2003 ലെ ക്രിസ്തുമസ് ദിനത്തിൽ പ്രദർശനത്തിനെത്തിയ മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലെ പ്രധാന കഥാപാത്രമായ കൊമ്പനക്കാട്ടെ മാത്തുക്കുട്ടിയുടെ ഭാര്യ കൊച്ചുത്രേസ്യയാണ് ഈ സംഭാഷണത്തിലൂടെ തന്റെ മക്കളുടെ സ്വാർത്ഥതയെ വ്യക്തമാക്കുന്നത്. കിനാശ്ശേരി എന്ന ഗ്രാമത്തിലെ സമ്പന്നമായൊരു തറവാട്ടിലെ അംഗമാണ് കൊച്ചുത്രേസ്യ. ജനറേഷൻ ഗ്യാപ് എന്നു പേരിട്ടു വിളിക്കുന്ന തലമുറകൾ തമ്മിൽ വിവിധവിഷയങ്ങളിൽ പുലർത്തുന്ന നിലപാടുകളുടെ അന്തരമാണ് ചിത്രത്തിന്റെ കാതൽ. നിരവധി വർഷങ്ങളുടെ ഇടവേളക്കു ശേഷം അഭിനയത്തിലേക്കു തിരിച്ചെത്തിയ അനുഗ്രഹീത അഭിനേത്രി ഷീല, കൊച്ചുത്രേസ്യയെ മനോഹരമാക്കുകയും ചെയ്‌തു.

ഒരു പോലീസ് കേസിനെത്തുടർന്ന് കൊച്ചുത്രേസ്യക്ക് പത്തുലക്ഷം രൂപ ആവശ്യമായി വരുന്നു. മക്കളതു നൽകാൻ തയ്യാറാകുന്നില്ല. ഒടുവിൽ തന്റെ ഭർത്താവ് തനിക്കായി നീക്കിവെച്ച വീടും പറമ്പും മക്കളുടെ ഇടയിൽ തന്നെ ലേലത്തിന് വെക്കുകയാണവർ. ലേലം തുടങ്ങുവാൻ വൈകുന്നതിൽ അക്ഷമരായ മക്കൾ അമ്മച്ചീ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ കൊച്ചുത്രേസ്യ പറയുന്ന വാക്കുകളാണിത്.

വരുമാനത്തിന്റെ/സമ്പാദ്യത്തിന്റെ ലാഭനഷ്‌ടങ്ങളിൽ മാത്രം ബന്ധങ്ങളെ വിലയിരുത്തുന്ന ഒരു തലമുറയെ, അവരുടെ നിലപാടുകളെ ഈ ഒരൊറ്റ വാചകത്തിലൂടെ നമുക്കു മുന്നിലവതരിപ്പിക്കുവാൻ തിരക്കഥാകൃത്ത് രജ്ഞൻ പ്രമോദിന് സാധിച്ചു. സാധാരണ എല്ലാ വിശേഷാവസരങ്ങളിലും തിരക്കുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്ന മക്കൾ, ലേലത്തിൽ പങ്കെടുക്കാനായി കൃത്യ സമയത്തെത്തുന്നത് വേദനയോടെ അവർ നോക്കിക്കാണുന്നു.

ഇനിയാരും തന്നെ അമ്മച്ചി എന്നു വിളിച്ചു പോകരുതെന്ന് കർശനമായി ആവശ്യപ്പെടുകയും, “കഴിഞ്ഞു ഈ ജന്മത്തിലെ ബന്ധങ്ങൾ മുഴുവനെന്ന്” പ്രസ്‌താവിക്കുകയും ചെയ്‌ത കൊച്ചുത്രേസ്യ ഷീലയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. സത്യൻ അന്തിക്കാട്, രജ്ഞൻ പ്രമോദ് കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രം വൻ ഹിറ്റായിരുന്നു.

വാർദ്ധക്യത്തിലെത്തുന്നതോടെ അവഗണിക്കപ്പെടുന്ന മാതാപിതാക്കളുടെ മാനസികാവസ്ഥക്ക് നമ്മുടെ വെള്ളിത്തിര വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ല. “മനസ്സിനക്കരെ “യിൽ മാതാപിതാക്കളും മക്കളും തമ്മിലുള്ള വൈരുദ്ധ്യങ്ങളെ, യാഥാർത്ഥ്യബോധത്തോടെ ചിത്രീകരിച്ചിരിക്കുന്നു. വിഭിന്നമായ രണ്ടു ബന്ധങ്ങളെ ആ ചിത്രം വ്യക്തമാക്കുന്നുണ്ട്.. ഒരിടത്ത് “വയസ്സും പ്രായവുമായാൽ വീട്ടിലിരിക്കണം കേട്ടോ ” എന്ന് മകൻ അമ്മയെ ഉപദേശിക്കുമ്പോൾ മറ്റൊരിടത്ത് ചാക്കോ മാപ്പിള എന്ന അപ്പനെ സ്വന്തം മോനെപ്പോലെ കരുതി സന്തോഷിപ്പിക്കുന്ന റെജി എന്ന മകൻ. ചിത്രത്തിലെ ഏറ്റവും ശക്തമായ ഈ ഡയലോഗിലേക്ക് വരുന്നതിന് മുമ്പ് കൊച്ചുത്രേസ്യ തനിക്കു വിഷമമുണ്ടാക്കുന്ന മക്കളുടെ പ്രവൃത്തികളെ എല്ലാം ന്യായീകരിക്കുന്ന ഒരമ്മയായിരുന്നു. മുറ്റത്ത് മുറുക്കിത്തുപ്പിയതിന് ചീത്ത പറഞ്ഞ മരുമകൾ മോളിക്കുട്ടിയെ കുഞ്ഞു മറിയം കുറ്റം പറഞ്ഞപ്പോഴും അമ്മച്ചി സിനിമക്കൊന്നും വരണ്ട അത് നാണക്കേടാണെന്നും പറഞ്ഞ മകനെ ന്യായീകരിക്കുമ്പോഴും തന്റെ വിഷമങ്ങൾ മറച്ചു വെച്ച്, ശക്തമായ പ്രതിരോധം സൃഷ്ടിച്ച അമ്മയാണ് ഇത്തരത്തിൽ രൂപാന്തരപ്പെടുന്നത്.

ഹാസ്യത്തിന്റെ സാധ്യത ഏറ്റവും നന്നായി പ്രയോഗിക്കപ്പെട്ടിട്ടുള്ള നിരവധി സന്ദർഭങ്ങൾ ഈ സിനിമയിലുണ്ട്. ആത്മസുഹൃത്തായ കുഞ്ഞുമറിയയുമായി പള്ളിക്കകത്തിരുന്ന് വാതോരാതെ സംസാരിക്കുന്ന കൊച്ചുത്രേസ്യയെ അച്ചൻ ശകാരിക്കുന്നു ഉടനെത്തന്നെ കൊച്ചുത്രേസ്യയുടെ മറുപടിയും വരുന്നു. “അച്ചന്റെ പ്രസംഗം എന്നാ ബോറാന്നറിയോ? വലിച്ചു നീട്ടാതെ കാര്യങ്ങള് ചുരുക്കി പറയാൻ അച്ചനങ്ങ് പഠിക്കണം. പള്ളിയായത് കൊണ്ടാ ആളുകള് കൂവാത്തെ” എന്നു പറഞ്ഞ് ഒരു കൂസലുമില്ലാതെ കൊച്ചുത്രേസ്യ നടന്നു പോകുന്നു.

ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് സാമൂഹിക വിമർശനം നടത്തുന്ന സത്യൻ അന്തിക്കാടിന്റെ തനതുരീതി തന്നെയാണ് ഈ ചിത്രവും പിന്തുടരുന്നത്. ഷീല എന്ന പ്രൗഢയായ അഭിനേത്രിയെക്കുറിച്ചുള്ള കേട്ടറിവും മിമിക്രി കലാകാരന്മാർ അതിഭാവുകത്വത്തോടെ അഭിനയിച്ചു കാണിക്കുന്ന രംഗങ്ങളുമല്ലാതെ അവരുടെ അഭിനയ മികവിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്താൻ ശ്രമിച്ച സത്യൻ അന്തിക്കാടിന് അഭിനന്ദനങ്ങൾ. കാണികളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ഒരു ചിത്രമെന്ന നിലയിൽ മാത്രമല്ല, ഇന്നത്തെ പെൺ ചൊല്ലിൽ ഈ വാചകം ഉൾപ്പെടുത്തിയത്. ശക്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട താളുകളിലൊന്നായി മാറിയ ഷീലയെ നമ്മൾ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ലേഡീ സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിനർഹയായ അവരുടെ അഭിനയപ്രതിഭയെ വീണ്ടും വെള്ളിത്തിര പകർത്തിയെടുക്കേണ്ടതുണ്ട്.

-സ്വപ്‌ന സി കോമ്പാത്ത്

1 Comment
  1. Sanju 4 years ago

    Good

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account