1992 ൽ പ്രദർശനത്തിനെത്തിയ “അയലത്തെ അദ്ദേഹം” എന്ന ചിത്രത്തിലെ  നായിക സുലോചന ഭർത്താവായ പ്രേമചന്ദ്രനോട് ചോദിക്കുന്ന ചോദ്യമാണിത്. ശശിധരൻ ആറാട്ടുവഴിയുടെ കഥയെ രാജസേനനാണ് സിനിമയുടെ  വഴികളിലേക്ക് പറിച്ചുനട്ടത്. ജയറാം ചിത്രത്തിലെ നായക കഥാപാത്രമായ പ്രേമചന്ദ്രനെയും ഗൗതമി നായികാകഥാപാത്രമായ സുലോചനയുടെയും  വേഷം അവതരിപ്പിച്ചു.

അയൽപക്കക്കാരന്റെ പുറംപൂച്ചുകളിൽ മയങ്ങി സ്വന്തം ഭർത്താവിന്റെ നന്മകൾ തിരിച്ചറിയാതെ പോകുന്നവളാണ് ഇതിലെ നായിക എന്ന മട്ടിലുള്ള വിലയിരുത്തലുകളാണ് പലയിടത്തും കണ്ടത്. ചില ബലഹീനതകളൊക്കെ നായികാകഥാപാത്രത്തിനുണ്ടെങ്കിലും പല സന്ദർഭങ്ങളിലും സ്‌ത്രീയെ ഒരു വ്യക്‌തിയായി നമ്മുടെ കുടുംബങ്ങൾ അംഗീകരിക്കുന്നില്ല എന്ന ദൃശ്യങ്ങൾ സിനിമ സമ്മാനിക്കുന്നു. സ്‌ത്രീകളെ പരിഹസിക്കാൻ വേണ്ടി മാത്രം സൃഷ്‌ടിച്ചത് എന്ന് അടച്ചാക്ഷേപിക്കാൻ  സാധിക്കില്ലെങ്കിലും അവളുടെ പല ആഗ്രഹങ്ങളെയും നിസ്സാരവത്ക്കരിക്കാനുള്ള ശ്രമങ്ങൾ ഇതിൽ നിരവധിയായുണ്ട്. .ഭാര്യയുടെ മനസ്സിൽ മറ്റൊരു പുരുഷനോട് ബഹുമാനം ഉണ്ടാകുമ്പോൾ ഭർത്താവ് അസ്വസ്ഥനാകുന്നതും ആ വ്യക്‌തിയുടെ കുറ്റം കണ്ടുപിടിക്കാൻ  പരിശ്രമിക്കുന്നതും ഒടുവിൽ, സ്വന്തം ഭാര്യയെ പ്രണയപൂർവ്വം ചേർത്തുപിടിക്കുന്ന രാജീവന്റെ മുഖംമൂടി വലിച്ചുകീറുന്നതും കണ്ടില്ലെന്നു നടിക്കാനാവില്ല.

പ്രേമചന്ദ്രൻ അയാളുടേതായ ചട്ടക്കൂടുകൾക്കുള്ളിൽ ജീവിക്കുന്ന ഒരാളാണ്. തന്റെ ഭാര്യയും തന്റെ ഇഷ്‌ടങ്ങൾക്കനുസരിച്ച്  മാത്രം ചരിക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ചിട്ടുള്ളയാൾ. പ്രേമചന്ദ്രന് ഇഷ്‌ടമില്ല എന്ന ഒറ്റക്കാരണത്താൽ മാത്രം ചുരിദാറിടാൻ യോഗമില്ലാത്തവളായി സുലോചന മാറുന്നു.

പുതിയ ഫാഷനിലുള്ള ബ്ലൗസ് ഇടുന്നതിനുപോലും അനുവാദമില്ലാതെ  വന്നപ്പോൾ അവൾ പ്രതികരിക്കുകയാണ്. ‘ഒരു ഭാര്യയാണെന്ന് വെച്ച് എന്റെ ടേസ്റ്റുകൾ ഞാൻ സറണ്ടർ ചെയ്യണോ?’ എന്നാണവളുടെ ചോദ്യം. ഈ ചോദ്യവും മറ്റെല്ലാ ചോദ്യങ്ങളെയും പോലെ പുച്ഛത്തോടെ അവഗണിക്കപ്പെടുന്നു. ഉത്തരം കിട്ടാത്തതാണെങ്കിലും ഇതൊരു നിസ്സാരമായ ചോദ്യമല്ല. ജീവിതത്തിൽ ആയിരക്കണക്കിന് തവണ ഇതേചോദ്യം പല ഭാര്യമാരും ആവർത്തിച്ചിട്ടുണ്ട്.

സുലോചന ഒരു ബുദ്ധിയില്ലാത്തവളും അവളുടെ ആഗ്രഹങ്ങൾ അബദ്ധങ്ങളുമാണെന്നും സ്‌നേഹം പ്രകടിപ്പിക്കാനുള്ളതല്ലെന്ന് വരുത്തിത്തീർക്കുമ്പോഴും ഇത്തരത്തിൽ ഒരു ചോദ്യം സുലോചനയ്ക്കായി മാറ്റിവെച്ചത് അതുഭുതപ്പെടുത്തുന്നു.

വിവാഹാനന്തരം ഒരു സ്‌ത്രീ അവളുടെ എത്രയോ രുചികളെ ഉപേക്ഷിക്കാൻ നിർബന്ധിതയാകുന്നു.  എത്രയെത്രയോ അഭിരുചികളെ, എത്രയെത്രയോ  പ്രിയപ്പെട്ട ഇടങ്ങളെ, എത്രയെത്രയോ സ്വപ്‌നങ്ങളെ, പ്രതീക്ഷകളെ … ഒടുവിൽ അടുക്കളയെന്ന ‘വേവു നിലത്തിൽ’ ഉരുകിത്തീരുന്നു. വീട്ടമ്മമാർ മാത്രമല്ല ഉദ്യോഗസ്ഥകളായ പല സ്‌ത്രീകളും ഇത്തരം  ദുരിതസാഹചര്യങ്ങളിൽ കഴിയുന്നവരാണ്. ജോലി ചെയ്‌ത്‌ ലഭിക്കുന്ന ശമ്പളം പോലും സ്വന്തം ആവശ്യങ്ങൾക്ക് ചെലവഴിക്കേണ്ടിവരുമ്പോൾ അനുവാദം ചോദിക്കേണ്ടി വരുന്നവർ. മേലധികാരിയുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കാൻ ശിപായിമാർ പോലും തയ്യാറാവാത്ത ഇക്കാലത്തും സ്ഥിതിഗതികൾ മാറിയിട്ടില്ല എന്നതാണ് വാസ്‌തവം.

സുലോചനയെ അരങ്ങിലവതരിപ്പിച്ചത് ഗൗതമിയാണ്. ഹിസ് ഹൈനസ് അബ്‌ദുള്ളയിലൂടെയാണ് ഗൗതമി മലയാളത്തിലെത്തുന്നത്. വിദ്യാരംഭം, ഡാഡി, ധ്രുവം, ജാക്‌പോട്ട്, ആഗ്നേയം തുടങ്ങി 2016  വരെയുള്ള  26 വർഷങ്ങൾക്കുള്ളിൽ മലയാളത്തിൽ പതിനാല് സിനിമകളിലാണ് ഗൗതമി  അഭിനയിച്ചത്. എം.ടിയുടെ തിരക്കഥയായ സുകൃതത്തിലെ മാലിനി എന്ന കഥാപാത്രം  അഭിനേത്രി എന്ന നിലയിൽ ഗൗതമിയുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾക്കു പുറമെ ബോളിവുഡിലും സാന്നിധ്യമറിയിച്ചിട്ടുള്ള ഗൗതമി മുപ്പത്തിയഞ്ചാം വയസ്സിൽ ബാധിച്ച  ക്യാൻസർരോഗത്തെ അതിജീവിച്ച് സിനിമയുടെ വിവിധ മേഖലകളിൽ വീണ്ടും സജീവമായിരിക്കുന്നു. ദശാവതാരം, വിശ്വരൂപം എന്നീ സിനിമകളുടെയെല്ലാം വസ്‌ത്രാലങ്കരം നിർവഹിച്ചത് ഗൗതമിയാണ്.

ജീവിതത്തിൽ ചോദ്യങ്ങൾ ചോദിക്കാനോ ഉത്തരങ്ങൾ ലഭിക്കാനോ ഉള്ള ഭാഗ്യം പോലും ലഭിക്കാതെ, എന്നും മൗനികളായി നരകിച്ചു തീരുന്ന പെൺജന്മങ്ങൾക്കായി ഇന്നത്തെ  പെൺചൊല്ല്  സമർപ്പിക്കുന്നു.

-സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account