മാതൃദായക്രമം എങ്ങനെ പിതൃദായക്രമത്തിലേക്കു പരിവർത്തനം ചെയ്യപ്പെട്ടു എന്നതിനെക്കുറിച്ചുള്ള സൂക്ഷ്‌മാപഗ്രഥനങ്ങൾ നിരന്തരം  നടക്കുകയും, നിരവധി സഹനസമരങ്ങളിലൂടെ  അടിച്ചമർത്തപ്പെട്ട സത്രീകൾ തങ്ങളുടെ തുല്യത ഉറപ്പു വരുത്തി എന്നവകാശപ്പെടുകയും ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് നമ്മളിപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. സ്‌ത്രീകൾ ബഹിരാകാശ യാത്ര നടത്തുന്നു, പർവ്വതങ്ങൾ കീഴടക്കുന്നു, വലിയ വലിയ മത്‌സരപരീക്ഷകൾ ജയിക്കുന്നു, പക്ഷേ നീതി ലഭിക്കണമെങ്കിൽ അവൾക്ക്  തെരുവിലിറങ്ങി സത്യാഗ്രഹം ചെയ്യേണ്ടി വരുന്നു. നാട്ടുകാരുടെയും രാഷ്‌ട്രീയക്കാരുടെയും  മാധ്യമങ്ങളുടെയും തൊലിയുരിക്കുന്ന ചോദ്യങ്ങൾക്ക് മുന്നിൽ ചൂളിപ്പിടിച്ചു നിൽക്കേണ്ടി വരുന്നു.

വർഷങ്ങളോളം നീണ്ട സഹനത്തിന്റേയും പ്രതിഷേധത്തിന്റേയും  നേർക്കുണ്ടായ അവഗണനയിൽ, അപമാനിക്കപ്പെട്ട സ്‌ത്രീത്വത്തിനും  വിശ്വാസങ്ങൾക്കുമെതിരെ സ്വന്തം ജീവനെപ്പോലും തൃണവത്‌ഗണിച്ചു കൊണ്ട് ചില സന്യാസിനിമാർ, ചട്ടക്കൂടുകളെ ഭേദിച്ചു കൊണ്ട് തെരുവിലേക്കിറങ്ങിയ സാഹചര്യത്തിൽ പെൺ ചൊല്ലും അവർക്കൊപ്പം നിൽക്കുന്നു.

മലയാള സിനിമയുടെ ചരിത്രത്തിൽ ക്ലൈമാക്‌സ്  തിരുത്തുന്നതിനുവേണ്ടി ശക്‌തമായ സമ്മർദ്ദമുണ്ടായ അപൂർവ്വം ചിത്രങ്ങളിലൊന്നാണ്  ക്രൈം ഫയൽ. ൧൯൯൯ ഒക്റ്റോബർ 25 നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ബോക്‌സോഫീസിൽ വൻ വിജയം നേടിയ ചിത്രത്തിന്റെ സംവിധായകൻ  കുറ്റാന്വേഷണസിനിമകളിലൂടെ, പ്രത്യേകിച്ചും CBI സീരീസിലൂടെ പ്രസിദ്ധനായ കെ.മധുവാണ്. സംവിധാന മികവ് മാത്രമല്ല, തീ പാറുന്ന സംഭാഷണങ്ങളിലൂടെ എന്നും ആവേശം സൃഷ്‌ടിക്കുന്ന തിരക്കഥാകൃത്ത് AK സാജനും കൂടെയുള്ള എഴുത്ത് സഹായിയും അദ്ദേഹത്തിന്റെ  സഹോദരനുമായ  AK സന്തോഷും തികച്ചും അഭിനന്ദനാർഹരാണ്.

കോട്ടയം പയസ് കോൺവെന്റിൽ വെച്ച് കൊല്ലപ്പെട്ട സിസ്റ്റർ അഭയയുടെ മരണമായിരുന്നു ചിത്രത്തിന്റെ പ്രമേയം. 1992 മാർച്ച് 27 നാണ് സിസ്റ്റർ അമല കൊല്ലപ്പെടുന്നത്. ഏഴ് വർഷങ്ങൾക്കുശേഷം സിനിമയിറങ്ങിയെങ്കിലും പതിനാറര വർഷങ്ങൾക്കു ശേഷമാണ് പ്രതികളെ കണ്ടെത്തിയത്. സിനിമ സിസ്റ്റർ അമല എന്ന ബുദ്ധിമതിയായ കന്യാസ്‌ത്രീയുടെ  കൊലപാതകത്തെക്കുറിച്ചുള്ള  അന്വേഷണമാണ്.

ലോകോളേജിൽ  സഹവിദ്യാർത്ഥിയായിരുന്ന രാജുവിന്റെ സഹായത്തോടെ താൻ അംഗമായ ക്വീൻമേരീസ് കോൺവെന്റിന്റെ മറവിൽ നടക്കുന്ന കളളക്കടത്തിനെ സംബന്ധിച്ചുള്ള  തെളിവുകൾ  അമല ശേഖരിക്കുന്നു. രാജു  കുപ്രസിദ്ധനായ ഗുണ്ടയാണ്. എന്നാൽ സിസ്റ്റർ അമലയുടെ പ്രേരണയാൽ ചെയ്‌ത കുറ്റങ്ങളിൽ രാജു പശ്ചാത്തപിക്കുന്നു. ‘പശ്ചാത്താപം പ്രായശ്ചിത്തത്തിലൂടെ വേണം’ എന്നാണ് സിസ്റ്റർ അമല രാജുവിനെ ഉപദേശിക്കുന്നത്. തുടർന്നാണ്  “പാപങ്ങളും കുറ്റങ്ങളും ഏറ്റു പറയേണ്ടത് ഇരുട്ടിലുറങ്ങിക്കിടക്കുന്ന കരിങ്കൽ വിഗ്രഹങ്ങളടേയും  മരക്കുരിശുകളുടേയും മുന്നിലല്ല. സ്വന്തം മന:സാക്ഷിയുടെ മുന്നിലാണ്” എന്ന് സിസ്റ്റർ അമല പറയുന്നത്.  സഭാവിഷയങ്ങളിലെ നീതിന്യായത്തിനുവേണ്ടിയുള്ള അരമനക്കോടതിയിൽ തെളിവുകൾ ഹാജരാക്കുവാനുള്ള ശ്രമത്തിനിടയിൽ സിസ്റ്റർ അമല കൊല്ലപ്പെടുന്നു. ഒടുവിൽ ഈശോ പണിക്കർ എന്ന സമർത്ഥനായ പോലീസ് ഉദ്യോഗസ്ഥന്റെ പരിശ്രമഫലമായി കൊലപാതകത്തിന്റെ ചുരുളഴിയുന്നു.

സന്യാസിനീസഭകളിലും പുരോഗമന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലും ഇന്നും സ്‌ത്രീകൾ നേരിടുന്ന ലൈംഗികചൂഷണത്തിന്റെ  ദുഷിച്ച വശങ്ങളിലേക്കാണ് കേരളീയസമൂഹം ഈയടുത്തകാലത്ത് കണ്ണുകൾ തുറന്നിരുന്നത്. പല വാർത്തകളും മുങ്ങിപ്പോകുന്നു. സ്‌ത്രീപക്ഷവാദികളെന്ന് അവകാശപ്പെട്ട്  ഘോരഘോരം പ്രസംഗിക്കുകയും പ്രത്യയശാസ്‌ത്രങ്ങൾക്കും മതവിശ്വാസങ്ങൾക്കും മുന്നിൽ ഓച്ഛാനിച്ച്  നിലപാടുകളിൽ പലപ്പോഴും മാറ്റം വരുത്തുകയും, തങ്ങൾക്ക് സ്ഥാനമാനങ്ങൾ നൽകിയ രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കൻമാർ നടത്തിയ അറപ്പിക്കുന്ന പ്രസ്‌താവനകളെ തൊണ്ട തൊടാതെ വിഴുങ്ങുകയും തങ്ങൾക്ക് പ്രസിദ്ധിയുണ്ടാകുന്ന കാര്യങ്ങളിൽ മാത്രം ഇടപെടുകയും ചെയ്യുന്ന വലിയ വലിയ ആക്റ്റിവിസ്റ്റുകളോട് പുച്ഛം തോന്നിയ ഒരു സന്ദർഭം കൂടിയാണിത്. പ്രാർത്ഥനയും സേവനവും മാത്രം കൈമുതലായുള്ള പാവപ്പെട്ട സന്യാസിനി മാരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ എന്നും നിങ്ങളുടെ തല കുനിഞ്ഞു നിൽക്കട്ടെ. കൂട്ടത്തിലുള്ളയാളെ ഒറ്റപ്പെടുത്താതെ ഒപ്പം നിന്ന ആ സന്യാസിനിമാർ, ക്രൈം ഫയലിൽ സിസ്റ്റർ അമല പറഞ്ഞ ഒരു വാചകം സത്യമാണെന്ന് ഓർമ്മിപ്പിക്കുന്നു. “ഇടപാടുകാർക്ക് കുടപിടിക്കേണ്ട കാര്യം  ക്വീൻ മേരീസ് കോൺവെന്റിലെ സിസ്റ്റർമാർക്കില്ല.”

-സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account