സ്‌ത്രീജീവിതത്തിന്റെ ദുരിതപർവ്വങ്ങളുടെ നൈരന്തര്യത്തെ സൂചിപ്പിക്കുന്ന വാചകമാണിത്.  ജീവിതം ഒരു യാത്രയാണെന്ന് എവിടെയോ വായിച്ച രാജി എന്ന പെൺകുട്ടിയുടെ തിരിച്ചറിവാണിത്. ‘ജീവിതത്തിന് മാറ്റമില്ല, സംഭവിച്ചതു തന്നെ സംഭവിക്കുന്നു, പറഞ്ഞത് തന്നെ നമ്മൾ വീണ്ടും പറയുന്നു. ഇന്നലെ  ആരോ പറഞ്ഞത് തന്നെയാണ് ഇന്ന് നമുക്ക് പറയാനുള്ളതും’. ഇത്ര ചെറുപ്രായത്തിൽ ഇങ്ങനെയൊക്കെ തിരിച്ചറിവു വന്ന പെൺകുട്ടി ആരാണെന്നറിയുമ്പോൾ സദാചാരബോധത്തിൽ അടിയുറച്ചുപോയവരുടെ നെറ്റി ചുളിയാം. ഇത് അവളുടെ രാവുകളിലെ രാജിയുടെ വാക്കുകളാണ്.

മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായി നായികാപദവിയിലേക്കുയർന്ന ലൈംഗികത്തൊഴിലാളിയാണ് രാജി. രാജിയുടെ കഥയ്ക്കാണ് മലയാളത്തിൽ ആദ്യമായി ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചതും. ഇക്കിളിപ്പെടുത്തുന്ന പടമെന്ന തോന്നലിൽ കൊട്ടകകളിലെത്തിയവർ രാജി എന്ന പെൺകുട്ടിയുടെ നിസ്സഹായവാസ്ഥയിൽ വേദനിച്ചുകൊണ്ടും അവൾക്കു ലഭിച്ച പുതിയ ജീവിതത്തിന്റെ പകിട്ടിൽ ആഹ്ലാദിച്ചുകൊണ്ടുമാണ് പുറത്തേക്കിറങ്ങിയിട്ടുണ്ടാവുക. ആദ്യം വേണ്ടത്ര പരിഗണിക്കപ്പെട്ടില്ലെങ്കിലും പിന്നീട് സ്‌ത്രീപക്ഷ സിനിമ എന്ന നിലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട  ഒന്നായി മാറി ഐ.വി.ശശിയുടെ മാസ്റ്റർ പീസ് ചിത്രം ‘അവളുടെ രാവുകൾ’.

അസ്‌പൃശ്യതയാൽ പുറന്തള്ളപ്പെടുന്നവർ ഇരുട്ടിന്റെ മറവിൽ സ്വീകാര്യരാകുന്നതും, പെൺകുട്ടികൾ തെരുവിലേക്കെത്തപ്പെടുന്ന സാഹചര്യവും ചിത്രം ചർച്ച ചെയ്യുന്നു.  പുരുഷ കേന്ദ്രിതമായ ഒരു ന്യൂനപക്ഷത്തിന്റെ ലൈംഗികാഭിനിവേശങ്ങളിലേക്ക് ഒരു തടവുകാരിയായെത്തുന്നതിന് മുമ്പ് രാജിക്കും ഒരു കുടുംബമുണ്ടായിരുന്നു. നേരം വെളുത്താൽ അന്തിവരെ ചുമടെടുത്ത് കിട്ടുന്ന നാലോ അഞ്ചോ രൂപയിൽ നിന്ന് മകളുടെ വിജ്ഞാന ദാഹം തീർക്കാനുള്ള പുസ്‌തകങ്ങൾ വാങ്ങി വരുന്ന ആ അച്ഛൻ മകളെ ഡോക്റ്ററാക്കണമെന്നാണഗ്രഹിച്ചിരുന്നത്. അപ്രതീക്ഷിതമായൊരു സന്ദർഭത്തിൽ അച്ഛനുമമ്മയും മരണത്തിന് കീഴ്‌പ്പെടുകയും കനത്ത മഴയിൽ വീട് നഷ്‌ടപ്പെടുകയും ചെയ്‌ത രാജി എന്ന കൗമാരക്കാരി സ്‌കൂളിൽ പഠിക്കുന്ന അനിയനേയുമെടുത്ത് തെരുവിലേക്കിറങ്ങുന്നു. അവിടെ രാജിയെ കാത്തിരുന്നിരുന്നത് ആസക്‌തി നിറഞ്ഞ കണ്ണുകളായിരുന്നു.

രക്ഷപ്പെടാൻ മറ്റു മാർഗങ്ങളൊന്നും രാജിക്കുണ്ടായിരുന്നില്ല. പിന്നീടുള്ള ജീവിതത്തിൽ ബാബു, ചന്ദ്രൻ , ജയൻ എന്നീ മൂന്ന് കഥാപാത്രങ്ങൾ മൂന്നു രീതിയിൽ രാജിയുടെ ജീവിതത്തിൽ ഇടം പിടിക്കുന്നു. ഇവരിൽ രാജി ഹൃദയം കൊണ്ടു ചേർത്തുവെക്കുന്നൊരാളാണ് ബാബു. ബാബു ഒരിക്കൽ രാജിയെ പോലീസിനെക്കൊണ്ട് പിടിപ്പിക്കുന്നുണ്ട്. ബാബു തന്റെ മുറപ്പെണ്ണിനെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത്. രാജിയെ സ്വപ്‌നത്തിൽ പോലും ജീവിതസഖിയാക്കാൻ അയാൾ ആഗ്രഹിക്കുന്നില്ല. എന്നാൽ രാജിയോട്  അയാൾക്ക് സഹതാപവുമുണ്ട്. ഒരിക്കൽ ബാബുവിന്റെ മുറിയിലെത്തുന്ന രാജിതന്നെ നിരാശ മറച്ചുവെക്കാതെ ബാബുവിനോട് സംസാരിക്കുന്ന വാക്കുകളാണ് ഇന്നത്തെ പെൺചൊല്ലിനാധാരം. പക്ഷേ രാജിയുമായുള്ള  ബന്ധത്തിന്റെ പേരിൽ വീട്ടുകാർ ബാബുവിനെ ഉപേക്ഷിക്കുന്നു.

അപ്രതീക്ഷിതമായ ക്ലൈമാക്‌സാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബാബുവിന്റെ അമ്മ വന്ന് തന്റെ മകന്റെ ജീവിതത്തിലേക്ക് രാജിയെ ക്ഷണിക്കുകയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. തടയാൻ ശ്രമിക്കുന്ന അച്ഛനെ പ്രതിരോധിച്ചുകൊണ്ട്. ‘ഇവൾ എങ്ങനെ ചീത്തയായെന്ന് ഞാനറിഞ്ഞു. ഇവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ചീത്തയായിപ്പോകുമായിരുന്നു’വെന്ന് അമ്മ പറയുന്നതോടെ അച്ഛൻ നിശ്ശബ്‌ദനാകുന്നു.

രാജിയുടെ ദൈന്യതയോ, സിനിമയുടെ കലാമൂല്യമോ, പ്രമേയത്തിലെ പച്ചയായ ജീവിതമോ ആയിരുന്നിരിക്കില്ല, സീമയെന്ന യുവതിയുടെ ശരീരസൗന്ദര്യം തന്നെയായിരുന്നിരിക്കണം സിനിമാപ്രേക്ഷകർക്ക്   ആദ്യകാലത്ത് ഏറ്റവും പ്രധാന ആകർഷണീയമായിത്തോന്നിയിരുന്നത്. അക്കാലത്തെ പല നടിയും ചെയ്യാനറച്ചു നിന്ന കഥാപാത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച സീമ, പിൽക്കാലത്ത് മലയാളത്തിൽ ഏറ്റവുമധികം ശക്‌തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേത്രിയാണ്. വിവിധ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിലഭിനയിച്ച  സീമക്ക് മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡ് രണ്ടു തവണ ലഭിച്ചിട്ടുണ്ട്. വനിത, ഫിലിം ഫെയർ എന്നിവയുടെ ആജീവനാന്ത പുസാസ്‌കാരവും സീമയെത്തേടിയെത്തിയിട്ടുണ്ട്.

-സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account