ബോക്‌സ് ഓഫീസിൽ ഹിറ്റ് വിജയം നേടിയ മലയാള സിനിമകളിലൊന്നാണ് ഇരുപതാം നൂറ്റാണ്ട്. കെ. മധുവിന്റെ സംവിധാനമികവും എസ്. എൻ. സ്വാമിയുടെ തീ പാറുന്ന ഡയലോഗുമായി പ്രേക്ഷകർക്കിടയിൽ ചലനം സൃഷ്‌ടിച്ച സൂപ്പർ ഹിറ്റ് സിനിമ. സാഗർ ഏലിയാസ് ജാക്കി എന്ന അധോലോകനായകനെ കേന്ദ്രീകരിച്ചുള്ള സിനിമയിൽ രണ്ടു നായികമാരാണുള്ളത്. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്‌റ്റായ അശ്വതി വർമ്മയും തടവുശിക്ഷ അനുഭവിക്കുന്ന സാഗറിന്റെ കാമുകി ജ്യോതിയും.

സിനിമയിൽ അശ്വതിയായി അഭിനയിച്ചത് അക്കാലത്തെ തെന്നിന്ത്യൻ താരറാണി അംബികയും ജ്യോതിയെ അവതരിപ്പിച്ചത്  അഭിനയപ്രതിഭ ഉർവ്വശിയുമാണ്.

കേരളദേശം പാർട്ടിയുടെ സ്ഥാപകനും ഇപ്പോൾ രാഷ്‌ട്രീയവനവാസം നയിക്കുന്നതുമായ വർമ്മാജിയുടെ പേരക്കുട്ടിയാണ് അശ്വതി. വർമ്മാജിയെ പാർട്ടി സമ്മേളനത്തിനു ക്ഷണിക്കാൻ വേണ്ടി വന്ന മന്ത്രിയോട് അശ്വതി എന്ന മിടുക്കിയായ പത്രപ്രവർത്തക ചോദിക്കുന്ന ചോദ്യമാണ് ഇന്നത്തെ പെൺചൊല്ല്.  ‘അധികാരമുണ്ടെങ്കിലേ  ജനങ്ങളെ സേവിക്കാൻ പറ്റൂ എന്നുണ്ടോ?’ എന്നാണ് അശ്വതിയുടെ സംശയം. ബുദ്ധിമതിയായ, ലോകപരിചയമുള്ള, സമകാലികരാഷ്‌ട്രീയ സാഹചര്യങ്ങളെ വ്യക്‌തമായി നിരീക്ഷിക്കുന്ന  ഒരു പെൺകുട്ടിയുടെ സംശയമാണിത്.

മലയാളസിനിമയിലെ വളരെ വ്യത്യസ്‌തയായ നായികയാണ് അശ്വതി വർമ്മ. അവളുടെ പ്രണയമോ അവൾ ആടിപ്പാടിയ പാട്ടുകളോ അല്ല, അവളുടെ വ്യക്‌തിത്വമാണ് ആ കഥാപാത്രത്തിന് മിഴിവ് നൽകുന്നത്. സാധാരണയായി നമ്മുടെ നായികമാർക്ക് രാഷ്‌ട്രീയാവബോധം  ഉണ്ടാകാറില്ല. അവർ കുടുംബ ബന്ധങ്ങളെക്കുറിച്ചോ, പാചകത്തെക്കുറിച്ചോ, ഫാഷനെക്കുറിച്ചോ മാത്രം തുടർച്ചയായി സംസാരിച്ചുകൊണ്ടിരുന്നു. എന്നാൽ എസ് .എൻ. സ്വാമി തന്റെ മറ്റു പല സിനിമകളിലുമെന്നപോലെ ഈ സിനിമയിലും നല്ല ശക്‌തമായ ഡയലോഗുകളാണ് നായികക്ക് വേണ്ടി സൃഷ്‌ടിച്ചത്.

ഏത് ലക്ഷ്യത്തിന് വേണ്ടിയാണോ, ഏത് ആദർശങ്ങൾ പാലിക്കാൻ വേണ്ടിയാണോ, ഏത്  ജനവിഭാഗത്തിന് വേണ്ടിയാണോ രാഷ്‌ട്രീയ  പാർട്ടികൾ രൂപം കൊള്ളുന്നത് എന്ന് തെരഞ്ഞെടുപ്പ് വേളയിലും, സ്ഥാനമാനങ്ങൾ വീതിച്ചെടുക്കുന്ന സമയത്തും നേതാക്കൻമാർ സൗകര്യപൂർവ്വം മറക്കുന്നു. ഏത്  ശത്രുക്കൾക്കെതിരെയാണ് ഇത്തരമൊരു പ്രസ്ഥാനം രൂപംകൊണ്ടത് എന്നത് അധികാരവാഞ്ഛക്ക്  മുന്നിൽ അടിപതറുന്ന നേതാക്കൾ സൗകര്യപൂർവ്വം മറക്കുന്നു. സ്ഥാപിത താത്‌പര്യങ്ങൾക്കു വേണ്ടി അവിശുദ്ധകൂട്ടുകെട്ടുകൾക്ക് മുതിരുന്നവർ പൊതുശത്രു, പുരോഗമന ചിന്തകൾ, എന്നൊക്കെയുള്ള ഓമനപ്പേരിൽ ന്യായീകരണങ്ങൾ നിരത്തി സംശയിക്കുന്ന  സാധാരണക്കാരെ നിസ്സഹായരാക്കുന്നു.

എന്നാൽ അശ്വതി നിസ്സാഹയയല്ല. അവൾ വിശാലമായ വീക്ഷണമുള്ള, കാര്യങ്ങളെ സൂക്ഷ്‌മമായി അപഗ്രഥിക്കുന്ന ഒരു യുവതിയാണ്. വിവിധ പ്രത്യയശാസ്‌ത്രാവബോധങ്ങൾ എന്നത്  ലഹരിയായി, സിരകളെ കാർന്നുതിന്നുന്ന മയക്കുമരുന്നായി നമ്മുടെ യുവതലമുറയെ ബാധിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് നിരവധി അശ്വതിവർമ്മമാർ ഉണ്ടാകേണ്ടിയിരിക്കുന്നു. നേതാക്കൻമാരുടെ വാക്കുകൾക്ക് മുന്നിൽ തലച്ചോറ് പണയം വെക്കാതെ ഐഡിയോളജിയിൽ ഉറച്ചുനിൽക്കുന്ന, രാഷ്‌ട്രീയമെന്നത് ഒരു തൊഴിലായല്ലാതെ സേവന മാർഗമായി കണക്കാക്കുന്ന ഒരു തലമുറയാണ് നമുക്ക് വേണ്ടത്.

അധികാരം കയ്യിലുണ്ടെങ്കിൽ നിരവധി കാര്യങ്ങൾ ചെയ്യാം. എന്നാൽ അധികാരം എന്ന വിലക്കപ്പെട്ട കനിക്ക് വേണ്ടി പരമാവധി ഒത്തുതീർപ്പുകൾക്ക് വിധേയരാകുമ്പോൾ ജനത്തിനൊപ്പം നിൽക്കുന്ന ക്രിയാത്‌മക പ്രതിപക്ഷത്തെയാണ് നഷ്‌ടപ്പെടുന്നത്. രാഷ്‌ട്രീയക്കാരുടെ മുഖ്യലക്ഷ്യം ജനസേവനമാവണം, അല്ലാതെ അധികാരമാവരുത് എന്ന ഓർമ്മപ്പെടുത്തലായിരുന്നു ഇന്നത്തെ പെൺ ചൊല്ല്.

അംബിക എന്ന അഭിനേത്രി എന്നും മലയാള തിരശ്ശീലയുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്കൊപ്പം നിൽക്കുന്നു. അഭിനയമികവിനോടൊപ്പം വസ്‌ത്രധാരണത്തിലും  അലങ്കാരത്തിലും അവർ പുലർത്തിയിരുന്ന സൂക്ഷ്‌മത കൂടി എടുത്തു പറയേണ്ടതാണ്. പന്ത്രണ്ട് വർഷത്തോളം തെന്നിന്ത്യൻ സിനിമാലോകത്തെ താരറാണിപ്പട്ടം സ്വന്തമാക്കിയിരുന്ന അംബികയ്ക്കാണ് ഇന്നത്തെ പെൺചൊല്ല് സമർപ്പിക്കുന്നത്.

 സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account