ഇന്ന് അമ്പതാം പെൺചൊല്ല്. വലിയ സന്തോഷം, അതിലേറെ അഭിമാനം. ഇത്തവണ പെൺചൊല്ല് ഉർവശി ശാരദക്കു മുന്നിൽ സമർപ്പിക്കുന്നു.

മലയാളത്തിന്റെ അഭിനയ യശസ്സെന്ന്  വിശേഷിപ്പിക്കാവുന്ന അഭിനേത്രിയാണ് ശാരദ. ബുദ്ധിശാലിയായ തെനാലിരാമന്റെ നാട്ടിൽ ഒരു കർഷകകുടുംബത്തിൽ ജനിച്ച സരസ്വതീദേവി എന്ന തെലുങ്ക് പെൺകുട്ടി ഒൻപതു വയസ്സു മുതൽ അഭിനയരംഗത്തു സജീവമായിരുന്നു. നാടകങ്ങളിലൂടെയാണ് അഭിനയരംഗത്ത് അവർ പ്രവേശിക്കുന്നത്. തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി നിരവധി സിനിമകളിൽ അഭിനയിച്ച ശാരദ മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം മൂന്നു തവണ സ്വന്തമാക്കിയിട്ടുണ്ട്.  ഇന്ത്യൻ സിനിമക്കു നൽകിയ സംഭാവനകളെ മാനിച്ച് NTR നാഷണൽ അവാർഡ് നൽകി ആന്ധ്രാപ്രദേശ് ഗവൺമെന്റ് ശാരദയെ അംഗീകരിച്ചു. 1979 ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാനപുരസ്‌കാരവും ശാരദയെത്തേടിയെത്തിയിട്ടുണ്ട് .

1968ൽ പ്രദർശനത്തിനെത്തിയ തുലാഭാരം എന്ന ചിത്രത്തിലൂടെയാണ് ശാരദയെ തേടി ആദ്യത്തെ ദേശീയ പുരസ്‌കാരമെത്തുന്നത്. തുലാഭാരത്തിലെ വിജയക്കു ശേഷം മലയാളത്തിന്റെ ദുഃഖപുത്രി എന്ന് നിരൂപകലോകം ആഘോഷിച്ച ശാരദയുടെ അസാമാന്യമായ അഭിനയം ഇന്നും പ്രേക്ഷകരുടെ കണ്ണു നനയിക്കും. കെ.പി.എ.സി യുടെ വൻ ഹിറ്റായ നാടകം സിനിമയിലേക്ക് പകർത്തിയത് എ വിൻസെന്റാണ്.

അമ്മ എന്ന പദവി സ്‌ത്രീയെ സംബന്ധിച്ചിടത്തോളം അവളെ ലോകത്തിലെ ഏറ്റവും വലിയ തടവുകാരി കൂടിയാക്കുന്നുണ്ട്. ഒരു പെൺകുട്ടി അമ്മയെന്ന ജന്മത്തിലൂടെ കടന്നുപോകുമ്പോൾ അവൾ അനുഭവിക്കുന്ന ചാരിതാർത്ഥ്യം കുടുംബമെന്ന സ്ഥാപനത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്തത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു. മക്കൾക്കെന്ത് പിഴവു പറ്റിയാലും അമ്മയുടെ വളർത്തുദോഷത്തിൽ അത് തട്ടിനിൽക്കുന്നു. കുഞ്ഞുങ്ങൾക്കെന്തെങ്കിലും അപകടം സംഭവിച്ചാലും അത്  അമ്മയുടെ കൈപ്പിഴവായി ലോകം വിധി പ്രസ്‌താവിക്കാറുണ്ട്.

അങ്ങനെ തലയ്ക്കു മുകളിൽ സോഫോക്ലീസിന്റെ വാളുമായി നിൽക്കുന്ന അമ്മമാർ ഒരിക്കലും തങ്ങളുടെ മക്കളെ അറിഞ്ഞു കൊണ്ട് വേദനിപ്പിക്കുക കൂടിയില്ല. എന്നാൽ  ഇവിടെയിതാ വിജയ എന്ന അമ്മ പ്രതിക്കൂട്ടിൽ തനിക്ക് വധശിക്ഷ വിധിക്കുന്നത് കേൾക്കാൻ അത്യാഗ്രഹത്തോടെ കാത്തുനിൽക്കുന്നു. മൂന്ന് കൊലപാതകങ്ങൾ ചെയ്‌ത ക്രൂരയായി. അതും സ്വന്തം കുഞ്ഞുങ്ങളെ വിഷം കൊടുത്തു കൊന്ന പാപിയായി അവളെ വിധിക്കുന്ന പരമോന്നത കോടതിക്ക് മുന്നിൽ വിജയ തന്റെ കഥ പറയുന്നു.

തൊഴിലാളി യൂണിയൻ നേതാവായിരുന്ന ഭർത്താവ് സമരമുഖത്ത് മരണപ്പെടുന്നതോടെ വൈധവ്യത്തോടും ദാരിദ്ര്യത്തോടും അവഗണനയോടും കുറ്റപ്പെടുത്തലിനോടും സമരസപ്പെട്ടു പോകേണ്ടിവന്ന ഹതഭാഗ്യയാണ് വിജയ.

ഒരു ദിവസം, ജോലിക്ക് പോയ അമ്മ  തിരിച്ചെത്താൻ വൈകിയപ്പോൾ വിശന്നു കരയുന്ന ഇളയതുങ്ങൾക്കു വേണ്ടി വട മോഷ്‌ടിച്ചു എന്ന കുറ്റത്തിന് വിജയയുടെ  മൂത്ത മകളെ ചായക്കടക്കാരൻ ചട്ടുകം കൊണ്ട് പൊള്ളിച്ചപ്പോൾ ആ അമ്മ ഒരു തീരുമാനമെടുക്കുന്നു. ഇനിയീ നന്ദികെട്ട ലോകത്തിൽ ജീവിച്ചിരിക്കുന്നതിലർത്ഥമില്ല.

പട്ടി തിന്ന് ബാക്കി വന്ന അൽപ്പം ചോറിൽ വിഷം ചേർത്ത്  അമ്മ മക്കൾക്ക് കൊടുക്കുന്നു. ഒരു പക്ഷേ ബാക്കി വന്ന ചോറ് ഒരുരുളക്ക്  പോലും തികയാത്തതായതു കൊണ്ടാവണം നിർഭാഗ്യവതിയായ ആ അമ്മ മാത്രം രക്ഷപ്പെട്ടു.

‘എത്രയും വേഗം എന്നെ ശിക്ഷിച്ച് എന്റെ ജീവിതം അവസാനിപ്പിച്ചു തരാൻ ദയവുണ്ടാകണമെന്ന്’ കോടതിയോട് അപേക്ഷിക്കുകയും, ‘സത്യത്തിന്റെയും ധർമ്മത്തിന്റെയും. കാവൽ ഭടനായ ഒരു നിയമ വ്യവസ്ഥ പുലരണമെന്ന് ആഗ്രഹിക്കുകയും’ ചെയ്‌തുകൊണ്ട് തന്റെ നാട്ടുകാരോട് വിജയ ചില കാര്യങ്ങൾ പറയുന്നു.

അന്ത്യാഭിലാഷമെന്നോണം കോടതിയിൽ അവർ പറയുന്ന വാചകമാണ് ‘ഒരിക്കലും ഒരമ്മയും എന്റെ പ്രവൃത്തി ആവർത്തിക്കരുതേ എന്ന് ഞാൻ അപേക്ഷിക്കുന്നു’ എന്നത് .

ഇത് സ്വന്തം പ്രവൃത്തിയിൽ കുറ്റബോധം തോന്നിയ ഒരമ്മയുടെ വാചകമല്ല. നമ്മുടെ സമൂഹം എങ്ങനെയാണ് കൊലപാതകികളെ സൃഷ്‌ടിക്കുന്നത് എന്നതിലേക്കുള്ള വിരൽ ചൂണ്ടിയാണ്. വിധവകളോട് കരുണ കാണിക്കാത്ത, അവരെ അപവാദശരങ്ങൾ കൊണ്ട് മുറിവേൽപ്പിക്കുന്ന, മുറിവേറ്റു പിടയുമ്പോൾ പരിഹസിക്കുന്ന, വിശപ്പിനെ പുച്ഛിക്കുന്ന സമൂഹത്തിന് നേരെയുള്ള ചോദ്യചിഹ്നമാണിത്. തെളിവുകൾ കൊണ്ട് മാത്രം വിധിപ്രസ്‌താവിക്കപ്പെടുമ്പോൾ പല നിരപരാധികളുടെ ജീവിതവും അനിശ്ചിതാവസ്ഥയിലേക്കു പകച്ചു വീഴുമെന്ന് തുലാഭാരം സാക്ഷ്യപ്പെടുത്തുന്നു. മലയാളസിനിമയിലെ എക്കാലത്തേയും  ഏറ്റവും മികച്ച കഥപാത്രങ്ങളിലൊന്നായ വിജയയെ ഇത്തവണ പെൺചൊല്ലിൽ ഉൾപ്പെടുത്താനായതിൽ ഏറെ ചാരിതാർത്ഥ്യം.

– സ്വപ്‌ന സി കോമ്പാത്ത്

3 Comments
  1. Anil 2 years ago

    All the best. continue writing….

  2. Vipin 2 years ago

    പെൺചൊല്ലിന്റെ എല്ലാ ലേഖനങ്ങളും വായിച്ചിട്ടുണ്ട്. വളരെ നന്നായി എഴുതി. സിനിമയിലെ കഥയെയും സംഭാഷണങ്ങളെയും ഇന്നത്തെ ജീവിതവുമായി ബന്ധിപ്പിച്ചുള്ള എഴുത്ത് മനോഹരം. ഇനിയും എഴുതുക. ഭാവുകങ്ങൾ!

  3. Padmapriya 2 years ago

    Best wishes…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account