-സ്വപ്‌ന സി കോമ്പാത്ത്

മലയാളിയെ സംബന്ധിച്ചിടത്തോളം സിനിമ എന്നത് ഒരു വികാരമാണ്. സിനിമയിലെ കഥാപാത്രങ്ങളുടെ വേഷവിതാനവും അംഗവിക്ഷേപങ്ങളും അനുകരിക്കലിൽ മാത്രമൊതുങ്ങി നിൽക്കുന്നതല്ല നമ്മുടെ സിനിമാപ്രേമം. വർത്തമാനത്തിനിടയ്ക്ക് എവിടെയെങ്കിലും പോ മോനെ ദിനേശാ, തോമസുകുട്ടീ വിട്ടോടാ, കമ്പിളി പുതപ്പ് കമ്പിളി പുതപ്പ്, എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ, അശോകനു ക്ഷീണമാവാം, കളി കണിമംഗലത്തു വേണ്ട, ജസ്റ്റ് റിമെമ്പർ ദാറ്റ് തുടങ്ങിയ ഒരുപാടൊരുപാട് ഡയലോഗുകൾ തിരുകിക്കയറ്റിയില്ലെങ്കിൽ നമുക്കു സമാധാനം ലഭിക്കില്ല.

ആഗോളതലത്തിൽ പ്രശസ്‌തിയാർജിച്ച മലയാളചലച്ചിത്രവേദി എക്കാലവും പുരുഷകാമനകളെ തൃപ്തിപ്പെടുത്തുന്നതിൽ നിതാന്തജാഗ്രത പുലർത്തുന്നതായി കാണാം. പല സിനിമകളിലേയും സംഭാഷണങ്ങളെ, അവയിലെ സ്‌ത്രീവിരുദ്ധതയെ തരിമ്പും ഗൗനിക്കാതെ തിയറ്ററുകളിലെ നിറഞ്ഞ സദസ്സ് കൈയടികളോടെ ഏറ്റു വാങ്ങുമ്പോഴും ആവർത്തിക്കുമ്പോഴുമാണ് താരങ്ങളുടെ ഹീറോയിസം അതിന്റെ പാരമ്യത്തിലെത്തുന്നത് എന്നു തോന്നുന്നു. തലയിൽ തുണികൊണ്ടുള്ള ഒരു കെട്ട് കെട്ടി പൂവള്ളി ഇന്ദുചൂഢൻ ഒരു കള്ളച്ചിരിയോടെ “വെള്ളമടിച്ചു കോൺ തിരിഞ്ഞു പാതിരായ്ക്കു വീട്ടിൽ വന്നു കേറുമ്പോൾ ചെരുപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവർഷ രാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്‌നേഹിക്കാനും എന്റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും ഒടുവിൽ ഒരു നാൾ വടിയായി തെക്കേപ്പറമ്പിലെ പുളിയൻമാവിന്റെ വിറകിനടിയിൽ എരിഞ്ഞു തീരുമ്പോൾ നെഞ്ചുതല്ലിക്കരയാനും എനിക്കൊരു പെണ്ണിനെ വേണം. പറ്റുമെങ്കിൽ കേറിക്കോ ” എന്ന് പറഞ്ഞു നിർത്തുമ്പോഴേക്കും വണ്ടിയിലേക്ക് അനുരാധ എന്ന നായിക ചാടിക്കയറുന്നു. തിയറ്റർ കരഘോഷത്താൽ മുഖരിതമാവുന്നു.

ഈ കയ്യടികൾ ഇവിടെ നിലയ്ക്കുന്നില്ല. തേവള്ളിപറമ്പിൽ ജോസഫ് അലക്‌സ്, IAS, തന്റെ സബ് ഓർഡിനേറ്റായ അനുരാമുഖർജി, IAS, നെ ഒരു ദാക്ഷിണ്യവും കൂടാതെ നീയെന്നും ടീയെന്നും വിളിച്ച് ഇന്ത്യയെന്താണെന്നും സെൻസും സെൻസിബിലിറ്റിയെന്താണെന്നും പഠിപ്പിക്കുന്നതിനിടയിൽ പ്രകോപിതയായ അനുര മേലുദ്യോഗസ്ഥന് നേരെ കൈയുർത്തുന്നു. ഉടനെ IAS നായകൻ അവളുടെ കൈ തടുത്ത് ഒരു ഡയലോഗടിക്കുന്നു – ” മേലിൽ ഒരാണിന്റേയും മുഖത്തിനു നേരെ ഉയരില്ല നിന്റെയീ കയ്യ്. അതെനിക്കറിയാഞ്ഞിട്ടല്ല. പക്ഷേ പെണ്ണായി പോയി. വെറും പെണ്ണ്. Now get lost “. കഴുത്തിലേക്കിറങ്ങിക്കിടക്കുന്ന മുടിയിഴകളിൽ വിരലോടിച്ച് അദ്ദേഹം പറഞ്ഞു നിർത്തിയപ്പോഴും ഉയർന്നത് മുൻപു കേട്ട ആർപ്പുവിളികളുടെ അനുരണനമാണ്.

സൂപ്പർ താരങ്ങളെന്നോ പുതുമുഖങ്ങളെന്നോ വ്യത്യാസമില്ലാത്ത തരത്തിൽ ഇത്തരം സംഭാഷണങ്ങൾ ദിവസം പ്രതി വെള്ളിത്തിരകളിൽ നിന്ന് പ്രേക്ഷകമനസ്സിലേക്കും ചിന്തകളിലേക്കും കുടിയേറിക്കൊണ്ടിരിക്കുന്നു. നമ്മൾ അറിഞ്ഞോ അറിയാതെയോ മറന്നു പോകുന്ന ഒരു സംഗതിയുണ്ട്. മലയാള സിനിമയിലെ അഭിനയത്തിന് ദേശീയതലത്തിലും അന്താരാഷ്‌ട്രതലത്തിലും അംഗീകരിക്കപ്പെട്ട നിരവധി അഭിനേത്രികൾ നമുക്കുണ്ട്.  സിനിമയിൽ അവരും പറഞ്ഞിട്ടുണ്ടാവില്ലേ നല്ല പഞ്ച് ഡയലോഗുകൾ? നമ്മൾ മനപ്പൂർവ്വം കേൾക്കാതിരുന്നതോ അല്ലെങ്കിൽ ഉയരുന്ന നായകശബ്‌ദത്തിനോ മുഴുങ്ങുന്ന കയ്യടികൾക്കിടയിലോ നിശ്ശബ്‌ദമാക്കപ്പെട്ട അത്തരം സംഭാഷണങ്ങളെ തേടിയുള്ള യാത്രയാണീ പെൺ ചൊല്ല്… (തുടരും)

 

9 Comments
 1. sreekantan 4 years ago

  മലയാള സിനിമ ഒരു പ്രത്യേക കാലഗണന നൽകി നോക്കികാണേണ്ടതുണ്ടോ ?
  അത്, ഒരു പുഴ പോലെ പത്തെഴുപത് വർഷമായി ഒഴുകിക്കൊണ്ടിരിക്കുന്നു.
  ആദ്യ സിനിമയിൽ നിന്നും തുടങ്ങി അവസാന സിനിമ വരെ ഒന്നിച്ചു കാണുന്നതാണ്
  പഠനത്തിനും പരിണാമ പരിശോധനയ്ക്കും നന്ന് എന്ന് തോന്നുന്നു.

  • സ്വപ്ന 4 years ago

   നന്ദി സർ. എല്ലാക്കാലവും വരുന്നുണ്ട്…

 2. Babu Raj 4 years ago

  നായകശബ്‌ദത്തിനിടയിൽ നിശബ്ദമാക്കപ്പെട്ട പെൺ ചൊല്ലുകൾ ഉയരട്ടെ! അതിനു കാലവും സമയവും നോക്കേണ്ടതില്ല. മേധാവിത്വങ്ങൾ എതിർ ശബ്ദവുമായി വന്നേക്കാം. അത് ഗൗനിക്കേണ്ട കാര്യമില്ല!

  • സ്വപ്ന 4 years ago

   സന്തോഷം

 3. Tintu Majo 4 years ago

  നന്നാവുന്നുണ്ട്…

  • സ്വപ്ന 4 years ago

   Thank you Tintu

 4. Haridasan 4 years ago

  ചൊല്ലുകൾ മുഴങ്ങട്ടെ! ഭാവുകങ്ങൾ !!

  • സ്വപ്ന 4 years ago

   നന്ദി

 5. ഹ..ഹ….
  കച്ചവടം ആണ് മുഖ്യധാരാസിനിമയുടെ ലക്ഷ്യം….ചേരുവകളാണ് ആദ്യം ഉണ്ടാക്കുന്നത്…അവയെ ചേരും പടി ചേര്‍ത്തൊരു തിരക്കഥ ഉണ്ടാക്കുകയാണിപ്പോള്‍….ഒരു കച്ചവടം ഉപഭോക്താവുണ്ടേലേ വിജയിക്കൂ..ഉപഭോക്താവിനെ തൃപ്തിപ്പെടുത്തുന്ന ഉല്‍പ്പന്നമേ വിപണിയിലെത്തൂന്ന് സാരം…തീയേറ്ററില്‍ പോയി പണം കൊടുത്ത് പടം കാണുന്നത് ആണുങ്ങളാണ്…ടി.വിയില്‍ പടം കാണുന്നവരുടെ പ്രതികരണത്തിന് പുല്ലു വില….കൂടാതെ മിക്കസ്ത്രീകളും പുരുഷന്‍ മാരുടെ അവകാശമായി ചില പ്രിവിലേജസുകള്‍ നല്‍കീട്ടുണ്ട്…മൃദു പീഡനങ്ങള്‍ ആസ്വദിക്കുന്നവരുമുണ്ടല്ലോ…..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account