ഒരു മന്ത്രം പോലെ ഓർത്തെടുക്കാവുന്ന ഒരു പെൺചൊല്ലാണിന്ന്. സ്വയം നവീകരിച്ച്  തന്റെ മനസ്സിലൂടെ ലോകത്തെ തന്നെ ശാന്തിയിലേക്ക് ഉയർത്താനാഹ്വാനം ചെയ്യുന്ന ഈ വാക്യത്തിന് സമകാലിക സാഹചര്യത്തിൽ ഏറെ പ്രസക്‌തിയുണ്ട്.

അമ്പതുദിവസം പിന്നിട്ട വ്രതശുദ്ധിക്ക് പരിസമാപ്‌തി കുറിച്ച് ലോകം മുഴുവൻ ഉയിർത്തെഴുന്നേൽപ്പ് തിരുനാളിന്റെ ആഹ്ലാദത്തിൽ മതിമറക്കുമ്പോഴാണ് ശ്രീലങ്കയിൽ സ്‌ഫോടന പരമ്പര ഉണ്ടായത്. വിധ്വംസക പ്രവർത്തകരുടെ ഈ ചെയ്‌തി ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയെ ലോകത്തിന്റെ തന്നെ കണ്ണീരാക്കി മാറ്റി. ഏറ്റവും സംസ്‌കാരസമ്പന്നരെന്നഭിമാനിച്ചിരുന്ന  നമ്മൾ മലയാളികൾക്കും ഈ രക്‌തത്തിൽ പങ്കുണ്ടെന്ന അറിവ് അത്യന്തം വേദനാജനകമാണ്.

മതവും വിശ്വാസങ്ങളും സ്വാർത്ഥതാത്‌പര്യങ്ങൾക്കു വേണ്ടിയുള്ള ആയുധങ്ങളാക്കി മാറ്റുന്നവർക്കുള്ള ഒരു തിരിച്ചറിവാണ് എം.ടി. തിരക്കഥയെഴുതി വേണു സംവിധാനം ചെയ്‌ത്‌ 1998-ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രം ദയ സമ്മാനിച്ചത്. എന്താണ് ദൈവഭക്‌തിയെന്നും എന്താണ് പ്രാർത്ഥനയുടെ ലക്ഷ്യമെന്നും ഈ  ചിത്രം വ്യക്‌തമാക്കുന്നുണ്ട്.

തന്നെ അനാഥത്വത്തിൽ നിന്ന് രക്ഷിച്ച യജമാനന്റെ മുടിയനായ പുത്രന് ആപത്ത് സംഭവിക്കുമ്പോൾ അടിമച്ചന്തയിൽ സ്വയം വില നിശ്ചയിച്ച് വിൽപ്പനക്കെത്തുകയാണ് സുമുറൂദ് എന്ന ദയ. ആരെയും വിസ്‌മയിപ്പിക്കുന്ന ബുദ്ധിവൈഭവമുള്ളവളാണ് താൻ എന്നാണ്  അടിമച്ചന്തയിൽ വെച്ച് ദയ സ്വയം വിശേഷിപ്പിച്ചത്. ഒടുവിലവൾ സുൽത്താന്റെ പണ്ഡിത സദസ്സിന് മുന്നിൽ ഹാജരാക്കപ്പെടുന്നു.

ദയയുടെ ബുദ്ധിസാമർത്ഥ്യത്തെ പരീക്ഷിക്കാനായി ഒരു പണ്ഡിതൻ ദൈവഭക്‌തിയുടെ അഞ്ച് വിശിഷ്‌ടഭാവങ്ങൾ ഏതൊക്കെ എന്നു  ചോദിക്കുന്നു. വിശിഷ്‌ടഭാവങ്ങൾ അഞ്ചല്ല ആറാണെന്നു തിരുത്തിക്കൊണ്ട് ദയ ആ ഭാവങ്ങളെ അക്കമിട്ട് നിരത്തുന്നു.

1) പ്രാർഥന
2) ദാനം
3) ഉപവാസം
4) തീർത്ഥാടനം
5) ദുഷ്‌ച്ചോദനകളുടെ നിയന്ത്രണം
6) വിശുദ്ധ മൂല്യങ്ങൾക്കു വേണ്ടിയുള്ള ത്യാഗം

വിസ്‌മയിച്ചു പോയ സുൽത്താൻ സ്വയം അവളെ പരീക്ഷിക്കാൻ തീരുമാനിക്കുന്നു. പ്രാർത്ഥനയുടെ യഥാർത്ഥ ലക്ഷ്യമെന്തെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ഒട്ടും സംശയിക്കാതെ ദയ ഉത്തരം പറയുന്നു. പ്രാർത്ഥനയുടെ മൂന്ന് ലക്ഷ്യങ്ങളാണ് ദയ വിശദീകരിക്കുന്നത്.

1) സ്വന്തം നന്മകൊണ്ട് പരമകാരുണികനായ ദൈവത്തെ ആദരിക്കുക.
2) അവിടുത്തെ മഹിമ വാഴ്ത്തുക.
3) ശാന്തിയിലേക്ക് സ്വന്തം മനസ്സിനെ ഉയർത്തുക.

യഥാർത്ഥ ഭക്‌തിയും പ്രാർഥനയും ഇങ്ങനെയാണെങ്കിൽ അന്യമതസ്ഥരോടും സഹജീവികളോടും വിദ്വേഷം വെച്ചു പുലർത്തുന്ന തീവ്രവാദികൾ പ്രാർത്ഥനയെന്തെന്നോ ഭക്‌തിയെന്തെന്നോ അറിയാത്തവരല്ലേ? അവർ ചെയ്യുന്നതാണ് ഏറ്റവും വലിയ ദൈവനിഷേധമെന്ന് തിരിച്ചറിയാതെ ചെയ്‌തു കൂട്ടുന്ന അവരുടെ അപരാധങ്ങൾ ഒരിക്കലും പൊറുക്കപ്പെടില്ലെന്ന് അവർ മനസ്സിലാക്കുന്നില്ല. മതം അവരിൽ മയക്കുമരുന്നായാണ് പ്രവർത്തിക്കുന്നത്.

ശാന്തിയിലേക്ക് സ്വന്തം മനസ്സിനെ ഉയർത്തുക എന്ന വാചകത്തെ ഒരു ശാന്തിമന്ത്രമായി തന്നെ നാം ഉൾക്കൊള്ളേണ്ടതുണ്ട്. വിദ്വേഷവും വൈരാഗ്യവും മനസ്സിൽ നിന്ന് പറിച്ചെറിഞ്ഞ് സ്വന്തം മനസ്സിൽ ശാന്തി നിറയ്ക്കുന്ന വ്യക്‌തികൾക്ക് ലോകസമാധാനം ഉറപ്പുവരുത്താനാകും.

സിനിമയിൽ ഈ ഡയലോഗ് പറയുന്ന ദയയെ അവതരിപ്പിച്ചത് മഞ്ജുവാര്യരാണ്. ദയയ്ക്ക് പുറമെ സമീർ എന്ന പുരുഷവേഷത്തിലും മഞ്ജുവാര്യർ  സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മഞ്ജു വാര്യരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ദയ. മികച്ച നർത്തകിയും അഭിനേത്രിയുമായ മഞ്ജു വാര്യർ ശക്‌തമായ നിരവധി  കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും നിരവധി പുരസ്‌കാരങ്ങൾ നേടിയ അഭിനേത്രി കൂടിയാണ് മഞ്ജു വാര്യർ.

നമ്മുടെ സിനിമാ ചരിത്രത്തിലും ദയയ്ക്ക് വ്യതിരിക്‌തമായ സ്ഥാനമുണ്ട്. ഛായാഗ്രാഹകനായ വേണുവിന്റെ ഈ ആദ്യ സംവിധാന സംരംഭത്തിലൂടെ, അദ്ദേഹം മികച്ച നവാഗത സംവിധായകനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ഇവയുൾപ്പെടെ മൂന്ന് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളും അഞ്ച് സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങളും ഈ ചിത്രം നേടിയിട്ടുണ്ട്.

ജാതിയുടെയും മതത്തിന്റെയും അന്ത:സത്ത ഉൾക്കൊള്ളാതെ, എന്താണ് യഥാർത്ഥ ഭക്‌തിയെന്ന് തിരിച്ചറിയാതെ, വിദ്വേഷം മാത്രം ഉൾക്കൊണ്ട്  മറ്റുള്ളവരിലെ നന്മയ്ക്ക് നേരെ ആയുധം പ്രയോഗിക്കുന്ന നരാധമന്മാരുടെ ദുഷ്‌പ്രവൃത്തികളാൽ ജീവിതം നഷ്‌ടപ്പെട്ട സാധുക്കൾക്കും അവരുടെ ബന്ധുക്കൾക്കും വേണ്ടി ഇന്നത്തെ പെൺചൊല്ല് സമർപ്പിക്കുന്നു.

 സ്വപ്‌ന സി കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account