ഈ പെൺചൊല്ലിൽ പ്രതിധ്വനിക്കുന്ന ആത്‌മവിശ്വാസം ഫാത്തിമ എന്ന യുവതിയിൽ പെട്ടെന്നു പൊട്ടിമുളച്ചതല്ല.  തീയേക്കാൾ പൊള്ളുന്ന ജീവിതാനുഭവങ്ങളിൽ നിന്നാണ് അവളിൽ ഈ കരുത്തു നിറയുന്നത്. അവളേക്കാൾ സൗന്ദര്യവും സമ്പത്തും ആരോഗ്യവുമുള്ള മറ്റൊരു സ്‌ത്രീയെ ഭാര്യയായി ലഭിക്കുന്നതിന് വേണ്ടി രോഗിയായ ഭാര്യയേയും രണ്ടു മക്കളേയും ഉപേക്ഷിക്കാൻ ഒരു മടിയും കാണിക്കാത്ത ഭർത്താവിന്റെ സ്‌നേഹശൂന്യതയ്ക്കു മുന്നിൽ നിസ്സഹായായ ഒരു യുവതിയിൽ നിന്ന്, സ്വന്തം കാലിൽ നിവർന്നുനിന്ന് തലയുയർത്തി ലോകത്തെ നോക്കുന്ന പെണ്ണായി മാറിയ ഫാത്തിമയാണ് അലിഫിലെ നായിക.

ഫാത്തിമയിലെ പെൺകരുത്തിനെ ഉലയിൽ നിന്നും തിളക്കത്തോടെ പുറത്തു വരുന്ന സ്വർണ്ണമാക്കി മാറ്റിയത് അവളുടെ അനുഭവജ്ഞാനം തന്നെയാണ്. തലാക്ക് ചൊല്ലി വിവാഹബന്ധമവസാനിപ്പിക്കുവാൻ തുനിഞ്ഞ ആ സ്‌നേഹശൂന്യനെ സഹായിക്കുവാൻ കുട ചൂടിയെത്തിയ സമുദായ നീതിയോടുള്ള അമർഷമാണ് അവളെ കാരിരുമ്പിന്റെ കരുത്തുള്ള മനസ്സിനുടമയാക്കിയത്.

വിവിധ തരത്തിലുള്ള വിലക്കുകൾ നിറഞ്ഞ സാമൂഹ്യപരിസരം വാർത്തെടുത്ത ഒരു സാധാരണ സ്‌ത്രീയാണ് ഫാത്തിമ. തന്നോടുള്ള നീതിനിഷേധത്തിൽ പ്രതിഷേധിക്കാൻ അവസരങ്ങൾ പോലും അവൾക്ക് ലഭിക്കുന്നില്ല. ദാമ്പത്യത്തിലെ പുരുഷന്റെ മേൽക്കോയ്‌മകളെക്കുറിച്ച് വാചാലനാകുന്ന പ്രശസ്‌തനായ ഒരു മതപണ്ഡിതനോട്, തുറന്ന സദസ്സിൽ വെച്ച് സ്‌ത്രീയുടെ അവകാശങ്ങളെക്കുറിച്ച് ഫാത്തിമ ചോദിക്കുന്നു. ശക്‌തവും യുക്‌തവുമായ അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ ആ വ്യാജപണ്ഡിതൻ അവളുടെ കുടുംബത്തെ പള്ളിക്കമ്മിറ്റിയിൽ നിന്നും വിലക്കുന്നതിന് കാരണമാവുകയും ചെയ്‌തു.

ഭർത്തൃനിഷേധം, രോഗം, ദാരിദ്ര്യം, വിലക്കുകൾ, മകന്റെ മരണം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പരാധീനതകളുടെ സമുദ്രത്തിൽ മുങ്ങിത്താഴാൻ തുടങ്ങുന്ന ഫാത്തിമയുടെ മുന്നിലേക്ക് നീണ്ടു വന്ന കച്ചിത്തുരുമ്പാണ് ഒരു ജോലി. തന്റെ നിസ്സഹായാവസ്ഥകൾ ഇന്റർവ്യൂബോർഡിനു മുമ്പിൽ തുറന്നു പറഞ്ഞ ഫാത്തിമ “എന്റെ മോളെ വളർത്തണം. ഉമ്മേം ബെല്ലുമ്മേം നോക്കണം. ഈ ജോലി എനിക്ക് തന്നെ തരണം” എന്നു കൂട്ടിച്ചേർക്കുമ്പോൾ ബോർഡിനു പോലും മറിച്ചൊന്ന് ചിന്തിക്കാനാവുന്നില്ല

ഫാത്തിമ എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അഭിനയിച്ചു ഫലിപ്പിച്ചത് ലെനയാണ്. സമാനതകളില്ലാത്ത അഭിനേത്രിയാണവർ. ജയരാജിന്റെ സ്‌നേഹം എന്ന സിനിമയിലൂടെയാണ് ലെന മലയാളത്തിലെത്തുന്നത്. ഇമേജിനെ ഭയപ്പെടാതെ നിരവധി കഥാപാത്രങ്ങളെ തിരശ്ശീലയിലേക്കാവാഹിച്ച ബുദ്ധിമതിയായ അഭിനേത്രി. ട്രാഫിക് എന്ന ചിത്രത്തിലൂടെ അഭിനയജീവിതത്തിന്റെ രണ്ടാംഘട്ടത്തിൽ സിനിമയിലും സീരിയലിലും സജീവ സാന്നിധ്യമാവുകയും, തെരെഞ്ഞെടുത്ത കഥാപാത്രങ്ങളുടെ മികവിലൂടെ മലയാളസിനിമയുടെ സ്‌ത്രീചരിത്രത്തിലെ സുപ്രധാനമായ ഒരു താരമായി മാറുകയും ചെയ്‌തു ലെന.

2013 ൽ കന്യകാടാക്കീസ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ അഭിനയത്തിനുമായി മികച്ച സഹനടിക്കുള്ള പുരസ്ക്കാരം സ്വന്തമാക്കിയ ലെന, വൈവിധ്യപൂർണ്ണങ്ങളായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ട്രാഫിക്കിലെ ശ്രുതി എന്ന കഥാപാത്രമാണ് ലെനയുടെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവാകുന്നത്. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ പാത്തുമ്മ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാത്തുമ്മയെ അവതരിപ്പിച്ചതിന് നിരവധി ചാനലുകൾ മികച്ച സഹനടിക്കുള്ള അവാർഡുകൾ നൽകി അംഗീകരിച്ചിരുന്നു.

പല അർത്ഥത്തിലും അലിഫ് എന്ന സിനിമ ഒരു തുടക്കമായിരുന്നു. നന്മയുടെ ആർദ്രതയുള്ള പുതിയൊരു ചലച്ചിത്ര രീതിയുടെ തുടക്കം. ഏറ്റവും സത്യസന്ധമായി, ക്രിയാത്മകമായി ചിത്രമൊരുക്കിയ സംവിധായകൻ മുഹമ്മദ് കോയയും അഭിനന്ദനാർഹനാണ്. മതത്തെ സ്വാർത്ഥതാത്‌പര്യങ്ങളുടെ കൂച്ചുവിലങ്ങുകൾ കൊണ്ട് ബന്ധിപ്പിക്കുന്ന കപടമതവാദികളെ ചോദ്യം ചെയ്യുകയും ഇസ്‌ലാം മതത്തിന്റെ നന്മയിലേക്ക് നമ്മുടെ കണ്ണുതുറപ്പിക്കുകയും ചെയ്യുന്ന മുഹമ്മദ് കോയ തന്റെ ഫാത്തിമയിലൂടെ, ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നവരെ നിശിതമായി വിമർശിക്കുന്നു. ഭർത്താവില്ലാതെ, സ്വന്തം അധ്വാനഫലം കൊണ്ട് അന്തസ്സായി ജീവിക്കുന്ന ഫാത്തിമയെ നിയന്ത്രിക്കാനെത്തുന്ന സമുദായ നേതാക്കന്മാരോട് “ആദ്യം ഞാൻ ഭീതി കൂടാതൊന്ന് ശ്വസിക്കട്ടെ, വയറ് നിറച്ച് എന്തെങ്കിലുമൊന്ന് കഴിക്കട്ടെ, നല്ലൊരു വസ്‌ത്രമുടുക്കട്ടെ” എന്ന് ഫാത്തിമ തുറന്നു പറയുന്നു. മതത്തിനപ്പുറം മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങൾക്കുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് തുറന്നു പറയുന്ന ഫാത്തിമ പാർശ്വവത്ക്കരിരിക്കപ്പെടുന്നവരുടെയെല്ലാം പ്രതീകമാണ്.

സിനിമ ഒരു സാംസ്‌കാരിക വ്യവഹാരമാണെന്ന് നമ്മെ ബോധ്യപ്പെടുത്തിയ അപൂർവ്വം സംവിധായകരിലൊരാളാണ് മുഹമ്മദ് കോയ. പലയിടത്തും സിനിമ സാമൂഹിക വിമർശനത്തിനുള്ള ഉപാധിയായി മാറുകയും ചെയ്യുന്നു. നാലു തലമുറയുടെ സ്‌ത്രീജീവിതങ്ങളുടെ കഥ പറഞ്ഞ സിനിമയിൽ നിലമ്പൂർ ആയിഷ, സീനത്ത്, താരാകല്യാൺ എന്നിവരും മികച്ച അഭിനയം കാഴ്ച്ചവെച്ചു. സൂപ്പർതാരപരിവേഷങ്ങളൊന്നുമില്ലാത്ത, ഒരു സാധാരണ യുവതിയുടെ അസാധാരണമായ ഇച്ഛാശക്തിയെ തിരശ്ശീലയിൽ ഭദ്രമാക്കിയ ലെനക്ക് നൂറിൽ നൂറ് മാർക്ക് !

-സ്വപ്‌ന. സി. കോമ്പാത്ത്

1 Comment
  1. Baburaj 3 years ago

    Nice note..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account