ഞാനെന്നഭാവത്തിന്റെ പലമട്ടിലുള്ള പോർവിളികൾക്ക്  മുന്നിൽ ശബ്‌ദവും  ഉത്തരവും നഷ്‌ടപ്പെടുന്ന ഒരു ചോദ്യമാണിത്. പലപ്പോഴും കേൾക്കാത്ത മട്ടിൽ അവഗണിക്കപ്പെടുന്ന ചോദ്യം. ഈ ചോദ്യം ഉയരുന്നത് പെൺകുട്ടികളിൽ നിന്നാകുമ്പോൾ ക്രൂരമായ മർദ്ദനങ്ങളുടെ അകമ്പടിയോടു കൂടിയാണ്  അവൾ നിശ്ശബ്‌ദയാക്കപ്പെടുന്നത്.

പ്രണയത്തെ  ധീരോദാത്തമായി വർണ്ണിക്കുന്ന പ്രതിഭകൾ പോലും സ്വന്തം ജീവിതത്തിൽ ഇത്തരമൊരു ചോദ്യം കേട്ടാൽ നിശ്ശബ്‌ദരാകുന്ന പതിവാണുളളത്. സിനിമയിൽ ഈ ചോദ്യമുയരുന്നത് ലക്ഷ്‌മിയിൽ നിന്നാണ്. ദേവരാഗത്തിൽ ശ്രീദേവി അഭിനയിച്ച ലക്ഷ്‌മി എന്ന കഥാപാത്രത്തിൽ നിന്നാണ് ചോദ്യമുയരുന്നത്.  ഭരതൻ സംവിധാനം ചെയ്‌ത്‌ അരവിന്ദ് സ്വാമി, ശ്രീദേവിഎന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച്, 1996 ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണ് ദേവരാഗം.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ സിനിമകളിലൊന്നാണ് ദേവരാഗം എന്നാണ് കരുതിപ്പോരുന്നത്. ഭരതന്റെ സംവിധാനമികവും ദൃശ്യങ്ങളെ ഏറ്റവും സുന്ദരമായി സമന്വയിപ്പിക്കുവാനുള്ള കഴിവും മലയാളിയെ ബോധ്യപ്പെടുത്തിയ ചിത്രം. അരവിന്ദ് സ്വാമിയും ശ്രീദേവിയും മത്‌സരിച്ച് അഭിനയിച്ച ചിത്രമെന്നു വേണം ഇതിനെ വിശേഷിപ്പിക്കാൻ. ശ്രീദേവി അഭിനയിച്ച അവസാന മലയാള ചലച്ചിത്രമാണ് ദേവരാഗം.

രക്ഷിതാക്കളുടെ സ്വാർത്ഥത മൂലം മക്കൾക്ക്  അവരുടെ താത്‌പര്യങ്ങളെ ബലികഴിക്കേണ്ടി വരുന്നതും ഒടുവിൽ ജീവിതം തന്നെ അവർക്കു മുന്നിൽ അന്യമാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. വിഷ്‌ണു എന്ന നായക കഥാപാത്രം (അരവിന്ദ് സ്വാമി) പുരോഹിത കുടുംബത്തിൽ പെട്ടതാണ്. തന്റെ പിന്‍ഗാമിയായി വിഷ്‌ണുവിനെയായിരുന്നു അച്ഛന്‍ പ്രതീക്ഷിച്ചത്. ബ്രഹ്മചര്യം നിലനിര്‍ത്തി പൂജാകര്‍മ്മങ്ങളുമായി കഴിഞ്ഞ് കുടുംബ പാരമ്പര്യത്തിന്  മഹിമയാകണമെന്ന അച്ഛന്റെ സ്വാർത്ഥതക്ക്  വിഷ്‌ണുവിന്റെ പ്രണയത്തെ തടഞ്ഞു നിർത്താനാവുന്നില്ല .

ഗ്രാമത്തിലെ സംഗീതജ്ഞന്റെ മകൾ ലക്ഷ്‌മിയുമായിവിഷ്‌ണു പ്രണയത്തിലാണെന്നും ഇരുവരും തമ്മില്‍ വേര്‍പിരിയില്ലെന്നും അറിഞ്ഞതോടെ ആ പിതാവ് മകനെ ശപിക്കുന്നു.

അതേസമയം താൻ നിശ്ചയിച്ച വിവാഹത്തിൽ നിന്നും മകൾ പിന്മാറുന്നത് അഭിമാനക്ഷതമായി ലക്ഷ്‌മിയുടെ  അച്ഛനും കരുതുന്നു. രണ്ടുപേരുടെ ജീവിതവും ഇരുവഴികളിലൂടെ വലിയ ദുരന്തങ്ങളിലേക്കു പതിക്കുന്നു. ഒടുവിൽ  ഒരു പാട് വർഷങ്ങൾക്കുശേഷം വൈധവ്യത്തിന്റെ വെളുത്ത തടവറയിലേക്ക് ലക്ഷ്‌മിയെ പറഞ്ഞയക്കേണ്ടി വരുന്ന കാർമ്മികനായി വിഷ്‌ണുവെത്തുമ്പോൾ  കഥാഗതി മാറി മറിയുകയാണ്. വിഷ്‌ണുവും ലക്ഷ്‌മിയും അവരുടെ മകനും ഒരുമിക്കുന്നതോടെ  ദേവരാഗം  പൂർണ്ണമാകുന്നു.

വിവാഹകാര്യത്തിൽ സ്വന്തം ഇഷ്‌ടങ്ങൾ തുറന്നു പറയുന്നവരെ അംഗീകരിക്കാൻ  മാതാപിതാക്കൾ  തയ്യാറാകാത്ത ഈ  ഇരുപത്തിയൊന്നാം  നൂറ്റാണ്ടിലും ഏറ്റവും പ്രസക്‌തമായ ഒരു ചലച്ചിത്രമാണ്  ദേവരാഗം. ദുരഭിമാനക്കൊലകൾകൊണ്ട്  നമ്മുടെ ദേശത്തിന്റെ  പ്രൗഢി  മങ്ങുന്ന ഇക്കാലത്ത്, മക്കളെ ശരിയിലേക്ക്  നയിക്കുന്ന, അവർക്ക് വേണ്ടി ഏറ്റവും സുരക്ഷിതമായ  ഇടങ്ങൾ  കണ്ടെത്തുന്ന, അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്ന മാതാപിതാക്കളാണുള്ളത് . പക്ഷേ  ശരിതെറ്റുകൾ വിചിന്തനം  ചെയ്യാതെ, ഒരു  കാരണവുമില്ലാതെ അവരുടെ ഇഷ്‌ടങ്ങൾ നിഷേധിക്കുന്ന  നിലപാടുകളിൽ നിന്ന് നമ്മൾ എന്നെങ്കിലും മാറുമോ?

തെറ്റായ തീരുമാനങ്ങളിൽനിന്ന് സ്‌നേഹം കൊണ്ട് ചേർത്തു പിടിച്ചാവണം   നമ്മൾ മക്കളെ തിരുത്തേണ്ടത്. നമ്മുടെ നന്മയിലൂടെ, നമ്മുടെ കരുതലിലൂടെ  അവരെ മുന്നോട്ടു നയിക്കുമ്പോൾ അവരുടെ വ്യക്‌തിത്വത്തെക്കൂടി അംഗീകരിക്കാൻ നമുക്ക് കഴിയണം. സ്വന്തം സ്വാർത്ഥതകളെ ബലി കഴിക്കാൻ  അച്ഛനമ്മമാർ തയ്യാറാകണം. ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും അഭിമാനത്തിന്റേയും പേരിൽ ബലികഴിക്കപ്പെടാത്ത പ്രണയവും ജീവിതവും എന്നും നിലനിൽക്കട്ടെ.

2018 ഫെബ്രുവരി 28ന് നമ്മെ വിട്ടുപോയ ശ്രീദേവി എന്ന നടനസൗന്ദര്യം   ഒരത്ഭുതമാണ്. ഹിന്ദി സിനിമകളിലെ ആദ്യ വനിതാ സൂപ്പർ താരം എന്നറിയപ്പെടുന്ന ഇവർ ഹിന്ദി, ഉർദു, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിൽ  അഭിനയിച്ചിട്ടുണ്ട്. 1970 ൽ പൂമ്പാറ്റ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇവർ ആദ്യമായി മലയാളം സിനിമയിലേക്ക് വന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസർക്കാർ പുരസ്‌കാരം അവർക്ക് ലഭിച്ചിരുന്നു. ശ്രീദേവിയുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമങ്ങൾ.

-സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account