ഏതെങ്കിലും ഒരു മലയാളസിനിമയിൽ ഒരു നായിക ഇത്തരമൊരു ഡയലോഗ്  പറഞ്ഞിട്ടുണ്ടാവുമോ എന്ന് ഒരു നിമിഷം ഓർക്കേണ്ടി വരും. അതല്ലെങ്കിലും പലതരം കൈകൾ കൊണ്ട് ശ്വാസം മുട്ടിക്കുന്ന വീട്ടു ചുമരുകളിൽ നിന്ന് പുറ ത്തേക്കിറങ്ങാൻ കുറേ സ്‌ത്രീകൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ പോലും, അവളുടെ പൊതുമണ്ഡലങ്ങളിലേക്കുള്ള പ്രവേശന പാതകൾ എന്നും കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ആ പാത മറികടന്നെത്തുക എന്ന അതിജീവനം ദുസാധ്യവുമാണ്. നമ്മുടെ സമൂഹത്തിൽ പെണ്ണ് എന്നും ഒരു പ്രത്യേകതരം സങ്കൽപ്പത്തിന്റെ മാതൃകയായി മാത്രം മോൾഡ് ചെയ്യപ്പെടുന്നത് കൊണ്ട്, നമ്മുടെ സംസ്‌കാരത്തിന്റെ കാഴ്‌ചാപ്രാതിനിധ്യമായ ചലച്ചിത്രങ്ങളിലെ സ്‌ത്രീകളും പ്രത്യേകം തയ്യാറാക്കപ്പെട്ട മൂശകളിൽ നിന്നു തന്നെ അഴകളവുകൾ തെറ്റാതെ വാർന്നു വീഴുന്നു.

സിനിമയിൽ ആടിപ്പാടുകയും അടികൊള്ളുകയും പരദൂഷണം പറയുകയും വിലകുറഞ്ഞ തമാശകൾ പറയുകയും മാത്രം ചെയ്യേണ്ട അവൾ ഇന്ത്യൻ ദേശീയതയെക്കുറിച്ചൊക്കെ പറയുമോ എന്ന് നമ്മുടെ പൊതുബോധം ആശങ്കപ്പെടുന്നതിൽ തെറ്റു പറയാനാവില്ല.  ടി. ദാമോദരനും പ്രിയദർശനും ചേർന്ന് തിരക്കഥയെഴുതി, പ്രിയദർശൻ  സംവിധാനം ചെയ്‌ത കാലാപാനി എന്ന ചിത്രത്തിലെ നായികയായ പാർവതിയാണ് ഈ സംഭാഷണത്തിനുടമ.

മലയാളസിനിമ കണ്ടതിൽ വെച്ചേറ്റവും മികച്ച രീതിയിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഒരേട് പ്രണയത്താൽ നിറം പിടിപ്പിച്ച് തിരശ്ശീലയിൽ വരച്ചു ചേർത്തപോലെ കലാസംവിധാനത്തിന്റെയും ഛായാഗ്രഹണത്തിന്റെയും മികവ് കൊണ്ടു കൂടി പ്രേക്ഷകഹൃദയം കവർന്ന ചിത്രമാണ് കാലാപാനി. സ്‌ത്രീയുടെ കാത്തിരിപ്പിനും സഹനത്തിനും വാണിജ്യ സിനിമയിൽ വലിയ മാർക്കറ്റുണ്ട്. കാമുകനെ നഷ്‌ടപ്പെട്ടാൽ പിന്നീട് എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് വെള്ളവസ്‌ത്രത്തിൽ ജീവിതം പുതച്ച്മൂടി വെക്കുന്നവരൊക്കെ റോൾമോഡലുകളാക്കപ്പെടുന്ന കാലത്ത്, സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായതിന് ജയിലിലടയ്ക്കപ്പെട്ട, എന്നു തിരികെ വരുമെന്നറിയാത്ത ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യയായ പാർവതിയെ പലരും ഓർക്കുന്നുപോലുമുണ്ടാവില്ല.

ഗോവർധൻ എന്ന ഡോക്റ്റർ വിദേശവസ്‌ത്ര ബഹിഷ്‌കരണം നടത്താൻ ആഹ്വാനം ചെയ്യുന്നത് കേട്ടു പഠിച്ച പാർവതി തന്റെ കളിക്കൂട്ടുകാരായ കുട്ടിക്കൂട്ടത്തിനോടാണ് ഭാരതീയരായ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം എന്നാവശ്യപ്പെടുന്നത്. തുടർന്നവർ വിദേശ വസ്‌ത്രങ്ങൾ കത്തിക്കുന്നുമുണ്ട്. ഇതു കൂടാതെ പാർവതി ഗോവർധനിൽ നിന്ന് മറ്റൊരു ഇംഗ്ലീഷ് സംഭാഷണം കൂടി കേട്ടു പഠിച്ച് കഷ്‌ടപ്പെട്ട് അവതരിപ്പിക്കുന്നുണ്ട്. ‘An Indian’s back is not a foot board’.

കാലാപാനി 1920 കളിൽ നിലനിന്നിരുന്ന പല സ്‌ത്രീവിരുദ്ധ സങ്കൽപ്പങ്ങളേയും ചോദ്യം ചെയ്യുന്നുണ്ട്. തുക്കിടി സായിപ്പിനെപോലും പേടിക്കാത്ത രാജ്യസ്‌നേഹിയാണ് ഗോവർധൻ. അദ്ദേഹത്തിന്റെ അമ്മാവനായ  സർവ്വാധികാര്യക്കാരനാകട്ടെ ബ്രിട്ടീഷുകാരുടെ വലംകൈയായി നിന്ന് സ്ഥാനമാനങ്ങൾ കയ്യാളുന്നവനും. ദുർവൃത്തനായ നമ്പൂതിരിയ്ക്ക് പാർവതിയുമായി സംബന്ധം നിശ്ചയിക്കുമ്പോൾ അവൾ അത് സമ്മതമല്ല എന്നറിയിക്കുന്നു. അതക്കാലത്ത് പുതുമയുള്ള ഒരു കാര്യമായിരുന്നു. സർവ്വാധികാര്യക്കാരൻ പാർവതിയേയും പിതാവിനെയും ചോദ്യം ചെയ്യുന്നു. ‘പെൺകുട്ടികളെ തല്ലും ചൊല്ലും കൊടുത്ത് വളർത്തണം’ എന്ന് അധികാരി പറയുമ്പോൾ ‘ഇത് വരെ തല്ലിയിട്ടില്ല’ എന്നാണ് പാർവതിയുടെ  വാത്സല്യനിധിയായ അച്ഛൻ വിഷമത്തോടെ പറയുന്നത്. ‘അതാ  തോന്നിവാസിയായത്’ എന്നാണ് അധികാരിയുടെ പക്ഷം.

വീണ്ടും വിസമ്മതം അറിയിക്കുന്ന പാർവതിയെ അയാൾ പൊതുമധ്യത്തിൽ വെച്ച് തല്ലുകയും ചെയ്യുന്നുണ്ട്. പാർവതിയും ഈ സിനിമയിൽ ഒരു ചെകിട്ടത്തടിക്കൽ പ്രയോഗം നടത്തുന്നുണ്ട്. തന്നെ ഭയപ്പെടുത്തിയ കാമുകനെ ഇരു കവിളത്തും മാറിമാറിയടിക്കുന്ന പാർവതി, അത് കള്ളച്ചിരിയോടെ ഏറ്റുവാങ്ങുന്ന ഗോവർധൻ, ഇതൊക്കെ നമ്മുടെ ചലച്ചിത്രങ്ങളിലെ ഏറ്റവും അപൂർവ്വമായ കാഴ്‌ചകളാണ്.

സിനിമയിൽ പാർവതിയെ അവതരിപ്പിച്ചത് തബസം ഫാത്തിമ ഹഷ്‌മി എന്ന  തബുവാണ്. തബുവിന്റെ ആദ്യമലയാള സിനിമയാണ് കാലാപാനി. കവർസ്‌റ്റോറി, രാക്കിളിപ്പാട്ട് എന്നിവയാണ് തബു അഭിനയിച്ച മറ്റു മലയാളസിനിമകൾ. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, മറാത്തി, മലയാളം എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച തബുവിന് പത്‌മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.  മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ ലഭിച്ചിട്ടുള്ള തബുവിന് 6  ഫിലിം ഫെയർ അവാർഡുകളും 4 ക്രിട്ടിക്‌സ്  അവാർഡുകളും ലഭിച്ചിട്ടുണ്ട്.

-സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account