ഇന്നും ‘ഞാൻ’ എന്ന സ്വത്വത്തെക്കുറിച്ച് ചിന്തിക്കാൻ എത്ര സ്ത്രീകൾക്കാവുന്നുണ്ട് എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. ഞാൻ എന്ന പെണ്ണിന്റെ ഭാവത്തെ അഹങ്കാരമായി മാത്രം കരുതുന്ന സമൂഹം, ആ ഭാവത്തിനു മുകളിലേക്ക് ഉത്തരവാദിത്തത്തിന്റെ വലിയൊരു ചുമട് പണ്ടേ ഏൽപ്പിച്ചു കഴിഞ്ഞിരിക്കുന്നു. എന്റെ വീട്, എന്റെ കുടുംബം ,എന്റെ ജോലി, എന്റെ കുഞ്ഞുങ്ങൾ എന്നിങ്ങനെയുള്ള ഒരു പാട് ‘എന്റെ’ കൾ മറച്ചു പിടിക്കുന്ന പെൺസ്വത്വത്തെ അടക്കം, ഒതുക്കം, വിനയം, നിശ്ശബ്‌ദത എന്നിവ കൊണ്ട് മൂർച്ച കൂട്ടിയ അഭിമാനം എന്ന ആയുധത്താൽ നിലയ്ക്കുനിർത്താനും സമൂഹത്തിനറിയാം. അതു കൊണ്ടു തന്നെ എത്ര യാത്ര ചെയ്‌താലും എത്തിച്ചേരാനാവാത്തൊരിടമായി സ്‌ത്രീ അവളുടെ സ്വത്വത്തെ നിസ്സഹായതയോടെ നോക്കി കാണുന്നു. സിനിമ പ്രതിഫലിപ്പിക്കുന്നത് ജീവിതത്തെയായതുകൊണ്ടാവാം സ്‌ത്രീപ്രതിഷേധങ്ങൾ പലപ്പോഴും വളരെ അപൂർവ്വമായി മാത്രമാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.

മലയാളചലച്ചിത്ര രംഗത്തെ എക്കാലത്തേയും മികച്ച ഹിറ്റ് മേക്കേഴ്‌സ് വിഭാഗത്തിൽപ്പെട്ട എം.ടി.യും ഹരിഹരനും ചേർന്നൊരുക്കിയ ‘പഞ്ചാഗ്നി’ എന്ന സിനിമയിലെ ഇന്ദിര എന്ന കഥാപാത്രത്തെ അനശ്വരമാക്കിക്കൊണ്ടാണ് ഗീത എന്ന അതുല്യപ്രതിഭ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തുന്നത്. 1986 ൽ പ്രദർശനത്തിനെത്തിയ പഞ്ചാഗ്നിക്ക് ,കേരളത്തിലെ നെക്‌സൽ കാലഘട്ടത്തേയും അജിതയേയും ഓർമ്മിപ്പിക്കുന്ന ശക്‌തമായ ഒരു തിരക്കഥയുടെ ദൃഢതയുണ്ട്. നിയമവും നീതിയും തൊടാൻ ഭയപ്പെടുന്ന, അധികാരവർഗം ഓച്ഛാനിച്ചു നിൽക്കുന്ന സമ്പന്നനായ ഒരു ഭൂവുടമയാണ് അവറാച്ചൻ മുതലാളി. സ്‌ത്രീകളോട് നിർദാക്ഷിണ്യം പെരുമാറുകയും, അവഹേളിക്കുകയും അവരെ മനുഷ്യത്വമില്ലാത്ത രീതിയിൽ ആക്രമിക്കുകയും ചെയ്‌ത്‌, തിരുവായ്ക്കെതിരില്ലാത്ത മട്ടിൽ വിഹരിക്കുന്ന അവറാച്ചന് അയാൾ അർഹിക്കുന്ന രീതിയിൽ തന്നെ ശിക്ഷ നൽകുവാൻ ഇന്ദിരയും ചില സുഹൃത്തുക്കളും തീരുമാനിക്കുന്നു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊല്ലുന്ന സന്ദർഭത്തിൽ അവർ അയാളെ വെട്ടി കൊലപ്പെടുത്തുന്നു. അവറാച്ചനെ കൈകാര്യം ചെയ്‌തതിലൂടെ ക്രൂരകൃത്യങ്ങൾ ചെയ്യുന്നവർക്കുള്ള ഒരു താക്കീതാണ് വിപ്ലവാശയങ്ങളെ നെഞ്ചേറ്റിയ ആ യുവസംഘം നൽകിയത്.

ചലച്ചിത്രത്തിന്റെ ആരംഭത്തിൽ കൊലക്കുറ്റത്തിനുള്ള ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയാണ് ഇന്ദിര. നാട്ടിലെ പ്രശസ്‌തമായ ഒരു തറവാട്ടിലെ സ്വാതന്ത്ര്യസമരസേനാനിയായ ഒരമ്മയുടെ മകളാണവൾ . അന്ത്യാഭിലാഷമെന്നോണം ഇന്ദിരയെ കാണണമെന്നാഗ്രഹിക്കുന്ന അമ്മക്കുവേണ്ടി റഷീദ് (മോഹൻലാൽ) എന്ന ഫ്രീ ലാൻസ് പത്രപ്രവർത്തകൻ നിരന്തരം പരിശ്രമിക്കുന്നു. ദീർഘനാളത്തെ പരിശ്രമവും ഉന്നത തലങ്ങളിൽ നിന്നുള്ള ഇടപെടലും നിമിത്തം ഇന്ദിരക്ക് രണ്ടാഴ്ച്ചക്കാലത്തെ പരോൾ ലഭിക്കുന്നു. പരോൾ കാലയളവിലെ സംഭവവികാസങ്ങളാണ് കഥയുടെ ഭാവപരിസരം. തന്റെ സംഘാംഗങ്ങളായ സുഹൃത്തുക്കൾ വിപ്ലവത്തെ ഒറ്റുകൊടുത്ത്, മാപ്പപേക്ഷിച്ച് ശിക്ഷയിൽ നിന്നൊഴിവായി പലവഴിക്കു പിരിഞ്ഞതും, വിപ്ലവം പ്രസംഗിക്കാനുള്ളതാണെന്നും പ്രവർത്തിക്കാനുള്ളതല്ല എന്ന മട്ടിൽ അവർ നിഷ്‌പക്ഷരായതും ഇന്ദിര നിരാശയോടെ കണ്ടറിയുന്നു.

അമ്മയുടെ മരണവും സഹോദരങ്ങളുടെ അനിഷ്‌ടവുമെല്ലാം ഇന്ദിരയുടെ മനസ്ഥൈര്യത്തെ ശിഥിലപ്പെടുത്തുകയും പരോൾ കാലഘട്ടത്തെ ആശാഭംഗങ്ങളുടെ മറ്റൊരു തടവറയാക്കുകയും ചെയ്യുമ്പോൾ റഷീദ് അവൾക്കൊരു കൂട്ടാകുന്നു. വീടുവിട്ടിറങ്ങേണ്ടി വരുന്ന ഒരു സാഹചര്യത്തിൽ റഷീദ് തന്നെ അവൾക്ക് ആശ്രയമായി മാറുന്നു. ഇന്ദിരയുടെ വ്യക്തിത്വത്തിൽ ആകൃഷ്ടനായ റഷീദ് അവൾക്കൊപ്പമുള്ള ഒരു ജീവിതം ആഗ്രഹിക്കുന്നു. അതിനായി അയാൾ വലിയ ഒരുക്കങ്ങൾ തന്നെയാണ് നടത്തുന്നത്. ഇന്ദിരയുടെ ശിക്ഷ ഇളവുചെയ്യിക്കുന്നതിനായുള്ള നടപടികൾക്കായി അയാൾ നിരന്തരം പരിശ്രമിക്കുന്നു.

പ്രണയവും ശുഭപ്രതീക്ഷയും കൈകോർക്കുന്ന മനോഹരമായ ആ നിമിഷങ്ങളിൽ ചലച്ചിത്രം വളരെ സംഘർഷഭരിതമായ ക്ലൈമാക്‌സിലേക്ക്‌ കൂപ്പു കുത്തുന്നു.. ശിക്ഷ റദ്ദാക്കുന്നതിനായി രാഷ്‌ട്രപതിക്ക് ദയാഹർജി അയച്ച സന്തോഷം, റഷീദുമായുണ്ടാകാൻ പോകുന്ന പുതിയ ജീവിതം തുടങ്ങി ജീവിതത്തിന്റെ പുതിയ പച്ചപ്പുകളെ ആത്മസുഹൃത്ത് ശാരദയോട് പങ്കിടാനായി പോകുന്ന ഇന്ദിര അതിക്രൂരമായ ഒരു രംഗത്തിന് സാക്ഷിയാകുന്നു. കൗമാരപ്രായക്കാരിയായ വീട്ടുവേലക്കാരിയെ ശാരദയുടെ ഭർത്താവ് രാജനും മദ്യപാനികളായ നാലഞ്ചു സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യുകയാണ്. നിരവധി വർഷങ്ങളായനുഭവിച്ചു വരുന്ന തടവുശിക്ഷയോ, പീഡനങ്ങളോ, ഒറ്റപ്പെടുത്തലുകളോ, നഷ്‌ടപ്രണയമോ ഇന്ദിരയെ വിലക്കുന്നില്ല. വരാനിരിക്കുന്ന സന്തോഷകരമായ ദാമ്പത്യജീവിതമോ, സ്വാതന്ത്ര്യമോ അവളെ പിന്തിരിപ്പിച്ചില്ല .മഹാത്ഭുതങ്ങൾ കാത്തു വെച്ച ജീവിതത്തോടുള്ള ആസക്തിയല്ല, പെണ്ണിനോട് കാട്ടാളനെ പോലെ പെരുമാറുന്നവൻ ജീവിക്കാൻ അർഹനല്ല എന്ന ഇന്ദിരയുടെ നീതിയാണവളെ ഭരിക്കുന്നത്. തൊട്ടടുത്തുണ്ടായിരുന്ന തോക്കെടുത്ത് ആ മൃഗതുല്യരെ വെടിവെച്ചിടുമ്പോൾ ഇന്ദിര ഒട്ടും പതറിയില്ല.

വിവരമറിഞ്ഞ് ഓടിക്കിതച്ചെത്തുന്ന റഷീദ്, ഇന്ദിരയെ അവിശ്വസനീയതയോടെ നോക്കുമ്പോൾ ഒട്ടും പതറാതെ, കണ്ണു നിറയാതെ “എനിക്ക് എന്നിൽ നിന്നൊളിച്ചോടാൻ വയ്യ റഷീദ് ” എന്ന് ആത്മവിശ്വാസത്തോടെ ഇന്ദിര പറയുന്നു. മലയാളത്തിരശ്ശീലയിൽ നിന്ന് ആഞ്ഞടിച്ച ആ പെൺശബ്‌ദത്തിന്റെ കരുത്ത് അവിശ്വസനീയമാണ്. ഒരു പ്രലോഭനത്തിനും വഴങ്ങാത്ത, അനീതിക്കെതിരെ മുഴങ്ങുന്ന കരുത്തുറ്റ പെൺശബ്‌ദം. ദേഹം നോവാത്ത ഒന്നിനോടും പ്രതികരിക്കാത്ത, അഥവാ നൊന്താൽ തന്നെ മാനക്കേട് വരാതിരിക്കാൻ കണ്ണടച്ചിരുട്ടാക്കി ഒളിച്ചിരിക്കുന്ന നമ്മുടെയിടയിൽ ഇന്ദിരയും അവളുടെ വാക്കുകളും വ്യതിരിക്തമായ ഒരനുഭവമായിരുന്നു.

-സ്വപ്‌ന സി കോമ്പാത്ത്

2 Comments
  1. Babu Raj 2 years ago

    നന്നായിട്ടുണ്ട്. എങ്കിലും, സിനിമയുടെ കഥയെക്കുറിച്ച് കൂടുതൽ എഴുതുന്നതിനു പകരം, നായികയുടെ സംഭാഷണത്തെക്കുറിച്ചും, അതിനെപ്പറ്റിയുള്ള എഴുത്തുകാരിയുടെ വിചാരങ്ങളും വികാരങ്ങളും ഒന്നുകൂടി വിപുലപ്പെടുത്തിയിരുന്നെങ്കിൽ കുറച്ചുകൂടി നല്ലതാകുമെന്നു കരുതുന്നു. ഭാവുകങ്ങൾ!

    • സ്വപ്ന 2 years ago

      ശ്രദ്ധിക്കാം സുഹൃത്തേ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account