2011 മാർച്ച് 11ന് പ്രദർശനത്തിനെത്തിയ സന്തോഷ് ശിവൻ  ചിത്രമാണ് ഉറുമി. ചിത്രത്തിന്റെ ഛായാഗ്രഹണവും സന്തോഷ് ശിവൻ തന്നെയാണ് നിർവ്വഹിച്ചത്. 2011 ലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ച ചിത്രം തികച്ചും വ്യതിരിക്‌തമായ രണ്ടുകാലഘട്ടങ്ങളെ ക്രിയാത്‌മകമായി അടയാളപ്പെടുത്തുന്നു. കച്ചവടത്തിനായി വന്നവർക്ക് അടിപ്പെട്ട് ജീവിക്കേണ്ടി വന്ന കേരളീയരുടെ ദയനീയത, അവരുടെ പ്രതിഷേധങ്ങൾ, നമുക്കിടയിൽ ഉണ്ടായിരുന്ന ഒറ്റുകാർ എന്നിവയൊക്കെ സന്തോഷ് ശിവൻ ഈ ചിത്രത്തിൽ വരച്ചുകാട്ടുന്നു.

ചരിത്രവും സമകാലികതയും ഒക്കെ ഇടകലർന്ന മനശാസ്‌ത്രപരമായ സമീപനമാണ് ചിത്രത്തിന്റേത്. സ്വന്തം പിതാവിനെ വധിച്ച വാസ്‌കോ ഡ ഗാമയോട്  പ്രതികാരം ചെയ്യാൻ പൊന്നുറുമിയുമായി കാത്തിരിക്കുന്ന ചിറക്കൽ കേളു നായരുടെയും (പൃഥ്വിരാജ്) ചങ്ങാതി വവ്വാലിയുടെയും (പ്രഭുദേവ) കഥയാണ്‌ ഉറുമി. പ്രതികാരവും പ്രണയവും ഒരുപോലെ കോർത്തെടുക്കുന്ന പ്രമേയം. അറയ്ക്കൽ കോവിലകത്തെ തീപ്പൊരിയായ അറയ്ക്കൽ  ആയിഷ (ജെനീലിയ ഡിസൂസ) യിലാണ് കേളുവിന്റെ മനസ്സ് കൊരുക്കുന്നത്. ചിറക്കൽ കോവിലകത്തെ ബാല (നിത്യാ മേനോൻ) യാണ് വവ്വാലിയിൽ അനുരക്‌തയാകുന്നത്. മണ്ണും പെണ്ണും എങ്ങനെയൊക്കെയാണ് വിവിധ ആധിപത്യങ്ങളുടെ   സ്വാർത്ഥതാത്‌പര്യങ്ങൾക്കുവേണ്ടി അന്യാധീനപ്പെടുന്നതെന്ന് ചിത്രം വ്യക്‌തമാക്കുന്നു.

കേരളീയരോട് ഏറ്റവുമധികം ക്രൂരത ചെയ്‌ത പാശ്ചാത്യരാണ് പോർച്ചുഗീസുകാർ എന്ന ചരിത്രസത്യം നമുക്കെല്ലാവർക്കും അറിയാം. സ്വദേശിയോ വിദേശിയോ ആരുതന്നെയായാലും അധികാരവർഗത്തിന് മുന്നിൽ പെണ്ണുങ്ങൾക്ക് നഷ്‌ടപ്പെടുന്നത് അവരുടെ മാനവും അവകാശങ്ങളുമാണെന്ന് ചിത്രം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

ഏതു യുദ്ധത്തിലും തോൽപ്പിക്കപ്പടുന്നത് സ്‌ത്രീകളാണ്. ബന്ധുജനങ്ങളുടെ വിയോഗം, കൈവിട്ടു പോകുന്ന വീടും നാടും, ജിവയ്‌ക്കൊക്കെ പുറമെ രാജവംശത്തിലേതെന്നോ അടിമവംശത്തിലേതെന്നോ ഭേദമില്ലാതെ തോൽപ്പിച്ച നാട്ടിലെ പെണ്ണുങ്ങളെയെല്ലാം ലൈംഗിക അടിമകളാക്കുന്ന കാട്ടുനീതിയാണ് ഓരോ യുദ്ധത്തിന്റേതും. നഷ്‌ടപ്പെട്ട ആത്‌മബന്ധങ്ങളുടെ തീരാവേദനയിൽ നീറിക്കൊണ്ടിരിക്കുമ്പോഴും അന്യരുടെ മുന്നിൽ നഗ്നരായി നിൽക്കാനും പല തരം രതിവൈകൃതങ്ങൾക്ക് വിധേയരാകാനും വിധിക്കപ്പെടുന്ന പെണ്ണുങ്ങളുടെ കണ്ണീരുപ്പാണ് യുദ്ധത്തിന്റെ രുചി.

യുദ്ധചരിത്രങ്ങളുടെ ആ കറുത്തതാളുകളിലേക്കു കൂടി ഉറുമിയുടെ കാഴ്ച്ച നീളുന്നുണ്ട്. അറയ്ക്കൽ കോവിലകത്ത് നിന്ന് പിടിച്ചുകെട്ടി കൊണ്ടുവന്ന പെണ്ണുങ്ങളെ ഇഷ്‌ടമുള്ളവർക്കെടുക്കാൻ രാജകൽപ്പനയുണ്ടാകുമ്പോൾ ചിറയ്ക്കലെ രാജകുമാരി ബാല അച്ഛനോട് ചോദിക്കുന്ന ചോദ്യമാണ് ‘പട അറയ്ക്കലാണെങ്കിലും ചിറയ്ക്കലാണെങ്കിലും പാട് പെണ്ണുങ്ങൾക്ക് തന്നെ’യല്ലേന്ന്. ഒരു രാജകുമാരിക്ക് ചേർന്ന ധൈര്യവും സ്ഥൈര്യവും ഉള്ള  മിടുക്കിയാണ് ബാല. തട്ടിക്കൊണ്ടുപോകാൻ വന്നവർക്ക് മുന്നിൽ പോലും ധൈര്യത്തോടെ നിലകൊണ്ടവൾ. ബാലയെ പോലെതന്നെ  ശോഭയുള്ള കഥാപാത്രമാണ്  അറയ്ക്കൽ ആയിഷയും. മികച്ച അഭ്യാസി കൂടിയായ ആയിഷ കേളുനായരെ പടയിൽ സഹായിക്കുന്നുമുണ്ട്.

പട അറയ്ക്കലാണെങ്കിലും ചിറയ്ക്കലാണെങ്കിലും പാട് പെണ്ണുങ്ങൾക്ക് തന്നെ എന്ന ബാലയുടെ നിലപാടിന്  നൂറ്റാണ്ടുകൾക്ക് ശേഷവും ഒരു മാറ്റം വന്നിട്ടില്ല എന്നത് അത്‌ഭുതകരമായ ഒരു വിഷയമാണ്. കുടുംബത്തിലെ നീതിയായാലും സമൂഹത്തിന്റെ നിയമമായാലും സുപ്രീം കോടതിയുടെ വിധിയായാലും പെണ്ണിന്റെ കഷ്‌ടപ്പാടുകൾക്കും അവളോടുള്ള നീതി നിഷേധത്തിനും മാത്രം മാറ്റമൊന്നും സംഭവിക്കാതെയാണ് കാലമുരുളുന്നത്. ചിത്രത്തിലെ നായകൻ പറയുന്നതു പോലെ ‘പെണ്ണിനോടും പിഞ്ചിനോടും പിഴചെയ്‌തവരോട് ഒരു കാലവും പൊറുക്കരുത്’ എന്ന് വിശ്വസിക്കുന്ന പൗരുഷമാണ് നമ്മുടെ ആണുങ്ങൾക്കുണ്ടാകേണ്ടതെന്ന് തിരിച്ചറിയുന്ന കാലത്തായിരിക്കും സ്‌ത്രീ നീതികൾ പുലരുന്നത് എന്ന് പ്രത്യാശിക്കാം .’ഉറുമി’യിലെ ബാലയ്ക്ക് ജീവൻ പകർന്നത്  നിത്യാമേനോനാണ്. മലയാളം, തമിഴ്, കന്നട, തെലുങ്ക് സിനിമകളിലൊക്കെ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള ഈ കോഴിക്കോട്ടുകാരി  ഇന്ന്  പല വിജയചിത്രങ്ങളിലേയും നിത്യസാന്നിധ്യമാണ്.

– സ്വപ്‌ന സി കോമ്പാത്ത്

1 Comment
  1. Priya 3 years ago

    സ്ത്രീകൾ അന്നും ഇന്നും അങ്ങിനെയാണല്ലോ!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account