മധ്യകാലഘട്ടത്തിലെ ക്ഷേത്രകേന്ദ്രീകൃത സംസ്‌കാരത്തിന്റെ ഫലമായി തെക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന ഒന്നാണ് ദേവദാസീസമ്പ്രദായമെന്നാണ് പൊതുവെ  വിശ്വസിക്കപ്പെടുന്നത്. ഇന്ത്യയിൽ മാത്രമല്ല മറ്റു പലരാജ്യങ്ങളിലും ദേവദാസിസമ്പ്രദായം നിലനിന്നിരുന്നതായി ചരിത്രപഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

കേരളത്തിൽ ദേവദാസീ സമ്പ്രദായം നിലനിന്നിരുന്നു എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ചരിത്രകാരനായിരുന്നു ഇളംകുളം കുഞ്ഞൻപിള്ള. മാത്രമല്ല, 1934ൽ തിരുവിതാംകൂറിൽ ദേവദാസി സമ്പ്രദായം നിയമം മൂലം നിരോധിക്കുകയുമുണ്ടായിട്ടുണ്ട്. ആദ്യകാലത്ത് ഏറ്റവും ആദരണീയരായി കരുതിയിരുന്ന നർത്തകികളായ ദേവദാസികൾ പിന്നീട് വേശ്യാവൃത്തിയിലേക്ക് അധപതിച്ചു പോയത് നമ്മുടെ സമൂഹം സ്‌ത്രീകളോട്  പ്രത്യേകിച്ചും നർത്തകിമാരോട്  പുലർത്തി വന്ന  നീതി നിഷേധത്തിന്റെ ഉദാഹരണമാണ്. മലയാളസിനിമകൾ പരിശോധിച്ചാൽ വിരലിലെണ്ണാവുന്നയിൽ മാത്രമാണ് ദേവദാസികളെക്കുറിച്ചുള്ള  പരാമർശം  കാണുന്നത്.

1987 ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് സ്വാതിതിരുനാൾ. ലെനിൻ രാജേന്ദ്രൻ എന്ന സംവിധായകന്റെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളിലൊന്നാണ് സ്വാതി തിരുനാൾ. തിരുവിതാംകൂർ കണ്ട മഹാരഥനായ ഒരു രാജാവിന്റെ അന്ത:സംഘർഷങ്ങളെ  ഏറ്റവും തനിമയോടെ അവതരിപ്പിക്കുന്നതിൽ ലെനിൻരാജേന്ദ്രൻ നിഷ്‌കർഷ പുലർത്തിയിട്ടുണ്ട്.

ദത്താപഹാരനിയമപ്രകാരം രാജ്യത്തെ അപഹരിക്കുന്നതിനുള്ള ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ദുരാഗ്രഹത്തെ ചെറുക്കാനെന്നോണം, തന്റെ മണ്ണിനെ സംരക്ഷിക്കാണുള്ള പത്‌മനാഭന്റെ ശ്രമമെന്നോണം ഒരുണ്ണി പിറക്കുന്നു. നാടും കൊട്ടാരവുമെല്ലാം ഉത്‌സാഹപൂർവ്വം കൊണ്ടാടുന്ന ആ ജനനം സകലകലാനിപുണനായ സ്വാതി തിരുനാളിന്റേതായിരുന്നു,

രാജ്യം പലവിധ ക്ഷേമൈശ്വര്യങ്ങളാൽ നടമാടിയിരുന്ന ആ ഭരണകാലത്താണ് സുഗന്ധവല്ലി എന്ന നർത്തകി രാജാവിന് മുന്നിലെത്തുന്നത്. നർത്തകീലക്ഷണങ്ങൾ തികഞ്ഞ ആ ഇരുണ്ട സുന്ദരി രാജാവിന്റെ സർഗാത്‌മകതയ്ക്ക് കൂടുതൽ ഉത്തേജനമായി.

“കരിവീട്ടി കടഞ്ഞെടുത്ത പോലെ” എന്നു ദാസിമാർ വർണ്ണിച്ച ആ തഞ്ചാവൂർകാരിയെ സ്വാതിതിരുനാൾ കൊട്ടാരം നർത്തകിയായി പ്രഖ്യാപിക്കുകയും അവൾക്ക് താമസിക്കാനായി ദാസിപ്പുരമാളിക നൽകുകയും ചെയ്യുന്നു.

സിനിമയുടെ വ്യാഖ്യാനപ്രകാരം തന്റെ കൃതികളെ നൃത്തരൂപത്തിൽ വേദിയിൽ അരങ്ങേറുന്ന അതുല്യ പ്രതിഭയോടുള്ള ആദരവും ആരാധനയുമാണ് രാജാവിന് സുഗന്ധവല്ലിയോടുണ്ടായിരുന്നത്. പക്ഷേ ഈ ദേവദാസിയുടെ നാട്യത്തിൽ ഭ്രമിച്ചവനായി ലോകം സ്വാതിതിരുനാളിനെ പഴിക്കുമെന്നതിൽ സുഗന്ധവല്ലി പരിഭ്രമിച്ചിരുന്നു. സുഗന്ധവല്ലിയുമൊത്ത് പത്‌മനാഭക്ഷേത്രത്തിൽ ദർശനത്തിന് പോകാനൊരുങ്ങുന്ന രാജാവിനെ അവർ തന്നെ വിലക്കുന്നു.

“ഞങ്ങൾ ദേവദാസികൾ, എല്ലാവരും ഞങ്ങളെ വെറുക്കുന്നു. ഞാൻ കാരണം അങ്ങെന്തിന് പഴികേൾക്കണം” എന്നവൾ  രാജാവിനെ പിന്തിരിപ്പിക്കാൻ നോക്കുന്നു. ഒടുവിൽ രാജ്യം നേരിടേണ്ടിവന്ന പ്രളയത്തിന് കാരണമായി സുഗന്ധവല്ലിയുമായി രാജാവിനുണ്ടായിരുന്ന അവിശുദ്ധബന്ധമാണെന്ന് റാണീ ഗൗരീപാർവ്വതി ബായ്  തന്നെ നേരിട്ട് കുറ്റപ്പെടുത്തുമ്പോൾ സുഗന്ധവല്ലി നാടുവിട്ടു പോകുന്നു.

സിനിമയിൽ ഈ വിരഹ ദു:ഖമാണ് സ്വാതി തിരുനാളിന്റെ അകാല മൃത്യുവിന് കാരണമാകുന്നത്. സിനിമയും ചരിത്രവും യാഥാർത്ഥ്യവും തമ്മിൽ നിരവധി പൊരുത്തക്കേടുകളുണ്ടാകാമെങ്കിലും ബഹുഭാര്യാത്വം അനുവദനീയമായിരുന്ന കാലത്ത് അതുല്യയായ ഒരു നർത്തകിയെ, അതും മഹാരാജാവ് കൊട്ടാരം നർത്തകിയായി പ്രഖ്യാപിച്ചവളെ ദാസിപ്പെണ്ണായി, അധ:പതിച്ചവളായി മാറ്റിനിർത്തിയ  സാമൂഹ്യനീതി ഇന്നും സിനിമയും മോഡലിങ്ങും നൃത്തവും ഉൾപ്പെടുന്ന വിവിധ രംഗപാഠങ്ങൾക്ക് ജീവൻ നൽകുന്ന കലാകാരികളോട് സമൂഹം തുടർന്നു വരുന്നു എന്ന കാര്യത്തിൽ സംശയമില്ല.

ദേവദാസികളെ സംബന്ധിച്ച നിരവധി കെട്ടുകഥകളുണ്ടെങ്കിലും അത്തരം ദുരാചാരങ്ങൾ ഇന്നും തുടർന്നു വരുന്ന ഗ്രാമങ്ങൾ തെക്കേ ഇന്ത്യയിലുണ്ടെന്നത് ഏറെ വേദനാജനകം. ഏതൊക്കെയോ ഇരുണ്ട ഇടനാഴികളിൽ അസ്വാതന്ത്ര്യത്തിന്റെ കാൽചങ്ങലകളാൽ കെട്ടിയിടപ്പെട്ട ആ പെൺകുട്ടികളുടെ നിസ്സാഹയത കൂടി നമ്മുടെ ഉള്ളിലുണ്ടാവണം. വേശ്യ എന്ന വിളിപ്പേരോടെ അമ്മമാരുടെ ഗർഭപാത്രത്തിൽ ഉരുവം കൊള്ളുന്ന, വൈശിക തന്ത്രപഠനമല്ലാതെ മറ്റൊന്നിനും ഇടമില്ലാത്ത ബാല്യകൗമാര യൗവനങ്ങളുടെ കണ്ണുകളുടെ നിർവികാരത നമ്മെ വേദനിപ്പിക്കണം. മ്ലേച്ഛമായ അനാചാരങ്ങളിൽ നഷ്‌ടപ്പെട്ടു പോകുന്ന ആ പെൺബാല്യങ്ങൾ നമ്മുടെ നെഞ്ചിലെ നീറ്റലാവണം.

ദേവദാസിയായ സുഗന്ധവല്ലിയുടെ ആത്‌മസംഘർഷങ്ങളെ അവളുടെ നൃത്തചാതുരിയെ തിരശ്ശീലയിലടയാളപ്പെടുത്തിയത് രഞ്ജിനിയാണ്. ഒരു പാട് നല്ല കഥാപാത്രങ്ങളിലൂടെ നമ്മെ രസിപ്പിച്ച  രഞ്ജിനി ദീർഘനാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ  മലയാളത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. രഞ്ജിനിയെ സ്‌നേഹാദരങ്ങളോടെ ഇന്നത്തെ പെൺ ചൊല്ല് ചേർത്തുവെക്കുന്നു.

– സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account