ഇതൊരു പോരാളിയുടെ ചോദ്യമാണ്. സൗന്ദര്യത്താലും അങ്കവീര്യത്താലും തലമുറകൾക്ക് മുന്നിൽ ജ്വലിക്കുന്ന ഓർമ്മയായി നിലനിൽക്കുന്ന വടക്കൻപാട്ടിലെ ധീരനായിക ഉണ്ണിയാർച്ചയുടെ ചോദ്യമാണിത്. 1961 ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് ഉണ്ണിയാർച്ച.
“ഭൂമിയിൽ നിന്നുമുളച്ചിടായോ
മാനത്തുനിന്നെങ്ങാൻ പൊട്ടിവീണോ
കുന്നത്ത് കൊന്ന പൂത്ത പോലെ
വയനാടൻ മഞ്ഞൾ മുറിച്ച പോലെ” എന്ന് ആറ്റുമണമ്മേൽ കുഞ്ഞിരാമൻ വാതോരാതെ വർണ്ണിച്ച, സുന്ദരിയായ ഉണ്ണിയാർച്ച എല്ലാ അർത്ഥത്തിലും മാതൃകയായ സ്ത്രീയാണ്.
വിവാഹകാര്യത്തിൽ സ്വന്തം ഇഷ്ടത്തിൽ നിന്ന് വ്യതിചലിക്കാൻ തയ്യാറല്ലാതിരുന്ന ആ പെൺവാശിക്കു മുന്നിൽ അവളുടെ അച്ഛനുപോലും അടിപതറുന്നു. അല്ലിമലർക്കാവിൽ കൂത്ത് കാണാൻ പോകണമെന്ന് ആശ പ്രകടിപ്പിച്ച ഉണ്ണിയാർച്ചയെ തടയുന്നതിനായി ഭർത്താവ് കുഞ്ഞിരാമൻ നാദാപുരത്തങ്ങാടിയിലെ തെമ്മാടികളെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്തുന്നു.
‘ആ വഴി പട്ടുടുത്തു പോകുന്ന പെണ്ണുങ്ങളെ തെമ്മാടികൾ പട്ടഴിച്ചു വിടും’ എന്ന് കുഞ്ഞിരാമൻ പറയുമ്പോഴാണ് പതിനെട്ടടവും പഠിച്ച അങ്കചേകവത്തിയുടെ രക്തം തിളക്കുന്നത്. ‘എന്നാൽ അല്ലിമലർക്കാവിലെ ആ തെമ്മാടികളെയാണെനിക്കിനി കാണേണ്ടത്’ എന്നു ഉണ്ണിയാർച്ച ഉറപ്പിക്കുന്നു. ഉണ്ണിയാർച്ചയ്ക്കു ആപത്തുസംഭവിക്കുമെന്ന് ഭയപ്പെടുന്ന കുഞ്ഞിരാമനോട് ‘ആണിന്റെ തുണയില്ലാതെ പെണ്ണിന് പെരുവഴി നടക്കാൻ വേണ്ടി ജീവൻ കളഞ്ഞ ചേകോത്തിയെക്കുറിച്ച് അവിടത്തേക്ക് അഭിമാനിക്കാമല്ലോ’ എന്നാണ് ആർച്ചയുടെ മറുപടി.
പരിഭ്രാന്തനായ കുഞ്ഞിരാമൻ തുടർന്നും ആർച്ചയെ നിരുത്സാഹപ്പെടുത്തുവാൻ ശ്രമിക്കുന്നു. അപ്പോഴാണ് ആർച്ച ഇത്തരത്തിൽ പ്രതികരിക്കുന്നത്. ‘പേറും പിറപ്പും മാത്രം മതിയോ പെണ്ണിന്?’ ഇത് കാലാകാലങ്ങളായി നമ്മൾ ഏറ്റു ചൊല്ലുന്നു എന്നല്ലാതെ എവിടെ നിന്നെങ്കിലും ഉത്തരം ലഭിക്കുന്നുണ്ടോ?
എന്നു മുതലാണ് പെണ്ണുങ്ങളുടെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനത്തെ തടയുന്ന ആണഹങ്കാരത്തിന്റെ മതിലുകൾ ഉയർന്നിരുന്നതെന്ന ചോദ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് പതിനാറാം നൂറ്റാണ്ടിൽ പ്രചരിച്ചിരുന്ന വടക്കൻ പാട്ടുകൾ വരെ സാക്ഷ്യപ്പെടുത്തുന്നു. 1961 ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത് പ്രദർശനത്തിനെത്തിയ ഉണ്ണിയാർച്ച എന്ന മലയാള സിനിമയ്ക്ക് ശാരംഗപാണി തയ്യാറാക്കിയ സംഭാഷണം ഇക്കാലഘട്ടത്തിലും ഏറെ പ്രസക്തമാണ്. ഉദാഹരണത്തിന് കൂത്തിന് പോകുന്നതിന് മുമ്പായി ആർച്ച പറയുന്ന വാക്കുകൾ കേൾക്കാം:
‘നോവ് തിന്ന് പെറുന്നത് പെണ്ണ്. ലോകത്തെ താരാട്ട് പാടിയുറക്കുന്നത് പെണ്ണ്. ആ പെണ്ണിന് തെമ്മാടികളെ പേടിച്ച് വഴിമാറി നടക്കണം പോലും.’
നവോത്ഥാനമുണ്ടാകേണ്ടത് ആണും പെണ്ണുമടങ്ങുന്ന നമ്മുടെ മനസ്സിലാണ്. ‘യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ’ എന്ന ഉപനിഷത് ദർശനത്തെ അതിന്റേതായ അർത്ഥത്തിൽ ഉൾക്കൊള്ളാത്തിടത്തോളം എവിടെയാണ് തുല്യത എന്ന ആശയത്തിന് പ്രസക്തിയുണ്ടാവുക? അധികാരത്തെ നിയന്ത്രിക്കുന്നത് രാഷ്ട്രീയകക്ഷികളാണെന്ന് ആർക്കാണറിയാഞ്ഞത്. പക്ഷേ കക്ഷിരാഷ്ട്രീയത്തിലെ പ്രബലമായ പദവികളിലിരിക്കുന്ന സ്ത്രീപുരുഷാനുപാതം 1:100 എന്നോ 1:1000 എന്നോ വിലയിരുത്തിയാലും തെറ്റാവില്ല എന്നത് നമുക്ക് വ്യക്തമായറിയാം.
സ്ത്രീയും പുരുഷനും തുല്യരാണെന്നും തുല്യജോലിക്ക് തുല്യവേതനമാണെന്നു പ്രസ്താവിക്കുകയും ചെയ്യുമ്പോഴും തുല്യതയ്ക്കു വേണ്ടിയല്ല സംവരണത്തിനു വേണ്ടിയാണ് നമ്മൾ പൊരുതുന്നതെന്നത് നിരാശാജനകം തന്നെ എന്ന് തിരിച്ചറിയണം.
ഉണ്ണിയാർച്ചയെ കരുത്തുളളവളാക്കിയത് ഗുരുകൂടിയായ അച്ഛനാണ്. ആഗ്രഹ സാക്ഷാത്ക്കാരത്തിന് അവസരമൊരുക്കിയ സഹോദരനാണ്. സ്നേഹം കൊണ്ട് കൂടെ നിന്ന ഭർത്താവാണ്. അമ്മയുടെ പ്രതിജ്ഞ നിറവേറ്റിയ മകനാണ്. അതുകൊണ്ടാണ് സ്ത്രീ ഒരു ദീപശിഖയാകണമെങ്കിൽ അവളിലെ ജ്വാലയെ കൂടുതൽ കരുത്തോടെ തെളിയിക്കണമെങ്കിൽ കുടുംബം തന്നെ വിചാരിക്കണം. അങ്ങനെ കൂടുതൽ കൂടുതൽ കരുത്തുള്ള സ്ത്രീകളുണ്ടാവട്ടെ, നിരവധി ആർച്ചമാരുണ്ടാവട്ടെ.
സിനിമയിൽ ഉണ്ണിയാർച്ചയെ അവതരിപ്പിച്ചത് തിരുവിതാംകൂർ സഹോദരിമാരിലെ രാഗിണിയാണ്. ആരോമലുണ്ണി എന്ന സിനിമയിലും രാഗിണി തന്നെയാണ് ഉണ്ണിയാർച്ചയെ അവതരിപ്പിച്ചത്. അഭിനയവും നൃത്തവും സൗന്ദര്യവും ഇത്ര ചേർച്ചയോടെ ഒരാളിൽ ഒത്തുചേരുന്നത് അപൂർവ്വമായ ഒരു കാഴ്ചയാണ്. മുപ്പത്തൊമ്പതാം വയസ്സിൽ ക്യാൻസർരോഗത്തിന് കീഴടങ്ങുന്നത് വരെ നൃത്തത്തിനും അഭിനയത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച രാഗിണി വിവിധ ഭാഷാചിത്രങ്ങളിൽ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
മലയാള സിനിമാതിരശ്ശീലയിലെ ആ അഭൗമതേജസ്സിന് മുന്നിൽ ഇന്നത്തെ പെൺ ചൊല്ല് സമർപ്പിക്കുന്നു.