നിസ്സഹായതയുടെ ഏറ്റവും വലിയ മുനമ്പിൽ നിന്നുകൊണ്ട്  തന്റെ അപരാധങ്ങളേറ്റു പറയുന്ന ഒരു യുവതിയുടെ ആത്‌മവേദനയാണിത്. പെൺവർഗത്തിൽ പെട്ട ഏത് ജീവിക്കും ഗർഭം ധരിക്കാനും പ്രസവിക്കാനും കഴിയുന്ന സവിശേഷശരീരപ്രകൃതിയാണുള്ളത്. വംശവർദ്ധനവിനായുളള ഒരു പ്രകൃതിമാർഗമാണ് ഗർഭധാരണവും പ്രസവവും.

സ്‌ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യത്തെ ഭയത്തോടെ മാത്രം വീക്ഷിച്ച പിതൃദായക്രമം അവളെ നിലനിർത്താനുള്ള ആയുധമായി ഗർഭത്തെ പ്രതിഷ്ഠിച്ചുവെച്ചു. പലപ്പോഴും കാമുകൻ കൈയൊഴിയുന്നതോടെ അവളുടെ ഗർഭം അവിഹിതവും അവൾ അപഥസഞ്ചാരിണിയുമാവും. അവളെ പ്രതി കുടുംബത്തിന്റെ മാനം കപ്പൽ കയറുകയും ചെയ്യും.

ഓപ്പോൾ എന്ന സിനിമയിലേതാണ് ഇന്നത്തെ പെൺ ചൊല്ല്. ഇതിലെ നായിക മാളുവാണ് ആത്‌മനിരാസമെന്നോണം ഈ വാചകം പറഞ്ഞൊപ്പിക്കുന്നത്. പ്രണയത്താൽ വഞ്ചിതയായ മാളുവിന് കാമുകൻ സമ്മാനിച്ച ഗർഭമാണ് അപ്പുവിന്റെ ജനനത്തിന് കാരണം.

അപ്പുവിന്  സ്വന്തം അമ്മയാരെന്നുപോലുമറിയില്ല, അവനെ സ്‌നേഹപൂർവ്വം പരിചരിക്കുന്ന ഓപ്പോളെ മാത്രേ അവനറിയൂ. ബന്ധുക്കളുടെ മുന്നിൽ അപശകുനമായി മാറുന്ന ആ കുട്ടിയുടെ ഏക ആശ്വാസമാണ്  ഓപ്പോൾ.

ഓപ്പോൾ വിവാഹിതയാകുന്നതോടെ അപ്പുവും കൂടെ പോകുന്നു. മുമ്പ് പ്രസവിച്ചിട്ടുള്ള കാര്യം മറച്ചുവെച്ചിട്ടാണ് അമ്മ മാളുവിനെ വിവാഹം കഴിച്ചയക്കുന്നത്.

പട്ടാളത്തിൽ നിന്ന് വിരമിച്ച ഗോവിന്ദൻകുട്ടി പരുക്കനാണെങ്കിലും മാളുവിനെ സ്‌നേഹിക്കുന്നുണ്ട്. അപ്പു പലപ്പോഴും അയാളിൽ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. ഒടുവിൽ അപ്പുവിനെയും കൊണ്ട് മാളു മലയിറങ്ങുന്നു. അവരെ തെരഞ്ഞെത്തിയ  ഗോവിന്ദൻകുട്ടിയോടാണ് മാളു “ആരേയും ചതിക്കണ്ച്ചിട്ട് ഞാൻ…. ഞാനൊന്നും ചെയ്‌തിട്ടില്ല. എന്നേ ചതിച്ച ആളെക്കൂടി ഞാൻ ശപിച്ചിട്ടില്ല” എന്ന്  ആത്‌മവേദനയോടെ പറയുന്നത്.

സിനിമയിൽ ഗോവിന്ദൻ കുട്ടി മാളുവിനെയും മകനെയും സസന്തോഷം ജീവിതത്തിലേക്കു ക്ഷണിക്കുന്നു. പക്ഷേ, യഥാർത്ഥജീവിതത്തിലെ സ്ഥിതിയെന്താണ്? വിവാഹം എന്ന ചടങ്ങിന് മുമ്പ് ഗർഭിണിയാകപ്പെടുന്ന സ്‌ത്രീയും അവൾക്ക് ജനിക്കുന്ന കുഞ്ഞും കാലാകാലത്തോളം അപമാനത്തിന് വിധേയരാകുന്നു. ഒരേ പ്രവൃത്തിക്ക് സ്‌ത്രീ മാത്രം കളങ്കിതയാകുന്നതും പിന്നീടവൾക്ക്  സാമൂഹ്യ ജീവിതം നിഷേധിക്കപ്പെടുന്നതും എത്ര വലിയ അനീതിയാണ്!

ആണധികാരം രൂപപ്പെടുത്തിയെടുത്ത നമ്മുടെ സ്‌ത്രീസങ്കൽപ്പങ്ങളിൽ  പലതും ഉടച്ചുവാർക്കപ്പെടേണ്ടിയിരിക്കുന്നു. കരുതലോടെ ജീവിക്കാനുള്ള മാനസിക പക്വത ആർജ്ജിക്കേണ്ട ബാധ്യത സ്‌ത്രീകളുടേതാണ്. കേരളത്തിൽ ടീനേജ് അമ്മമാരുടെ എണ്ണം വർധിക്കുന്നു എന്ന പത്രവാർത്തയെ പിന്തുടർന്നു നടത്തിയ അന്വേഷണം ഏറ്റവും സംഭ്രമാത്‌മകമായ ഒരറിവിലേക്കാണ് നയിക്കുന്നത്. ഓരോവർഷവും അവിവാഹിതരായ ടീനേജ് അമ്മമാരുടെ എണ്ണം മൂന്നും നാലും ശതമാനം വരെ വർധിക്കുകയാണത്രേ. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കും അപകർഷതാബോധം കൊണ്ട് ഉള്ളുലഞ്ഞ  ഒരു തലമുറയിലേക്കും വഴി വെക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മലയാളസിനിമയിലെ ഏറ്റവും പ്രസിദ്ധയായ അഭിനേത്രിമാരിലൊരാളായ  മേനകയാണ്  ഈ സിനിമയിലെ മാളുവിനെ അവതരിപ്പിച്ചത്. തമിഴിൽ നിന്നും മലയാളത്തിലേക്കെത്തിയ സുന്ദരി. മലയാളത്തിൽ നിരവധി കഥാപാത്രങ്ങളെ അവർ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. മേനകയുടെ മകൾ കീർത്തി ഇന്ന് തെന്നിന്ത്യൻ സിനിമയിലെ  ഏറ്റവുമധികം താരമൂല്യമുള്ള അഭിനേത്രിയായി മാറിക്കഴിഞ്ഞു.

‘ഓപ്പോൾ ‘ മലയാള സിനിമയിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. ഏറ്റവും നല്ലചിത്രം, സംവിധായകൻ, ശബ്‌ദലേഖനം, ബാലതാരം, തിരക്കഥ എന്നിവക്കുള്ള 1981 ലെ സംസ്ഥാനപുരസ്‌കാരം ഓപ്പോൾ കരസ്ഥമാക്കി. മാത്രമല്ല മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ബാലൻ കെ നായരും ബാലതാരത്തിനുള്ള പുരസ്‌കാരം മാസ്റ്റർ അരവിന്ദും ഗായികക്കുള്ള പുരസ്‌കാരം എസ്. ജാനകിയും കരസ്ഥമാക്കിയത് ഓപ്പോളിലൂടെയാണ്.

 സ്വപ്‌ന സി കോമ്പാത്ത്

2 Comments
  1. Haridasan 3 years ago

    നല്ല ലേഖനം

  2. Su Ji N 3 years ago

    പെൺ ചലച്ചിത്രമേളയിലേ ഓപ്പൺഫോറത്തിലേ പ്രസംഗത്തിലൂടെയാണ് ജ്വലനം പേജിനേക്കുറിച്ചറിയുന്നത്. നല്ലെയെഴുത്ത്.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account