിത്രമാണ് എന്റെ സ്വന്തം സൂര്യപുത്രിക്ക്. നായികാപ്രാധാന്യമുള്ള ഈ ചിത്രം തിയറ്ററുകളിൽ വൻ കളക്ഷൻ നേടിയിരുന്നു. കെ എസ്  വസുന്ധരാദേവി എന്ന പ്രശസ്‌ത ഗായികയുടെ അവിഹിതസന്തതിയാണവൾ. അമ്മയാരാണെന്നും അച്ഛനാരാണെന്നും അറിയാതെ ലോക്കൽ ഗാർഡിയനായ ശിവപ്രസാദിന്റെ സംരക്ഷണയിൽ വളർന്നു വന്നവൾ. ഒടുവിൽ അവൾക്കിഷ്‌ടപ്പെട്ട വിവാഹത്തിനു വേണ്ടി അച്ഛനും  അമ്മയും  ആരാണെന്ന് കണ്ടെത്തേണ്ട ബാധ്യത അവളിൽ നിക്ഷിപ്‌തമാകുന്നു. തുടർന്ന് നടത്തുന്ന അന്വേഷണത്തിൽ വസുന്ധരാദേവിയാണ് തന്റെ അമ്മയെന്ന് അവൾ മനസ്സിലാക്കുന്നു. തുടർന്ന് അച്ഛനെ അറിയാനുള്ള ശ്രമമാണ്. അമ്മ അതിന് സമ്മതിക്കുന്നില്ല. തുടർന്നുള്ള അവളുടെ പ്രതിഷേധത്തിന് മുന്നിൽ അമ്മയുടെ മനസ്സുരുകുന്നു. അച്ഛന്റെ പേര് പറയാൻ അവരപ്പോഴും തയ്യാറായിരുന്നില്ല.

അച്ഛനെക്കുറിച്ച് അറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല എന്ന് പറയുന്ന മായ അമ്മയോട് “ഞാനെന്റെ അമ്മയെ കണ്ടുപോയില്ലേ? സംസാരിച്ചു പോയില്ലേ?ഇനി മറക്കാനെനിക്കാവില്ല. ആരും കാണാതെ വല്ലപ്പോഴുമൊക്കെ ഒരിത്തിരി സ്‌നേഹം എനിക്കു തന്നൂടേ? ഒരമ്മയുടെ സ്‌നേഹം” എന്നു ചോദിക്കുമ്പോൾ നമ്മുടെ കണ്ണുപോലും നിറഞ്ഞു പോവും. ഒടുവിൽ സമ്പത്തിന് വേണ്ടി വസുന്ധരാദേവിയെ കൊലപ്പെടുത്തിയവരോട് പ്രതികാരം ചെയ്‌ത മായയെ മംഗല്യസൂത്രത്തിന്റെ സുരക്ഷയിലാണ് അവളുടെ കാമുകനായ ഡോക്റ്റർ ശ്രീനിവാസ് കാരാഗൃഹത്തിന്റെ ഏകാന്തതയിലേക്ക് പറഞ്ഞു വിടുന്നത്.

മായാവിനോദിനിയുടെ പ്രസരിപ്പിനെ തിരശ്ശീലയോട് ചേർത്തു നിർത്തിയത്  അമലാമുഖർജിയാണ്.  ബംഗാളിയായ അച്ഛന്റേയും ഐറിഷുകാരിയായ അമ്മയുടേയും മകളായി ജനിച്ച അമല ചെന്നൈ കലാക്ഷേത്രയിൽ നിന്ന് ഭരതനാട്യത്തിൽ ഡിഗ്രിയെടുത്തു. ടി രാജേന്ദറിന്റെ മൈഥിലി എന്നൈ കാതലി എന്ന ചിത്രത്തിലാണ് അരങ്ങേറ്റം കുറിച്ചത്. കമൽ സംവിധാനം ചെയ്‌ത ഉള്ളടക്കമായിരുന്നു അമലയുടെ മലയാളത്തിലെ രണ്ടാമത്തെ സിനിമ. 26 വർഷങ്ങൾക്കു ശേഷം  c/o സൈറാബാനു എന്ന സിനിമയിലൂടെ   അമല വീണ്ടും മലയാളത്തിലെത്തി.

അനാഥരില്ലാത്ത ഒരു ലോകം അത് സാധ്യമാണോ എന്നറിയില്ല. പക്ഷേ മറ്റുള്ളവരെ ചേർത്തു നിർത്താൻ നമുക്കാവുമല്ലോ. അനാഥത്വത്തിന്റെ മുൾക്കിരീടം കൊണ്ട് കുനിഞ്ഞുപോയ ശിരസ്സുകളുള്ള എല്ലാ കുഞ്ഞുങ്ങൾക്കുമായി ഇന്നത്തെ പെൺ ചൊല്ല് സമർപ്പിക്കുന്നു.

-സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account