പെൺജീവിതത്തിലെ ഏറ്റവും ധന്യമായ അവസ്ഥകളിലൊന്നാണ് മാതൃത്വം. അമ്മയാകുവാൻ കഴിവില്ലാത്ത സ്‌ത്രീകളെ അപശകുനങ്ങളായി സങ്കൽപ്പിച്ച് അകറ്റി നിർത്തിയിരുന്ന ഒരു മാനസികവൈകല്യം നമ്മുടെ സാംസ്‌കാരികപാരമ്പര്യത്തിലെ ജീർണ്ണിച്ച ഒരു പിന്തുടർച്ചയാണ്. അമ്മ എന്ന പദവി ഉത്തരവാദിത്തങ്ങളുടേതായ വലിയൊരു പർവ്വതഭാരം തന്നെ സ്‌ത്രീകളുടെ ചുമലുകളിലേക്ക് ഇറക്കി വെക്കുന്നു. കുഞ്ഞ് ഉദരത്തിലൂറുന്നതോടെ അമ്മപ്പണിയും ആരംഭിക്കുന്നു. വീടിനു മാത്രമല്ല നാടിനും നാട്ടാർക്കും അഭിമാനിക്കാവുന്ന തരത്തിൽ ഒരു വ്യക്‌തിയെ വാർത്തെടുക്കുവാൻ ബാധ്യസ്ഥയാണ് അമ്മ.

അമ്മ എന്ന സ്‌നേഹവാത്സല്യങ്ങളുടെ മനുഷ്യാകാരത്തെ മലയാളസിനിമ ഒരുപാടാഘോഷിച്ചിട്ടുണ്ട്. നമ്മുടെ സിനിമയിലെ അമ്മമാർക്ക് പൊതുവെ ഒരു ഛായയാണുള്ളത്. നായകന്റെ/നായികയുടെ ലക്ഷണമൊത്ത അമ്മയാകാൻ വേണ്ടി ജനിച്ച മട്ടിൽ സൗന്ദര്യവതികളും സൗമ്യശീലരും ആയവർ. ചിത്രമേതായാലും ഒരേ അച്ചിൽ വാർത്തെടുത്തത് പോലുള്ള അമ്മ കഥാപാത്രങ്ങൾക്ക് ഒരേ ഛായ വരുന്നതിൽ അത്ഭുതപ്പെടേണ്ടതില്ലല്ലോ. സർവ്വംസഹകളോ ദുഃഖപുത്രികളോ ആയ അമ്മമാർ ചില സന്ദർഭങ്ങളിൽ നായകന്റെ ഹീറോയിസം പതിൻമടങ്ങു കൂട്ടുന്നതിനായുള്ള സൂത്രവാക്യനിർമ്മിതിയിലെ ഒരു ഘടകമാകുന്ന കാഴ്ച്ച നമ്മുടെ സിനിമകളിൽ സാധാരണമാണ്. പലപ്പോഴും ഉത്തരവാദിത്തബോധവും അർപ്പണ മനോഭാവവുമുള്ള തന്റെ മകനെ ( നായകനെ) തെറ്റിദ്ധരിക്കുകയും പഴിചാരുകയും ചെയ്‌ത്‌ പ്രേക്ഷകരുടെ സഹതാപതരംഗത്തെ നായകന്റെ ഹീറോയിസത്തിലേക്ക് പ്രസരിപ്പിക്കുന്നതിനുള്ള ഒരു ചാലകമായും അമ്മ കഥാപാത്രങ്ങൾ വർത്തിക്കുന്നതായി കാണാം. ബാലേട്ടനും മാടമ്പിയുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രം.

തന്നേക്കാൾ പ്രായമുള്ള താരങ്ങളുടെയൊക്കെ അമ്മയായി അഭിനയിക്കേണ്ടി വന്നിട്ടുള്ള അമ്മത്താരങ്ങളായിരുന്നു. ആറന്മുള പൊന്നമ്മയും കവിയൂർപൊന്നമ്മയും. മുണ്ടും നേര്യതും അപൂർവ്വമായി മാത്രം സാരിയും ധരിച്ച് ക്യാരക്റ്റർ സ്‌കെച്ചിൽ പറയത്തക്ക മാറ്റങ്ങളൊന്നുമില്ലാതെ അവർ നൂറുകണക്കിനു സിനിമകളിൽ വേഷപ്പകർച്ച നടത്തി. KPAC ലളിത, സുകുമാരി, മുതലായവർക്ക് വ്യത്യസ്‌തയുള്ള പല അമ്മ വേഷങ്ങളും അവതരിപ്പിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്.

സിനിമയിലെ നായികനടിമാരുടെ അഭിനയജീവിതത്തെ രണ്ടു കാലഘട്ടങ്ങളായിത്തന്നെ തിരിക്കാനാവും. കൗമാര – യൗവനകാലഘട്ടങ്ങളിൽ (വിവാഹപൂർവ്വ) അവർ സൂപ്പർതാരങ്ങളുടെ നായികമാരാണെങ്കിൽ വിവാഹാനന്തരം അഭിനയ ജീവിതത്തിൽ ഉണ്ടാകുന്ന ഇടവേളയെത്തുടർന്ന് അമ്മകഥാപാത്രങ്ങളായാണ് തിരിച്ചു വരുന്നത്. ഇന്നിപ്പോൾ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ പലതിലും അമ്മമാരെ കാണാനാവുമെങ്കിലും, ന്യൂജെൻ എന്ന ഓമനപ്പേരിലറിയപ്പെടുന്ന പുതിയ കാലത്തിന്റെ കാഴ്ച്ചയടയാളങ്ങളിൽ അമ്മ കഥാപാത്രങ്ങളുടെ എണ്ണം / പ്രാധാന്യം കുറയുന്നു എന്നൊരാശങ്ക പൊതുവെ നിലവിലുണ്ട്. പുതിയകാലത്തിന്റെ പേസിനൊപ്പം മാതാപിതാക്കൾക്ക് ഓടിയെത്താനാവില്ല എന്ന ജനറേഷൻ ഗ്യാപ് ചിന്തകൊണ്ടോ, പുതിയ കാലത്തിലുള്ള ചലച്ചിത്ര രീതികളിൽ സെന്റിമെൻസ് എന്നത് ഒരു വിജയഫോർമുലയുടെ ഭാഗമല്ല എന്ന തിരിച്ചറിവു കൊണ്ടോ, സൗഹൃദവും പ്രണയവും ലഹരികളും പതഞ്ഞൊഴുകുന്ന പുതിയ കാഴ്ച്ചയിൽ അമ്മമാർ അധികപറ്റായി കരുതപ്പെടുന്നതു കൊണ്ടാണോ, വൃദ്ധസദനങ്ങളുടെ എണ്ണം പെരുകുന്ന കാലഘട്ടത്തിന്റെ നേർകാഴ്ച്ചയാണോ തുടങ്ങി അമ്മകഥാപാത്രങ്ങളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് വിവിധ സംശയങ്ങൾ പലയിടങ്ങളിൽ നിന്നും ഉയർന്നു തുടങ്ങിയിട്ടുണ്ട്.

മലയാളസിനിമയിലെ പതിവു അമ്മവേഷങ്ങളിൽ നിന്നു വ്യത്യസ്‌തയായ ഒരു അമ്മയായിരുന്നു മഹാകവി.പി.കുഞ്ഞിരാമൻ നായരുടെ കാവ്യജീവിതത്തെ ആസ്‌പദമാക്കി പി.ബാലചന്ദ്രൻ സംവിധാനം ചെയ്‌ത ‘ഇവൻ മേഘരൂപൻ’ എന്ന സിനിമയിലെ അമ്മ. കേരളത്തിലെ പ്രശസ്‍തയായ നങ്ങ്യാർക്കൂത്ത് – കൂടിയാട്ടം കലാകാരിയായിരുന്ന മാർഗി സതിയാണ് ആ അമ്മയെ അവതരിപ്പിച്ചത്. ഗരിമയുള്ള കാവ്യങ്ങളാൽ മലയാളത്തിന്റെ യശസ്സുയർത്തിയ പി.യുടെ വ്യക്തിജീവിതത്തിൽ നിരവധി സ്‌ത്രീകളുടെ കണ്ണുനീർപ്പാടുകളുടെ കളങ്കമുണ്ടായിരുന്നുവെന്നതാണ് വാസ്‌തവം. അവയെ നിസ്സാരങ്ങളായി കരുതി കണ്ണടച്ച്, കവിയുടെ മറവിയെ ഒരു ശാപമായി കരുതി, ആ മറവിയിലേക്ക് പാപഭാരങ്ങൾ സമർപ്പിച്ച് ജീവിതലഹരി ആസ്വദിക്കുന്ന കവിയുടെ യക്ഷജന്മത്തെ നായക പരിവേഷത്തോടെ ആഘോഷിക്കുന്ന സിനിമയിൽ അമ്മകഥാപാത്രത്തിന് പ്രഥമദൃഷ്‌ട്യാ വലിയ പ്രാധാന്യമൊന്നും കാണാനില്ല. രണ്ടോ മൂന്നോ സീനുകളിൽ ‘മുഖം കാണിച്ച് വിരലിലെണ്ണാവുന്ന സംഭാഷണങ്ങളിൽ ഒതുങ്ങിപോകുന്ന ഒരു കഥാപാത്രം മാത്രമാണവർ. എന്നാൽ കഥാഗതിയുടെ ഒരു നിർണായക ഘട്ടത്തിൽ നായകനെ കരയിക്കുന്ന വിധത്തിൽ ശക്‌തമായൊരിടപെടൽ നടത്താൻ ഈ കഥാപാത്രത്തിന് സാധിക്കുന്നുണ്ട്.

പല സന്ദർഭങ്ങളിലും മാധവനെന്ന മകനു വേണ്ടി വക്കാലത്തു പിടിക്കുന്ന ആ സാധ്വി, ഭർത്താവിന്റെ മരണശേഷം ഏകയായി കഴിയുന്ന സന്ദർഭത്തിൽ, ദീർഘനാളായുള്ള വിരഹത്തിനു ശേഷം വീട്ടിലെത്തുന്ന ഏകമകനോട് പ്രതികരിക്കുന്നതെങ്ങിനെയായിരിക്കും എന്ന നമ്മുടെ മുൻധാരണകളെ ഈ അമ്മ തകർക്കുന്നു. സാധാരണ ഗതിയിൽ കുറച്ചുനേരം നീണ്ടു നിൽക്കുന്ന പരിഭവങ്ങൾക്കും പരാതികൾക്കും ശേഷം നിറകണ്ണുകളോടെ മകനെ സ്വീകരിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്ന ആ രംഗത്തിൽ അമ്മ മകനെ കണ്ണു തുറന്നു നോക്കാൻ പോലും തയ്യാറാകുന്നില്ല.

ഇവിടെ അമ്മയെ പ്രകോപിക്കുന്നത് സ്‌ത്രീകളോടുള്ള മകന്റെ നിലപാടാണ്. സ്വന്തം ഭാര്യയെ മറന്ന മകൻ, തങ്കമണിയെന്ന മറ്റൊരു യുവതിയേയും വിവാഹം ചെയ്‌ത്‌ വഞ്ചിച്ചിരുന്നുവെന്നത് അമ്മ അറിയാനിടവരുന്നു. തങ്കമണിയെ സംരക്ഷിക്കണമെന്ന് മാത്രമാണ് കാര്യസ്ഥൻ മുഖേനെ അമ്മ ആ മകനോട് ആവശ്യപ്പെടുന്നത്. വർഷങ്ങൾക്ക് ശേഷം മകൻ കുടുംബത്തിലേക്ക് വരുമ്പോൾ അവന്റെ മേൽ ചാട്ടുളി പോലെ പതിച്ച വാക്കുകളാണ് “നൊന്തുപെറ്റവൾ പ്രാകിയാൽ ഫലിക്കും” എന്നത്.

മകന്റെ കാവ്യചാതുരിയിൽ അഭിമാനിച്ചിരുന്ന ആ വാത്സല്യമൂർത്തി ഇത്തവണ ഒട്ടും അലിയാൻ തയ്യാറായില്ല. ഈ ശാപവചനങ്ങളെത്തുടർന്നുള്ള രംഗങ്ങളിൽ അവഗണനയും അനിശ്ചിതത്വവും നിറഞ്ഞ ജീവിതത്തിലൂടെ ദിശയറിയാത്തൊരൊഴുക്കിന് കവിജീവിതം വിധേയമാകുന്നു.  ചലച്ചിത്രത്തിന്റെ തുടക്കത്തിൽ ഒരു ഗന്ധർവജന്മമായിരുന്നു ചിത്രത്തിലെ നായകനായിരുന്ന കെ. പി. മാധവൻ നായർക്കെന്നും മനുഷ്യരുടെ ശരിയും ഗന്ധർവ്വന്റെ ശരിയും രണ്ടും രണ്ടാണെന്നും സംവിധായകൻ സ്ഥാപിക്കുന്നുണ്ടെങ്കിലും പുത്രവാത്സല്യം കൊണ്ടുള്ള തിമിരത്തിൽ സ്‌ത്രീജീവിതങ്ങൾ പന്താടുന്നവരെ ന്യായീകരിക്കുന്ന മട്ടിൽ അമ്മയെ ചിത്രീകരിക്കാതിരുന്ന സംവിധായകന് അഭിനന്ദനം. വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും സ്‌ത്രീകളെ ദ്രോഹിക്കുന്നവർക്കു മുകളിൽ സോഫോക്ലീസിന്റെ വാളു പോലെ ഈ വാക്കുകൾ എന്നും ജ്വലിച്ചു കൊണ്ടിരിക്കും!

-സ്വപ്‌ന. സി. കോമ്പാത്ത്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account