മദ്യപാനികളുടെ ജീവിതത്തിന്റെ  മറുവശമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന സ്‌പിരിറ്റ് എന്ന രൺജിത് ചിത്രം 2012 ലാണ് തിയറ്ററിലെത്തുന്നത് .മികച്ച ബോക്‌സോഫീസ് വിജയം നേടിയ ചിത്രത്തിൽ രഘുനന്ദൻ എന്ന മദ്യപാനാസക്‌തിയുള്ള മാധ്യമപ്രവർത്തകനായാണ് മോഹൻലാൽ  വേഷമിട്ടത്. മോഹൻലാലിനു പുറമെ ശങ്കർരാമകൃഷ്‌ണൻ, നന്ദു, മധു, സിദ്ധാർത്ഥ്, കനിഹ, കൽപ്പന, ലെന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  കഠിനമായ ജീവിതാനുഭവങ്ങളുടെ  ചൂടിൽ വെന്തുരുകുന്ന പങ്കജം എന്ന കഥാപാത്രമായി മാറിയ കൽപ്പനയും പോലീസ് ഓഫീസർ സുപ്രിയയായി വേഷമിട്ട ലെനയും നല്ല പഞ്ചുള്ള ഡയലോഗുകൾ സിനിമയിൽ പറഞ്ഞിട്ടുണ്ട്. പക്ഷേ താരതമ്യേനെ കുറച്ചു കൂടി സോഫ്റ്റായ നായികാ കഥാപാത്രമായ മീരയുടെ (കനിഹ) ഡയലോഗാണ് ഇന്ന് തെരഞ്ഞെടുത്തത്.

വേദനിക്കുന്ന വേലക്കാരികളും, തന്റേടമുള്ള പോലീസ് ഓഫീസേഴ്‌സും നമ്മുടെ തിരശ്ശീലയിൽ ഒരുപാട് തവണ കയ്യടി നേടിയിട്ടുണ്ട്. എന്നാൽ വിവാഹമോചിതയായ ഒരു സ്‌ത്രീ വളരെ സന്തുഷ്‌ടകരമായി പുനർവിവാഹജീവിതം ആഘോഷിക്കുന്നത് നമ്മുടെ സിനിമയിലെ അപൂർവ്വകാഴ്ച്ചയാണ്. അതിനുംപുറമെ  മുൻഭർത്താവുമായി   നല്ല സൗഹൃദം നിലനിർത്താനും അവർക്ക് സാധിക്കുന്നു എന്നതും നമ്മുടെ ജനപ്രിയസിനിമയിലെ അത്യപൂർവ്വകാഴ്ച്ചകളിലൊന്നായിരുന്നു. നായികമാരെ സംബന്ധിച്ച് നമുക്കുള്ള ‘കുല’ സങ്കൽപ്പങ്ങളെയെല്ലാം മറികടന്ന ഒരു നായികയായിരുന്നു മീര. മീരയുടെ മുൻ ഭർത്താവ് രഘുനന്ദനും (മോഹൻലാൽ) നിലവിലെ ഭർത്താവ് അലക്‌സി (ശങ്കർരാമകൃഷ്‌ണൻ) യുമാണ്.

‘ഹീ ഈസ് എ റെയർ ബ്രീഡ്’ എന്നാണ് മീര തന്നെ രഘുനന്ദനെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. അരഗൻസ്, കുടി, ദേഷ്യം, പുച്ഛം, അവനവനെയല്ലാതെ മറ്റൊന്നിനോടും സ്‌നേഹവും റെസ്‌പെക്‌ട്‌മില്ലായ്‌മ എന്നിങ്ങനെയുള്ള നിരവധി കാരണങ്ങളാണ് രഘുനന്ദനുമായുള്ള വേർപിരിയലിനു കാരണമായി മീര തന്നെ ഒരിക്കൽ പറഞ്ഞിട്ടുള്ളത്. പ്രണയവും വിവാഹവും വേർപിരിയലുമെല്ലാം ഒരർത്ഥത്തിൽ രഘുനന്ദന് ലഹരി മാത്രമായിരുന്നു. ലഹരി ജീവിതത്തെയും ചിന്തകളെയും കൂടി തനിക്കൊപ്പം ഒഴുക്കിക്കൊണ്ടുപ്പോകുന്നത് നിർവികാരമായി അയാൾ നോക്കിക്കാണുന്നു. ലഹരിയിൽ പെയ്‌തൊഴിഞ്ഞ സമീർ എന്ന യുവാവെഴുതിയ കവിതക്ക് മീര സംഗീതം പകരുന്നു. ആ പാട്ടിൽ സ്വയമലിഞ്ഞ നിമിഷത്തിൽ രഘുനന്ദനൻ മീരയെ ആശ്ശേഷിക്കുന്നു .അകന്നു മാറുന്ന മീര ‘ ഇതു പോലൊരു രാത്രിക്കു വേണ്ടി എന്നെയും ബാക്കി വെക്കണമായിരുന്നു’  എന്ന് പറയുമ്പോൾ നഷ്‌ടബോധത്തോടെ  ചിരിക്കുന്ന രഘുനന്ദനും മലയാളസിനിമയിലെ പുതിയ കാഴ്ച്ചയായിരുന്നു.

സിനിമയിലെ സ്‌ത്രീ നമ്മുടെ കുടുംബത്തിലെ സ്‌ത്രീ തന്നെയാണ്. നിരവധി ഉടമസ്ഥരാൽ നിയന്ത്രണങ്ങൾക്കു വിധേയരായി ജീവിക്കേണ്ടി വരുന്ന സാധാരണ സ്‌ത്രീ. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഉറക്കെ പറയാൻ മടി കാണിക്കുന്ന നമ്മുടെ മനോഭാവം അടുത്തെങ്ങും മാറുമെന്ന് തോന്നുന്നില്ല. വിവാഹമോചിതരായ സ്‌ത്രീകളെ അവരെന്തോ  മഹാപാതകം ചെയ്‌തവരാണെന്നമട്ടിൽ  മുഖം കോട്ടുന്നവരും ഇന്നും നമുക്കിടയിലുണ്ട്. മിക്കപ്പോഴും നമ്മുടെ ജീവിതത്തിന്റെ മുകളിൽ പിടിമുറുക്കിയിട്ടുള്ള മതങ്ങൾ വിവാഹമോചനം  അനുവദിക്കാറുമില്ല. ക്രൂരത, വന്ധ്യത, പകർച്ചവ്യാധി, മാനസിക വിഭ്രാന്തി എന്നിവയുൾപ്പെടുന്ന പല കാരണങ്ങൾ കൊണ്ട് നിയമം തന്നെ മതങ്ങൾ അനുശാസിക്കുന്ന പവിത്രമായ ഉടമ്പടികളെ ഭേദിക്കാനവസരം നൽകു ന്നുമുണ്ട്. വിവിധമതങ്ങൾക്ക് വിവിധ തരത്തിലുള്ള നിയമങ്ങളാണ് നമ്മുടെ വിവാഹവ്യവസ്ഥയിലുള്ളത്. പരസ്‌പരം  മനസ്സിലാക്കാനും അംഗീകരിക്കാനും കഴിയുന്ന രണ്ടുവ്യക്‌തികൾ സ്വമനസ്സാലെ, പക്വതയോടെ പങ്കിടുന്നതാണ് ദാമ്പത്യ ജീവിതമെന്ന് ഇനിയും നമ്മുടെ സമൂഹം മനസ്സിലാക്കി വരുന്നതേയുള്ളൂ.  പൊരുത്തക്കേടുകൾ തിരുത്താനാവാത്തതാണെങ്കിൽ പിരിയുന്നതും  പുനർവിവാഹത്തിന് തയ്യാറാകുന്നതും വലിയൊരു പാപമായി  ഇന്നും നമ്മുടെ സമൂഹം കരുതിപ്പോരുന്നു.

ഒട്ടും ആത്‌മാർത്ഥയില്ലാതെ മറ്റുള്ളവരെ ബോധിപ്പിക്കാനായി മാത്രം തങ്ങളുടെ പാർട്ട് കടുത്ത ആത്‌മവഞ്ചനയോടെ അഭിനയിച്ച് തീർക്കേണ്ടി വന്ന ഒരുപാട് സ്‌ത്രീ ജന്മങ്ങൾ നമുക്കിടയിലുണ്ട്. ഭർത്താവിന്റെ കരിയും സൗഹൃദവും പോലെ തന്നെ വിലപ്പെട്ടതാണ് ഭാര്യയുടേതെന്നും തിരിച്ചറിയാതെ തന്റെയും തന്റെ കുടുംബത്തിന്റെയും ഇഷ്‌ടങ്ങൾക്കനുസരിച്ച് ട്യൂൺ ചെയ്‌തെടുത്ത ഒരു റോബോട്ടു പോലെ ആടിത്തീർക്കുന്ന നിരവധി സ്‌ത്രീജന്മങ്ങളുണ്ട്. ഇനിയും ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും. നഷ്‌ടപ്പെടുമ്പോൾ മാത്രമാണ് ഒരാളുടെ മൂല്യം എത്ര വലുതായിരുന്നു എന്ന് തിരിച്ചറിയാൻ സാധിക്കുക .എന്തായാലും സിനിമയിൽ രഘുനന്ദനൻ അതു തിരിച്ചറിയുന്നു.  മീരയുടെ ഡയലോഗിനു ശേഷം, സ്വന്തം ഇഷ്‌ടങ്ങളോടൊപ്പം തന്നെ പങ്കാളിയുടെ ഇഷ്‌ടങ്ങളും അംഗീകരിക്കാതിരുന്നാൽ അവൾ മറ്റൊരു ചില്ലയിലേക്കു ചേക്കേറുമെന്നും അവിടെ സന്തോഷമായി ജീവിക്കുമെന്നും തിരിച്ചറിഞ്ഞ രഘു ‘ ഒരു കാലം എന്റെ  ഭാര്യയായിരുന്നവളേ …’ നമുക്കിനി വരും ജന്മത്തിൽ പഴയറോളിൽ എന്നാത്‌മഗതം ചെയ്യുകയും ചെയ്യുന്നു. അറുപതാമത്തെ ദേശീയ ചലച്ചിത്രപുരസ്‌കാര വേളയിൽ മികച്ച സാമൂഹ്യോദ്ധാരണചിത്രത്തിനുള്ള പുരസ്‌കാരം നേടിയ സ്‌പിരിറ്റ് പല അർത്ഥത്തിലും നിരവധി സ്‌ത്രീജീവിതങ്ങളെ, അവരുടെ സംഘർഷങ്ങളെ, അവർ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ എല്ലാം ചിത്രീകരിച്ചിരുന്നു. മീരയെ അവതരിപ്പിച്ച കനിഹയും നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്.

-സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account