ഒരു സാധാരണ സ്‌ത്രീയുടെ ജീവിതം ഒന്നാലോചിച്ചു നോക്കുക. ശരാശരി അറുപത് വർഷങ്ങളോളം നീണ്ടു നിൽക്കുന്ന   ജീവിതത്തിൽ അവൾക്കു നേരെ ഉയരുന്ന എണ്ണിയാലൊടുങ്ങാത്ത  ചോദ്യങ്ങളെ ഭയന്ന് അവൾ വേണ്ടെന്നു വെക്കുന്ന സൗഭാഗ്യങ്ങളെ, താത്‌പര്യങ്ങളെ ഒക്കെ ഒന്നോർത്തു നോക്കൂ.

മനസ്സുതുറന്നുള്ള ചിരികൾ, സ്വതന്ത്രമായി പറത്തിയിടുന്ന മുടിയിഴകൾ, സ്വപ്‌നങ്ങൾ കൊണ്ടുമാത്രം സഞ്ചരിച്ചു തീർത്ത ദൂരങ്ങൾ, നുണഞ്ഞു പോലും നോക്കാതെ ആശയടക്കേണ്ടിവന്ന രുചിക്കൂട്ടുകൾ, മനസ്സിനുള്ളിൽ മാത്രം പൂത്തുലഞ്ഞുകൊഴിഞ്ഞു വീണ പ്രണയദളങ്ങൾ… ചോദ്യങ്ങളെ ഭയന്ന് നഷ്‌ടപ്പെടുത്തിയ എത്രയെത്ര അനുഭവങ്ങൾ. സിനിമയിൽ എനിക്ക് ചോദ്യങ്ങളെ ഭയമാണ് എന്ന്  പറയുന്നത്  ഉമയാണ്.

2002 ലാണ് എന്റെ ഹൃദയത്തിന്റെ ഉടമ എന്ന ചലച്ചിത്രം  പ്രദർശനത്തിനെത്തുന്നത്. പെരുമ്പടവം ശ്രീധരന്റെ ഇതേപേരിലുള്ള നോവലിനെ ആസ്‌പദമാക്കി ഭാരത് ഗോപിയാണ് സിനിമ സംവിധാനം ചെയ്‌തത്. പവിത്രനെന്ന വിപ്ലവകാരിയുമായുള്ള ഉമയുടെ പ്രണയവും, പവിത്രന്റെ കൊലപാതകത്തിനു കാരണക്കാരനായ അച്ഛനോട് പിണങ്ങി ഒറ്റക്ക് ശിഷ്‌ടജീവിതം നയിക്കുന്ന കരുത്തുറ്റ കഥാപാത്രമായ ഉമ, തകർന്ന പ്രണയത്തിന്റെ രക്‌തസാക്ഷി മാത്രമല്ല.

പ്രണയം നിരസിക്കപ്പെടുമ്പോഴും വൈധവ്യം അനുഭവിക്കുമ്പോഴും ഒറ്റയ്ക്ക് ജീവിതക്കടൽ നീന്തുന്നവരെ ഉദാത്ത വത്ക്കരിച്ച്, അങ്ങനെയല്ലാത്ത ജീവിതം ഉത്തമമല്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യവസ്ഥകളോട് നീതി പുലർത്തേണ്ടി വരുന്ന ഒരു സാധാരണ കഥാപാത്രമല്ല ഉമ. കുടുംബമെന്ന സ്ഥാപനത്തിലെ പരമാധികാരിയായ പുരുഷതാത്‌പര്യങ്ങളെ നിസ്സാരവത്ക്കരിക്കുന്ന വിപ്ലവാത്‌മകമായ നിലപാടാണ് ഉമയുടേത്.

സിനിമയുടെ ആരംഭത്തിൽ തന്നെ ഹോസ്റ്റലിലെ സഹവാസിയായ സുഹൃത്ത് ഉമയുടെ യാത്രയെങ്ങോട്ടാണ് എന്ന് ചോദിക്കുന്നു. വ്യക്‌തമായ ഒരുത്തരം ഉമ നൽകുന്നില്ല. തുടർന്ന് ഹോസ്റ്റൽ വാർഡന്റെ ചോദ്യം. വരാൻ വൈകും എന്ന് വാർഡനെ അറിയിച്ചതിനുശേഷം തന്നെ കാത്തു കിടക്കുന്ന ടാക്‌സിയിലേക്ക് കയറുന്ന ഉമയെ നോക്കി ആത്‌മഗതമെന്നോണം ‘കുറച്ചു അടക്കവും ഒതുക്കവും ഉണ്ടായാലെന്താ? കോളേജിൽ പഠിപ്പിക്കുന്ന സാറത്തികളാ.. ഇവരെക്കണ്ടല്ലേ പിള്ളേരും പഠിക്കുന്നത്?’ എന്ന് രോഷം കൊള്ളുന്നു .

പോലീസ് ഉദ്യോഗസ്ഥനായ അച്ഛന്റെ പരസ്‌ത്രീഗമനവും സ്വാർത്ഥതാത്‌പര്യങ്ങളും കുടുംബത്തിൽ എല്ലാവർക്കുമറിയാം. ‘സങ്കടം മുഴുവൻ ഉള്ളിലൊതുക്കിക്കൊണ്ട് പുറമേക്ക് സന്തോഷം ഭാവിക്കുന്ന അമ്മ. അമ്മ അമ്മയുടെ ജീവിതത്തെ സ്‌നേഹിക്കുന്നുണ്ടോ എന്ന് ഉമ  പലപ്പോഴും തന്നോടു തന്നെ ചോദിക്കുന്നുണ്ട്.

ഉമയുടെ പ്രണയവൃത്താന്തമറിയുമ്പോൾ അച്ഛനവളെ ചോദ്യം ചെയ്യുന്നു. ‘അഴിച്ചു വിടുന്നത് വേലി ചാടി പോകാനല്ല’ എന്നാണ് അച്ഛന്റെ പക്ഷം. ഒരു കുടുംബത്തിന്റെ ഐശ്വര്യത്തിനുവേണ്ടി  അഹോരാത്രം അധ്വാനിക്കുകയും ഉടമസ്ഥന്റെ  ഇഷ്‌ടാനിഷ്‌ടങ്ങൾക്കനുസരിച്ച്  മാത്രം ചരിക്കാൻ വിധിക്കപ്പെട്ട വളർത്തു മൃഗങ്ങളെപ്പോലെ മാത്രം പരിഗണിക്കപ്പെടുന്നവളാണ് സ്വന്തം കുടുംബത്തിലെ സ്‌ത്രീ എന്നാണ് ആ ഒരൊറ്റ പ്രസ്‌താവനയിലൂടെ പുറത്തു വരുന്ന മനോഭാവം.

പല വീടുകളും അങ്ങനെയാണ്. പുറമെ നിന്ന് നോക്കുന്നവരുടെ മനസ്സിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും  സ്വർഗലോകം. അവിടെ ചോദ്യങ്ങളാൽ ചുറ്റപ്പെട്ടപോലെ ബന്ധനസ്ഥരായ പെൺജന്മങ്ങളുണ്ടാവും. പെൺപിള്ളേരെ  അധികം പഠിപ്പിക്കരുതെന്നും അവൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ത്രാണിയുണ്ടാകരുതെന്നും ആശിക്കുന്നവരുടെ ഉപമകളിലും അവർ സമർത്ഥിക്കുന്ന പഴഞ്ചൊല്ലുകളാലും വിശ്വാസങ്ങളാലും ജീവിതത്തിന്റെ നിറം നഷ്‌ടപ്പെട്ടവർ. പലരുടെയും ചോദ്യങ്ങളെ പേടിച്ച് സ്വപ്‌നങ്ങളെ ചാരമാക്കിയവർ.

ചിത്രത്തിൽ ഉമയെ അവതരിപ്പിച്ചത് വാണി വിശ്വനാഥാണ്. തെന്നിന്ത്യൻ സിനിമയിലെ  ശക്തയായ സ്‌ത്രീസാന്നിധ്യം. തൊണ്ണൂറുകളിൽ ദക്ഷിണേന്ത്യൻ സിനിമകളുടെ വിജയ ഘടകമായിരുന്ന ഈ താരസാന്നിധ്യം പ്രാധാന്യമുള്ള  നിരവധി കഥാപാത്രങ്ങളുടെ ഓർമ്മകളാൽ ഇന്നും പ്രേക്ഷകഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലായി നൂറിലധികം സിനിമകളിലഭിനയിച്ചിട്ടുള്ള  വാണി വിശ്വനാഥ് മലയാളത്തിലെ ആക്‌ഷൻ ക്വീൻ എന്നാണറിയപ്പെടുന്നത്. ടെലിവിഷൻ രംഗത്തും തന്റെ സാന്നിധ്യമറിയിച്ചിട്ടുള്ള വാണി ഇപ്പോൾ രാഷ്‌ട്രീയത്തിലേക്കുള്ള പ്രവേശനത്തിലൂടെ വീണ്ടും വാർത്തകളിലിടം പിടിച്ചിരിക്കുന്നു. ടി.വി. ചന്ദ്രൻ സംവിധാനം ചെയ്‌ത സൂസന്ന എന്ന ചിത്രത്തിലെ സൂസന്ന എന്ന കഥാപാത്രത്തിന്റെ അഭിനയമികവിന്  മികച്ച രണ്ടാമത്തെ നടിക്കുള്ള സ്റ്റേറ്റ് അവാർഡ് വാണി വിശ്വനാഥിന് ലഭിച്ചിട്ടുണ്ട്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account