ഓരോ വ്യക്‌തിയുടെയും ജീവിതത്തിന് പൂർണ്ണത കൈവരുന്നത് കുഞ്ഞുങ്ങളുടെ ജനനത്തോടെയാണ് എന്നാണ് പരക്കെയുള്ള ഒരു വിശ്വാസം. പക്ഷേ നമ്മുടെ കുഞ്ഞുങ്ങളിൽ പലരും ബാല്യത്തിന്റെ വിസ്‌മയകരമായ സൗന്ദര്യം ആസ്വദിക്കാൻ കഴിയാത്തവരായി മാറുന്നു എന്നാണ് പത്രവാർത്തകൾ തെളിയിക്കുന്നത്. ഇന്ത്യയിൽ 53% കുട്ടികളും പലതരത്തിലുള്ള പീഡനങ്ങൾക്കു വിധേയമാകുന്നുണ്ടെന്ന  കണക്കുകൾ ഞെട്ടലുണ്ടാക്കുന്നു.

അവഗണന കൂടാതെ ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങളും ബാലപീഡനമായി കരുതി വരുന്നു. പോക്‌സോ കേസുകളിൽ ഏറ്റവുമധികം ശിക്ഷിക്കപ്പെടുന്നത് രക്ഷിതാക്കളാണ് എന്നതാണ് അവിശ്വസനീയം. വീട്ടിലും പുറത്തും കുട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്ന പലരും കുട്ടികളെ പലതരത്തിൽ ചൂഷണം ചെയ്യുന്ന ദുരവസ്ഥയാണ് ഇന്ന്  നമുക്കുള്ളത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നായികയായ സായയും ഇത്തരമൊരു ബലിയാടാണ്. പന്ത്രണ്ടു വയസ്സിൽ സ്വന്തം അമ്മാവനാൽ പലതവണ പീഡിപ്പിക്കപ്പെട്ട ആ  പെൺകുട്ടി, അയാളാകെ ബഹുമാനത്തോടെ പെരുമാറുന്ന സ്‌ത്രീകൾ കന്യാസ്‌ത്രീകളാണെന്ന് മനസ്സിലാക്കി, രക്ഷപ്പെടാനുള്ള മാർഗമായവൾ  ദൈവവിളിയെ  കൂട്ടുപിടിക്കുന്നു. ഭാഗ്യവശാൽ പിന്നീടയാളുടെ ഉപദ്രവമുണ്ടാകുന്നില്ല.

ജീവിതത്തോടുള്ള ആസക്‌തി സായ എന്ന പെൺകുട്ടിയോടൊപ്പം വളർന്നു വരുന്നു. പക്ഷേ കന്യാസ്‌ത്രീവേഷത്തിന്റെ സംരക്ഷണകവചത്തിൽ നിന്ന് ഊർന്നിറങ്ങിയാൽ താൻ പിന്നെ വെറുമാരു ഉടലായി മാത്രം പീഡകന്റെ കണ്ണിൽ അവശേഷിക്കും എന്ന ഭയമാണവളെ ഉടുപ്പിനുള്ളിൽ തന്നെ തളച്ചിടുന്നത് .

സത്യം പറയാനാണ് അപ്പു എന്ന നായകൻ സായയോട് ആവശ്യപ്പെടുന്നത്. തന്നോടുള്ള പ്രണയം പോലും സായ മറച്ചുവെക്കുകയാണെന്നയാൾക്കറിയാം.  ഒടുവിൽ പോലീസും മതമേലധ്യക്ഷൻമാരും ബന്ധുക്കളുമെല്ലാം ചേർന്ന വലിയൊരു വിചാരണക്കൊടുവിൽ അപ്പുവിന്റെ നിർബന്ധത്തെ തുടർന്ന് സായ തന്റെ മനസ്സു തുറക്കുന്നു .

ബാല്യത്തിൽ അവളനുഭവിച്ച അരക്ഷിതാവസ്ഥ തന്റെ മാതാപിതാക്കൾ തിരിച്ചറിഞ്ഞിരുന്നില്ല എന്നവൾ തുറന്നു പറയുന്നു. “ബാല്യമില്ലാത്ത ഒരു കുഞ്ഞിനും ഭാവിയുണ്ടാകില്ല എന്ന് നിങ്ങളോർക്കാഞ്ഞതെന്താ..” എന്ന ചോദ്യത്തോടെ ഒരു കുഞ്ഞ് ജനിച്ചാലുടനെ അതിന്റെ ഭാവിക്കു വേണ്ടി നെട്ടോട്ടമോടി അതിന്റെ ബാല്യത്തെ മറക്കുന്ന മാതാപിതാക്കളെ  അവൾ അവരുടെ തെറ്റുകളെക്കുറിച്ചോർമ്മിപ്പിക്കുന്നു.

അമ്മ എന്നെങ്കിലും എന്നെ സ്‌നേഹിച്ചിട്ടുണ്ടോ എന്ന സായയുടെ ചോദ്യം ഉള്ളിന്റെ ഉള്ളിൽ നിന്നുള്ളതായിരുന്നു.  തങ്ങളുടെ ബാല്യ, കൗമാരങ്ങളേക്കാൾ അമ്മമാർക്ക് സ്‌നേഹം സ്വന്തം മേക്കപ്പിനോടും വസ്‌ത്രസ്ത്രങ്ങളോടുമാണെന്ന തോന്നൽ കുഞ്ഞുങ്ങളിലുണ്ടാകാതിരിക്കാൻ ആരാണ് ശ്രദ്ധിക്കേണ്ടത്?തങ്ങളുടെ അഭിമാനത്തിന് വേണ്ടി, അല്ലെങ്കിൽ സ്വന്തം ആഗ്രഹപൂർത്തീകരണത്തിന് വേണ്ടി, കുഞ്ഞുങ്ങളെ അവർക്കിഷ്‌ടമില്ലാത്ത കലകൾ അഭ്യസിപ്പിക്കുവാൻ പരിശ്രമിപ്പിക്കുന്ന അധ്യാപകർ കുഞ്ഞുങ്ങളുടെ ബാല്യത്തെയാണ് ഇല്ലാതാക്കുന്നത്.

നമ്മുടെ കുട്ടികൾക്ക് മികച്ച അനുഭവങ്ങൾ ഉണ്ടാക്കി കൊടുക്കാൻ  രക്ഷിതാക്കൾക്ക് സാധിക്കാത്തിടത്തോളം എങ്ങനെയാണ് ആരോഗ്യമുള്ള ഒരു തലമുറ വളർന്നു വലുതാവുന്നത്? സായയെ കൂട്ടുകാരിയാക്കുന്ന അപ്പുവിനെ പോലുള്ള ആൺകുട്ടികളാണ് നമുക്കുണ്ടാവേണ്ടത്. സിനിമയ്‌ക്കൊടുവിൽ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന സായ അവരെ good touch ഉം bad touch ഉം പഠിപ്പിച്ചു കൊടുക്കുന്നു. അച്ഛനമ്മമാരായിരിക്കണം ജീവിതത്തിലെ ഏറ്റവും വലിയ സുഹൃത്തുക്കൾ എന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

 സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account